ലോകം മുഴുവൻ വേദനകളാണെങ്കിലും, അതിനെ അതിജീവിക്കാനുള്ള ശക്തിയും ലോകം തന്നെ തരുന്നുഹെലൻ കെല്ലർ
ജീവിതത്തിൽ ഒരുപാട് പേർക്ക് കരുത്ത് നൽകിയിട്ടുള്ള വാക്കുകളാണിത്, ഹെലൻ കെല്ലറുടെ വാചകം. അമേരിക്കയിലെ വടക്കൻ അലബാമയിൽ 1880 ജൂൺ 27-നായിരുന്നു ഹെലൻ കെല്ലെറുടെ ജനനം. ഹെലൻ ജനിച്ച് വൈകാതെ തന്നെ അവളുടെ ജീവിതത്തിലേക്ക് മസ്തിഷ്കജ്വരം എന്ന അന്ധകാരം ബാധിച്ചു കഴിഞ്ഞിരുന്നു. വൈദ്യശാസ്ത്രത്തിനു കൂടുതലൊന്നും ചെയ്യാനില്ലാത്ത ആ രോഗവസ്ഥ തങ്ങളുടെ മകളുടെ ജീവിൻ എടുക്കുമെന്ന ഭീതിയിൽ ദിവസങ്ങൾ തള്ളി നീക്കി. രാവും പകലും അവൾക്ക് കാവലിരുന്നു. എന്നാൽ ചുറ്റുമുള്ളവരെ അതിശയിപ്പിച്ചുകൊണ്ടായിരുന്നു ഹെലൻ രോഗത്തിന്റെ പിടിയിൽ നിന്ന് മോചിതയായത്.
മസ്തിഷ്കജ്വരം എന്ന വ്യാധി അപ്പോഴേക്കും ഹെലന്റെ കാഴ്ചയും കേൾവിയും കവർന്നെടുത്തിരുന്നു. ആ ഇരുട്ട് ഇനി ഒരിക്കലും വെളിച്ചമാകില്ലെന്ന യാഥാർത്യം ഹെലന്റെ മാതാപിതാക്കളെ തളർത്തിയെങ്കിലും കാഴ്ച്ചയും കേൾവിയും ഒരു മനുഷ്യന്റെ പരിമിതിയല്ല എന്ന് അവളെ പഠിപ്പിച്ചു. ഹെലന്റെ ജീവിതത്തിലെ നിർണായക വ്യക്തികളിൽ ഒരാളായിരുന്നു ആനി സള്ളിവൻ എന്ന അധ്യാപിക. അഞ്ച് പതിറ്റാണ്ട് നീണ്ട ആ അപൂർവ ഗുരു-ശിഷ്യ ബന്ധം ഹെലനെ സാധാരണയിൽ നിന്ന് അസാധാരണമാക്കുകയായിരുന്നു.
ബ്രയിലി ലിപി വശത്താക്കിയ ഹെലൻ സംസാരിക്കാനും പഠിച്ചു. 24-ാം വയസ്സിൽ റാഡ്ക്ലിഫ് സർവകലാശാലയിൽ നിന്ന് നേടിയ ബിരുദത്തിനൊപ്പം കാഴ്ചയും കേൾവിയുമില്ലാതെ ബിരുദം നേടുന്ന ആദ്യ വ്യക്തി എന്ന അപൂർവ നേട്ടം ഹെലന്റേതായി. വെളിച്ചവും ശബ്ദവുമില്ലാത്ത ഹെലന്റെ ലോകത്തിനെ വർണഭമാക്കിയത് പുസ്തകങ്ങളായിരുന്നു. വായനയിലൂടെ താൻ കണ്ട ലോകത്തെ, നിറത്തെ, മനുഷ്യരെ, മധുര ശബ്ദത്തെ, പ്രകൃതിയിലെ സർവ ജീവജാലങ്ങളെ ഹെലൻ തന്റെ തൂലികയിലൂടെ പേപ്പറിലേക്ക് പകർത്തി.
ഒരോ ദിവസവും പുതിയ അനുഭവങ്ങൾ സ്പർശത്തിലൂടെ അറിഞ്ഞ ഹെലന്റെ ജീവിതത്തിൽ പ്രണയമെന്ന വികാരവും ഉടലെടുത്തിരുന്നു. 1916-ൽ, 36 വയസ്സുള്ളപ്പോഴാണ് ഹെലൻ മുൻ പത്ര റിപ്പോർട്ടറായ പീറ്റർ ഫാഗനുമായി പ്രണയത്തിലാകുന്നത്. അസുഖം ബാധിച്ച് സള്ളിവൻ രോഗിയായിരിക്കെ ഹെലന്റെ താത്ക്കാലിക സെക്രട്ടറിയായി ജോലി ചെയ്യാൻ വന്ന ഫാഗൻ ഹെലന്റെ ജീവിത പങ്കാളിയായതും രഹസ്യമായായിരുന്നു. ഇരുവരുടെയും പ്രണയം വീട്ടിലറിയും മുൻപ് തന്നെ രഹസ്യമായി വിവാഹനിശ്ചയം നടത്തുകയും വിവാഹ ലൈസൻസ് എടുക്കുകയും ചെയ്തിരുന്നാതായി ഹെലൻ കെല്ലറുടെ ആത്മകഥയിൽ പറയുന്നുണ്ട്.
എന്നാൽ വീട്ടുകാർ പിന്തുണയ്ക്കാത്ത ആ ബന്ധം അധികം നാൾ നീണ്ടു പോയില്ല. ഒടുവിൽ സഫലമാകാത്ത ആഗ്രഹങ്ങളുടെ പട്ടികയിൽ ഹെലൻ, ഫാഗൻ എന്ന പ്രണയത്തെ കൂടി എഴുതിച്ചേർത്തു. 'എന്റെ ജീവിതത്തിൽ സ്നേഹം നിഷേധിക്കപ്പെട്ടു, സംഗീതവും സൂര്യപ്രകാശവും നിഷേധിക്കപ്പെട്ടപോലെ' എന്നായിരുന്നു വേദനയോടെ ഹെലൻ കുറിച്ചത്.
ആ പ്രണയം ഹെലന്റെ തുടർന്നുള്ള പ്രയാണത്തെ ഒരിക്കൽ പോലും തടുത്തിരുന്നില്ല, തന്റെ അനുഭവങ്ങളും ചിന്തകളും ആളുകളുമായി പങ്കുവെച്ചുകൊണ്ടേയിരുന്നു. ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി ഹെലൻ സമൂഹത്തോടും അധികാരികളോടും സംസാരിച്ചു, ഒപ്പം സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും ശക്തമായി തന്നെ എഴുതി.
'സന്തോഷത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും ഏറ്റവും തിളക്കമുള്ള നക്ഷത്രം' എന്നും 'ലോകത്തിലെ എട്ടാമത്തെ അത്ഭുതം' എന്നുമെല്ലാം വിശേഷിപ്പിച്ചു. സോഷ്യലിസ്റ്റ് പാർട്ടി ഓഫ് അമേരിക്കയിലെ അംഗമായതോടെ രാഷ്ട്രീയ നിലപാടുകളെയും ചേർത്തു പിടിച്ച് ഹെലൻ തന്റെ പരിമിതകളെയും മറികടന്ന് പോരാടി. ഹെലന്റെ ഇടതുപക്ഷ കാഴ്ചപ്പാടുകൾ നിരവധി പേരുടെ നെറ്റി ചുളിക്കാൻ കാരണമായി. തൊഴിലാളികളുടെ അവകാശങ്ങൾക്കായും സ്ത്രീകളുടെ വോട്ടവകാശത്തിനായും എഴുതിയ ഹെലന്റെ ആരാധന പുരുഷൻ വ്ളാദിമിർ ലെനിനായിരുന്നു.
ത്രീ ഡെയ്സ് ടു സീ, ദ വേൾഡ് ഐ ലീവ് ഇൻ, ഒപ്റ്റിമിസം, ഹൗ ഐ ബിക്കം എ സോഷ്യലിസ്റ്റ്, ലൈറ്റ് ഇൻ മൈ ഡാർക്ക്നെസ് തുടങ്ങി 12 പുസ്തകങ്ങളും ഒട്ടേറെ ലേഖനങ്ങളും അവർ പ്രസിദ്ധീകരിച്ചു. 'ദ സ്റ്റോറി ഓഫ് മൈ ലൈഫ്' എന്ന ഹെലൻ കെല്ലറുടെ ആത്മകഥ ലോക പ്രശസ്ത പുസ്തകങ്ങളിൽ ഒന്നാണ്. 1968 ജൂണിൽ ലോകത്തോട് വിട പറഞ്ഞെങ്കിലും തന്റെ ജീവിതകഥയിലൂടെ ലോകത്തോട് ഹെലൻ പറഞ്ഞ ഓരോ വാക്കുകളും എക്കാലവും ഓർത്തുവെക്കപ്പെടും.