'മുട്ടയിട്ടുകഴിഞ്ഞാല്‍ വിളിച്ചുകൂവണം, പിടക്കോഴിയുടെ വിധിയാണ് പുതിയ എഴുത്തുകാര്‍ക്ക്'; എസ് ജോസഫ്

'ഇക്കണ്ട പുസ്തകങ്ങള്‍ വാങ്ങാന്‍ പണമെവിടെ ? ഇതെല്ലാം ഒരലമാരയില്‍ വച്ചാല്‍ എത്ര നേരം നോക്കിയാലാണ് കിട്ടുക? പലപ്പോഴും കിട്ടാതെ പിന്തിരിയേണ്ടി വന്നിട്ടുണ്ട്? ആരാണ് ഇന്നത്തെ പുസ്തകങ്ങള്‍ വാങ്ങി വായിക്കുന്നവര്‍? അത്ര ഉദാരമതികള്‍ ആരാണ്? അത്ര പണമുള്ളവര്‍ ആരാണ്? അതൊക്കെ വായിക്കാന്‍ സമയമുണ്ടോ'

dot image

പുതിയ കാലഘട്ടത്തില്‍ എഴുത്തുകള്‍ നിലയ്ക്കുകയാണെന്ന് എഴുത്തുകാരന്‍ എസ് ജോസഫ്. ഫാക്ടറി പ്രോഡക്ടുകള്‍ പോലെ ഒരോ രൂപം കൈക്കൊള്ളുകയാണ് സൃഷ്ടികളെന്നും പുതിയ കാലത്തെ പ്രസിദ്ധീകരണ സാധ്യതകള്‍ മൂലം സാഹിത്യം എഡിറ്ററെ ഒഴിഞ്ഞു പോവുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇന്നത്തെ പുതിയ എഴുത്തുകാരുടേത് പിടക്കോഴിയുടെ വിധിയാണെന്നും പരിഹാസമുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നത്തെ പുതിയ എഴുത്തുകാരുടേത് പിടക്കോഴിയുടെ വിധിയാണ്. മുട്ടയിട്ടുകഴിഞ്ഞാല്‍ അക്കാര്യം വിളിച്ചു കൂവുകയാണ് പിട. അതു മാതിരിയാണ് FB യില്‍ നമ്മളെല്ലാം. നമ്മുടെ ഒരു കവിത മാസികയില്‍ വന്നാല്‍ എന്റെ കവിത വന്നേ എന്ന് നമ്മള്‍ തന്നെ വിളിച്ചു പറയുന്നു. ഇംഗ്ലീഷില്‍ എങ്ങാനും വിവര്‍ത്തനം ചെയ്തുവന്നാല്‍ ഒച്ചകൂടും. നമ്മള്‍ എവിടെയെങ്കിലും പോയാല്‍ ആ വിവരം തെളിവുസഹിതം വിളിച്ചു പറയുന്നു. പുസ്തകങ്ങളുടെ പ്രളയമാണിപ്പോള്‍. ഇക്കണ്ട പുസ്തകങ്ങള്‍ വാങ്ങാന്‍ പണമെവിടെ ? ഇതെല്ലാം ഒരലമാരയില്‍ വച്ചാല്‍ എത്ര നേരം നോക്കിയാലാണ് കിട്ടുക ? പലപ്പോഴും കിട്ടാതെ പിന്തിരിയേണ്ടി വന്നിട്ടുണ്ട് ? ആരാണ് ഇന്നത്തെ പുസ്തകങ്ങള്‍ വാങ്ങി വായിക്കുന്നവര്‍ ? അത്ര ഉദാരമതികള്‍ ആരാണ് ? അത്ര പണമുള്ളവര്‍ ആരാണ് ? വാങ്ങിയാല്‍ത്തന്നെ അതൊക്കെ വായിക്കാന്‍ സമയമുണ്ടോ ? T V കാണല്‍ , ഫോണ്‍ വിളി , സിനിമാ കാണല്‍ , ശൃംഗാരം , അശന ശയനങ്ങള്‍ എല്ലാം കഴിഞ്ഞ് വായിക്കാന്‍ നേരം കിട്ടുന്നുണ്ടോ ? ഞാന്‍ വായിക്കാത്ത എത്രയോ ഇംഗ്ലീഷ് പുസ്തകങ്ങള്‍ എന്റെ അലമാരയില്‍ ഇരിക്കുന്നു. ലോകോത്തരമായവ. അര്‍ത്ഥം അറിയാത്ത വാക്കുകളാണ് അവയില്‍ പലതും. ആദ്യത്തെ പത്തുപേജ് കടക്കാന്‍ പറ്റാത്തതിനാല്‍ ഞാന്‍ വായിച്ചു തീര്‍ക്കാത്ത കുറെ മലയാള പുസ്തകങ്ങളും ഉണ്ട്.( എന്റെ കുറവും ഉണ്ടാകാം ) വാക്കുകളുടെയെല്ലാം അര്‍ത്ഥമറിയാം. എന്നിട്ടും മനസിലാകുന്നില്ല. ഒരു സ്‌കോപ്പുമില്ലാത്ത കവിതപ്പുസ്തകങ്ങള്‍ നിരവധിയുണ്ട്.

മുമ്പൊക്കെ പബ്ലീഷേഴ്‌സായിരുന്നു പരസ്യം കൊടുക്കുന്നത്. അന്നൊക്കെ പ്രസിദ്ധീകരണ സൗകര്യം ചുരുങ്ങിയതായിരുന്നു. ഇന്ന് എത്ര വിളിച്ചു കാറിയാലും ഏതാനും പേര്‍ മാത്രമേ അറിയുകയുള്ളു. ഖസാക്കിന്റെ ഇതിഹാസം മാതൃഭൂമിയില്‍ വന്ന കാലത്ത് ( ഞാന്‍ ആ ലക്കങ്ങള്‍ കണ്ടിട്ടുണ്ട് ) അന്നത്തെ വായനാ സമൂഹം അത് തുടര്‍ച്ചയായി വായിക്കുകയും ആ നോവല്‍ അവരെ സ്വാധീനിക്കുകയും ചെയ്തിരുന്നു. എഡിറ്റേഴ്‌സിന്റെ തിരഞ്ഞെടുപ്പും ഷാര്‍പ്പ് എഡിറ്റിംഗും ഒരു കാലത്ത് കൃതികളെ മൂല്യവത്താക്കി. പുതിയ കാലത്തെ പ്രസിദ്ധീകരണ സാധ്യതകള്‍ മൂലം സാഹിത്യം എഡിറ്ററെ ഒഴിഞ്ഞു പോകുന്നു . നിരൂപകര്‍ എഴുത്തുകാരെ പുകഴ്ത്തി ജീവിക്കുന്നു . വിമര്‍ശകര്‍ സൈബീരിയയില്‍ തണുപ്പടിച്ച് ചാകുകയാണ്. സൃഷ്ടികള്‍ എല്ലാം ഫാക്ടറി പ്രോഡക്ടുപോലെ ഒരേ രൂപം കൈക്കൊള്ളുന്നു. സാധ്യതകളുടെ ലോകം സത്യത്തില്‍ പരിമിതികളുടെ ലോകമാകുന്നു. നല്ല കവി എന്നൊരാള്‍ ഇല്ല. ഗംഭീര കവിതകള്‍ എഴുതി പ്രശസ്തരായ വലിയ കവികള്‍ എഴുതുന്നതൊന്നും ഏശുന്നില്ല. ഇതുമൂലം ചില കവികള്‍ നിശ്ശബ്ദതയിലേക്കോ ചില കവികള്‍ നോവല്‍ രചനയിലേക്കോ പോകുന്നു. എഴുത്ത് നിലയ്ക്കുകയാണ്. എല്ലാവരും എഴുത്തുകാരായ സ്ഥിതിക്ക് നമുക്ക് എഴുത്ത് നിര്‍ത്താവുന്നതാണ്. നമ്മള്‍ എന്തു കാര്യങ്ങള്‍ പറഞ്ഞാലും ആരും ശ്രദ്ധിക്കില്ല. ഏതെങ്കിലും തരത്തില്‍ വിവാദങ്ങള്‍ ഉണ്ടാക്കാതെ രക്ഷയില്ല. മന്ദബുദ്ധികള്‍ക്കായിട്ടാണ് ഗാനകവിതകളെ മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. ജനസാമാന്യം സാഹിത്യ കലകളെ അമിതമായി നിയന്ത്രിക്കുന്നു. എഴുത്തുകാര്‍ വായനക്കാര്‍ക്കു വേണ്ടി എഴുതുന്നു. എഴുത്തുകാര്‍ വായനക്കാരുടെ അടിമകളാകുന്നു. അങ്ങനെ സാഹിത്യം ജനാധിപത്യപരമാകുന്നു. സാഹിത്യം അങ്ങനെ അന്നന്നത്തെ ജീവിതം കഴിച്ചു കൂട്ടുന്നു. എന്തും തുല്യമാകുന്നു. അതുല്യത ഇല്ലാതാകുന്നു. Classic കൃതികള്‍ വേണ്ടാതാകുന്നു. High , Low അന്തരം ഇല്ലാതാവുകയല്ല , Low യുടെ വ്യാപനമുണ്ടാവുകയാണ് ചെയ്തത്. നോവലുകള്‍ രൂപത്തെ പരിഗണിക്കുന്നില്ല. എല്ലാ നോവലിസ്റ്റുകളും ഒരു നോവല്‍ സ്വേച്ഛയാ എഴുതും. പിന്നെ അവരെക്കൊണ്ട് വിപണി എഴുതിക്കും. പുതു കവിതയുടെ മരണം സംഭവിച്ചു കഴിഞ്ഞു. ആയതിനാല്‍ കൂടുതല്‍ ഒന്നും എഴുതുന്നില്ല. കുറച്ചാളുകള്‍ വായിച്ചേക്കാം എന്നുകരുതി കുറേക്കാലം കൂടി എന്തെങ്കിലും എഴുതും. അത്രമാത്രം...

Content Highlights: S Joseph's Facebook Post About New Gen Writers And Publishings

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us