'ആകാശ മിഠായി': മലയാളത്തിൻ്റെ സുൽത്താന് ബേപ്പൂരിൽ സ്മാരകമൊരുങ്ങുന്നു

കൊളംബിയയിലെ അരകറ്റാക്ക ലോകസാഹിത്യ പ്രേമികളുടെയും സഞ്ചാരികളുടെയും ആകർഷണ കേന്ദ്രമായി എങ്ങനെ മാറിയോ അതേ നിലയിൽ ബേപ്പൂരിലെ 'ആകാശ മിഠായി' മലയാളിയുടെ തലയെടുപ്പായി സഞ്ചാരഭൂപടത്തിൽ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

dot image

വൈലാലിൽ വീടും അവിടുത്തെ തൊടിയിലെ മാങ്കോസ്റ്റിൻ്റെ ഓ‍ർമ്മത്തണലുമാണ് കഴിഞ്ഞ മൂന്ന് ദശകത്തോളമായി മലയാളികളെ സംബന്ധിച്ച് ബഷീർ സ്മൃതിയുടെ കയ്യൊപ്പ് പതിഞ്ഞ ഏക അടയാളം. കേരളത്തിൻ്റെ വിഖ്യാതകലാകാരന് ഒരു സ്മാരകമെന്ന ആവശ്യത്തിന് ദശകങ്ങളുടെ പഴക്കമുണ്ട്. ഒടുവിൽ ബേപ്പൂ‍‍ർ സുൽത്താൻ്റെ ജീവിതാടയാളങ്ങൾ പതിഞ്ഞ മണ്ണിൽ തന്നെ 'മതിലുകളി'ല്ലാത്ത അക്ഷരസ്മാരകം ഉയരുകയാണ്. വൈലാലിൽ വീടെത്തുന്നതിന് മുമ്പായി ബിസി റോഡിലാണ് 'ആകാശ മിഠായി' എന്ന പേരിൽ ടൂറിസം വകുപ്പ് ബഷീറിന് സ്മാരകം ഒരുക്കുന്നത്. സാഹിത്യപ്രേമികളെ സംബന്ധിച്ച് കേവലമൊരു ക്ലീഷേ സ്മാരകം മാത്രമായിരിക്കില്ല ആകാശ മിഠായി. ടൂറിസം വകുപ്പിന് കീഴിൽ ആരംഭിക്കുന്ന ലിറ്റററി സർക്യൂട്ടിന്റെ ആസ്ഥാനം കൂടിയായിരിക്കും ബേപ്പൂരിലെ ബഷീറിന്റെ 'ആകാശമിഠായി'. ബഷീറിൻ്റെ ഓർമ്മകളെ ഉണർത്തുന്ന സൈനേജും ഇവിടെ സ്ഥാപിക്കുന്നുണ്ട്.

പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തിയുടെ ഭാഗമായി 11000 സ്ക്വയർഫീറ്റ് ബിൽഡിങ് നിർമ്മാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ലിറ്റററി കഫെ, കോൺഫറൻസ് ഹാൾ, ടോയ്ലറ്റ് , ലിഫ്റ്റ് തുടങ്ങിയ സൌകര്യങ്ങളും ഈ ബിൽഡിങ്ങിൽ ഒരുക്കുന്നുണ്ട്. ഇതിന് സമീപമായി ഓപ്പൺ സ്റ്റേജും ഉണ്ടാകും. പദ്ധതിയുടെ ആദ്യഘട്ടത്തിൻ്റെ 96 ശതമാനം പ്രവർത്തികൾ ഇതിനകം പൂർത്തിയായി കഴിഞ്ഞു. ലാൻഡ്സ്കേപ്പിംഗ് & ലൈറ്റിംഗ് വർക്കുകൾ, ഫർണിച്ചർ, എസി വർക്കുകൾ, കോമ്പൗണ്ട് വാൾ, ആർട്ട് & ക്യൂരിയോ വർക്കുകൾ എന്നിവ കൂടി നടപ്പിലാക്കുന്നതിന് റിവൈസ്ഡ് എസ്റ്റിമേറ്റും സമർപ്പിക്കപ്പെട്ടിട്ടുണ്ട്.

ബഷീർ സ്മാരകത്തിന് രണ്ടാഘട്ടം കൂടി വിഭാവനം ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തികൾ നടപ്പിലാക്കുന്നതിന് ഏകദേശം 17 സെൻ്റ് സ്വകാര്യ ഭൂമി കോഴിക്കോട് കോർപ്പറേഷൻ പർച്ചേസ് ചെയ്ത് എൻഒസി വാങ്ങി നിർമ്മാണത്തിനായി ടൂറിസം വകുപ്പിനു കൈമാറേണ്ടതുണ്ട്. ഇവിടെ ബഷീർ ആർകൈവ്സ്, കിനാത്തറ ( കിനാവ് കാണുന്ന തറ), ബോർഡ് റൂം, ലൈബ്രറി എന്നിവ അടങ്ങുന്ന കൾച്ചറൽ ബിൽഡിങ്ങ് ആണ് വിഭാവനം ചെയ്തിരിക്കുന്നത്.

നിർമ്മാണം പുരോഗമിക്കുന്ന ബഷീർ സ്മാരകം കാണാൻ കഴിഞ്ഞ ദിവസം കുറച്ച് അതിഥികൾ എത്തിയിരുന്നു. നിറഞ്ഞ മനസ്സോടെയായിരുന്നു ബഷീറിൻ്റെ കുടുംബം ആകാശ മിഠായിയുടെ പണി പുരോഗമിക്കുന്നത് ചുറ്റിനടന്ന് കണ്ടത്. "ഈ സർക്കാരിനോടും മന്ത്രി റിയാസിനോടുമുള്ള സ്നേഹം പറഞ്ഞാൽ തീരില്ല" എന്നായിരുന്നു ബഷീറിൻ്റെ മകൻ്റെ പ്രതികരണം. മലയാളികളുടെ സാഹിത്യ തീർത്ഥാടനത്തിൻ്റെയും സാംസ്കാരിക ടൂറിസത്തിൻ്റെയും കേന്ദ്രമായി ആകാശ മിഠായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൊളംബിയയിലെ അരകറ്റാക്ക ലോകസാഹിത്യ പ്രേമികളുടെയും സഞ്ചാരികളുടെയും ആകർഷണ കേന്ദ്രമായി എങ്ങനെ മാറിയോ അതേ നിലയിൽ ബേപ്പൂരിലെ 'ആകാശ മിഠായി' മലയാളിയുടെ തലയെടുപ്പായി സഞ്ചാരഭൂപടത്തിൽ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us