ശരീരമരത്തിലെ പൂക്കളും പൂമ്പാറ്റകളും

2024 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ച ഹാൻ കാംഗിൻ്റെ 'ദി വെജിറ്റേറിയൻ എന്ന നോവൽ തിരഞ്ഞെടുപ്പുകളുടെ സാധ്യത ഒരു പുരുഷകേന്ദ്രീകൃത സമൂഹത്തിലെ സ്ത്രീയെ സംബന്ധിച്ചിടത്തോളം എത്രത്തോളം അസാദ്ധ്യമാകുന്നു എന്ന് കൂടി വായനക്കാരെ മുറിവേൽപ്പിക്കും വിധം അവതരിപ്പിക്കുന്നുണ്ട്

സംഗീത ചേനംപുല്ലി
1 min read|12 Oct 2024, 09:58 am
dot image

2024 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ദക്ഷിണ കൊറിയൻ എഴുത്തുകാരിയായ ഹാൻ കാംഗിനാണ്. അവരുടെ നോവൽ, 'ദി വെജിറ്റേറിയൻ' 2016 ലെ ഇൻ്റർനാഷണൽ ബുക്കർ പുരസ്കാരം നേടിയിരുന്നു. ബുക്കർ നേടിയ ആദ്യ ദക്ഷിണ കൊറിയൻ നോവലിസ്റ്റായ അവർ നൊബേൽ നേടിയതോടെ സാഹിത്യ നോബൽ നേടുന്ന ആദ്യ ഏഷ്യൻ വനിതയും, ആദ്യ ദക്ഷിണ കൊറിയൻ എഴുത്താളുമായി. ദി വെജിറ്റേറിയന് പുറമേ ഗ്രീക്ക് ലെസൺസ്, ഹ്യുമൻ ആക്റ്റ്സ്, ദി വൈറ്റ് ബുക്ക് തുടങ്ങിയ പുസ്തകങ്ങളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും വ്യാപക ശ്രദ്ധ നേടുകയും ചെയ്തു. പ്രകൃത്യുന്മുഖത, സംവേദനത്തിലെ പരിമിതികൾ, ഒറ്റപ്പെടൽ, മനുഷ്യൻ്റെ ക്രൂരതകൾ, കുടുംബ ശൈഥില്യം തുടങ്ങിയവ അവരുടെ കൃതികളിലെ പ്രധാന പ്രമേയങ്ങളാണ്.

മരിക്കുന്നത് ഒരു ചീത്തക്കാര്യമാണോ എന്ൻ മൂത്തസഹോദരിയോട്‌ ചോദിക്കുന്നുണ്ട് 'ദ വെജിറ്റേറിയൻ' എന്ന നോവലിലെ കേന്ദ്ര കഥാപാത്രമായ ഇയോങ്ങ് ഹേ. മരണം പോലും സുചിന്തിതമായ തെരഞ്ഞെടുപ്പാകുമ്പോൾ ആസ്വാദ്യകരമാകാം എന്നൊരു സാധ്യത മുന്നോട്ട് വെക്കുന്നുണ്ട് പ്രശസ്ത കൊറിയൻ എഴുത്തുകാരി ഹാൻ കാംഗിൻറെ ഈ നോവൽ. പക്ഷേ തിരഞ്ഞെടുപ്പുകളുടെ സാധ്യത; അത് ഭക്ഷണമോ, ജീവിത ശൈലിയോ, ഭാവിജീവിതത്തിൽ കൂട്ടാകേണ്ട പങ്കാളിയോ ആകട്ടെ, ഒരു പുരുഷകേന്ദ്രീകൃത സമൂഹത്തിലെ സ്ത്രീയെ സംബന്ധിച്ചിടത്തോളം എത്രത്തോളം അസാദ്ധ്യമാകുന്നു എന്ന് കൂടി വായനക്കാരെ മുറിവേൽപ്പിക്കും വിധം അവതരിപ്പിക്കുന്നുണ്ട് ഈ നോവലിൽ. പ്രത്യേകതകൾഒന്നും അവകാശപ്പെടാനില്ലാത്ത, സാധാരണക്കാരി എന്നെല്ലാവരും കരുതുന്ന ഒരു സ്ത്രീ സ്വന്തം ഭക്ഷണത്തെക്കുറിച്ച് എടുക്കുന്ന തീരുമാനം അവരിലും ചുറ്റും നിൽക്കുന്നവരിലും ഉണ്ടാക്കുന്ന ആഘാതങ്ങളെ ആവിഷ്കരിക്കുന്ന നോവൽ എന്ന് ലളിതമായി ഇതിനെ വരച്ചിടാം. പക്ഷേ ലളിതമായ കഥയുടെ അടരുകൾക്കുള്ളിൽ ജീവിതത്തെക്കുറിച്ചുള്ള പ്രശ്നങ്ങളുടെ അനേകം വിത്തുകൾ നോവലിസ്റ്റ് കാത്ത് വെച്ചിട്ടുണ്ട്. മൂന്ന് ഭാഗങ്ങളിലായി ഇയോങ്ങ് ഹേയുടെ ഭർത്താവ്, അവരോട് അടുപ്പം തോന്നുന്ന സഹോദരീ ഭർത്താവ്, സഹോദരി എന്നിവരാണ് ഇയോങ്ങ് ഹേയുടെ കഥ പറയുന്നത്.

പാശ്ചാത്യരാജ്യങ്ങളിലുള്ളവരെ സംബന്ധിച്ചിടത്തോളം സ്വന്തം ഇഷ്ടപ്രകാരം സസ്യാഹാരക്രമം തെരഞ്ഞെടുക്കുന്നത് പുതുമയുള്ള കാര്യമല്ല. പക്ഷേ ദക്ഷിണകൊറിയ പോലെ പുരുഷാധിപത്യ മൂല്യങ്ങളിൽ പുലരുന്ന ഒരു സമൂഹത്തിൽ ജീവിക്കുന്ന സ്ത്രീയെ സംബന്ധിച്ചിടത്തോളം അത്തരം ഒരു തിരഞ്ഞെടുപ്പ് ചെറിയ പ്രത്യാഘാതങ്ങൾ അല്ല ജീവിതത്തിൽ ഉണ്ടാക്കുന്നത്. അസ്വാഭാവികം എന്ൻ മറ്റുള്ളവർക്ക് തോന്നും വിധം, ഒരു സ്വപ്നത്തെത്തുടർന്നാണ് ഇയോങ്ങ് ഹേ മാംസാഹാരം ഉപേക്ഷിക്കുന്നത്. പക്ഷേ കുട്ടിക്കാലത്ത് കാണേണ്ടി വന്ന ക്രൂരത, വിവേചനബുദ്ധിയുള്ള ഏക ജീവി എന്നഹങ്കരിക്കുന്ന മനുഷ്യൻറെ ക്രൂരതയ്ക്ക് സീമകളില്ല എന്ന തിരിച്ചറിവാണ് അവളുടെ മനസ്സ് മാറ്റുന്നത് എന്ൻ സാവധാനം നാമറിയുന്നു. നമുക്ക് അഹിതമായതോ അസാധാരണമോ ആയ ജീവിതശൈലികൾ പിന്തുടരുന്നവരെല്ലാം മാനസികനില തെറ്റിയവരാണ്‌ എന്ന സമൂഹത്തിൻറെ പൊതുബോധം ഇയോങ്ങ് ഹേയെയും വേട്ടയാടാതെ തരമില്ല. മരുമകനോട്‌ ക്ഷമചോദിച്ചുകൊണ്ട് മകളുടെ വായിൽ മാംസാഹാരം കുത്തിത്തിരുകി അവളെ ആത്മഹത്യയിലേക്ക് എടുത്ത് ചാടിക്കുന്ന പിതാവും, തൻറെ അഭിരുചികൾക്കൊത്ത് ജീവിക്കാത്തവളും മാനസികരോഗിയുമായ ഭാര്യയെ ഉപേക്ഷിച്ചുപോകുന്ന ഭർത്താവുമെല്ലാം സ്വയമറിയാതെ ഈ സാമൂഹ്യബോധത്തിന്റെ ഇരകളും അതേസമയം തന്നെ വേട്ടക്കാരുമാകുന്നു.

വസ്ത്രങ്ങൾ ഉരിഞ്ഞുകളഞ്ഞ് പ്രകൃതിയിലേക്ക് മാറിടം തുറന്നിടുന്ന ഇയോങ്ങ് ഹേ കൂടുതൽ സങ്കീർണ്ണമായ ജീവിതചര്യകളിലേക്ക് മാറുകയാണ് പിന്നീട്. എല്ലാത്തരം ഹിംസകളിൽ നിന്നും മാറിനിൽക്കാൻ ആഗ്രഹിക്കുന്ന ഒരാളെ തന്നെ കുടുംബവും സമൂഹവും കടുത്ത ഹിംസക്കിരയാക്കുന്നതെങ്ങനെ എന്ൻ അതിശയോക്തിയില്ലാതെ നോവൽ ആവിഷ്കരിക്കുന്നുണ്ട്. ആദ്യ ഭാഗത്ത് ഇയോങ്ങ് ഹേയുടെ വിപരീത വീക്ഷണകോണിൽ നിന്നാണ് ആഖ്യാനം എങ്കിൽ രണ്ട് മൂന്ന് ഭാഗങ്ങളിൽ പടിപടിയായി അവരുടെ ആശയങ്ങൾക്ക് അനുകൂലമായി കഥ പറയുന്നവർ മാറുന്നതായി കാണാം. അവതരിപ്പിക്കപെടുന്ന സന്ദർഭത്തിനനുസരിച്ച് മാറുന്ന ഭാഷയുടെ വഴക്കം ആഖ്യാനശൈലിയെ മിഴിവുള്ളതാക്കുന്നു.

ശരീരത്തെ സ്നേഹത്തിൽ നിന്ന് വേറിട്ട ഒന്നായി കാണാത്ത, സ്വാഭാവികമായി ഒരു ചെടി മുളച്ച് പൂവിടും പോലെ പോലെ സംഭവിക്കുന്ന സ്ത്രീപുരുഷബന്ധങ്ങളെ തിരിച്ചറിയാൻ മാത്രം പാകത സമൂഹത്തിന് ആയിട്ടില്ലെന്ന്,നമ്മുടെ നാട്ടിലെന്നപോലെ ദക്ഷിണകൊറിയയിലും, നോവലിസ്റ്റ് മനോഹരമായി പറഞ്ഞുവെയ്ക്കുന്നു

ശരീരം, സ്ത്രീ-പുരുഷാകർഷണം, കലയും രതിയും എന്നിവയെക്കുറിച്ചുള്ള ചിന്തകളാണ് രണ്ടാം ഭാഗം ആവിഷ്കരിക്കുന്നത്. ഭാര്യയിൽ നിന്ൻ കേട്ടറിഞ്ഞ ഇയോങ്ങ് ഹേയുടെ നിതംബത്തിലെ നീല പൂമ്പാറ്റമറുകാണ് അവളിലേക്ക് സഹോദരീ ഭർത്താവിനെ ആകർഷിക്കുന്നത്. ഇതാകട്ടെ രതി എന്നതിലപ്പുറം സ്വന്തം കലാസൃഷ്ടിക്കുള്ള കാൻവാസ് ആയി അവളുടെ ശരീരത്തെ ഉപയോഗിക്കാനുള്ള സാധ്യതയെ മുൻനിർത്തിയുള്ളതാണ്. സാഭാവികമെന്നോണം വിടർന്നുല്ലസിക്കുന്ന പൂക്കളും ഇലകളും കെട്ടുപിണയുന്ന സ്ത്രീ-പുരുഷശരീരങ്ങൾ എന്ന തൻറെ ഏറ്റവും പ്രിയപ്പെട്ട കലാസങ്കൽപ്പമാണ് പേരില്ലാത്ത ഈ ആഖ്യാതാവിനെ ഇയോങ്ങ് ഹേയുമൊത്തുള്ള പരീക്ഷണത്തിലേക്ക് നയിക്കുന്നതും. മോഡലായി തിരഞ്ഞെടുത്തയാൾ പിന്മാറുമ്പോൾ മാത്രമാണ് സ്വയം കലാവസ്തുവായി മാറുക എന്ന സാധ്യതയിലേക്ക് അയാൾ എത്തുന്നതു പോലും. സ്വന്തം ശരീരത്തിൽ മാറിടമൊഴികെ മറ്റെല്ലാം മറ്റുള്ളവരെ ഉപദ്രവിക്കാൻ ശേഷിയുള്ളതാണ് എന്ന് കരുതുന്ന ഇയോങ്ങ് ഹേ സ്വയം ഒരു വൃക്ഷമായി മാറാൻ ആഗ്രഹിച്ചു തുടങ്ങുന്നത് ഇവിടം മുതലാണ്‌. ശരീരത്തെ സ്നേഹത്തിൽ നിന്ന് വേറിട്ട ഒന്നായി കാണാത്ത, സ്വാഭാവികമായി ഒരു ചെടി മുളച്ച് പൂവിടും പോലെ പോലെ സംഭവിക്കുന്ന സ്ത്രീപുരുഷബന്ധങ്ങളെ തിരിച്ചറിയാൻ മാത്രം പാകത സമൂഹത്തിന് ആയിട്ടില്ലെന്ന്,നമ്മുടെ നാട്ടിലെന്നപോലെ ദക്ഷിണകൊറിയയിലും, നോവലിസ്റ്റ് മനോഹരമായി പറഞ്ഞുവെയ്ക്കുന്നു.

സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യവഹാരങ്ങൾ ആത്യന്തികമായി രതിയെ മുൻനിർത്തിയാണ് വായിക്കപ്പെടുന്നത് എന്ന പരിമിതിയിൽ നിന്ന് കലാസൃഷ്ടികൾ പോലും മാറ്റിനിർത്തപ്പെടുന്നില്ല. പക്ഷേ ഈ പരിമിതപ്പെടുത്തലിനെ അതിജീവിക്കാൻ ഇയോങ്ങ് ഹേയ്ക്ക് നിഷ്പ്രയാസം കഴിയുന്നത് കൊണ്ടാണ് ഒരു പൂവിരിയും പോലെ സ്വാഭാവികമായി അവൾ ആ കലാസൃഷ്ടിയുടെ ഭാഗമാകുന്നത്. ശരീരം എന്നത് കലയ്ക്കോ, സൃഷ്ടിക്കോ, പരസ്പരപൂർത്തീകരണത്തിനോ എന്തിനായാലും, വളരെ സ്വാഭാവികമായി ഉപയോഗിക്കാൻ കഴിയുന്ന നല്ലൊരു മാധ്യമമാണെന്നും അതിനെ ചൊല്ലിയുള്ള ഈഷലുകൾ മറികടക്കേണ്ടതുണ്ടെന്നും പറയാതെ പറയുന്നുണ്ട്.

ഫ്രിഡ കാലോ എന്ന മെക്സിക്കൻ ചിത്രകാരിയുടെ വേരുകൾ(The roots), വളർത്തമ്മയും ഞാനും(My nurse and I) എന്നീ ചിത്രങ്ങളിലെ ആശയങ്ങളുമായി വളരെ അടുപ്പം പുലർത്തുന്നുണ്ട് നോവലിൻറെ കേന്ദ്രപ്രമേയം.

ആഹാരം പൂർണ്ണമായും ഉപേക്ഷിച്ച് ഇയോങ്ങ് ഹേ ശ്രമിക്കുന്നത് ഭൂമിയിൽ നിന്നും സ്വാഭാവികമായി മുളച്ച് വിടർന്നു നിൽക്കുന്ന ഒരു മരമാകാനാണ്. ജന്തുസഹജമായ, പ്രത്യേകിച്ചും മനുഷ്യനിൽ അന്തർലീനമായ ക്രൂരതയെ മറികടക്കാൻ അവൾ കണ്ടെത്തുന്ന ഏക മാർഗ്ഗം സ്വയം ഒരു മരമാകുക എന്നതാണ്. വേരുകൾ എന്ന ഫ്രിഡ കാലോയുടെ ചിത്രം ആവിഷ്കരിക്കുന്നത് സ്വന്തം ശരീരം പിളർന്ൻ വള്ളിച്ചെടികൾക്ക് ജന്മം നൽകുന്ന സ്ത്രീയെയാണ്.ഇലകളും കടന്ന് അവളുടെ രക്തക്കുഴലുകൾ വിണ്ടടർന്ന ഭൂമിക്ക് കൂടി കാരുണ്യത്തിന്റെ ജീവരക്തം പകരുന്നുണ്ട്. എങ്കിലും ഏത് നിമിഷവും തൻറെ സ്വപ്നത്തോടൊപ്പം അവളെ വിഴുങ്ങാനായി വിണ്ട് പൊട്ടിയ ഭൂമി വായ്‌ പൊളിച്ചേക്കാം. വളർത്തമ്മയും ഞാനും എന്ന ചിത്രത്തിൽ വളർത്തമ്മ പാലൂട്ടുന്നത് മരങ്ങൾ മുളച്ച് കാടായി നിറഞ്ഞ മുലകൊണ്ടാണ്. രണ്ട് ചിത്രങ്ങളിലും ആവിഷ്കരിക്കുന്ന ചെടിയോളം ശുദ്ധയാവുക, പ്രകൃതിയോളം കാരുണ്യമുള്ളവളാകാൻ പെണ്ണിനേ കഴിയൂ തുടങ്ങിയ ആശയങ്ങൾ നോവലും പിൻപറ്റുന്നുണ്ട്. ഇരുപതാംനൂറ്റാണ്ടിൻറെ പൂർവ്വാർദ്ധത്തിൽ ഫ്രിഡകാലോ പറഞ്ഞുവെച്ചതിനെ മറ്റൊരു കാലത്ത് മറ്റൊരു ലോകത്ത് അരക്കിട്ടുറപ്പിക്കുകയാണ് ദ വെജിറ്റേറിയനിലൂടെ ഹാൻ കാംഗ്. രണ്ട്പേരും സ്ത്രീകളാണെന്നതും ഒട്ടും യാദൃശ്ചികമല്ല.

പിതൃകേന്ദ്രീകൃത വ്യവസ്ഥ പിൻപറ്റുന്ന സമൂഹങ്ങൾ പ്രത്യക്ഷത്തിൽ പുരോഗമനം നടിച്ചാലും, സ്ത്രീയുടെ മനസ്സിനെ തകർത്തുകളയുന്ന വിധത്തിൽ ഭയത്തിൻറെ, ഇരബോധത്തിന്റെ വിത്തുകൾ ചെറുപ്പത്തിലേ പാകിമുളപ്പിക്കുന്നുണ്ട്. ഈ വിത്തുകളിൽ നിന്ന് മുളയ്ക്കുന്ന ഭീതിയുടെ, ആത്മപീഡയുടെ നിബിഡവനങ്ങളെ പിഴുതെറിയാൻ കഴിയാതെ പോകുന്ന സ്ത്രീകൾ പതിക്കുന്നത് ഭ്രാന്തിലേക്കാകാം. ആ ഭ്രാന്ത് പോലും അങ്ങേയറ്റം പ്രകൃത്യുൻമുഖവും കരുണാർദ്രവും ആകാം എന്നു തന്നെയാണ് ആത്യന്തികമായി ദ വെജിറ്റേറിയൻ പറഞ്ഞു വെയ്ക്കുന്നത്

സ്ത്രീയെ വാ പൊത്തി പിതാവിനെ അനുസരിക്കേണ്ട മകളായും, ഭർത്താവിൻറെ ആവശ്യങ്ങൾ യഥാസമയം നിവർത്തിക്കേണ്ട ആദർശഭാര്യയായും വാർത്തെടുക്കുക എന്ന കടമ സമൂഹം യഥോചിതം നിറവേറ്റിക്കൊണ്ടേയിരിക്കുന്നു. ഈ വാർപ്പ് മാതൃകകളിലേക്ക് ഒതുങ്ങാത്തവരെല്ലാം സമൂഹത്തിന് ചേരാത്തവർ ആയി മുദ്രകുത്തപ്പെടുകയും ചെയ്യുന്നു. തങ്ങൾ സൃഷ്ടിച്ച മോൾഡുകളിലേക്ക് അവളെ ഒതുക്കിയെടുക്കാനുള്ള ശ്രമമാണ് അടുത്തപടി. പിതൃകേന്ദ്രീകൃത വ്യവസ്ഥ പിൻപറ്റുന്ന സമൂഹങ്ങൾ പ്രത്യക്ഷത്തിൽ പുരോഗമനം നടിച്ചാലും, സ്ത്രീയുടെ മനസ്സിനെ തകർത്തുകളയുന്ന വിധത്തിൽ ഭയത്തിൻറെ, ഇരബോധത്തിന്റെ വിത്തുകൾ ചെറുപ്പത്തിലേ പാകിമുളപ്പിക്കുന്നുണ്ട്. ഈ വിത്തുകളിൽ നിന്ന് മുളയ്ക്കുന്ന ഭീതിയുടെ, ആത്മപീഡയുടെ നിബിഡവനങ്ങളെ പിഴുതെറിയാൻ കഴിയാതെ പോകുന്ന സ്ത്രീകൾ പതിക്കുന്നത് ഭ്രാന്തിലേക്കാകാം. ആ ഭ്രാന്ത് പോലും അങ്ങേയറ്റം പ്രകൃത്യുൻമുഖവും കരുണാർദ്രവും ആകാം എന്നു തന്നെയാണ് ആത്യന്തികമായി ദ വെജിറ്റേറിയൻ പറഞ്ഞു വെയ്ക്കുന്നത്.

Content Highlights: The Vegetarian is Han Kang’s international breakthrough novel

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us