കഴിഞ്ഞയിടയ്ക്കാണ് കോൾഡ് പ്ലേയുടെ ടിക്കറ്റുകൾക്കായുണ്ടായ ആരാധകരുടെ മഹാ പ്രവാഹം ബുക്ക് മൈ ഷോയെ വരെ സ്തംഭിപ്പിച്ചത്. ടിക്കറ്റുകൾ സെക്കന്റുകൾക്കിടയിലാണ് വിറ്റഴിക്കപ്പെട്ടതെന്നും ബ്ലാക്ക് മാർക്കറ്റിൽ ഇത് പത്തിരട്ടി വിലയിൽ മറിച്ച് വിൽക്കുന്നുണ്ടെന്നും വരെ വാർത്തകൾ നിറഞ്ഞിരുന്നു. വെസ്റ്റേൺ മ്യൂസിക്കിന് ഇന്ത്യയിലെ ചെറുപ്പക്കാർക്കിടയിൽ പ്രചാരം കൂടി വരികയാണ്.. കോൾഡ് പ്ലേയ്ക്ക് ശേഷം സിഗരറ്റ്സ് ആഫ്റ്റർ സെക്സും 2025 ജനുവരിയോട് കൂടി അവരുടെ ഇന്ത്യ ടൂർ പ്രഖ്യാപിച്ചിട്ടുണ്ട്. ബുക്ക് മൈ ഷോയിൽ റെക്കോർഡ് ബ്രേക്കിംഗ് സോൾഡ് ഔട്ടാണ് സിഗരറ്റ്സ് ആഫ്റ്റർ സെക്‌സും കാഴ്ച വെച്ചത്. ഗുരുഗ്രാം, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ സംഘടിപ്പിച്ചിരുന്നു പ്രോഗ്രാമിനായുള്ള ടിക്കറ്റുകൾ മുഴുവനും നിലവിൽ സോൾഡ് ഔട്ടായാണ് ബുക്ക് മൈ ഷോ അറിയിക്കുന്നത്. ഗ്രെഗിൻ്റെ പതിഞ്ഞ ശബ്ദവും റാണ്ടി മില്ലറുടെ മസ്കുലർ ബാസും ജേക്കബ് ടോംസ്‌കിയുടെ വിസ്‌പറിംഗ് ഡ്രമ്മിനുമെല്ലാം ഇന്ത്യയിൽ ആരാധകർക്ക് ഒരു കുറവുമില്ലെന്ന് അറിയിക്കുകയാണ് ഈ ടിക്കറ്റു വില്പനയുടെ വേഗം.
2,500 രൂപ മുതൽ 35,000 രൂപ വരെയായിരുന്നു കോൾഡ് പ്ലേയുടെ ടിക്കറ്റ് വില. 1,80,000 ടിക്കറ്റുകൾ മാത്രമുള്ള ഈ ഷോയ്ക്ക് അത് വാങ്ങാൻ നിന്നവരുടെ എണ്ണം 10 ദശലക്ഷത്തിലധികം ആയിരുന്നു. മണിക്കൂറുകൾ നീളുന്ന ഡിജിറ്റൽ ക്യൂകളും സൈറ്റ് തകരാറുകളും അന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ആരാധക പ്രവാഹവും ആവശ്യവും അറിഞ്ഞ കോൾഡ് പ്ലേ അധികമായി ഒരു പരിപാടി കൂടി സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
തത്സമയ ഇവെന്റുകൾക്ക് പേരുകേട്ട ബാൻഡാണ് കോൾഡ്പ്ലേ. സംഗീതത്തിനൊപ്പം അതിശയകരമായ എഫക്ടുകളും വിഷ്വലുകളും കൊണ്ട് കോൾഡ്പ്ലേ ആരാധകരെ പുഷ്പം പോലെ കയ്യിലെടുക്കാറുണ്ട്. ബ്രിട്ടീഷ് റോക്ക് ബാൻഡായ ഇവർ 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോപ്പ് സംഗീതത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കാൻ സഹായിച്ചു. ബാൻഡിന്റെ പ്രധാന ഗായകനായ ക്രിസ് മാർട്ടിൻ, ഗിറ്റാറിസ്റ്റ് ആയ ജോണി ബക്ക്‌ലാൻഡനെ ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിൽ കണ്ടുമുട്ടുന്നിടത്ത് വെച്ചാണ് ബാൻഡിന്റെ കഥ ആരംഭിക്കുന്നത്. തുടക്കത്തിൽ ബാൻഡിന്റെ പേര് "പെക്‌ടോറൽസ്" എന്നായിരുന്നു. പിന്നീട് ഗൈ ബെറിമാൻ ബാസിസ്റ്റായി ചേരുകയും അവർ അവരുടെ പേര് സ്റ്റാർഫിഷ് എന്നാക്കി മാറ്റുകയും ചെയ്തു. ഇതിന് ശേഷമാണ് നാലാമനായ ഡ്രമ്മറും പിന്നണി ഗായകനുമായ വിൽ ചാമ്പ്യൻ എത്തുന്നത്. അങ്ങനെ 1998-ൽ ബാൻഡ് ഒരു സുഹൃത്തിന്റെ നിർദേശ പ്രകാരം അവരുടെ പേര് കോൾഡ്‌പ്ലേ എന്നാക്കി മാറ്റുകയായിരുന്നു.
ബാൻഡിൻ്റെ ആദ്യത്തെ ആൽബമായ പാരച്യൂട്ട് ഇറങ്ങുന്നത് 2000ലായിരുന്നു. ഈ ആൽബത്തിലെ ട്രാക്കുകളായ യെല്ലോയും ശിവറും ഏറെ ജനശ്രദ്ധ നേടി. വലിയ അംഗീകാരങ്ങളും അന്നവരെ തേടിയെത്തിയിരുന്നു. അതിൽ എടുത്ത് പറയേണ്ടത് ആദ്യത്തെ ആൽബത്തിന് തന്നെ ഗ്രാമി അവാർഡ് നേടാനായി എന്നതാണ്. മികച്ച ഇതര സംഗീത ആൽബത്തിനുള്ള ഗ്രാമി അവാർഡാണ് പാരച്യൂട്ട് നേടിയത്. ആ ഹിറ്റിന് ശേഷമാണ് വലിയൊരു ആരാധക വലയത്തിനെ സൃഷ്ടിക്കാൻ കോൾഡ് പ്ലേ ആരംഭിച്ചത്. പിന്നീട് X&Y, വിവാ ലാ വിഡാ ഓർ ഡെത്ത് ആൻഡ് ആൾ ഹിസ് ഫ്രണ്ട്സ് (2008) എന്നിവയുൾപ്പെടെയുള്ള ആൽബങ്ങളിലൂടെ കോൾഡ്‌പ്ലേയുടെ ജനപ്രീതി കുതിച്ചുയരാൻ തുടങ്ങി. മൈലോ സൈലോട്ടോ, ഗോസ്റ്റ് സ്റ്റോറീസ് തുടങ്ങിയ ആൽബങ്ങളിൽ വിവിധ മ്യൂസിക്ക് ഴോനറുകളിൽ അവർ പരീക്ഷണം നടത്തി.
നിലവിൽ കോൾഡ്‌പ്ലേ മ്യൂസിക് ഓഫ് ദി സ്‌ഫിയേഴ്‌സ് എന്ന അവരുടെ വേൾഡ് ടൂറിൻ്റെ പ്രോഗ്രാമിൻ്റെ തിരക്കിലാണ്. കോൾഡ്‌പ്ലേ സംഗീത ലോകത്തിൽ വലിയ ഒരു വിപ്ലവം കൂടി സൃഷ്ടിച്ച ബാൻഡാണെന്നതും എടുത്തു പറയേണ്ടതാണ്. സുസ്ഥിരതയ്‌ക്കും പരിസ്ഥിതി സംരക്ഷണത്തിനും പുതിയ മാനദണ്ഡങ്ങൾ നിർമ്മിച്ച ബാൻഡാണ് കോൾഡ് പ്ലേ. ഓരോ ടിക്കറ്റിനും, അവർ ഒരോ മരം നട്ടുപിടിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തി. ബാൻഡ് 2021 മുതൽ, വിമാന യാത്രകൾ പരമാവധി കുറയ്ക്കാൻ ശ്രമിച്ചതും, പരമാവധി ട്രെയിനിൽ ഷോകൾക്കായി എത്താൻ ശ്രമിക്കുന്നതുമെല്ലാം ഏറെ ചർച്ചയായിരുന്നു.
ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ ആരാധകരുള്ള ഈ ബാൻഡ് ഒന്നിലധികം ഗ്രാമികൾ ഉൾപ്പെടെ നിരവധി അവാർഡുകളാണ് നേടിയിട്ടുള്ളത്. കൂടാതെ ലോകമെമ്പാടും 100 ദശലക്ഷത്തിലധികം ആൽബങ്ങൾ വിറ്റു, ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സംഗീത ആക്‌ടുകളിൽ ഒന്നു കൂടിയാണിന്ന് കോൾഡ് പ്ലേ.
നിലവിൽ സപോട്ടിഫൈയിൽ 27 മില്ല്യണിലധികം ആരാധകരുള്ള ഈ അമേരിക്കൻ ഡ്രീം പോപ്പ് ബാൻഡിൻ്റെ പാട്ടുകൾ ഒരു തെറാപ്പിക്ക് തുല്ല്യമാണെന്നാണ് ആരാധകർ അവകാശപ്പെടുന്നത്. റിലേഷൻഷിപ്പുകൾക്കും മനുഷ്യ വികാരങ്ങൾക്കും ഏറെ പ്രാധാന്യം നൽകുന്ന തീമുകളാണ് ബാൻഡിലെ പാട്ടുകളുടേത്. ബാൻഡിൻ്റെ സ്ഥാപകനും ലീഡ് വോക്കലുമായ ഗ്രെഗ് ഗോൺസാലസ്, ബാസ്സ് ആർട്ടിസറ്റായ റാൻഡൽ മില്ലർ, ഡ്രംസ് ആർട്ടിസറ്റായ ജേക്കബ് ടോംസ്കി തുടങ്ങിയവരാണ് ബാൻഡിലെ നിലവിലുള്ള അംഗങ്ങൾ.
2008 ലാണ് ഗ്രെഗ് ഗോൺസാലസ് സിഗരറ്റ് ആഫറ്റർ സെക്സ് എന്ന ബാൻഡ് രൂപികരിക്കുന്നത്. ടെക്സാസിലെ എൽ പാസോയിലാണ് ബാൻഡിൻ്റെ രൂപീകരണം നടന്നത്. തൻ്റെ പെൺ സുഹൃത്തുമായുണ്ടായിരുന്ന ഫ്രണ്ട്സ് വിത്ത് ബെനഫിറ്റ്സ് ബന്ധത്തിലെ ശീലത്തിൽ നിന്നാണ് ഈ പേര് ബാൻഡിന് ഗ്രെഗ് നൽകിയത്. ബാൻഡിൻ്റെ ആദ്യത്തെ ഇപിയായ ഐ ഇറങ്ങുന്നത് 2012 ലാണ്. എന്നാൽ ഐ വലിയ ജനശ്രദ്ധ നേടിയില്ല എന്നതാണ് സത്യം. ഐ മാത്രമല്ല 2012 ൽ ആരംഭിച്ച സിഗരറ്റ് ആഫറ്റർ സെക്സിൻ്റെ മ്യൂസിക്ക് കരിയറിന്റെ ഗ്രാഫിൽ 2015 വരെ വലിയ മാറ്റം ഒന്നുമുണ്ടായിട്ടില്ല. താനും തൻ്റെ ബാൻഡുമെല്ലാം ഒരു തോൽവിയായി തോന്നിയിരുന്ന കാലത്താണ് ഗ്രെഗിനെ തേടി ആ വലിയ മാറ്റം എത്തുന്നത്. അന്നിറങ്ങിയ ലീഡ് ട്രാക്കായ 'നത്തിംഗ്സ് ഗോന്ന ഹർട്ട് യു ബേബി'ക്ക് വലിയ പിന്തുണ ലഭിക്കാൻ തുടങ്ങി. അത് ബാൻഡിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു തുടങ്ങി. എന്നിരുന്നാലും ബാൻഡിൻ്റെ പ്രശസ്തി ഉയരുന്നത് കൊവിഡ് കാലത്താണ്.
ലോകമാകെ കൊവിഡ് പാൻഡമിക്കിൽ മുങ്ങി നിന്ന കാലം. അന്നാണ് ടിക്ക് ടോക്കിലും യൂട്യൂബിലുമൊക്കെ സിഗരറ്റ് ആഫറ്റർ സെക്സിലെ ചില ഗാനങ്ങൾ ട്രെൻഡിംഗ് ആവുന്നത്. അതുവരെ ഒഴിഞ്ഞ വേദികൾക്ക് മുന്നിൽ അവതരിപ്പിച്ചുകൊണ്ടിരുന്ന ബാൻഡിന് ജീവൻ വെക്കുന്നത് ആ കാലത്താണ്. ഗ്രെഗിനെ തേടി ആ സമയത്ത് കുറച്ചധികം ഇ മെയിലുകളെത്തുന്നു. നത്തിംഗ്സ് ഗോന്ന ഹർട്ട് യു ബേബിയെ പറ്റിയും 2017-ൽ ഇറങ്ങിയ അപ്പോകാലിപ്പസ് ഉൾപ്പടെയുള്ള ട്രാക്കുകളെ പറ്റിയുമായിരുന്നു ആ മെയിലുകൾ. 2019ൽ ഇറങ്ങിയ ക്രൈ ഉൾപ്പടെയുള്ള ആൽബവും അന്ന് ആഘോഷിക്കപ്പെട്ടു. അങ്ങനെ ടിക്ക് ടോക്കിലും യൂട്യൂബിലും വലിയ തരംഗമാണ് സിഗരറ്റ് ആഫറ്റർ സെക്സ് ഉണ്ടാക്കിയത്. പാൻഡമിക്കിന് ശേഷം ബാൻഡ് അവസാനമായി ഇറക്കിയ x ഉം ആരാധകരെ നിരാശപ്പെടുത്തിയില്ല. ഗ്രെഗിൻ്റെ പതിഞ്ഞ ശബ്ദവും റാണ്ടി മില്ലറുടെ മസ്കുലർ ബാസും ജേക്കബ് ടോംസ്‌കിയുടെ വിസ്‌പറിംഗ് ഡ്രമ്മുമെല്ലാം അമേരിക്കയിൽ മാത്രമല്ല ഇന്ത്യയിലും ഒരുപാട് ആരാധകരെയുണ്ടാക്കി.
കോൾഡ് പ്ലേയ്ക്കും സിഗരറ്റ് ആഫറ്റർ സെക്സിനും പിന്നാലെ സോളോ ആർട്ടിസ്റ്റായ സ്കറില്ലെക്സിന്റെ സൺബേർണ് ഗോവയിലെ പ്രോഗ്രാമിന്റെയും ടിക്കറ്റുകൾ ഇമവെട്ടും വേഗതയിലാണ് വിറ്റഴിക്കപ്പെട്ടത്. വൺ ഡയറക്ഷനിൽ മില്ലേനിയൽസ് തുടങ്ങി വെച്ച വെസ്റ്റേൺ മ്യൂസിക് ബാൻഡുക്കളോടുള്ള ആസക്തി ജെൻസി പിള്ളേർ കോൾഡ് പ്ലേയിലൂടെ തുടരുമ്പോൾ ബാൻഡുകൾക്ക് മാത്രമല്ല, ബാൻഡുകൾക്കപ്പുറം വ്യക്തികളുടെ പാട്ടുകൾ കേൾക്കാനും ഇന്ത്യയിൽ ആരാധകരുണ്ട്.
ഫേഡഡ്, സ്പെക്ടർ തുടങ്ങിയ ഹിറ്റുകളുടെ പിന്നിലെ സംഗീത പ്രതിഭയായ അലൻ വാക്കറും, ഗ്രാമി നേടിയ പോപ്പ് സെൻസേഷനായ ഡുവ ലിപയുമെല്ലാം അവരുടെ കോൺസെർട്ടുകൾ ഇതിനോടകം തന്നെ ഇന്ത്യയിൽ പ്രഖ്യാപിച്ചു കഴിഞ്ഞു. താരങ്ങളുടെ കോൺസെർട്ടുകളുടെ ടിക്കറ്റുകൾക്കായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വെസ്റ്റേൺ മ്യൂസിക് മാത്രമല്ല ഇന്ത്യൻ ബാന്‍ഡുകൾക്കും ആരാധകർ കുറവല്ല. ഇൻഡിപെൻഡന്റ് മ്യൂസിക്കിന്റെ ഇന്ത്യയിലെ വളർച്ചയായും ഹനുമാൻ കിന്‍ഡ് ഉൾപ്പടെയുള്ള റാപ്പേഴ്സും ഒക്കെ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. ഇത് സംഗീത ലോകത്തിന് പുതിയ മാനങ്ങൾ നല്കുമെന്നതിൽ സംശയമില്ല. ഇന്ത്യയിൽ സിനിമയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഒരു പതിവ് സംഗീതത്തിനും ഗായകർക്കും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇൻഡിപെൻഡന്റ് മ്യൂസിക്കിനും ഷോകൾക്കും ഏറെ പ്രാധാന്യം ഇന്ത്യയിലുണ്ടെന്നത് എടുത്തു പറയേണ്ടതാണ്. ഇന്ത്യൻ ആർട്ടിസ്റ്റുകളിലും ഈ മാറ്റങ്ങൾ നിലവിൽ കാണാനാകും.