മലരണിക്കാടുകൾ തിങ്ങിവിങ്ങി, മരതകകാന്തിയിൽ മുങ്ങിമുങ്ങി, കരളും മിഴിയും കവർന്നുമിന്നി കറയറ്റൊരാലസൽ ഗ്രാമഭംഗി പുളകംപോൽ കുന്നിൻപുറത്തുവീണ പുതുമൂടൽമഞ്ഞല പുല്കി നീക്കി, പുലരൊളി മാമലശ്രേണികൾതൻ- പുറകിലായ് വന്നുനിന്നെത്തിനോക്കി
-രമണൻ
കേരളക്കരയെ സന്തോഷിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചങ്ങമ്പുഴ കൃഷ്ണപിള്ള. പ്രണയവും വിരഹവും നഷ്ടവുമെല്ലാം മലയാളി ഏറ്റുപാടിയത് ചങ്ങമ്പുഴയുടെ വരികളിലൂടെയാണ്. ഒരു കൊച്ചു കാറ്റെങ്ങാൻ വന്നുപോയാൽ തെരുതെരെ പെയ്യുന്ന പൂമഴയായിരുന്നു ചങ്ങമ്പുഴ, അതിമനോഹരങ്ങളായ കാവ്യങ്ങൾ കൊണ്ടുതന്നെയാവാം ജോസഫ് മുണ്ടശ്ശേരി അദ്ദേഹത്തെ 'നക്ഷത്രങ്ങളുടെ പ്രേമഭാജനം' എന്നു വിശേഷിപ്പിച്ചത്.
ഓമനച്ചങ്ങാതിയായ ഇടപ്പള്ളി രാഘവൻ പിള്ളയുടെ പാവനസ്മരണക്കായി, രമണനെഴുതുമ്പോൾ ചങ്ങമ്പുഴയുടെ പ്രായം 25. എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂളിൽ എത്തുന്ന സമയത്താണ് രാഘവൻപിള്ള ചങ്ങമ്പുഴ കൃഷ്ണപിള്ളയുമായി സൗഹൃദബന്ധത്തിലാകുന്നത്. സതീർഥ്യരായി മാറിയ ഇവരുടെയും സങ്കൽപ്പവും സ്വപ്നവും കവിതകളായി മാറി, അവരുടെ സൗഹൃദ സംഭാഷണം സാഹിത്യമായി. പിന്നീട് 'ഇടപ്പള്ളിക്കവികൾ' എന്ന് ഇവർ വിശേഷിപ്പിക്കപ്പെട്ടു.
രാഘവൻപിള്ളയുടെ പ്രണയ നൈരാശ്യവും ആത്മഹത്യയും കൃഷ്ണപിള്ളയുടെ ഹൃദയം തകർക്കുന്നതായിരുന്നു. ഉള്ള് പൊള്ളുന്ന ആ വേദന മുരളി എന്ന ചെറു കാവ്യമായി മാറി. മുരളിയിലും ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ വിലാപം. ആ മനഃസമാധാനക്കേട് ആഴ്ചകൾക്കുള്ളിൽ രമണൻ എന്ന വിലാപകാവ്യമായി. 'സ്മാരകമുദ്ര' എന്ന പരിലുള്ള സമർപ്പണത്തിൽ ചങ്ങമ്പുഴ എഴുതി:
ഒരു ഗദ്ഗദസ്വരത്തിലല്ലാതെ ‘കൈരളി’ക്ക് ഒരിക്കലും ഉച്ചരിക്കുവാൻ സാധിക്കാത്ത ഒന്നാണ് ആ നാമധേയം! അസഹനീയമായ അസ്വതന്ത്രതയുടെയും നീറിപ്പിടിക്കുന്ന നിരാശതയുടെയും നടുവിൽപ്പെട്ട്, ഞെങ്ങിഞെരിഞ്ഞു വിങ്ങിവിങ്ങിക്കരയുന്ന ആത്മാഭിമാനത്തിൻറെ ഒരു പര്യായമായിരുന്നു അത്!
-സ്പന്ദിക്കുന്ന അസ്ഥിമാടം, രക്തപുഷ്പങ്ങൾ
ശ്രീതിലകം, ചൂഡാമണി, തിലോത്തമ എന്നിങ്ങനെ 1931 മുതല് 1948 വരെ 17 വര്ഷങ്ങളില് 57 കൃതികള് രചിച്ചു. കളിത്തോഴി എന്ന നോവൽ.. അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറവിയെടുത്ത ലോകോത്തര കാവ്യങ്ങൾ എത്ര പറഞ്ഞാൽ, പാടിയാൽ തീരും...
ആളുകളെ പരിഹസിക്കുന്നതിലും തമാശകൾ കാട്ടുന്നതിലുമൊക്കെ വിരുതനായിരുന്ന ചങ്ങമ്പുഴ 'അഗ്രം പൊട്ടിയ കുപ്പിവിളക്ക്, വിമ്മിവിമ്മി ജ്വലിക്കുന്ന ചെറുദീപം, ഇടയ്ക്കിടെ മൂട്ടകടി, മൂട്ടയെ പരതി നടക്കുന്ന കവി, മേശപ്പുറത്തിരിക്കുന്ന ച്യവനപ്രാശം, ചിതറിക്കിടക്കുന്ന ബീഡിക്കുറ്റികൾ, ഉറക്കം തൂങ്ങുന്ന അനുജൻ, എന്നിങ്ങനെ എല്ലാം ഹാസ്യാത്മകമായി വർണ്ണിക്കുകയും ചെയ്തു. കേരളക്കരയെ സന്തോഷിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചങ്ങമ്പുഴ കേരളീയരുടെ പൊതുസ്വത്താണ് എന്ന് പറയുന്നതിൽ തെറ്റ് പറയാൻ കഴിയില്ല.
കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി കടമിഴിക്കോണുകളില് സ്വപ്നം മയങ്ങി കതിരുതിര് പൂപ്പുഞ്ചിരി ചെഞ്ചുണ്ടില് തങ്ങി
- കാവ്യനര്ത്തകി
ഇത്ര ചെറുപ്പത്തില് ഇത്രയധികം രചനകളോ എന്ന് അത്ഭുതപ്പെട്ടവര്ക്ക് ചങ്ങുമ്പഴയുടെ ഒരു ചരിത്രം തന്നെ ധാരളം. എന്തും സഹിച്ചും ജീവിതം ആസ്വദിക്കുവാൻ അതീവതാൽപര്യം കാണിച്ച ഈ മഹാകവിയെ ഒന്നൊഴിയാതെ വാതവും ക്ഷയവും പിന്തുടർന്നിരുന്നു. ജീവിതമെന്ന മഹാകാവ്യത്തിന്റെ പകർപ്പവകാശം മരണത്തിനാണെന്ന് കവി നേരത്തെ എഴുതിയിരുന്നു. 1948 ജൂൺ 17ന് അനന്തതിയിലേക്കലിഞ്ഞ് ചേര്ന്നപ്പോൾ നഷ്ടമായത് വിലമതിക്കാനാകാത്ത കാവ്യശില്പ്പത്തിനെയായിരുന്നു. ഏഴര പതിറ്റാണ്ട് പിന്നിടുന്ന ചങ്ങമ്പുഴ ഓർമ്മകൾക്ക് മുന്നിൽ മലയാള സാഹിത്യ ലോകം നമസ്കരിക്കുന്നു...