ആരാണ് പൂക്കുഞ്ഞിബിയെയും കോരപ്പുഴയെയും മീസാൻ കല്ലുകളെയുമൊക്കെ മറക്കുക!!

അഭിനയിക്കാതെയും ജീവിക്കാം എന്ന് എഴുത്തുകാരനായി നിന്ന് കൊണ്ട് തന്നെ മലയാളിയെ പഠിപ്പിച്ചു. തന്റെ കൃതികളിലൂടെ മലയാളത്തിന്റെ സ്മാരകശിലയായി പുനത്തിൽ കുഞ്ഞബ്ദുള്ള എന്നും ഇവിടെ നിലനിൽക്കും.....

വിമൽ രാജ് പി ആർ
6 min read|27 Oct 2024, 09:10 am
dot image

വടകരയിൽ നിന്ന് മൂന്നു നാഴിക അകലെ ആണ് മാടമ്പള്ളി, മനോഹരമായ ഒരു കടൽ ഗ്രാമം. കടപ്പുറത്തിന്റെ കിഴക്കായി അരിവാളിന്റെ ആകൃതിയിലൊരു ഗ്രാമപ്രദേശമുണ്ട്. പുനത്തിൽ കുഞ്ഞബ്‌ദുള്ള എന്ന കഥാകാരൻ ജനിച്ച വീട് ആ ചന്ദ്രക്കലയിലാണ്, പഠിച്ച സ്കൂൾ മടമ്പള്ളി കടപ്പുറത്തും. ഈ കൊച്ചു ഗ്രാമകഷ്ണവും കടപ്പുറവും തമ്മിൽ പ്രണയികളെ പോലെ അഭേദ്യമായ ബന്ധമുണ്ടെന്ന് അദ്ദേഹം പലയിടങ്ങളിലും പറഞ്ഞിട്ടുണ്ട്.

കുഞ്ഞബ്ദുള്ളക്ക് 12 വയസുള്ളപ്പോൾ ആയിരുന്നു ഉമ്മ അസുഖം ബാധിച്ചതിനെ തുടർന്ന് മരിച്ചത്. ആ സമയത്തു വാപ്പക്ക് ബർമ്മയിൽ കച്ചവടം ആയിരുന്നു. വാപ്പയുടെ മൂത്ത സഹോദരിയാണ് കുഞ്ഞബ്ദുള്ളയെ വളർത്തി വലുതാക്കിയത്. ഇച്ചാച്ച എന്നായിരുന്നു കുഞ്ഞബ്ദുള്ള അവരെ വിളിച്ചിരുന്നത് കുഞ്ഞൗള എന്ന് തിരിച്ചും. വിധവയായിരുന്ന അവർ ഒരുപാട് പുസ്തകങ്ങൾ വായിക്കുമായിരുന്നു. അവരുടെ മടിയിൽകിടന്നു പതിനാലാം നമ്പർ വിളക്കിന്റെ വെളിച്ചത്തിൽ പല കഥകൾ വായിച്ചുകേട്ടാണ് ആ കൊച്ചുപയ്യൻ ലോകത്തെ അറിഞ്ഞത്. പിന്നീട് ചങ്ങാത്തം കൂടുവാൻ തെരെഞ്ഞെടുത്തവരിൽ കൂടുതലും ആകാശസഞ്ചാരികളും സ്വർഗാവകാശി സ്വഭാവമുള്ളവരുമായിരുന്നു. ഈ വ്യത്യസ്തമായ സൗഹൃദത്തിലൂടെ തന്നെ ആണ് തന്റേതായ വേറിട്ട വഴി കണ്ടെത്തിയതും.

പ്രീ യൂണിവേഴ്സിറ്റി കോഴ്സിന് ചേർന്നത് മലബാർ ക്രിസ്ത്യൻ കോളേജിൽ ആയിരുന്നു. അവിടെ ലക്ച്ചറർ അയി ഉണ്ടായിരുന്ന എം ആർ ചന്ദ്രശേഖരൻ ആണ് കുഞ്ഞബ്ദുള്ള എഴുതിയ ആദ്യ ചെറുകഥ മാതൃഭൂമിക്ക് അയച്ചുകൊടുക്കുന്നത്. പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന എഴുത്തുകാരന്റെ തുടക്കം അവിടെ നിന്നാണ് എന്ന് വേണമെങ്കിൽ പറയാം. ഭാഗ്യക്കുറി എന്ന പേരോടെ മാതൃഭൂമിയിലെ ബാലപംക്തിയിൽ ആ കഥ അച്ചടിച്ച് വരുകയും ചെയ്തു. "സങ്കല്പകഥകളുടെ കാലം കഴിഞ്ഞു പോയി, ജീവിതത്തിൽ കാണുന്ന കാര്യങ്ങളെ കുറിച്ചെഴുതണം" എന്ന നിർദ്ദേശത്തോടെ തിരികെ കത്തയച്ച് ആ കഥ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച സബ് എഡിറ്റർ മറ്റാരുമല്ല മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായർ ആയിരുന്നു.

അവിടുത്തെ പഠനത്തിന് ശേഷം സാഹിത്യത്തിൽ തന്നെ തുടർപഠനം വേണമെന്നാഗ്രഹിച്ച കുഞ്ഞബ്‌ദുള്ളയെ എംബിബിഎസിനു ചേരാൻ നിർബന്ധിച്ചത് അദ്ദേഹത്തിന്റെ അധ്യാപകൻ കൂടിയായിരുന്ന എം എൻ വിജയൻ മാഷായിരുന്നു. പിന്നീട് മെഡിക്കൽ വിദ്യാഭാസത്തിനു വേണ്ടി അലിഗഢിൽ എത്തി. അവിടെ പാഠ്യേതരപ്രവർത്തനങ്ങളിൽ ഒന്നും പ്രോത്സാഹനം ലഭിക്കാതെ വന്നപ്പോൾ തന്റെ സാഹിത്യ ജീവിതം കൈവിട്ടു പോവുമോ എന്നുള്ള സ്ഥിതി വന്നു. ആ സമയത്തും ആശ്വാസം പകർന്നെത്തിയ കത്ത് എം ടി യുടേതായിരുന്നു. "സാഹിത്യം മനസിലുണ്ടെകിൽ അത് ഒരിക്കലും നഷ്ടപ്പെടില്ല, അഥവാ നഷ്ടപ്പെട്ടാൽ ആ ലോകം ഞാൻ വീണ്ടെടുത്തു തരാം, ആദ്യം ജീവിതത്തിൽ ഒരു മേൽവിലാസം ഉണ്ടാക്കിയെടുക്കുക" എന്നായിരുന്നു ആ കത്തിലുണ്ടായിരുന്നത്. പിന്നീട് അലിഗഢിലെ സാഹചര്യത്തെ മുൻനിർത്തി രചിച്ച അലിഗഢിലെ തടവുകാരൻ, കലീഫ, മരുന്ന്, സൂര്യൻ, ദുഖിതർക്കു ഒരു പൂമരം, കന്യാവനങ്ങൾ എന്നീ നോവലുകൾ അതുവരെ ആരും പറയാത്ത കഥകളുടെ ലോകം തുറന്നുവച്ചു.

സാധാരണ രീതിയിൽ കഥകൾ പറഞ്ഞു വായനക്കാരെ അസാധാരണ തലത്തിലേക്ക് എത്തിക്കുന്ന രീതിയാണ് കുഞ്ഞബ്ദുള്ളയുടേത്. കഥകളിലെ സാധാരണ സംഗതികൾക്കു പൊടുന്നനെ മിത്തിന്റെ സ്വഭാവം വന്നു ചേരും, ഇതിനിടെ മനുഷ്യാവസ്ഥയുടെ ചില സ്പർശിക്കുന്ന ഭാഗങ്ങൾ വരച്ചു കാണിക്കുകയും പതിവായിരുന്നു.

അമ്മ - കുഞ്ഞബ്ദുള്ളയിൽ അരുമമായ സ്ത്രീ സങ്കൽപ്പമാണ്. ഉരുകി തീരാത്ത ദുഖഃബോധത്തിന്റെ പ്രതിഫലനം, ആ പ്രതിഫലനം സ്മാരകശിലകളിൽ പൂകുഞ്ഞിബീയായി. സ്മാരകശിലകൾ അന്ന് വരെ ഉണ്ടായിരുന്ന മലയാള സാഹിത്യ കഥാലോകത്തെ ഒന്നാകെ മറികടക്കുക ആയിരുന്നു. കുഞ്ഞബ്ദുള്ള കുട്ടിക്കാലത്തു കണ്ട ഗ്രാമപ്രദേശമാണ് അതിൽ നിറഞ്ഞു നില്ക്കുന്നത്. 'വിശാലമായ പള്ളിക്കു ചുറ്റും പള്ളിപ്പറമ്പാണ്. പറമ്പു നിറയെ ശ്മശാനം. കെട്ടുകഥകൾ പറയാൻ കഴിയുന്ന അത്രയും പേർ ആ ശ്മശാനത്തിൽ കുടികൊള്ളുന്നു' എന്നാണ് സ്മാരകശിലകൾ ആരംഭിക്കുന്നത്. ഒരു കുട്ടിയുടെ മനസോടെ അദ്ദേഹത്തിനത് എഴുതിത്തീർക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ഈ കൃതിയുടെ സൗഭാഗ്യവും. ഒരു ഗ്രാമത്തെ തന്നെ അദ്ദേഹം ഈ കൃതിയിൽ മിത്തായി രൂപപ്പെടുത്തി. കുഞ്ഞബ്ദുള്ളയുടേ നോവലുകളിൽ ഏറ്റവും വായിക്കപ്പെട്ടതും കൂടുതൽ പതിപ്പുകൾ പുറത്തിറങ്ങിയതും ഈ നോവൽ തന്നെ. പരമ്പരാഗതമായി സാഹിത്യത്തിൽ കണ്ടുവന്നിരുന്ന എല്ലാ മാനദണ്ഡങ്ങളെയും അപ്രസക്തമാക്കികൊണ്ടാണ് ഓരോ കഥയും പുറത്തു വന്നു കൊണ്ടിരുന്നത്. രാവിലെയും രാത്രിയുമായാണ് എഴുത്ത്. സ്മാരകശിലകളുടെ ജോലി 1972 ൽ തുടങ്ങി 75 ൽ പൂർത്തിയാക്കി. എഴുത്തിൽ തനിക്ക് ഏകാന്തതയൊന്നും ആവശ്യമില്ലെന്ന് അദ്ദേഹം പറയുമായിരുന്നു. വീട്ടിൽ കുട്ടികളുടെയും അതിഥികളുടെയും ബഹളമുണ്ടായാലും എഴുത്തു തുടരും.

വൈക്കം മുഹമ്മദ് ബഷീറിന് ശേഷം റിയലിസ്റ്റിക് എഴുത്തുകാരൻ കുഞ്ഞബ്ദുള്ളയാണെന്നുള്ള വാദം സാഹിത്യ ലോകത്തു നിന്ന് തന്നെ ഉയർന്നു വന്നിരുന്നു. നാടൻ കഥകളേയും നാടൻ കഥാപാത്രങ്ങളേയും തേച്ചുമിനുക്കി സരസമായി അവതരിപ്പിക്കുന്ന രീതി കുഞ്ഞബ്ദുള്ളയിൽ കാണാം. മലബാർ ജീവിതത്തിന്റെ രസതന്തുവായ 'മാപ്പിളഫലിതം' സ്ഥിരം ശൈലിയിലായി ഉപയോഗിച്ചു. എൺപതുകളിൽ വടകരയിൽ അറിയപ്പെടുന്നൊരു ഡോക്ടർ. ചെറുപ്രായം മുതൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രധാന എഴുത്തുകാരോടൊപ്പം കഥകളെഴുതി പ്രശസ്തനായി മാറിയ എഴുത്തുകാരൻ, അവരോടെല്ലാം ഉള്ള ഉറ്റ ചങ്ങാത്തവും. ഇതൊക്കെ ആയിട്ടും സാധാരണക്കാരിൽ സാധാരണക്കാരനായി മറ്റുള്ളവരോട് ഇടപെട്ടു ജീവിച്ചു. മലയാളികൾക്ക് ബഷീർ ബേപ്പൂർ സുൽത്താൻ ആയിരുന്നു, കുഞ്ഞബ്ദുള്ള വടകരയുടെ സുൽത്താനും. സാഹിത്യത്തിലെ ഇവരുടെ രാജപ്രൗഢി അയൽരാജ്യങ്ങളിലെ വ്യത്യസ്ത രാജാക്കന്മാർ എന്ന രീതിയിലായി.

മരണം എന്നും അദ്ദേഹത്തിന്റെ ഇഷ്ടവിഷയം ആയിരുന്നു. 'വളരെ ഇഷ്ടത്തോടെ ചേർത്ത് നിർത്തേണ്ട ഒന്നാണ് മരണം' എന്ന് എഴുത്തിൽ അങ്ങിങ്ങായി പറഞ്ഞുകൊണ്ടേ ഇരുന്നു. "അമ്മ മരിച്ചപ്പോൾ ഞാൻ കരഞ്ഞില്ല കാരണം അന്ന് മരണം എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. അച്ഛൻ മരിച്ചത് ഞാൻ ഡോക്ടർ ആയതിനു ശേഷമാണ്, അന്നും ഞാൻ കരഞ്ഞില്ല കാരണം മരണം എന്താണെന്ന് അന്നെനിക്ക് അറിയാമായിരുന്നു" എന്ന് അദ്ദേഹം ആത്മകഥയായ നഷ്ടജാതകത്തിൽ എഴുതി. മരണം എന്നും വേട്ടയാടിയിട്ടുണ്ട്. പ്രിയപ്പെട്ടവർ, രോഗികൾ, ഒരു മരണത്തിനെങ്കിലും സാക്ഷിയാവാത്ത ആഴ്ചകൾ തന്നെ കുറവായിരുന്നു.

ജീവിതം മുഴുവൻ വൈരുദ്ധ്യങ്ങളെ കൂടെ കൂട്ടിയ എഴുത്തുകാരൻ ആയിരുന്നു കുഞ്ഞബ്ദുള്ള. കഥാപാത്രങ്ങളുടെ പേരുകളിൽ പോലും ഈ വൈരുദ്ധ്യം പ്രകടമായിരുന്നു. തന്റെ സമൂഹത്തിനു വിധേയപ്പെട്ടു ജീവിക്കാതെ തന്നിൽ മുളച്ചു പൊന്തുന്ന സർഗാത്മകതയുടെ പ്രകാശങ്ങളെ ചങ്ങലക്കിടാത്ത പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. ഇസ്ലാമായ മാതാവിന്റെ ഗർഭപാത്രത്തിൽ പിറന്ന ഹിന്ദു ആണ് താൻ എന്ന തരത്തിലുള്ള പ്രസ്താവനകൾ എഴുതുന്നതിലൊന്നും അദ്ദേഹം ഭയം കാണിച്ചില്ല. എല്ലാവരും ചെയ്യുന്ന പാപങ്ങൾ മാത്രമേ താനും ചെയ്യുന്നുള്ളു എന്നറിഞ്ഞിട്ടും അദ്ദേഹം സ്വന്തം പാപങ്ങൾ ഉറക്കെ വിളിച്ചു പറയാൻ ധൈര്യം കാണിച്ചു. മുസ്‌ലിം മതത്തിലെ പല ആചാരങ്ങളെയും പരസ്യമായി ലംഘിച്ചു. വ്യക്തി എന്ന നിലയിൽ സ്വാതന്ത്ര്യത്തിനായിരുന്നു ഏറെ വിലകൊടുത്തിരുന്നത്. ഹിന്ദുമതത്തിൽ സ്വാതന്ത്ര്യം ധാരാളം ഉള്ളതിനാൽ അത് തെരഞ്ഞെടുത്തു എന്നായിരുന്നു വാദം. കടലിനോട് അടങ്ങാത്ത ആസക്തി ഉള്ളതിനാലും ഹിന്ദു മതത്തിൽ മൃതദേഹം ദഹിപ്പിക്കുന്ന കർമങ്ങൾ ചെയ്യുന്നതിനാൽ തന്റെ ചിതാഭസ്മം പുഴയിൽ ഒഴുക്കണമെന്നു ശാഠ്യം പിടിച്ചു. സ്ഥിരമായി മൂകാംബിക ദർശനം നടത്തുന്ന രീതിയിലുള്ള ഹിന്ദു മത ശൈലികൾ ജീവിതത്തിൽ തുടർന്നിരുന്നു.

അഭിനയിക്കാതെയും ജീവിക്കാം എന്ന് എഴുത്തുകാരനായി നിന്ന് കൊണ്ട് തന്നെ മലയാളിയെ പഠിപ്പിച്ചു. കാലത്തെ അതിജീവിച്ചുകൊണ്ട് പുനത്തിലും പുനത്തിലിന്റെ ജീവിതവും, അക്ഷരങ്ങളും ഇന്നും നമുക്ക് മുന്നിൽ നിൽക്കുന്നുണ്ട്. അരനൂറ്റാണ്ടിലധികമുള്ള സാഹിത്യപ്രവർത്തനം കൊണ്ട് നൂതനമായ ഏറെ മാതൃകകൾ മലയാളത്തിന് സംഭാവന ചെയ്തു. തന്റെ കൃതികളിലൂടെ മലയാളത്തിന്റെ സ്മാരകശിലയായി പുനത്തിൽ കുഞ്ഞബ്ദുള്ള എന്നും ഇവിടെ നിലനിൽക്കും...

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us