ജീവിതം അങ്ങനെയാണ്. പതിവ് ശീലങ്ങളിൽ നിന്ന് തെന്നിമാറി പുതിയതിലേക്ക് എത്താൻ ചിലപ്പോൾ നിമിഷങ്ങൾ മതിയാകും. 25 വയസ് വരെ ജീവിതമെന്ന് കരുതിയതൊന്നുമല്ല ശരിക്കും ജീവിതമെന്ന് ടകാകോ എന്ന പെൺകുട്ടിയെ/ യുവതിയെ പഠിപ്പിച്ചത് മോറിസാകി ബുക് ഷോപ്പ് ആണ്, അവിടുത്തെ പുസ്തകങ്ങളും ജീവിതവുമാണ്. ടകാകോയുടെയും അവളുടെ അമ്മാവൻ സതോരുവിന്റെയും കഥയാണ് ഡേയ്സ് അറ്റ് ദ മോറിസാകി ബുക് ഷോപ്പ്. ജീവിതത്തിലെ പുതിയ തുടക്കങ്ങൾ, ആത്മബന്ധങ്ങളിലെ ഇഴയടുപ്പങ്ങൾ, വായനയുടെ അതിശയകരമായ ലോകം എന്നിവയൊക്കെ നിറയുന്നതാണ് സതോഷി യഗിസാവ എഴുതിയ ജാപ്പനീസ് നോവൽ ഡേയ്സ് അറ്റ് ദ മോറിസാകി ബുക് ഷോപ്പ്.
ടോക്യോയിലെ ജിമ്പോച്ചോ പുസ്കശാലകൾക്ക് പേര് കേട്ട നഗരമാണ്. പഴയപുസ്തകങ്ങൾ നിറഞ്ഞിരിക്കുന്ന ഇവിടം ലോകമെമ്പാടുമുള്ള പുസ്തകപ്രേമികളെയും ചരിത്രകാരന്മാരെയും ആകർഷിക്കുന്ന ഒന്നാണ്. അവിടെയാണ് മോറിസാകി ബുക് ഷോപ്പും ഉള്ളത്. 25കാരിയായ ടകോകോ അവിടേക്കെത്തുന്നത് ജീവിതത്തിലെ ഒരു വഴിത്തിരിവിലാണ്. വർഷങ്ങളായി ഉണ്ടായിരുന്ന പ്രണയബന്ധം തകരുകയും ജോലി പോലും നഷ്ടപ്പെടുകയും ചെയ്ത് വിഷാദത്തിന്റെ വക്കിലെത്തിയ ടകാകോയെ ജിമ്പോച്ചേയിലെത്തിക്കുന്നത് അമ്മാവൻ സതോരുവിന്റെ ഫോൺകോളാണ്. തീരെ താല്പര്യമില്ലാഞ്ഞിട്ടും അവിടേക്ക് അവളെത്തിയതിനു പിന്നിലൊരു കഥയുണ്ട്. മോറിസാകി ബുക് ഷോപ്പിന്റെ മുകൾനിലയിൽ അവൾ താമസം തുടങ്ങുമ്പോഴൊന്നും അവിടം തന്റെ ജീവിതം മാറ്റിമറിക്കുമെന്ന് ടകാകോ സ്വപ്നത്തിൽ പോലും വിചാരിക്കുന്നില്ല. പുസ്തകങ്ങൾ താല്പര്യമില്ലാത്ത, വായിക്കാൻ തീരെയിഷ്ടമില്ലാത്ത ടകാകോയെ കാത്തിരിക്കുന്നത് പക്ഷേ ഒരു അത്ഭുതലോകമാണ്. ടകോകോ ആ അത്ഭുതലോകത്ത് പ്രവേശിക്കുന്നതു മുതൽ വായനക്കാരനും അവൾക്കൊപ്പം സഞ്ചരിക്കും. പഴയകാല ജാപ്പനീസ് സാഹിത്യവും എഴുത്തുകാരും പുസ്തകങ്ങളും ഒക്കെ കൂടെവരും.
പഴയ പുസ്തകങ്ങൾ മണക്കുന്ന മോറിസാകി ബുക് ഷോപ് ടകാകോയുടെ കുടുംബത്തിന്റേതാണ്. മൂന്നു തലമുറകളായി തുടരുന്ന പുസ്തകവില്പന ഇപ്പോൾ നടത്തുന്നത് അവളുടെ അമ്മാവൻ സതോരു ആണ്. ടകാകോയ്ക്ക് വലിയ അടുപ്പമില്ലാതിരുന്ന ബന്ധു എന്ന നിലയിൽ നിന്ന് അവളുടെ ഏറ്റവും പ്രിയപ്പെട്ട ഒരാളായി സതോരു മാറുന്നതെങ്ങനെയെന്ന് നോവൽ പറഞ്ഞുതരും. ഇഷ്ടക്കേടുകൾക്കിടയിലും തങ്ങൾക്കിടയിലുള്ള സമാനതകൾ അവൾ തിരിച്ചറിയുന്നിടത്ത് പുതിയൊരു ടകാകോ ഉണ്ടായിവരുന്നു എന്ന് വേണമെങ്കിൽ പറയാം. രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന നോവലിന്റെ ആദ്യ പകുതി പറയുന്നത് ടകാകോയും സതോരുവും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ കഥയാണ്.
രണ്ടാം ഭാഗത്തിൽ പുതിയൊരു കഥാപാത്രം മോറിസാകി ബുക് ഷോപ്പിലേക്കെത്തുന്നതോടെ കഥാഗതി മാറുന്നു. സതോരുവിന്റെ ഭാര്യ മോമോകോ ആണ് പിന്നീട് കഥ കൊണ്ടുപോകുന്നത്. ടകാകോയുടെ കാഴ്ച്ചയിലൂടെയാണ് കഥാവിവരണം തുടരുന്നതെങ്കിലും നിറഞ്ഞുനിൽക്കുന്നത് മോമോകോ ആണ്. അവർക്കിടയിലുണ്ടാകുന്ന സൗഹൃദവും കരുതലും വായനക്കാരനും അനുഭവവേദ്യമാകുന്നു. ജീവിതവും പ്രണയവും മനസിനേൽപ്പിക്കുന്ന മുറിവുണക്കാൻ പുസ്തകങ്ങൾ സഹായിക്കുന്നതെങ്ങനെ എന്നു കൂടി പറഞ്ഞുവെക്കുന്നു മോറിസാകി ബുക് ഷോപ്പിലെ ദിനങ്ങൾ.
ഇവർ മൂവരെയും കൂടാതെ വേറെയും കഥാപാത്രങ്ങൾ അവിടെയുണ്ട്. ഓരോരുത്തരെയും പരസ്പരം ബന്ധിപ്പിക്കുന്നത് പുസ്തകങ്ങളും സാഹിത്യവും കോഫിയും ജീവിതവുമൊക്കെയാണ്. കഥയ്ക്കുള്ളിലെ കഥകളിലൂടെ നിരവധി ജീവിതസത്യങ്ങളും സതോഷി യഗിസാവ മോറിസാകി ബുക് ഷോപ്പിൽ ഒളിപ്പിച്ചുവച്ചിരിക്കുന്നു. ബഹളങ്ങളില്ലാതെ, സാവധാനത്തിൽ പോകുന്ന ഒരു തിരച്ചിത്രമെന്ന് വേണമെങ്കിൽ ഈ പുസ്തകത്തെ വിശേഷിപ്പിക്കാം. തിരക്കുപിടിച്ച ജീവിതത്തിൽ നിന്നും ബഹളങ്ങളിൽ നിന്നും മാറി ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ മോറിസാകി ബുക് ഷോപ്പിലേക്ക് നിങ്ങൾക്ക് ധൈര്യമായി പോകാം. ആ ബുക് ഷോപ്പും തൊട്ടടുത്തുള്ള കോഫിഷോപ്പും പിന്നെ ടകാകോയും മോമോകോയും പ്രകൃതിയിലേക്ക് ഒന്നിച്ചു നടത്തുന്ന യാത്രയും നിങ്ങൾക്ക് ആസ്വാദ്യകരമാകും, തീർച്ച.
ഏറ്റവുമൊടുവിൽ ബുക് ഷോപ്പിൽ നിന്ന് ഇറങ്ങി ടകാകോയും മോമോകോയും തെരുവിലേക്ക് നടന്നുനീങ്ങുമ്പോൾ അവരിലേക്ക് എത്തുന്ന സൂര്യവെളിച്ചം നമുക്കും ലഭിക്കും. പുതിയൊരു തെളിച്ചമായി പുസ്തകവായനയുടെ അനിർവചനീയ ലോകങ്ങൾ നമുക്കുമുമ്പിലും തുറക്കും. ലളിതമായ ഭാഷയിൽ കഥ പറഞ്ഞുപോകുന്നുണ്ട് കഥാകാരൻ. മൊഴിമാറ്റത്തിലൂടെ എറിക് ഒസാവ ആ ലാളിത്യത്തെ ഭംഗി ഒട്ടും ചോരാതെ തന്നെ വായനക്കാരിലെത്തിച്ചിട്ടുമുണ്ട്. ഇതൊരു അതിഗംഭീര കഥയോ അത്യുഗ്രൻ പുസ്തകമോ ഒന്നുമല്ല. പക്ഷേ, പുസ്തകങ്ങൾ ഇഷ്ടപ്പെടുന്ന, വായിക്കാൻ ഇഷ്ടപ്പെടുന്ന, യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഏതൊരു സാധാരണക്കാരന്റെയും മനസുതൊടാൻ ഈ പുസ്തകത്തിനു കഴിയും. അതുകൊണ്ടുതന്നെയാണ് പുസ്തകം ലോകമെമ്പാടും സ്വീകരിക്കപ്പെട്ടതും മോറിസാകി ബുക് ഷോപ്പിലെ ദിനങ്ങൾക്ക് മോർ ഡേയ്സ് അറ്റ് മോറിസാകി ബുക് ഷോപ്പ് എന്ന പേരിൽ തുടർച്ചയുണ്ടായതും….!