ആഫ്രിക്കൻ രാജ്യം മൊറോക്കോയുടെ തലസ്ഥാനനഗരമായ റബാതിനെ 2026ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ പ്രഖ്യാപിച്ചു.
വേൾഡ് ബുക്ക് ക്യാപിറ്റൽ അഡ്വൈസറി കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് യുനെസ്‌കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ ഈ പ്രഖ്യാപനം നടത്തിയത്. 54 പബ്ലിഷിംഗ് സ്ഥാപനങ്ങളുള്ള ബറാത് ആഫ്രിക്കയുടെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയ്ക്ക് വേദിയാവുന്ന നഗരം കൂടിയാണ്.
റബാത്തിലെ പുസ്തകവിപണി വളർന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ, ലോക പുസ്തകതലസ്ഥാനമായി കൂടി തെരഞ്ഞെടുക്കപ്പെട്ടതോടെ റബാത്തിലെ പ്രാദേശിക സമ്പദ്‍വ്യവസ്ഥയും വളർച്ച പ്രാപിക്കുമെന്നാണ് കണക്കുകൂട്ടൽ. അവിടുത്തെ വിദ്യാഭ്യാസമേഖലയ്ക്കും ഈ അംഗീകാരം ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
റിയോ ഡി ജനീറോയെ ആണ് 2025ലെ പുസ്തകതലസ്ഥാനമായി തിരഞ്ഞെടുത്തത്. 2024ൽ സ്ട്രാസ്ബർഗ് ആണ് പുസ്തകതലസ്ഥാനം. വായനയെ പരിപോഷിപ്പിക്കുന്നതായി ദേശീയമായും അന്തർദേശീയമായും നിരവധി പരിപാടികൾ സംഘടിപ്പിക്കുക എന്നതാണ് ഈ തെരഞ്ഞെടുപ്പിലൂടെ ലക്ഷ്യമാക്കുന്നത്. 2001 മുതലാണ് യുനെസ്കോ ഇത്തരമൊരു പദ്ധതി നടപ്പാക്കിവരുന്നത്. ലോകപുസ്തക തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെടുന്ന 26ാമത് നഗരമാണ് റബാത്. സാഹിത്യ മേഖലയുടെ പുരോഗതി, വായനയിലൂടെ സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തീകരണം ഉറപ്പുവരുത്തുക, നിരക്ഷരത തുടച്ചുനീക്കുക എന്നിവയ്ക്കായി റബാത് നൽകിയിട്ടുള്ള സംഭാവനകളെ യുനെസ്കോയും വേൾഡ് ബുക്ക് ക്യാപിറ്റൽ അഡ്വൈസറി കമ്മിറ്റിയും പ്രശംസിച്ചിട്ടുണ്ട്.
Content Highlights: Moroccan City Rabat has been named UNESCO’s World Book Capital for 2026,