'ശരിയാണ്, മനുഷ്യൻ എന്നത് അത്ര സുഖമുള്ള ഏർപ്പാട് അല്ല'; കനലില്‍ ചുട്ടൊരാള്‍ ജീവിതകഥ എഴുതുമ്പോള്‍

ഞരമ്പുകളിൽ നിസ്സഹായതയുടെ പിടപ്പും കണ്ണീരിന്റെ ഈർപ്പവും നിറച്ച് മലയാളിയെ അകംപുറം കഴുകിയെടുക്കുന്ന പുസ്തകങ്ങളാണ് മുഹമ്മദ് അബ്ബാസിന്‍റേത്.

അശ്വതി അശോകന്‍
1 min read|30 Sep 2024, 03:01 pm
dot image

ഓരോ പുസ്തകവും ഓരോ പ്രതീക്ഷകളാണ്. പുറം ചട്ടയും,സുഹൃത്തുക്കളുടെ നല്ല റിവ്യൂമൊക്കെയായി വായനയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന പ്രതീക്ഷ. ഇതേ പ്രതീക്ഷയോടെയാണ് മുഹമ്മദ് അബ്ബാസിന്റെ 'മനുഷ്യൻ എന്നത് അത്ര സുഖമുള്ള ഏർപ്പാടല്ല' എന്ന പുസ്തകം കയ്യിലെടുത്തത്. ഒട്ടും നിരാശപ്പെടുത്താത്ത പുസ്തകം. വായിച്ചു കഴിഞ്ഞും കഥകൾ പലതും എന്നെ പിന്തുടരുന്ന പോലെ. പുറത്തിറങ്ങാനാതെ ഞാൻ ആ പേജുകളിൽ എവിടെയോ കുടുങ്ങിക്കിടക്കുന്ന പോലെ. അത്ര സുഖമല്ലാത്ത മനുഷ്യജീവിതങ്ങൾ ഞാനറിയാതെ എന്നെ തൊട്ടു. കൈപിടിച്ച് കൂടെ നടത്തി. ഓരോ കഥയും ജീവിതത്തിലുടനീളം കണ്ടിട്ടും കാണാതെപോയ ആരൊക്കെയോ ആകുന്നു. ചില കഥാപാത്രങ്ങൾക്ക് എന്റെ തന്നെ പ്രതിരൂപവും.


എഴുത്തുകാരൻ എന്നതിനപ്പുറം മുഹമ്മദ് അബ്ബാസ് എന്ന സാധാരണക്കാരന്റെ ഓര്‍മക്കുറിപ്പുകളാണ് 'വിശപ്പ് പ്രണയം ഉന്മാദം' എന്ന പുസ്തകം. അത് വായിക്കുന്നവര്‍ക്ക് ഉള്ളുപൊള്ളിയെന്നുവരാം. പുസ്തകത്തിന്റെ ആമുഖത്തിൽ അദ്ദേഹം എഴുതിയതുപോലെ, തന്റെ ജീവിതപ്പാച്ചിലില്‍ കാലില്‍ തറച്ച മുള്ളുകളുടെ, ഹൃദയത്തില്‍ പൊടിഞ്ഞ ചോരയുടെ അടയാളങ്ങളാണ് ഓരോ വരികളും. മുഹമ്മദ് അബ്ബാസ് എന്ന വായനക്കാരൻ നിത്യജീവിതോപാധിയായ പെയിന്റ് പണിയോടൊപ്പം തന്നെ ജീവിപ്പിച്ച വായനയുടെ കാലങ്ങളെ ഓർത്തെടുക്കുന്നു. ജീവിതത്തിന്റെ നിരാശതയിലൂടെയും ഉന്മാദങ്ങളിലൂടെയും കടന്നുപോയപ്പോൾ അയാൾക്ക് താങ്ങായത് പുസ്തകങ്ങളാണ്. അതിലൂടെ സൃഷ്ടിക്കപ്പെട്ട ലോകങ്ങളാണ്.

മനുഷ്യനായിരിക്കുക അത്ര സുഖമുള്ള ഏർപ്പാടല്ല എന്ന സത്യത്തിലൂടെ കടന്നുപോകുമ്പോൾ ഓരോ കഥയും തന്റേതാണെന്ന് വായനക്കാർക്ക് അനുഭവപ്പെടുന്ന വിധത്തിലുള്ളതാണ് ആഖ്യാനശൈലി. ഞരമ്പുകളിൽ നിസ്സഹായതയുടെ പിടപ്പും കണ്ണീരിന്റെ ഈർപ്പവും നിറച്ച് മലയാളിയെ അകംപുറം കഴുകിയെടുക്കുന്ന പുസ്തകമാണിത്. ജീവിതാനുഭവങ്ങളുടെ തീക്കനലിൽ ചുട്ട നേരെഴുത്തുകൾ. അച്ചൂട്ടിയിൽ തുടങ്ങി പേരറിയാത്ത പൊന്നുമോളെ നിന്നെ ഞാൻ എങ്ങനെ മറക്കാനാണ് എന്നതിൽ‌ അവസാനിക്കുന്ന 41 അധ്യായങ്ങൾ. ഓരോ അധ്യായവും ഓരോ ജീവിതങ്ങളായി അനുഭവപ്പെടും. പല കഥാപാത്രങ്ങളും വായനയ്ക്കു ശേഷവും വായനക്കാരനോടൊപ്പം കൂടുന്നു.


ആദ്യം നമ്മളെ കാത്തിരിക്കുന്നത് അച്ചൂട്ടി എന്ന ജീവിതകഥയാണ്. പ്രവാസ ജീവിതത്തിന്റെ ഉയരത്തിൽ നിന്നും നിലംപതിച്ച എഴുത്തുകാരൻ ഒറ്റക്കാലിൽ തന്റെ ശരീരം ചുമന്ന് നാട്ടിലേക്ക് തിരിച്ചെത്തുമ്പോൾ അച്ചൂട്ടി എന്ന മറ്റൊരു ഒറ്റക്കാലൻ ഓർമ്മകളുടെ ചിതൽപ്പുറ്റ് തുറന്ന് അയാളുടെ കണ്ണിൽ നീരായി ഒഴുകിയ കഥ. അച്ചൂട്ടി വായിക്കുമ്പോൾ ഓരോ വായനക്കാരും തന്റെ ഉള്ളിലെ ചിതൽ പുറ്റിനുള്ളിൽ ആരെയെങ്കിലുമൊക്കെ തിരയും എന്ന് ഉറപ്പാണ്.

ചിതൽപുറ്റിൽ നിന്നിറങ്ങി ഞരമ്പുരോഗിയിലേക്ക് കടക്കുമ്പോൾ നാം ഓരോരുത്തരും കഥാകാരന്റെയോപ്പം മഞ്ചേരിയിൽ എത്തും. ചെറുതായി തുടങ്ങി പെരുമഴയായി മാറിയ മഴത്തണുപ്പറയും. ഇടിമിന്നൽ ഭയന്ന് ഭാര്യ കഥാകാരനെ വിളിക്കുമ്പോൾ അതേ ഇടിമിന്നലിനെ ഭയക്കുന്ന വേണ്ടപ്പെട്ടവരുടെ അടുത്ത് വരെ വായനക്കാരും ഓടിച്ചെല്ലും. കഥാവസാനം തോരാതെ പെയ്യുന്ന മഴയിൽ ഇരുട്ടിന്റെ ചതുപ്പിലേക്ക് ചിന്തകളുടെ മാറാല കെട്ടുകളിലേക്ക് ആ ഞരമ്പുരോഗിയോടൊപ്പം നാമോരോരുത്തരും എഴുത്തുകാരനെ പോലെ അറിയാതെ പറഞ്ഞു പോകും.
" ലോകത്തിന് ഒന്നും സംഭവിച്ചിട്ടില്ല.
എനിക്കും ഒന്നും സംഭവിച്ചിട്ടില്ല.
ആർക്കും ഒന്നും സംഭവിച്ചിട്ടില്ല"


ഞരമ്പ് രോഗിയുടെ പുറകെ ചെന്ന് തിരികെ ഫറൂഖ് കോളജിൽ എത്തുമ്പോൾ കോളേജ് വിദ്യാഭ്യാസം ലഭിക്കാത്ത ഒരാൾ ആദ്യമായി കലാലയം ആസ്വദിക്കുന്നത് അനുഭവിച്ചപ്പോൾ പരീക്ഷയ്ക്ക് മാത്രം നിർമ്മല കോളേജിൽ എത്തുന്ന എന്റെതന്നെ കണ്ണും മനസ്സുമാണ് കഥാകാരന് എന്ന തോന്നൽ ഉണ്ടായി. അവിടെ കൂടിയ മറ്റെല്ലാ വിദ്യാർത്ഥികളെക്കാളെറെ സന്തോഷത്തിൽ അച്ഛന്റെ കൈകളിൽ കിടന്നുവന്ന ആ മകന് (സ്പെഷ്യൽകിഡ് ), അവന്റെ ഭാവിക്ക് ഞാനും നന്മകൾ അറിയിച്ചു.

കോളേജിൽ നിന്നിറങ്ങി ദുബായ്‍ക്കാരന്റെ അടുത്ത് കടന്നുചെന്നപ്പോൾ ദുബായിലെ കൂലിപ്പണിക്കാരൻ സലിം എന്നെ വല്ലാതെ കരയിച്ചു. അവന്റെ ഒൻപതു വയസ്സുള്ള മകന്റെ കണ്ണുകൾ എന്നെ വിടാതെ പിന്തുടർന്നു. അവ ദയനീയമായി എന്നോടും ചോദിച്ചു
"എന്റെ ഉമ്മ എവിടെ?". വായിച്ച കഥകളിലെ കഥാപാത്രങ്ങളെല്ലാം തീവ്രമാണെങ്കിലും സലിം ഹൃദയത്തിൽ നോവായി കുടിയിരിക്കുന്നു. കഥാകാരൻ പറഞ്ഞതുതന്നെ കടം കൊണ്ടാൽ " സലീമേ……. വയ്യ. എന്റെ നെഞ്ച് വല്ലാതെ മിടിക്കുന്നു. കൈകൾ വിറയ്ക്കുന്നു. അക്ഷരങ്ങൾ വഴുതിമാറുന്നു. മാപ്പ്….. "

സലീമിൽ നിന്ന് നൊന്ത ഹൃദയവുമായി എത്തിയത് ദ്രൗപതിയിലേക്കാണ്. ചില ഓർമ്മകൾ കാലചക്രത്തെ തോൽപ്പിച്ച് കൂടെയങ്ങ് ചേർന്നിരിക്കും. മരണമില്ലാത്ത ഓർമപോലെ. അത്തരത്തിൽ ഒരു ഓർമ്മയാണ് കഥാകാരന് ദ്രൗപതി. താമരപ്പൂവിന്റെ ഗന്ധവുമായി ദ്രൗപതി എനിക്ക് മുന്നിലും വിയർക്കുന്നു. ആ വിയർപ്പിന്റെ വൈദ്യുതി കാറ്റ് എന്നെയും വന്നുതൊടുന്നു. ദ്രൗപതിയും താമരപ്പൂവും കടന്ന് ശരിയും തെറ്റിലേക്കും എത്തുമ്പോൾ പണ്ട് കടയിൽ നിന്നും അച്ഛൻ വാങ്ങിത്തന്ന വെള്ളച്ചായയുടെ ആവി എന്റെ നാവിനെ പൊള്ളിച്ചു. ശരി തെറ്റുകളുടെ വിധി കൽപ്പിക്കലുകൾക്കപ്പുറം നടന്നുപോകുന്ന രണ്ട് അനാഥമക്കളെ നിങ്ങൾ കാണുന്നുണ്ടോ എന്ന് കഥാകാരൻ ചോദിക്കുമ്പോൾ ജീവിതമെന്നത് അത് അത്ര സുന്ദരമോ ലളിതമോ ആയ ഏർപ്പാടല്ല, അത് ഏൽപ്പിക്കുന്ന മുറിവുകളെ കരഞ്ഞുതീർക്കാനും കഴിയില്ല എന്ന പരമ സത്യത്തിൽ വായനക്കാരൻ എത്തിനിൽക്കുന്നു.


ചിത്രം/FB-Muhammed Abbas

പൂച്ചമ്മയിലേക്ക് കടന്നപ്പോൾ പൂച്ചകൾക്ക് വേണ്ടി മാത്രം മീൻ വാങ്ങി കറി വയ്ക്കുന്ന എന്റെ ഷീയമ്മയെ ( ചെറിയമ്മ ) ഓർമ്മ വന്നു. ചില കഥകൾ നമ്മുടേത് കൂടിയായി മാറുന്നത് പോലെ. തുടർന്നും നിരവധി ജീവിതങ്ങൾ എനിക്കു മുന്നിൽ തുറക്കപ്പെട്ടു. അമ്മാളുവായും രാഘവേട്ടനായും എരിഞ്ഞു തീരാത്ത മരങ്ങളായും ഭ്രാന്തി അമ്മയായും അങ്ങനെ അങ്ങനെ നിരവധി ജീവിതങ്ങൾ…… പേരറിയാത്ത പൊന്നുമോളെ നിന്നെ ഞാൻ എങ്ങനെ മറക്കാനാണ് എന്ന ജീവിതം വരെ പേരറിയാത്ത ഒരു കുഞ്ഞുക്കുട്ടിയുടെ ഒറ്റവാക്കിൽ തുമ്പിലുലയുന്ന ജീവിതം. ശരിയാണ് മനുഷ്യൻ എന്നത് അത്ര സുഖമുള്ള ഏർപ്പാടല്ല.

ഒരു പുസ്തകം അനുഭവിച്ചു കഴിഞ്ഞാൽ ചില കഥകളും കഥാപാത്രങ്ങളും ചില വാചകങ്ങളും ഹൃദയത്തിൽ കുടിയിരിക്കാൻ തുടങ്ങും. ഒരിക്കലും വിട്ടു പിരിയാതെ. ജീവിതം പറയുന്ന ഈ പുസ്തകത്തിലെ ഭ്രാന്തി അമ്മയും ഗൾഫുകാരൻ സലീമും, ദ്രൗപതിയും, തെറ്റും ശരിയും എന്ന കഥ ജീവിതത്തിലെ ഭാര്യയും, ഞരമ്പ് രോഗിയും അങ്ങനെ നീണ്ടുപോകുന്ന അനുഭവങ്ങളും കഥാപാത്രങ്ങളും. ഭ്രാന്തി അമ്മയിൽ കഥാകാരൻ പറഞ്ഞവസാനിപ്പിക്കുന്ന വാചകം "പറഞ്ഞല്ലോ ഞാൻ നിസ്സഹായനാണ്" എന്നാണ്. തെറ്റും ശരിയും എന്നതിൽ പറയുന്നു " പെണ്ണിന്റെ ഉടലിനെ അല്ലാതെ ഉയിരിനെ കുറിച്ച് ആർക്കും വേവലാതി ഇല്ലല്ലോ " എന്ന്. ഉന്മാദത്തിന്റെ ഇരുണ്ട ശൂന്യതയിൽ
" ഇപ്പോഴും അത്തരം അനന്തമായ നിമിഷങ്ങളുടെ ശൂന്യതയുമായി ഉന്മാദം എന്റെ വിരൽത്തുമ്പിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഞാൻ അറിയുന്നു"എന്നാണ് പറഞ്ഞുനിർത്തുന്നത്. ഇങ്ങനെ നീളുന്ന അവസാന വാചകങ്ങളിലൂടെ എഴുത്തുകാരന്‍ മനുഷ്യൻ എന്നത് അത്ര സുഖമുള്ള ഏർപ്പാട് അല്ലെന്ന് വീണ്ടും വീണ്ടും പറഞ്ഞുറപ്പിക്കുന്നു.

പുസ്തകത്തിലേക്ക് ആഴത്തിൽ ഇറങ്ങുമ്പോൾ ആമുഖത്തിൽ അബ്ബാസ് പറയുന്ന വാചകം മനസ്സിലേക്ക് ഓടിവരുന്നു. ഈ കുറിപ്പുകളിൽ ഒരു എഴുത്തുകാരനെയോ സാഹിത്യഭംഗിയോ തിരയരുതെന്ന് . കണ്ണീരിനും വിശപ്പിനും ദുരിതങ്ങൾക്കും ഒരേ നിറവും രുചിയും ആയതിനാൽ ഇത് നിങ്ങളുടെ കൂടി രചനയാണെന്ന്. സത്യമാണ്. ഈപുസ്തകം വായിച്ചു കഴിയുന്ന ഓരോ വായനക്കാരും ഇത് സ്വന്തം കഥ തന്നെയല്ലേ എന്ന് ചിന്തിച്ചു പോകും. ഈ പുസ്തകം വായനക്കാരെ നിരാശപ്പെടുത്തില്ലെന്ന് ഉറപ്പാണ്. പകരം പലപല ജീവിതങ്ങളായി നമ്മളോട് സംസാരിച്ചുകൊണ്ടിരിക്കും. വായനയ്ക്കൊടുവിലും നമ്മെ പിന്തുടർന്നു കൊണ്ടേയിരിക്കും. ചെവിയിൽ ഉറക്കെ ഉറക്കെ പറയും, മനുഷ്യൻ എന്നത് അത്ര സുഖമുള്ള ഏർപ്പാടല്ലെന്ന്!

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us