അങ്ങനെയിരിക്കുമ്പോൾ പതിമൂന്നുകാരന് ഒരു പുസ്തകമെഴുതാൻ പൂതി. എഴുതിയാൽ പോരാ, അച്ചടിക്കുകയും വേണം. ആരുടെയെങ്കിലുമൊക്കെ കയ്യിൽ -- കക്ഷത്തിലെങ്കിലും -- ആ പുസ്തകം അന്തസ്സോടെ ഇരിക്കുന്നതു കണ്ട് നിർവൃതിയടയണം. ആ പ്രായത്തിൽ അങ്ങനത്തെ പ്രാന്തൻ കിനാക്കളൊക്കെ ആരെങ്കിലും കണ്ടിരിക്കുമോ? അറിയില്ല. കൂട്ടുകാരൊക്കെ സി ഐ ഡി നസീറും പെലെയും സുനിൽ ഗാവസ്കറും ബോബിയിലെ ഋഷി കപ്പൂറും ഒക്കെയാകാൻ മത്സരിക്കുന്ന കാലമാണ്. ഉറക്കത്തിൽ നസീറിനെപ്പോലെ ഡിഷും ഡിഷും എന്ന് സ്റ്റണ്ട് നടത്തുന്നതും വിക്ടർ മഞ്ഞിലയെപ്പോലെ പെനാൽറ്റികൾ പറന്നുപിടിക്കുന്നതും പതിവായിരുന്നെങ്കിലും, എഴുത്തുകാരോടായിരുന്നു കൂടുതൽ പ്രിയം, ആരാധനയും. കോട്ടയം പുഷ്പനാഥ്, ദുർഗാപ്രസാദ് ഖത്രി, മുട്ടത്തു വർക്കി, പോൾ ചിറക്കരോട്, വേളൂർ കൃഷ്ണൻകുട്ടി, നന്തനാർ, കാനം, എം ടി, മുകുന്ദൻ, മാർക്ക് ട്വയിൻ .. അങ്ങനെ പല ജനുസ്സിൽ പെട്ടവർ.
ഒരാഴ്ച്ച മിനക്കെട്ടിരുന്ന് പുസ്തകം എഴുതി. കുട്ടികൾക്കുള്ള കഥയാണ്. പേരുമിട്ടു, അപ്പുക്കുട്ടന്റെ ലോകം. പ്രിയ എഴുത്തുകാരൻ കെ വി രാമനാഥൻ മാഷിന്റെ "അപ്പുക്കുട്ടനും ഗോപിയും" എന്ന പുസ്തകത്തിൽ നിന്ന് കടം കൊണ്ടതാണ് ആ പേര്. ചുമ്മാ ഒരു സ്റ്റൈലിന് വേണേൽ ആഖ്യായിക എന്നും വിളിക്കാം. കോട്ടയം പുഷ്പനാഥിന്റെ കാർപാത്യൻ കഥകളും ഖത്രിയുടെ ചെമന്ന കൈപ്പത്തിയും മാർക്ക് ട്വയിന്റെ ടോം സോയറും നരേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനനും അനേകമാവർത്തി വായിച്ചു രോമാഞ്ചം കൊണ്ടിരുന്നതുകൊണ്ട് അവയുടെയെല്ലാം അംശങ്ങൾ ഉണ്ടായിരുന്നിരിക്കണം നോവലിൽ. കഥാതന്തു ഇപ്പോൾ ഓർമ്മയില്ല. വേനലവധിക്കാലം ചെലവഴിക്കുന്നതിനിടെ അപ്പുക്കുട്ടനെ ഏതോ ഗുണ്ടകൾ (അന്ന് വെറും അക്രമികൾ ) വന്ന് തട്ടിക്കൊണ്ടു പോകുന്നതോ മറ്റോ ആണ്. ഒടുവിൽ ബുദ്ധി ഉപയോഗിച്ച് അപ്പൂട്ടൻ തടവിൽ നിന്ന് സ്‌കൂട്ടാകുന്നു. അതിവൈകാരികതയും അപസർപ്പകവും സമാസമം. ശശികുമാർ--എ ബി രാജ്--വേണു സിനിമകളുടെ ക്ളൈമാക്സിലെന്നപോലെ സന്തുഷ്ടകുടുംബചിത്രത്തിൽ കഥയ്ക്ക് പരിസമാപ്തി.
അച്ഛനോട് പറഞ്ഞാൽ എപ്പോൾ ചൂരലെടുത്തെന്ന് ചോദിച്ചാൽ മതി. അതുകൊണ്ടുതന്നെ പുസ്തകം അച്ചടിച്ചുകാണണം എന്ന മോഹം ആദ്യം പങ്കുവെച്ചത് ട്യൂഷൻ മാഷ് ഗോപാലകൃഷ്ണനോടാണ്. കളിക്കൂട്ടുകാരൻ കൂടിയായ പത്താം ക്ലാസുകാരൻ മാഷുമായി എടാ പോടാ ബന്ധമായിരുന്നു. എങ്കിലും അച്ഛൻ കേൾക്കേ ഗുരുജി എന്നേ വിളിക്കൂ. ഒരു നാൾ അഭിനവഗണിതം ട്യൂഷൻ എടുക്കുന്നതിനിടെ പുസ്തകമോഹം നയത്തിൽ പങ്കുവച്ചപ്പോൾ ഗുരുജി പറഞ്ഞു: ``കൊള്ളാം. എനിക്കറിയുന്ന ഒരു പ്രസ്സുകാരനുണ്ട് കൽപ്പറ്റയിൽ. നന്നായി അച്ചടിക്കും. നൂറു രൂപ ചെലവ് വരും. നീയായതുകൊണ്ട് തൊണ്ണൂറിൽ ഒതുക്കാം.''ഗുരുജി കളിയായാണോ കാര്യമായാണോ അങ്ങനെ പറഞ്ഞത് എന്ന് ഇതാ ഈ നിമിഷവും എനിക്കറിയില്ല. എന്തായാലും പറയുന്ന വേളയിൽ അങ്ങേയറ്റം സീരിയസ് ആയിരുന്നു മൂപ്പർ. മാത്രമല്ല ബഹുവർണ്ണത്തിൽ മുഖചിത്രം അടിക്കണമെങ്കിൽ ഇരുപത്തഞ്ചു രൂപ അധികച്ചെലവ് വരും എന്നുകൂടി പറഞ്ഞു.
അതിമോഹക്കാരൻ നോവലിസ്റ്റ് ഞെട്ടിത്തരിച്ചത് മിച്ചം. കടലമിട്ടായി വാങ്ങാൻ അമ്മ പോക്കറ്റ് മണിയായി തന്നിരുന്ന 25 പൈസയാണ് അന്നത്തെ അവന്റെ അമൂല്യ സമ്പാദ്യം. അതുതന്നെ വിഷുവിനും സംക്രാന്തിക്കുമേ തരപ്പെടൂ. ആ നിലയ്ക്ക് അന്നത്തെ നൂറു രൂപ അവന് ഇന്നത്തെ പത്തു ലക്ഷത്തിന് സമം. പാപ്പരത്തം പറഞ്ഞുമനസ്സിലാക്കിയപ്പോൾ ചുണ്ടു കോട്ടി പുച്ഛച്ചിരി ചിരിച്ചുകൊണ്ട് ഗുരുജി പറഞ്ഞു, "ബുക്ക് തുന്നിക്കെട്ടാനുള്ള നൂല് പോലും കിട്ടില്ല നാലണയ്ക്ക്. നിയ്യ് ഒരു പണി ചെയ്യ്. ആ നോവൽ എടുത്ത് അടുപ്പിലിട്... നന്നായി കത്തിപ്പിടിക്കും.' ജാള്യം കൊണ്ട് കോടിപ്പോയ എന്റെ മുഖം നോക്കി ഒരടി കൂടി അടിച്ചു അഭിവന്ദ്യ ഗുരുഭൂതൻ:
ഇല്ലെങ്കി ഒരു പോംവഴി പറയാം. വെള്ളക്കടലാസിൽ ഉരുട്ടി ഉരുട്ടി എഴുതി തുന്നിക്കൂട്ടിക്കോ. കവറും നീയെന്നെ വരച്ചോ. ന്നിട്ട് നീയെന്നെ പൈസ കൊടുത്ത് വാങ്ങി വായിച്ചോ….''
പരിഹാസമായിരുന്നെങ്കിലും എട്ടാം ക്ലാസുകാരൻ ഗൗരവത്തോടെയെടുത്തു ആ നിർദ്ദേശം. ഉരുട്ടി ഉരുട്ടി എഴുതി നോവൽ മുഴുവൻ നോട്ടുബുക്കിൽ പകർത്തി ആദ്യം. മേമ്പൊടിക്ക് ചില ചിത്രങ്ങളും വരച്ചു. കവറിനു മുകളിൽ മിനുസമുള്ള ഒരു പച്ചക്കടലാസ് ഒട്ടിച്ചു. അതിന്മേൽ അപ്പുക്കുട്ടനെ ചുവന്ന മഷിയാൽ കോറിയിട്ടു. മനോരമയിലെ ആർട്ടിസ്റ്റ് പി കെ രാജന്റെ സ്റ്റൈലിൽ അപ്പുക്കുട്ടന്റെ ലോകം എന്ന ടൈറ്റിൽ നല്ല വലുപ്പത്തിൽ എഴുതിച്ചേർത്തു. പിന്നെ കെ പി രവീന്ദ്രനാഥ്, ചുണ്ടേൽ എന്ന ബൈലൈനും. പേരിനൊപ്പം നാട്ടുപേരും വാലായി ചേർക്കുന്നതാണല്ലോ അതിന്റെ ഒരു ഇത്.
പ്രസാധകരുടെ ലോഗോ കൂടി വേണം ഇനി. മനസ്സിൽ ഓടിയെത്തിയത് ഒരു കൊച്ചരയന്നത്തിന്റെ ചിത്രമാണ്. സ്‌കൂളിലെ ലൈബ്രറിയിൽ നിന്ന് പതിവായി വാങ്ങി വായിച്ചിരുന്ന എൻ ബി എസ് പുസ്തകങ്ങളിൽ കണ്ടു തഴമ്പിച്ച മുദ്ര. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പ്രശസ്തമായ ലോഗോ. അതുകൂടി താഴെ മൂലയ്ക്ക് വരച്ചുചേർത്തപ്പോൾ സംഗതി കുശാൽ. പതിമൂന്നുകാരൻ നോവലിസ്റ്റിന്റെ ആദ്യ കൃതി ഇതാ സാഹിത്യപ്രവർത്തക സഹകരണ സംഘം പുറത്തിറക്കിയിരിക്കുന്നു. തകഴി, പൊറ്റെക്കാട്, എം ടി, മുകുന്ദൻ, സേതു, പുനത്തിൽ എന്നീ മഹാരഥന്മാരുടെ നിരയിലേക്കിതാ കെ പി രവീന്ദ്രനാഥ്, ചുണ്ടേൽ എന്ന യുവ വയനാടൻ സാഹിത്യകാരനും. ഇതിലപ്പുറം എന്തുവേണം നിഗൂഢമായി ആനന്ദിക്കാൻ…
തുന്നിക്കെട്ടി ഭംഗിയാക്കി പുസ്തക ഷെൽഫിൽ സൂക്ഷിച്ച ആ കന്നി നോവലിന് പക്ഷേ വെളിച്ചം കാണാൻ യോഗമുണ്ടായില്ല. വീട്ടിൽ വന്നുകൂടിയ ബ്ളാക്കി എന്ന നാടൻ പട്ടി അതുൾപ്പെടെ നാലഞ്ച് പുസ്തകങ്ങൾ ഒന്നാകെ ശാപ്പിട്ടുകളഞ്ഞു. ഷെൽഫിലെ ഗ്രന്ഥബാഹുല്യം മൂലം താഴെവീണ അപ്പുക്കുട്ടനെ നിർദയം കടിച്ചുകീറുകയായിരുന്നു കുസൃതിക്കാരൻ ബ്ളാക്കി. അതികൊണ്ടരിശം തീരാഞ്ഞ് എന്റെ സർഗസൃഷ്ടിക്ക് മേൽ മൂത്രാഭിഷേകം നടത്തുക കൂടി ചെയ്തു പഹയൻ. കൂടെ ചില കോമിക്‌സും ഛിന്നഭിന്നമായെങ്കിലും എന്റെ ദുഃഖം മുഴുവൻ അപ്പുക്കുട്ടനെ ചൊല്ലിയായിരുന്നു. പാവം, എവിടെ എത്തിപ്പെടേണ്ടതായിരുന്നു അവൻ…
Content Highlights: Ravi Menon writes about his childhood and first novel attempt