നാപ്കിനുമിട്ട് കൈയിലെ ബേബി ഡൈനോസർ കളിപ്പാട്ടവുമായി നിറയെ ചിത്രങ്ങൾ വെച്ച ചുവരുകൾക്ക് നടുവിലൂടെ നടക്കുന്ന ഒരു മൂന്ന് വയസുകാരൻ, കാഴ്ചയിൽ ഓമനത്തം തോന്നുന്ന ഈ ബാലൻ ഒരു ചില്ലറക്കാരനല്ല. ലക്ഷങ്ങൾ വില വരുന്ന ചിത്രങ്ങൾ വരയ്ക്കുന്ന ഒരു കിടിലൻ കലാകാരനാണ്. സോഷ്യൽ മീഡിയയിൽ താരമായ ഈ മിടുക്കൻ അറിയപ്പെടുന്നത് ജർമ്മിനിയുടെ 'കുട്ടി പിക്കാസോ' എന്നാണ്. ലോറൻ്റ് ഷ്വാർസ് എന്നാണ് ഈ കുഞ്ഞു കലാക്കാരൻ്റെ പേര്. ബവേരിയയിലാണ് ഈ മിടുക്കൻ്റെ താമസം.
കളിപ്പാട്ടങ്ങളിൽ നിന്ന് ലോറൻ്റ് തൻ്റെ കൈയെടുക്കുന്നത് പെയിൻ്റ ബ്രഷുകളിൽ കൈ വെയ്ക്കാനാണ്. നിറങ്ങളിൽ നിമിഷ നേരം കൊണ്ട് വിസ്മയം തീർക്കുന്ന ഈ കഴിവിനെ പറ്റി ലോറന്റിൻ്റെ മാതാപിതാകൾ അറിയുന്നത് കുറച്ച് നാളുകൾക്ക് മുൻപ് മാത്രമാണ്. കഴിഞ്ഞ വർഷം ഒരു അവധിക്കാലത്ത് ആർട്ട് സ്റ്റുഡിയോ ഉള്ള ഒരു ഹോട്ടലിൽ വച്ചാണ് ലോറൻ്റിൻ്റെ ചിത്രകലയോടുള്ള ഇഷ്ടത്തെക്കുറിച്ച് കുടുംബം അറിഞ്ഞത്. തങ്ങൾ തിരികെ വീട്ടിലെത്തിയപ്പോൾ പെയിൻ്റ് എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് കണ്ടാണ് ലോറൻ്റിന് പെയിൻ്റ് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് കണ്ടെത്തിയത്. ഇതേ തുടർന്ന് പെയിൻ്റും ബ്രഷും നൽകുകയായിരുന്നെന്നും പിന്നീട് തൻ്റെ മകൻ്റെ ചിത്രങ്ങൾ കണ്ട് അതിശയപ്പെട്ടെന്നും മാതാപിതാകൾ പറയുന്നു. മകൻ വരക്കുന്ന ചിത്രങ്ങളുടെ ഫോട്ടോയും വീഡിയോയും കൗതുകം കൊണ്ടായിരുന്നു ആദ്യം പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ പതിയെ ഇത് ഫോളോവേഴ്സിൻ്റെ എണ്ണത്തിൽ വർധനവ് ഉണ്ടാകുകയും പതിയെ പെയിൻ്റിങ്ങുകൾക്ക് ആവശ്യക്കാർ ഉണ്ടാകുകയുമായിരുന്നു.
ലോറൻ്റിൻ്റെ പെയിൻ്റിംഗുകളിൽ അവനേറേ പ്രിയപ്പെട്ട ആനകൾ, ദിനോസറുകൾ, കുതിരകൾ എന്നിവയുൾപ്പെടെ ഇടംനേടിയിട്ടുണ്ട്. ദ ന്യൂയോർക്ക് പോസ്റ്റ് പറയുന്നതനുസരിച്ച് ലോറൻ്റ് ഷ്വാർസിൻ്റെ മൃഗങ്ങളെ ചിത്രീകരിക്കുന്ന പെയിൻ്റിംഗുകൾക്ക് 7,000 ഡോളർ വരെയാണ് വില. ലോറൻ്റിൻ്റെ കഴിവുകൾ ശ്രദ്ധേയമാണെങ്കിലും, ലോറൻ്റിനെ പോലെ തന്നെ മിടുമിടുക്കനായ മറ്റൊരു കുട്ടി കൂടിയുണ്ട്. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം ഘാനയിൽ നിന്നുള്ള ഒരു കൊച്ചുകുട്ടി ഈയിടെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരൻ എന്ന പദവി നേടിയിരുന്നു. എയ്‌സ്-ലിയാം നാനാ സാം അങ്ക്രാ ആണ് ആ കുട്ടി. വെറും 1 വർഷവും 152 ദിവസവും പ്രായമുള്ള ഈ കുട്ടി 6 മാസം പ്രായമുള്ളപ്പോൾ മുതൽ തൻ്റെ ചിത്രരചന ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ.