'പറയുന്നത് ജാതിയുടെയും ലൈംഗികതയുടെയും തൊഴിലിൻ്റെയും രാഷ്ട്രീയം'; ഇഷാംബരം വൈകാരികമായും വായിക്കാം

ഇഷാംബരത്തിന്റെ രാഷ്ട്രീയം കൃത്യമാണ്. അത് നാല് പേർ ഇരുന്ന് വെറുതെ ചർച്ച ചെയ്ത് ചായയും കുടിച്ചു പിരിയുന്ന എലൈറ്റ് രാഷ്ട്രീയമല്ല

സന്തോഷ് നാരായണൻ
4 min read|11 Oct 2024, 12:55 pm
dot image

ആനന്ദിന്റെ ആൾക്കൂട്ടം എന്ന നോവൽ ഇറങ്ങുന്നത് 1970-ൽ ആണ്. ഞാൻ അത് ആദ്യമായി വായിക്കുന്നത് 1993ലും. ഒരു പുസ്തകം ഇറങ്ങി 23 വർഷം കഴിഞ്ഞിട്ടും അത് വായിക്കുമ്പോൾ അന്ന് മനസ്സിൽ കണ്ട ബോംബെ നഗരത്തിന്റെ ഒരു ചിത്രമുണ്ട്. ജോസഫിന്റെ, രാധയുടെ, സുന്ദറിന്റെ, സുനിലിന്റെ, ലളിതയുടെ ബോംബെ…

അത് വായിച്ച ഓരോരുത്തരിലും അന്നത്തെ ബോംബെയുടെ ചിത്രം രൂപപ്പെട്ടിട്ടുണ്ടാവും..ആ കഥാപാത്രങ്ങളിൽ ഒരാളായി വായനക്കാർ പരകായ പ്രവേശം നടത്തിയിട്ടുമുണ്ടാകാം…അന്നത്തെ തലമുറയെ ഏറെ സ്വാധീനിച്ച കഥാപശ്ചാത്തലവും കഥാപാത്രങ്ങളും ആയിരുന്നു ആൾക്കൂട്ടം എന്ന നോവലിന്റെ കാതൽ. ആൾക്കൂട്ടത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടായിരുന്നു എങ്കിൽ എങ്ങിനെ ആയിരിക്കും അതെന്ന് ഞാൻ പലപ്പോഴും ആലോചിച്ചു നോക്കിയിരുന്നു..

പഴയ ബോംബെ മുംബൈ ആയി..ഇന്ദിരാഗാന്ധി മരിച്ചു… ബാൽതാക്കറെ മരിച്ചു… കോൺഗ്രസ് പോയി…ബിജെപി വന്നു… പിന്നാലെ ശിവസേന വന്നു…നഗരത്തിന്റെ മുഖച്ഛായ തന്നെ മാറിപ്പോയി, ആൾക്കൂട്ടത്തിലെ കഥാപാത്രങ്ങൾ സംസാരിച്ചുകൊണ്ടിരുന്ന വിഷയങ്ങൾ അപ്രസക്തമായി…പക്ഷെ ഒന്ന് മാത്രം മാറിയില്ല… ബോംബെ നഗരത്തിലെ ഏറ്റവും താഴെക്കിടയിൽ ജീവിക്കുന്നവരുടെ ചരിത്രം അമ്പത്തിനാല് വർഷങ്ങൾക്കിപ്പുറവും മാറാതെ നിൽക്കുന്നു എന്ന യാഥാർത്ഥ്യം ഒരു മറയും കൂടാതെ വിളിച്ചു പറയുകയാണ് ഇഷാംബരം എന്ന നോവൽ.

ആൾക്കൂട്ടത്തിലെ കഥാപാത്രങ്ങളെപ്പോലെ ഉയർന്ന ചിന്താഗതിയോ ലോകത്തെ വിവിധ വിഷയങ്ങളിൽ അവർ എടുക്കുന്ന നിലപാടുകളോ ഒന്നുമല്ല ഈഷാംബരത്തെ പ്രസക്തമാക്കുന്നത്. കണ്ണഞ്ചിപ്പോകുന്ന വെള്ളിവെളിച്ചങ്ങൾക്കിടയിൽപ്പെട്ട് സ്വന്തം വെളിച്ചത്തെ തിരിച്ചറിയാൻ പോലും കഴിയാത്ത അത്ര നിസ്സാരരായ മിന്നാമിനുങ്ങുകളെപ്പോലുള്ള ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് ഇഷാംബരം ആൾക്കൂട്ടത്തിന്റെ പൊതുസ്വഭാവം ചലനമാണ്. ആൾക്കൂട്ടം ഒരിയ്ക്കലും സ്ഥിതമായതല്ല. അങ്ങിനെ നോക്കുമ്പോൾ യഥാർത്ഥ ആൾക്കൂട്ടം രൂപപ്പെടുന്നത് ആനന്ദിന്റെ പുസ്തകത്തിലല്ല. ഇഷാംബരത്തിലാണ്.

Content Highlights

ഇതൊരു പ്രയാണത്തിന്റെ കഥയാണ്. ഇഷാണിയുടെ ജീവിതയാത്ര…ദാസിന്റെ ജീവിതയാത്ര…അവരുടെ കൂടെ നടക്കുന്നത് തികച്ചും അജ്ഞാതരായ ആൾക്കാരാണ്. അവരെയൊക്കെ ബന്ധിപ്പിക്കുന്ന ഒരേ ഒരു കണ്ണിയേ ഉള്ളൂ. അവർ ആ മഹാനഗരത്തിന്റെ സന്തതികൾ ആണെന്നത് മാത്രം. പാലായനം ആണ് എക്കാലത്തും മനുഷ്യവംശം മുടങ്ങാതെ നടത്തിയിട്ടുള്ള ഒരു കർമ്മം. ഈ നിമിഷം എടുത്താൽ ലോകത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത്‌ മനുഷ്യർ പുതിയ മേച്ചിൽപുറങ്ങൾ തേടി നടക്കുന്നുണ്ടാവും. സിറിയയിൽ, മ്യാൻമാറിൽ, കോംഗോയിൽ, ശ്രീലങ്കയിൽ. അത് അനുസ്യൂതം തുടർന്ന് കൊണ്ടേയിരിക്കുന്നു.

മനുഷ്യന് ഭക്ഷണത്തിനു വിശക്കുന്ന പോലെ ഉള്ള വിശപ്പ് ലൈംഗികിതയോടുമുണ്ട്. അതിന്റെ ആളിക്കത്തൽ ഒടുങ്ങണമെങ്കിൽ അതിന് വേണ്ട ദ്രവ്യങ്ങൾ വേണം. നഗരം ഭരിക്കുന്ന മാന്യനും നഗരം വൃത്തിയാക്കുന്ന തോട്ടിയ്ക്കും വിശപ്പും ദാഹവും  ലൈംഗികിതയും ഒരു പോലെയാണ്. ഒരാൾക്ക് അവസരങ്ങൾ കൈവന്നു ചേരുന്നു. മറ്റൊരാൾക്ക്‌ അത് നിഷേധിക്കപ്പെടുന്നു. തോട്ടിയുടെ മണം വേശ്യയ്ക്ക് പോലും വെറുക്കപ്പെട്ടതാണ്. സ്വന്തം സഹോദരി ആണെന്ന് പോലും ഓർക്കാതെ ദാസ് ഇഷാനിയെ പ്രാപിക്കാൻ ശ്രമിക്കുന്നതും താൻ അനുഭവിക്കുന്ന നിഷേധം കൊണ്ടാവും.

ജാതീയത എത്ര മാത്രം മനുഷ്യരെ വിഭജിക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് മാമയുടെ മൃതശരീരം ദഹിപ്പിക്കാൻ ശ്മശാനങ്ങൾ കയറി ഇറങ്ങുന്ന ദാസിന്റെയും കൂട്ടുകാരുടെയും അവസ്ഥ.

"തോട്ടികൾക്ക് ജാതി എന്നും ഒരു പ്രശ്നമാണ്. ജനിച്ചു വീഴുന്നത് മുതൽ മരിച്ചു വണ്ടിയിൽ വായും പൊളിച്ചു കിടക്കും വരെ തോട്ടികൾക്ക് ജാതി ഒരു പ്രശ്നം ആണ്"

ഇഷാംബരം  ഇഷാനിയുടെയും ദാസിന്റെയും കഥയാണ്. അവരുടെ കുട്ടിക്കാലം തൊട്ടുള്ള ജീവിതം ഓരോ അധ്യായങ്ങളുടെ ഇതളുകളിൽ ഭദ്രമായി അടുക്കി വെച്ചിട്ടുണ്ട്. പതിയെ പതിയെ ഇതൾ വിരിയുന്ന അധ്യായങ്ങൾ. മുംബൈ എന്ന നഗരത്തിലെ തങ്ങളുടെ ഊഴത്തിനു മുൻപ് അങ്ങ് ദൂരെ ഒരു ഗ്രാമത്തിൽ അവരുടെ കുട്ടിക്കാലം നമുക്ക് കാണിച്ചു തരുന്നുണ്ട് നോവലിസ്റ്റ്.

തോട്ടിപ്പണി ചെയ്യുന്ന കുടുംബത്തിൽ ജനിച്ചവർ ആണെങ്കിലും നന്നായി പഠിക്കുന്ന ദാസ് കുടുംബത്തിന്റെ കുലത്തൊഴിൽ തിരുത്തും എന്ന് പ്രത്യാശിക്കുന്ന ഇഷാനി. അതിന് വേണ്ടി സ്വന്തം ജീവിതം പോലും മാറ്റി വെക്കുന്നുണ്ട്. വിവാഹം എന്ന ഉടമ്പടിയിൽപ്പെട്ട് ചതച്ചക്കരക്കപ്പെട്ട തന്റെ ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതിന് മുൻപ് ഇഷാനി എഴുതി വെക്കുന്ന വാക്കുകൾ ഉണ്ട്.

"ആരെങ്കിലും എന്നെ ഒന്ന് മതിയാവോളം സ്നേഹിച്ചിരുന്നെങ്കിൽ ഞാൻ അവർക്ക് വേണ്ടി മരിച്ചേനെ". ഇതിൽ കൂടുതൽ എങ്ങിനെയാണ് ഒരു മനുഷ്യജീവി തന്റെ മനുഷ്യസ്നേഹത്തെ അടയാളപ്പെടുത്തുന്നുന്നത്?

ആൾക്കൂട്ടം ആനന്ദ് അവസാനിപ്പിക്കുന്നത് റെയിൽവേ സ്റ്റേഷനിൽ ജോസഫിനെ യാത്രയാക്കാൻ വരുന്ന രാധയുടെയും സുനിലിന്റെയും മാനസിക വ്യാപാരങ്ങളിലൂടെയാണ്. ഒരേ സമയം പ്രതീക്ഷയും നിരാശയും നൽകുന്ന ഇടങ്ങൾ ആണ് റയിൽവെ സ്റ്റേഷനുകൾ. പ്രതീക്ഷയുടെ ട്രാക്കിലൂടെ മനുഷ്യരെയും വഹിച്ചു സ്റ്റേഷനിൽ എത്തുന്ന ബോഗികൾ. അതിൽ നിന്ന് പ്രത്യാശയോടെ പുറത്തിറങ്ങുന്നവർ. വാക്കുകൾ വിടപറപറയലുകൾ പൂർത്തിയാക്കും മുൻപ് ആ യന്ത്രം പുതിയ യാത്രക്കാരുമായി മറ്റൊരു ലക്ഷ്യസ്ഥാനം തേടി പുറപ്പെടുന്നു..

ആൾക്കൂട്ടം സ്റ്റേഷനിൽ അവസാനിക്കുമ്പോൾ. പ്രതീക്ഷയുടെയും നിരാശയുടെയും  തുരുത്തുകളെ (സ്റ്റേഷനുകളെ) ബന്ധിപ്പിക്കുന്ന റെയിൽവേ ട്രാക്കിലൂടെ ആണ് ഇഷാംബരത്തിന്റെ നടത്തം.

ഇഷാംബരത്തെ രണ്ട് രീതിയിൽ വായിക്കാം. ഒന്ന് വൈകാരികമായി, രണ്ട് രാഷ്ട്രീയമായി.
ഇഷാംബരത്തിന്റെ രാഷ്ട്രീയം കൃത്യമാണ്. അത് നാല് പേർ ഇരുന്ന് വെറുതെ ചർച്ച ചെയ്ത് ചായയും കുടിച്ചു പിരിയുന്ന എലൈറ്റ് രാഷ്ട്രീയമല്ല. അത് ദാരിദ്ര്യത്തിന്റെ രാഷ്ട്രീയമാണ്, ജാതിയുടെ രാഷ്ട്രീയമാണ്, തൊഴിലിലെ രാഷ്ട്രീയമാണ്. ലൈംഗികതയിലെ രാഷ്ട്രീയമാണ്…

Content Highlights: A review of the novel Ishambaram

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us