മുറകാമി, കാൻ സ്യൂ, ജെറാൾഡ് മുർണെ.....; സാഹിത്യ നൊബേൽ ഇത്തവണ ആർക്ക്, അറിയാൻ ഇനി മണിക്കൂറുകൾ മാത്രം

ഇക്കുറി ആരായിരിക്കും പുരസ്കാരം നേടുക! പ്രവചനങ്ങളും ഊഹാപോഹങ്ങളും നിരവധിയാണെങ്കിലും ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് ചൈനീസ് എഴുത്തുകാരിയായ കാൻ സ്യൂവിനാണ്.

dot image

വ്യാഴാഴ്ചയാണ് സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിക്കുന്നത്. ലോകമെമ്പാടുമുള്ള സാഹിത്യപ്രേമികൾ ആകാംക്ഷയിലാണ്, ഇക്കുറി ആരായിരിക്കും പുരസ്കാരം നേടുക! പ്രവചനങ്ങളും ഊഹാപോഹങ്ങളും നിരവധിയാണെങ്കിലും ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് ചൈനീസ് എഴുത്തുകാരിയായ കാൻ സ്യൂവിനാണ്. കഴിഞ്ഞ വർഷവും സാധ്യതാ പട്ടികയിൽ കാൻ ഉണ്ടായിരുന്നു. എന്നാൽ, നോർവീജിയൻ നാടകകൃത്ത് ജോൺ ഫോസ്സെയുടെ അപ്രതീക്ഷിത പുരസ്കാരനേട്ടം കാൻ ആരാധകരെ നിരാശപ്പെടുത്തുകയായിരുന്നു. പതിവു പോലെ ഇക്കുറിയും ജാപ്പനീസ് എഴുത്തുകാരൻ ഹാരുകി മുറകാമി സാധ്യത പട്ടികയിൽ മുന്നിലുണ്ട്. ഓസ്ട്രേലിയൻ നോവലിസ്റ്റ് ജെറാൾഡ് മുർണേ ആണ് പുരസ്കാര സാധ്യതാ പട്ടികയിൽ മുന്നിലുള്ള മറ്റൊരാൾ.

കാൻ സ്യൂ

ഇക്കുറി സാഹിത്യലോകം കൂടുതൽ സാധ്യത കൽപ്പിക്കുന്നത് കാൻ സ്യൂവിന് തന്നെയാണ്. 1953ൽ ജനിച്ച കാൻ സ്യൂവിന് ചൈനീസ് ഭരണകൂടത്തിൽ നിന്ന് പീഡനങ്ങളേറ്റുവാങ്ങിയ ചെറുപ്പകാലമാണുള്ളത്. മാതാപിതാക്കളെ വലതുപക്ഷക്കാർ എന്നാരോപിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി പീഡിപ്പിച്ച പശ്ചാത്തലത്തിൽ നിന്നാണ് കാൻ സ്യൂവിൻ‌റെ വ്യക്തിത്വം രൂപപ്പെട്ടുവന്നത്. പുതുമ നിറഞ്ഞതും പരീക്ഷണാത്മകവുമായ ആഖ്യാനശൈലി എഴുത്തിൽ സ്വീകരിക്കാൻ ജീവിതപശ്ചാത്തലം കാൻ സ്യൂവിനെ പാകപ്പെടുത്തിയെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടു തന്നെ പരമ്പരാ​ഗത ചൈനീസ് എഴുത്തുശൈലിയിൽ നിന്ന് വേറിട്ടതാണ് അവരുടെ രചനകളെല്ലാം. ചെറുകഥകളാണ് കാൻ സ്യൂവിനെ വായനക്കാർക്ക് പ്രിയപ്പെട്ടവളാക്കിയത്. അതേസമയം, അവരുടെ എഴുത്തുകളെ വിവർത്തനം ചെയ്യുക വെല്ലുവിളിയാണെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. സ്യൂവിന്റെ തനതായ ശൈലി ഇം​ഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യാൻ പ്രയാസമാണെന്ന് നിരവധി പേർ പറഞ്ഞിട്ടുണ്ട്. എന്തായാലും 2019ൽ സ്യൂവിന്റെ നോവൽ ബെയർഫൂട്ട് ഡോക്ടർ അവരെ നൊബേൽ പുരസ്കാരപട്ടികയിലേക്കുള്ള കരുത്തുറ്റ മത്സരാർത്ഥിയാക്കി. ഇൻർനാഷണൽ ബുക്കർ പ്രൈസിനുള്ള സാധ്യതാ പട്ടികയിലും സ്യൂ രണ്ടുവട്ടം ഇടംപിടിച്ചു. ലവ് ഇൻ ദ ന്യൂ മില്ലേനിയം, ഐ ലിവ് ഇൻ ദ സ്ലംസ് എന്നീ കൃതികളാണ് അവരെ ആ പട്ടികയിലെത്തിച്ചത്.

ജെറാൾഡ് മുർണെ

ജീവിച്ചിരിക്കുന്ന മഹത്തായ ഇം​ഗ്ലീഷ് എഴുത്തുകാരിൽ ഒരാൾ എന്നാണ് സാഹിത്യലോകം ജെറാൾഡ് മുർണെയെ വിശേഷിപ്പിക്കുന്നത്.ഒരു ഓസ്ട്രേലിയൻ എഴുത്തുകാരൻ നൊബേൽ പുരസ്കാരം നേടിയിട്ട് 50 വർഷമായി. അതുകൊണ്ടുതന്നെ ജെറാൾഡ് ചരിത്രം തിരുത്തിയെഴുതുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ജനപ്രീതിയിൽ അത്ര പ്രശസ്തനല്ല മുർണെ. എന്നാൽ, അദ്ദേഹത്തിന്റെ രചനകളെ അറിയാവുന്നവർക്ക് ഏറ്റവും മികവുറ്റ എഴുത്തുകാരിലൊരാളാണ് മുർണെ. 1988ൽ പുറത്തിറങ്ങിയ ഇൻലൻഡ്, 1982ൽ പുറത്തിറങ്ങിയ ദ പ്ലെയിൻസ് എന്നിവ മുർണെയുടെ രചാനാശൈലിയുടെ മികവ് വിളിച്ചോതുന്ന കൃതികളാണ്.

ഹാരുകി മുറകാമി

ലോകമെങ്ങും ആരാധകരുള്ള ജാപ്പനീസ് എഴുത്തുകാരനാണ് മുറകാമി. ഹാരുകിസ്റ്റുകൾ എന്നറിയപ്പെടുന്ന അദ്ദേഹ​ത്തിന്റെ ആരാധകവൃന്ദം ഇക്കുറി ഏറെ പ്രതീക്ഷയിലാണ്. 2012 മുതൽ‌ പല തവണയായി കൈവെള്ളയിലെത്തും മുമ്പ് തട്ടിപ്പോയതാണ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നൊബേൽ പുരസ്കാരം. 1987ൽ പുറത്തിറങ്ങിയ നോർവീജിയൻ വുഡ് ആണ് മുറകാമിയെ ലോകശ്രദ്ധയിലേക്ക് എത്തിച്ചത്. മാജിക്കൽ റിയലിസവും ഭാവനയുടെ അതിപ്രസരവും മുറകാമിയുടെ എഴുത്തിനെ വേറിട്ടതാക്കുന്നു. കാഫ്ക ഓൺ ദ ഷോർ, ദ വൈൻഡ് അപ് ബേർഡ് ക്രോണിക്കിൾ തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ തനതുശൈലിയുടെ മകുടോദാഹരണങ്ങളാണ്. ഓസ്കാർ പുരസ്കാരം നേടിയ ഡ്രൈവ് മൈ കാർ അടക്കമുള്ള സിനിമകൾക്കും അദ്ദേഹത്തിന്റെ രചനകൾ നിമിത്തമായി. നിരവധി കൃതികൾ സിനിമയായിട്ടുണ്ട്.

Content Highlights: 2024 Nobel Prize in Literature will be announced tomorrow

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us