ലോകത്തിലേക്കും വച്ച് ഏറ്റവും വില കൂടിയ പുസ്തകം ഏതാണെന്നറിയാമോ? കോഡക്സ് ഹാമർ എന്ന പേരിൽ പ്രശസ്തമായ ഒരു കയ്യെഴുത്തുപ്രതിയാണത്, എഴുതിയതാവട്ടെ സാക്ഷാൽ ലിയനാർഡോ ഡാവിഞ്ചി! 16ാം നൂറ്റാണ്ടിന്റ തുടക്കത്തിൽ ഡാവിഞ്ചി എഴുതിയ ശാസ്ത്രീയ വിവരങ്ങളും രേഖാചിത്രങ്ങളുമാണ് കോഡക്സ് ലെസികാസ്റ്റർ എന്ന പേരിലുള്ള ഈ കയ്യെഴുത്തുപ്രതിയിലുള്ളത്.
ജലം, പാറ, ഫോസിലുകൾ, നക്ഷത്രങ്ങൾ തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ചുള്ള ഡാവിഞ്ചിയുടെ നിരീക്ഷണങ്ങളാണ് ഈ 72 പേജുകളിലായുള്ളത്. കോഡക്സ് എന്നത് കേവലമൊരു മനുഷ്യന്റെ ചിന്തകൾ രേഖപ്പെടുത്തലുകളല്ല, അദ്ദേഹത്തിന്റെ കാലത്തെ മനുഷ്യമനസുകളിലേക്കുള്ള വാതിൽ കൂടിയാണെന്ന് ചരിത്രകാരന്മാർ വിലയിരുത്തുന്നു. ഡാവിഞ്ചിക്ക് ജലത്തോടുള്ള അഭിനിവേശം ഈ കോഡക്സിലുടനീളം കാണാം. നദികൾ, തടാകങ്ങൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങിയവയെക്കുറിച്ചൊക്കെ വിശദമായ നിരീക്ഷണങ്ങളും വിവരണവും ഇതിലുണ്ട്. ഇവയുമായി ബന്ധപ്പെട്ട് നിരവധി രേഖാചിത്രങ്ങളും മനോഹരമായി വരച്ചുചേർത്തിരിക്കുന്നു. ശാസ്ത്രവും കലയും ഇഴചേർത്ത് ഡാവിഞ്ചി തയ്യാറാക്കിയ ഈ കയ്യെഴുത്തുപ്രതി അതുകൊണ്ടുതന്നെ അതുല്യവുമാണ്.
ഈ കോഡക്സിന്റെ മറ്റൊരു പ്രത്യേകത അതിലുൾപ്പെടുത്തിയിരിക്കുന്ന ഫോസിലുകളെക്കുറിച്ചും ഭൂമിശാസ്ത്രത്തെക്കുറിച്ചുമുള്ള പഠനമാണ്. ഫോസിലുകളുടെ ഉല്പത്തി, പാറകളുടെ രൂപീകരണം എന്നിവ സംബന്ധിച്ചൊക്കെ അദ്ദേഹം പങ്കുവച്ചിരിക്കുന്ന നിരീക്ഷണങ്ങൾ അന്നത്തെക്കാലത്തേതതിൽ നിന്ന് വിരുദ്ധമാണ്. ഇവയൊക്കെ ആധുനിക ഭൂമിശാസ്ത്രപഠനത്തിന് വഴിവെട്ടി നൽകിയെന്നാണ് വിലയിരുത്തൽ.
1994ൽ ന്യൂയോർക്കിൽ കോഡക്സ് ലെയിസ്റ്റർ ലേലത്തിനു വച്ചിരുന്നു. നിരവധി പേരാണ് അന്ന് ഈ കയ്യെഴുത്തുപ്രതി സ്വന്തമാക്കാൻ മത്സരിച്ചത്. പക്ഷേ, വിജയിച്ചത് മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്സ് ആണ്. 30.8 കോടി ഡോളറിനാണ് അദ്ദേഹം ഈ പുസ്തകം സ്വന്തമാക്കിയത്.