ജീവിതം അനുഭവിച്ചിട്ട് 'വയ്യാതായൊരുവൾ' എഴുത്തിലൂടെ പൊള്ളിക്കുമ്പോൾ....!

അവനവനോടുപോലും നുണപറയുന്ന ജീവിയാണ് മനുഷ്യൻ എന്ന ചിന്ത വിദ്യയുടെ പുസ്തകം വായിച്ചിരിക്കവേ ഉള്ളിലേക്കെത്തിയതാണ്. അകമെയും, പുറമെയും എത്രയെത്ര നുണക്കുപ്പായങ്ങളാണ്‌ നാമോരോരുത്തരും മാറിയുടുക്കുന്നത്..?

ജഗദീഷ് കോവളം
1 min read|19 Sep 2024, 09:42 pm
dot image

അവനവനോട് പോലും നുണ പറയുന്ന ജീവിയാണ് മനുഷ്യൻ……


ജീവിതം പോലെ പേടിപ്പെടുത്തുന്ന ഒരൊച്ചയുടെ അലകൾ അക്ഷരങ്ങളിൽ ആവാഹിച്ച് 'സാധാരണ' മനുഷ്യരുടെ അനുഭവങ്ങളിലേക്ക് തന്നെയും കൂടി ചേർത്തെഴുതുകയാണ് വിദ്യ പൂവഞ്ചേരി എന്ന എഴുത്തുകാരി 'ജീവിതം അനുഭവിച്ചിട്ടു വയ്യ' എന്ന പുസ്തകത്തിലൂടെ. അഭിനയിച്ചു ജീവിക്കുന്നവർക്കിടയിൽ, അനുഭവിച്ചു ജീവിക്കുന്നവർ ന്യൂനപക്ഷമാണെന്ന ചിന്ത ഉള്ളിൽ ഉണരുന്നത് ഒരുപക്ഷേ ഇത്തരം എഴുത്തുകൾ സാധാരണമല്ലാത്തതിനാൽ ആവാം. അവനവനോടുപോലും നുണപറയുന്ന ജീവിയാണ് മനുഷ്യൻ എന്ന ചിന്ത വിദ്യയുടെ പുസ്തകം വായിച്ചിരിക്കവേ ഉള്ളിലേക്കെത്തിയതാണ്. അകമെയും, പുറമെയും എത്രയെത്ര നുണക്കുപ്പായങ്ങളാണ്‌ നാമോരോരുത്തരും മാറിയുടുക്കുന്നത്..?

ജീവിതാനുഭവങ്ങളെ ഭാവനയുടെയോ അതിഭാവുകത്വത്തിന്റെയോ ഭാഷയുടെയോ ഗിമ്മിക്കുകളില്ലാതെ, തന്റെ അനുഭവങ്ങൾ അനുഭവങ്ങൾ മാത്രമാണെന്ന നിലപാടുതറയിൽ ഉറച്ചുനിന്നുകൊണ്ടു 'എഴുതി ഒഴിവാക്കൽ' വിദ്യ നടത്തുന്നില്ല. മറിച്ച് എഴുതിയുറപ്പിക്കൽ തന്നെയാണ് സാധ്യമാക്കുന്നതെന്ന് ഈ പുസ്തകം പറയുന്നു.

മറ്റൊരാളുടെ ജീവിതവായന എന്നത് മനുഷ്യജാതിക്ക് എന്നും താല്പര്യമുള്ളതാണ്. ആ ദൗർബല്യത്തെ ആവോളം മുതലാക്കി അവയെ സാഹിത്യത്തിൽ പൊതിഞ്ഞ് വിൽക്കുന്ന വ്യാജനിർമ്മിതിക്കാരും വിരളമല്ല. എന്നാൽ അവയിൽനിന്നും തികച്ചും വ്യത്യസ്‌ഥതയാർന്നൊരു ജീവിതം അനുഭവിച്ച് വയ്യാതായൊരുവളെ ഈ പുസ്തകം നമുക്ക് കാട്ടിത്തരുന്നുണ്ട്. വിദ്യപറയുന്ന 'വയ്യ' (ആയ്ക) എന്നെയും വയ്യായ്കയിലേക്ക് ആഴ്ത്തുന്നുണ്ട്. സന്തോഷംകൊണ്ട് എനിക്കിരിക്കാൻ വയ്യ, ഒന്നുകണ്ടോളാൻ വയ്യ, തനിച്ചിരിക്കാൻ വയ്യ, തളർന്നിരിക്കാൻ വയ്യ, അനുഭവിക്കാൻ വയ്യ, ഇവയിലൊക്കെയും അടങ്ങിയിരിക്കുന്ന 'വയ്യായ്ക'കൾക്ക് തമ്മിൽ എന്തൊരന്തരമാണ്. അനുഭവിച്ചിട്ട് വയ്യ എന്ന് വിദ്യപറയുന്ന വയ്യായ്കയെ വിശദമാക്കാൻ വയ്യതന്നെ.

തന്നിലെ തന്നെ, തന്നിൽ നിന്നടർത്തി തന്നിലെ എഴുത്തുകാരിക്കുമുന്നിൽ വിദ്യ വിചാരണയ്ക്ക് വിധേയയാക്കുന്നു എന്നുള്ളതാണ് ഈ പുസ്തകത്തിന്റെ സവിശേഷത. ന്യായീകരണങ്ങളാൽ അവനവനെ വിശുദ്ധമാക്കി പ്രതിഷ്ഠിക്കുവാനോ, തെറ്റായ ലോകത്തിലെ 'ശരിയായ ഞാൻ' എന്ന തോന്നലിനെ ഉയർത്തിക്കാണിക്കുവാനോ ഉള്ള തത്രപ്പാടുകളും മനഃസാക്ഷിക്ക് നിരക്കാത്ത എഴുത്തുകളും അനുഭവക്കുറിപ്പുകളുടെ സ്‌ഥിരം പാറ്റേൺ എന്നിരിക്കെ വേഗമേറിയ ലോകത്തിൽ ഏറെ പതിയെമാത്രം ചരിക്കാൻ ശേഷിയുള്ള ഒരുവളുടെ മന്ദഗതികളെ സങ്കീർണ്ണതകൾക്ക് ഇടയില്ലാത്തവിധം പറഞ്ഞനുഭവിപ്പിക്കാൻ ഈ പുസ്തകത്തിന് കഴിയുന്നുണ്ട്. സ്വയം വിമർശനത്തിലൂടെ എഴുത്തിലെ സത്യസന്ധതയും എഴുത്താൾ പുലർത്തുന്നുണ്ട്. അതുതന്നെയാണ് ഈ കുറിപ്പുകളുടെ വിശുദ്ധിയും.

'ജീവിതത്തെക്കുറിച്ച് ചോദിച്ചാൽ സത്യം പറയാൻ എനിക്ക് പേടിയാണെങ്കിലും നുണപറയാൻ എനിക്ക് പറ്റാറില്ല' എന്ന കുറിപ്പോടെയാണ് പുസ്തകം ആരംഭിക്കുന്നത്. വേദനകൊണ്ട് കല്ലിച്ചുപോയ വീഴ്ചയിൽനിന്നും കഥതുടങ്ങുന്ന മനുഷ്യരെ വായിക്കാതിരിക്കാൻ എങ്ങനെയാണു കഴിയുക..?

കൃഷിക്കാരനായ അച്ഛനിലൂടെ വിദ്യ തന്റെ അനുഭവയാത്രയ്ക്ക് തുടക്കം കുറിക്കുന്നു. ജൈവിക പ്രകൃതിയോട് അത്രയും ചേർന്നുനിൽക്കുന്ന കർഷക കുടുംബം. നിർധനത തന്നെയാവും ആ കുടുംബത്തിലെ കലർപ്പൊഴിഞ്ഞ സ്നേഹവളർച്ചയ്ക്ക് വളമേകിയതും. കാലം തകിടം മറിച്ച കാർഷിക രംഗത്തെ വിദ്യ ഓർത്തെടുക്കുന്നുണ്ട്. റബ്ബറിന്റെ കുടിയേറ്റം കയ്യേറിയ നെൽവയലുകളിൽ നിന്ന് അച്ഛൻ കയറിപ്പോന്നിട്ടും വിദ്യ അവിടെ ഒറ്റയ്ക്കുനിൽക്കുന്നു ഇപ്പോഴും. 'പോയിപ്പറയാൻ ആരുമില്ലാത്ത ഒഴിഞ്ഞവീടുപോലെയായി പാടങ്ങൾ' എന്നാണ് വിദ്യയുടെ ഭാഷ്യം.
കുട്ടിക്കാലംതൊട്ടേ കൂടെക്കൂടിയൊരിഷ്ടം മരണമെന്ന വാക്കിനോടായിരുന്നു. ഓരോമരണങ്ങളെയും ഭാവനയിൽ കാണുന്നൊരു കുട്ടി. ചിലവ ഭാവനയ്‌ക്കൊപ്പം ചേർന്നുനിന്നു. മറ്റുചിലത് ഭാവനയ്ക്കും അതീതമായിരുന്നു. സ്വയം തിരിച്ചറിയാനോ തന്നെത്താൻ സ്നേഹിക്കാനോ അറിയാത്ത ചിലരെയെങ്കിലുമൊക്കെ കടന്നുപോകുമ്പോഴും എഴുത്തുകാരിയുടെ ചിന്ത 'മരണത്തിൽ അവസാനിക്കുന്ന ജീവിതത്തെക്കുറിച്ചും അതിന്റെ നിസ്സാരതയെക്കുറിച്ചും അവബോധമുള്ളവരായിരിക്കുമോ അവർ' എന്നായിരുന്നു.

സ്വപ്നങ്ങളുടെ വ്യാഖ്യാനത്തിൽ അറിയാത്തൊരിടത്ത് ഒരാൾ ബസ്കാത്തു നിൽക്കുന്നു. കാത്തുനിൽക്കാൻ മറ്റാരും മറ്റൊന്നും ഇല്ലാത്തതിനാലത്രേ ബസ്സിനായുള്ള ആ കാത്തുനിൽപ്പ്. എവിടെനിന്നെന്നറിയില്ല ഒരു ബസ് വരുന്നു.. അതിൽ കയറുന്നു. ഒപ്പം മറ്റൊരു പെൺകുട്ടിയും. താനെങ്ങനെ അവിടെവന്നുപെട്ടു എന്നറിയാത്തൊരാൾ അപരിചിതയായ ആ പെൺകുട്ടിയെക്കുറിച്ച് എന്തറിയാനാണ്..? ബസ് അതിവേഗം പായുകയാണ്. ഒരുവേള നിയന്ത്രണം വിട്ടുപോകാൻ പ്രാപ്തമായ വേഗത്തിൽ. 'ഇത്തിരിവേഗം കുറക്കൂ' എന്നവൾ കെഞ്ചിനോക്കി. പരിഹാസമായിരുന്നു മറുപടി. അവളുടെ കെഞ്ചൽകേട്ട് ബസ്സ് ഒന്നാകെ പരിഹസിച്ചു ചിരിച്ചു. അപ്പോഴാണ് ബസ്സിൽ മറ്റാൾക്കാർ ഉണ്ടെന്ന ബോധംപോലും അവൾക്ക് വന്നത്. പരിഹാസം ഒരായുധമാണത്രെ, ദുർബലരെ കൂട്ടത്തിൽനിന്നും പുറത്താക്കാനുള്ള ഒരായുധം...


വിദ്യ പൂവഞ്ചേരി

മച്ചിലെ കഴുക്കോലിൽ കാണുന്ന മഞ്ഞച്ചേര. മണ്ണെണ്ണയൊഴിച്ച് അച്ഛൻ ചേരയെ പൊള്ളിക്കുമ്പോൾ ഒപ്പം പൊള്ളുന്നൊരു കുട്ടി. പുളഞ്ഞ് നിലത്തുവീഴുന്ന ചേരക്കൊപ്പം ആരും കാണാതെ നിപതിക്കുന്നൊരു കുട്ടി. മച്ചിലെ ഭഗവതിയ്ക്കും നിലത്തുവീണ മഞ്ഞച്ചേരക്കും മണ്ണെണ്ണ മണത്തിനുമൊപ്പം ഉറക്കം ഉടഞ്ഞുപോകുന്നൊരു കുട്ടി. ഉറക്കം ജീവിതാഭിലാഷമായി മാറുന്നൊരു കുട്ടി."തന്നെപ്പോലൊരാൾക്ക് ജീവിക്കാൻ കൊള്ളാത്തൊരു ലോകമാണിത്.. എന്നു ചിന്തിച്ചിരിക്കവേയാകും സ്നേഹം പോലൊന്ന് നേരീയ വെട്ടം കാട്ടി പ്രലോഭിപ്പിക്കുക. അതിലങ്ങു വീണുപോകും. ആ സ്നേഹവെട്ടത്തിലാവും ചതി പിന്നെയും മറഞ്ഞുനിൽക്കുക എന്നൂഹിക്കാൻ കഴിയും മുന്നേ വീണിടത്ത് പിന്നെയും വീഴും.. മുറിഞ്ഞിടത്ത് പിന്നെയും മുറിയും.."

"നിനക്കറിയാമോ
എന്റെ വീടുനിറയെ ഉറുമ്പുകളാണ്
കറുപ്പുനിറമുള്ള ചെറിയ ഉറുമ്പുകൾ
കടിച്ച് ശരീരമാകെ, മനസ്സാകെ ചൊറിച്ചിൽ ഉണ്ടാക്കുന്ന ഉറുമ്പുകൾ.
ഞാനവയുടെ വഴിമുടക്കാൻ പലവട്ടം ശ്രമിച്ചു. എന്നേതോൽപ്പിച്ചുകൊണ്ടും മനോവീര്യം കെടുത്തിക്കൊണ്ടും പൂർവ്വാധികം ശക്തിയോടെ അവ പുതുവഴി വെട്ടുന്നു. അവയ്ക്കാവശ്യമുള്ളതു വല്ലതും ജീവനറ്റ് ഇവിടെ കിടപ്പുണ്ടോയെന്നു ഞാൻ വീടാകെ പരതുന്നു.. ഇല്ല.. ഒന്നുമില്ല.
വീടിനുള്ളിൽ ഉറുമ്പ് നിറഞ്ഞാലോ, ഒരു കൈക്കുടന്ന നിറയെ മാറാലയുണ്ടെങ്കിലോ ദുർനിമിത്തങ്ങളാണെന്ന് അമ്മ പറയാറുണ്ട്. ജീവിതത്തിലെ അനിശ്ചിതത്വങ്ങളാണ് വിശ്വാസങ്ങളെയും അന്ധവിശ്വാസങ്ങളെയും കൂടെക്കൂട്ടുന്നത്.
ഉറുമ്പുകൾ
എനിക്കു ചുറ്റും
മുറിക്കു ചുറ്റും
വീടിനു ചുറ്റും
ഈ ലോകത്തിനു ചുറ്റും തന്നെ ആഗ്രഹിച്ചത് കിട്ടാതെ മണത്തു നടക്കുന്നു.
അവയ്ക്കാവശ്യം ജീവനില്ലാത്ത വസ്തുക്കളെയല്ല..
കയ്പ്പും മധുരവുമല്ല
മരണത്തിന്റെ രുചിയും മണവുമാണ്
എന്റെ തണുപ്പാണ്.."

"രണ്ടു ദിവസമായി ഞാൻ ആ ഇലയെത്തന്നെ നോക്കി നിൽക്കുകയായിരുന്നു.
ദുർബലമായൊരു ചില്ലയിൽ
വളരെയധികം ഒറ്റപ്പെട്ടുനിൽക്കുന്നത്
ചുറ്റും കാറ്റ് ശ്വാസംപിടിച്ച് വീശുന്നത്
അതിന്റെ വളർച്ചക്കിടയിൽ
മഞ്ഞ ഞരമ്പുകൾ
പൊങ്ങിവരുന്നത്
ഇലയുടെ അറ്റം അകാരണമായി ചുരുളുന്നത്
എല്ലാമെല്ലാം ഞാൻ കണ്ടു.
പുഴുതിന്ന
ഒരറ്റമായിരുന്നു
അതിനെ തിരിച്ചറിയാനുള്ള
അടയാളം
ഇന്നുവൈകുന്നേരം
അതുവീണു.
ഏറ്റവും സാധാരണമെന്നു
തോന്നിപ്പിക്കുന്ന വിധത്തിൽ
പക്ഷെ ഏറ്റവും അസാധാരണമായി
ചുറ്റുമുള്ള ഒന്നിനെയും വേദനിപ്പിക്കാതെ
എത്ര വിഷാദത്തോടെയാവും
അത് ജീവിച്ചിട്ടുണ്ടാവുക..
എനിക്കൊന്ന്
കരയാൻ തോന്നുന്നു.."

ഞാനീ കടന്നുവരുന്ന വഴികൾക്കൊന്നും എന്നെ ആവശ്യമുണ്ടെന്ന് തോന്നിയിട്ടേയില്ല.
എന്റെ മണം
എന്റെ നിഴൽ
എന്റെ സ്പർശം..
ആവശ്യമുള്ളിടത്ത് ആവശ്യമില്ലാത്തവരാകുക.. ജീവനുള്ളവയ്ക്ക്.. പ്രത്യേകിച്ച് സ്നേഹം കൊതിക്കുന്നവർക്ക്.
സ്നേഹിക്കുന്നവർ നമ്മളെ വഞ്ചിക്കുകയായിരുന്നു എന്ന് കണ്ടെത്തേണ്ടിവരുന്നതിനേക്കാൾ വലിയ വേദനയില്ല…
ചിത്രശലഭങ്ങളുടെ നിറങ്ങൾ
എന്നെയിപ്പോൾ ആകർഷിക്കാറില്ല
വെയിൽകൊള്ളവേ
അവയുടെ ചിറകുകൾ
കരിഞ്ഞുപോകുമെന്നോ
ആഗ്രഹിച്ചാഗ്രഹിച്ച്
തൊട്ടുനോക്കാനായുമ്പോൾ
പറന്നുപോകുന്നുവെന്നോ
ഞാനിപ്പോൾ ആശങ്കപ്പെടാറില്ല
കാരണങ്ങളില്ലാതെ
ജീവിക്കുന്നവർക്ക്
കറുത്തുവിടരുന്ന പൂക്കൾ
ഒരുവിദൂര സാധ്യതയെങ്കിലുമാകും.."
ജീവിതം ഒട്ടും ഭാരമില്ലാത്തതാണെന്നു ഒരിക്കലെങ്കിലും പറയാമായിരുന്നില്ലേ..?
എങ്കിൽ ഞാനീ ജീവിതത്തെ ഇത്രയധികം പേടിക്കുമായിരുന്നോ..?

കോഴിയിറച്ചി തിന്നാൻ കൊതിയാവണമ്മാ' എന്ന കെഞ്ചൽ മൊബൈൽഫോൺ പൗച്ചിനുള്ളിൽ ഒറ്റയ്ക്കിരുന്ന നൂറുരൂപാനോട്ടിനു സ്വാതന്ത്ര്യം അനുവദിച്ചു. നോട്ടിലിരുന്ന ഗാന്ധിജി ചിരിച്ചത് അഹിംസാവാദം ഉപേക്ഷിച്ചതിനാലാവില്ല. കോഴിയിറച്ചിയായി രൂപം മാറിയ നൂറുരൂപാനോട്ടും പേറി വീട്ടിലേക്കുനടക്കവേ, പിന്നിൽനിന്നുയർന്ന 'നക്കിത്തിന്നാൻ നല്ലുപ്പില്ലെങ്കിലും ചിക്കനെ പോകൂ' എന്ന പരിഹാസത്തെ ശബ്ദംകൊണ്ടു തിരിച്ചറിയാൻ കഴിയാഞ്ഞിട്ടും, തിരിഞ്ഞുനോക്കാൻ തോന്നാതിരുന്നത് ഉള്ളിലുള്ളൊരു വിഗ്രഹത്തെ തട്ടിയുടയ്ക്കാൻ താല്പര്യമില്ലാത്തതിനാലായിരുന്നു.

മുഖം നോക്കാതെ അഹന്തയ്ക്കുമേൽ പ്രഹരമേല്പിക്കാൻ കഴിവുള്ള ഏകആയുധം മാത്രമല്ല ദാരിദ്ര്യം. തിരിച്ചറിവുകൾ സമ്മാനിക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്ന ദാരിദ്ര്യം, മരണം പോലെ അനുവാദമന്യേ ആരിലും എപ്പോഴും കടന്നുവരാവുന്ന ഒന്നാണെന്ന ബോദ്ധ്യം സമൂഹത്തിനുണ്ടാവട്ടെ.

വീടില്ലാത്തവൾക്ക് മുന്നിലൂടെ വീടും ചുമന്നുകൊണ്ട് ഇഴഞ്ഞുപോകുന്ന ഒച്ച്. എനിക്കൊരു വീടില്ലെന്നു ഒച്ചിനോട് പരിതപിക്കുന്ന എഴുത്തുകാരി. ഉറുമ്പുകൾ തീർത്ത മൺമതിലിനുള്ളിലെ മാളത്തിൽ ഒരിക്കലും പുറത്തുവരാത്തൊരു പാമ്പ്. ഗന്ധം കൊണ്ട് അതു തന്റെ സാന്നിദ്ധ്യം അറിയിക്കുന്നുമുണ്ട്.


പുസ്തകത്തില്‍ നിന്ന്

രാവിന്റെ നിശബ്ദതയിൽ ഇരുളുകീറി കുളപ്പടവിലേക്കെത്തവേ, ആരോ അടിച്ചുനനയ്ക്കുന്ന ഒച്ച. മുത്തശ്ശിയാണ്.. ഒറ്റത്തോർത്ത് അരയിൽ ചുറ്റി ഈറനോടെ മുത്തശ്ശി. അക്കരെയിക്കരെ നീന്താൻ ക്ഷണിക്കുന്ന മുത്തശ്ശി. തണുപ്പാണ്, തല നനയ്ക്കരുത് കുട്ട്യേ എന്നുപദേശിക്കുന്ന മുത്തശ്ശി. മുത്തശ്ശിയ്‌ക്കൊപ്പം തണുപ്പിലേക്കിറങ്ങി.. നീന്തി.. മുത്തശ്ശിക്ക് എന്തൊരുവേഗമാണ് വെള്ളത്തിലും. ഒപ്പമെത്താൻ കഴിയുന്നില്ല.. കൈകാലുകൾ കുഴയുന്നു..തളരുന്നു താഴേക്ക്.. താഴേക്ക്.. മുത്തശ്ശി അപ്പോഴും നീന്തുന്നു.. തളരാതെ.. കുഴയാതെ.. ആരോ തലമുടിയിൽ ചുറ്റിപ്പിടിച്ച് വലിച്ചുയർത്തുന്നു.. പടവ് കേറ്റുന്നു. വീടിനുള്ളിൽ കയറി സാക്ഷയിടുന്നു. അപ്പോഴും ആരോ കുളപ്പടവിൽ അടിച്ചു നനയ്ക്കുന്നു..!!

ഇത്തരത്തിൽ വിദ്യ പൂവഞ്ചേരി ജീവിതത്തെ സത്യസന്ധമായി വരച്ചിടുന്നു.. അനുഭവിപ്പിക്കുന്നു.. പൊള്ളിക്കുന്നു…!



dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us