ഈ കാഴ്ച്ചകൾ മറ്റൊരു മലയാള നോവലിലും ഞാൻ കണ്ടിട്ടില്ല, വായിക്കാൻ വൈകിയതിൽ സങ്കടം: മുഹമ്മദ് അബ്ബാസ്

ഇപ്പോഴിതാ മരിയ വെറും മരിയ വായിക്കാൻ വല്ലാതെ വൈകിയതിലും മുമ്പേ വായിക്കാൻ പറ്റാതെ പോയതിലുമുള്ള സങ്കടം പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരൻ മുഹമ്മദ് അബ്ബാസ്.

dot image

സന്ധ്യാ മേരിയുടെ 'മരിയ വെറും മരിയ' എന്ന നോവൽ ജെ.സി.ബി, ക്രോസ് വേഡ് പുരസ്‌കാര പട്ടികകളില്‍ ഇടംപിടിച്ചിരുന്നു. മരിയ വെറും മരിയ Maria Just Maria എന്ന പേരില്‍ ജയശ്രീ കളത്തില്‍ വിവർത്തനം ചെയ്തിരുന്നു. ഇതാണ് ആണ് ജെ.സി.ബി പുരസ്കാരത്തിനുള്ള അന്തിമപട്ടികയിലെ അഞ്ച് പുസ്തകങ്ങളിലൊന്നായി ഇടംപിടിച്ചത്. ഇപ്പോഴിതാ മരിയ വെറും മരിയ വായിക്കാൻ വല്ലാതെ വൈകിയതിലും മുമ്പേ വായിക്കാൻ പറ്റാതെ പോയതിലുമുള്ള സങ്കടം പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരൻ മുഹമ്മദ് അബ്ബാസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം….

വായിക്കാൻ വല്ലാതെ വൈകിയതിലും മുമ്പേ വായിക്കാൻ പറ്റാതെ പോയതിലും സങ്കടം തോന്നിയ നോവലാണ് സന്ധ്യാ മേരിയുടെ
"മരിയ വെറും മരിയ "
ജോലാർ പേട്ടയിൽ നിന്ന് തിരുവണ്ണാമലയിലേക്കുള്ള മൂന്നു മണിക്കൂർ ബസ് യാത്രയിലും,
തിരികെ വരുമ്പോൾ തിരുവണ്ണാമലയിൽ നിന്ന് സേലത്തേക്കുള്ള നാലരമണിക്കൂർ യാത്രയിലുമാണ് ഞാനീ നോവൽ വായിച്ചു തീർത്തത്.
പുറത്തെ കാഴ്ച്ചകളിലേക്ക് നോക്കണോ ,
അതോ നോവലിലെ കാഴ്ച്ചകളിലേക്ക് നോക്കണോ എന്ന എക്കച്ചങ്ക ആദ്യം ഉണ്ടായെങ്കിലും
സന്ധ്യാ മേരിയുടെ വാക്കുകൾ എന്നെ യാത്രയും കാഴ്ചകളും മറന്ന് മരിയയിൽ പൂർണമായും തളച്ചിട്ടു.
എന്താണ് ഈ നോവലിൻ്റെ പ്രമേയം എന്നു ചോദിച്ചാൽ ഒറ്റ ഉത്തരം മാത്രം പറഞ്ഞ് തടിയെടുക്കാൻ എനിക്ക് കഴിയുന്നില്ല .
ഒരുപാട് പ്രമേയങ്ങളുടെ അകത്തുകയെ ആഖ്യാനമാക്കി മാറ്റുന്ന, മലയാള നോവൽ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത വസന്തമാണ് ഇതെന്ന് ഞാൻ പറയും.

ആഖ്യാനം തന്നെ പ്രമേയമായി മാറുന്ന അല്ലെങ്കിൽ പ്രമേയം ആഖ്യാനമായി മാറുന്ന മനോഹരമായ ഘടനയാണ് ഈ നോവലിനുള്ളത്. എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞു തുടങ്ങുന്ന മരിയയുടെ ജീവിതം, കൊട്ടാരത്തിൽ വീട്ടിലെ സ്ഥലകാലങ്ങളുമായും മറ്റനേകം ജീവിതങ്ങളുമായും കെട്ടു പിണഞ്ഞ് വായനക്കാരെ വല്ലാത്തൊരു ലോകത്തിൽ കൊണ്ടു നിർത്തുന്നു.
ആ ലോകത്തിലെ കാഴ്ച്ചകൾ നമുക്ക് പരിചിതമാണ് എന്ന് തോന്നുമ്പോഴും ,
ഇത്രയും പുതുമയോടെ അല്ലെങ്കിൽ ഇമ്മാതിരി വീക്ഷണ കോണിലൂടെ ആരും നമ്മളോടിതു വരെ ജീവിതം പറഞ്ഞിട്ടില്ലല്ലോ എന്ന് നമ്മൾ അത്ഭുതപ്പെടുക തന്നെ ചെയ്യും.

പുണ്യാത്മാക്കളും പ്രവാചകരും മാലാഖമാരും പട്ടിയും തത്തയും പ്രവചനക്കാരിയും കഥാപാത്രങ്ങളായി പരിണമിക്കുന്ന നോവലിലെ കാഴ്ച്ചകൾ നിബിഡ വനത്തിനുള്ളിലൂടെ ശാന്തമായി ഒഴുകുന്ന ഒരു നദിയിൽ നമ്മളെ കൊണ്ടെത്തിക്കുന്നു. നമ്മളാ നദിയിലൂടെ ഒരു കുഞ്ഞു തോണിയിൽ കയറി യാത്രയാവുന്നു പത്തിരുപത് പേജിനപ്പുറം വായിച്ചെത്തുമ്പോൾ ആ തോണി യാത്ര നമ്മൾ ആസ്വദിച്ചു തുടങ്ങുന്നു. ഇരുപുറത്തു നിന്നും ഉദയാസ്തമനങ്ങളുടെ സൂര്യ വെളിച്ചം നമ്മളെ വന്നു തൊടുന്നു.
ഇളം തണുപ്പായും ചൂടായും ,
ഉച്ച വെയിലായും സന്ധ്യയുടെ വിഷാദമായും, രാത്രിയുടെ ഇരുളായും നമ്മളെ എതിരേൽക്കുന്ന ഈ കാഴ്ച്ചകൾ മറ്റൊരു മലയാള നോവലിലും ഞാൻ കണ്ടിട്ടില്ല. അനുഭവിച്ചിട്ടില്ല.

സന്ധ്യാ മേരി
സന്ധ്യാ മേരി

തുടക്കം മുതൽ ഒടുക്കം വരെ ഒറ്റ ശ്വാസത്തിൽ എഴുതപ്പെട്ടതെന്ന് തോന്നിപ്പിക്കുന്ന എഴുത്തു ശൈലിയും ഇതിനു മുമ്പ് ഞാൻ പരിചയിച്ചിട്ടില്ല.
ബുവേണ്ടിയ കുടുംബത്തിൻ്റെ നൂറ് വർഷങ്ങളുടെ ഏകാന്തതയെ കുറിച്ച് നമ്മളോട് പറഞ്ഞ പ്രശസ്തമായ ആ നോവൽ തൊടുന്ന മനുഷ്യാവസ്ഥകളുടെ ആകാശങ്ങളെ സന്ധ്യാ മേരിയുടെ ഈ നോവലും തൊടുന്നുണ്ട് .
അത് സമ്മതിച്ചു കൊടുക്കാൻ നമ്മൾ മലയാളികളുടെ ഉഡായിപ്പൻ സാഹിത്യ ബോധം അനുവദിക്കുന്നില്ലെന്ന് തോന്നുന്നു.
ഒരു നോവൽ വായിച്ചിട്ട് അതിനൊരു ആസ്വാദനക്കുറിപ്പ് എഴുതാൻ കഴിയാതെ ഞാൻ അന്തിച്ചു നിന്നത്, തോമസ് മന്നിൻ്റെ "മാജിക് മൗണ്ടൻ'' വായിച്ച കാലത്താണ്. ഈ നോവലിനും ആസ്വാദനക്കുറിപ്പ് എഴുതാൻ എനിക്ക് സാധിക്കുന്നില്ല. ഇന്ത്യൻ ഭാഷകളിൽ എഴുതപ്പെട്ട ഏറ്റവും മികച്ച നോവലുകളിൽ ഒന്നെന്നു മാത്രം പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാനും പറ്റുന്നില്ല.
ഈ നോവൽ തന്ന സൗന്ദര്യനുഭൂതികൾ ഉള്ളിൽ നിറഞ്ഞങ്ങനെ നിൽക്കുമ്പോഴും, കാര്യമായിട്ടൊന്നും അതിനെക്കുറിച്ച് എഴുതാൻ കഴിയുന്നില്ലെന്ന സങ്കടം വലുതാണ് .

മുപ്പതോ അതിലധികമോ പതിപ്പുകൾ ഇറങ്ങേണ്ട "മരിയ വെറും മരിയയുടെ " മൂന്നാം പതിപ്പാണ് എന്റെ കയ്യിലുള്ളത്. അർഹിക്കുന്ന പുരസ്കാരങ്ങളൊന്നും ഈ നോവലിന് കിട്ടിയതായി എൻ്റെ ഓർമ്മയിൽ ഇല്ല. (തെറ്റാണെങ്കിൽ പ്രിയപ്പെട്ട വായനക്കാർ എന്നോട് ക്ഷമിക്കുക) ഇക്കൊല്ലത്തെ ജെ.സി.ബി. പുരസ്കാരത്തിൻ്റെ ഷോർട്ട് ലിസ്റ്റിൽ "മരിയ ജസ്റ്റ് മരിയ " ഇടം നേടിയിരുന്നു. കേരളത്തിലെയും ഇന്ത്യയിലെയും ഏറ്റവും മൂല്യമുള്ള പുരസ്കാരങ്ങൾ ലഭിക്കാൻ ഈ നോവൽ എന്തു കൊണ്ടും അർഹമാണെന്ന് എൻ്റെ ചെറിയ വായന എന്നോട് പറയുന്നു .
ഇത്രയും പറഞ്ഞിട്ടും നോവലിനെ കുറിച്ച് കാര്യമായിട്ടൊന്നും ഞാൻ പറഞ്ഞില്ലെന്ന കുറ്റബോധം ബാക്കിയാണ്.
(എഴുത്തുകാരി എന്നോട് ക്ഷമിക്കട്ടെ )

ഞാനൊരു പനിനീർ പൂവിനെ അതിൻ്റെ സ്ഥലകാലങ്ങളിലും സൗന്ദര്യത്തിലും ആസ്വദിച്ച് അനുഭവിക്കുകയാണ് ചെയ്തത് .അതിനെ ഇറുത്തെടുത്ത് മേശപ്പുറത്ത് വെച്ച് ഇതളുകൾ പറിച്ചെടുത്ത് എണ്ണി തിട്ടപ്പെടുത്തി നിങ്ങൾക്ക് മുമ്പിൽ വിശകലനം ചെയ്യാൻ എനിക്ക് കഴിയുന്നില്ല.
നിങ്ങൾ ഏറ്റവും മികച്ചത് വായിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ, ഇതാ ഒരു മികച്ച നോവലെന്ന് ഞാൻ നിങ്ങളോടു പറയുക മാത്രം ചെയ്യുന്നു. അല്ലെങ്കിൽ ഇതാ ഇവിടെയൊരു പനിനീർപ്പൂവുണ്ടെന്ന് നിങ്ങൾക്ക് ചൂണ്ടിക്കാണിച്ചു തരിക മാത്രം ചെയ്യുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us