'ആമി'യിൽ കേരളത്തിൽ നിന്ന് പഠിക്കാൻ പുറത്ത് പോകുന്ന എല്ലാ പെൺകുട്ടികളുമുണ്ട്,എഴുത്തുകാരിയുമുണ്ട്

'ആമിന ടു ആൻഡ് ഫ്രം ഡൽഹി’ എന്ന നോവലിലെ ആമി ആത്മകഥാപരമല്ല എന്ന് പറയുമ്പോഴും ആമിയിൽ താനില്ലേ എന്ന ചോദ്യത്തിന് എഴുത്തുകാരിയുടെ ഉത്തരം അതേ എന്നാണ്.

dot image

എഴുത്തുകാരി അബ്രീദ ബാനു പുസ്തകത്തിന്റെ ആമുഖത്തിൽ തന്നെ പറയുന്ന ഒരു കാര്യമുണ്ട്. 'ആമിന ടു ആൻഡ് ഫ്രം ഡൽഹി’ എന്ന നോവലിലെ ആമി എന്ന കഥാപാത്രം ആത്മകഥാപരമല്ല എന്ന്. അതേ സമയം ആമിയിൽ താനില്ലേ എന്ന ചോദ്യത്തിന് അവർ അതേ എന്നുത്തരവും നൽകുന്നു. ശേഷം തന്നെ മാത്രമല്ല, ആമിയിലോ ആമി കടന്നുപോകുന്ന മനുഷ്യരിലോ കഥാ പശ്ചാത്തലങ്ങളിലോ നിങ്ങൾക്ക് നിങ്ങളെയും കാണാമെന്ന് പറഞ്ഞാണ് ഡൽഹിയിൽ അഞ്ച് വർഷത്തോളം വിദ്യാർത്ഥി ജീവിതം നയിച്ച നോവലിസ്റ്റ് അതേ കഥാപശ്ചാത്തലത്തിലുള്ള ഒരു മലയാളി പെൺകുട്ടിയുടെ ജീവിതം പറയുന്നത്.

മലയാളി സമൂഹത്തിന് ഏറെ പരിചിതമായ അനുഭവ പശ്ചാത്തലത്തിലൂടെയാണ് നോവൽ കടന്നുപോകുന്നത്. പ്ലസ് ടുവരെ നാട്ടിൽ പഠിച്ച ഒരു വിദ്യാർത്ഥി ബിരുദ പഠനത്തിന് വേണ്ടി ഡൽഹിയിലേക്ക് വണ്ടി കയറുന്നതാണ് തുടക്കം. മറ്റുള്ള സംസ്ഥാനങ്ങളിലെ സെൻട്രൽ യൂണിവേഴ്സിറ്റികളിലേക്കും മറ്റും ഏറ്റവും കൂടുതൽ വിദ്യാർത്ഥികളുടെ കുത്തൊഴുക്കുള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാനങ്ങൾ വിട്ട് രാജ്യങ്ങളും മലയാളികൾ പരീക്ഷിക്കുന്ന സമയം കൂടിയാണിത്. മെച്ചപ്പെട്ട സാഹചര്യങ്ങളുടെ ദൗർബല്യവും മലയാളിയുടെ അറിവിന്‌ വേണ്ടിയുള്ള ആകാംക്ഷയും അതിജീവന ആഗ്രഹങ്ങളുമെല്ലാം ഇതിന് പിന്നിലുണ്ട്. ഇതിലേതെങ്കിലുമൊരു കാരണം തന്നെയാണ് ആമിയെയും ഡൽഹി യൂണിവേഴ്സിറ്റിയും ശേഷം ജാമിഅയും തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്. മറ്റെല്ലാ മാതാപിതാക്കളെയും പോലെ മക്കളെ ദൂരെ അറിയാത്ത നാട്ടിലേക്ക് വിടുമ്പോഴുള്ള എല്ലാ ആധിയും ആവലാതിയും ആമിയുടെ മാതാപിതാക്കൾക്കുമുണ്ട്. എന്നാൽ എല്ലാ മാതാപിതാക്കളിൽ നിന്നും വ്യത്യസ്തമായി ആമിയെ അവളുടെ എല്ലാ സ്വാതന്ത്ര്യത്തിലേക്കും പറത്തിവിടാൻ അനുവദിക്കുകയും അതിന് വേണ്ടി പ്രാപ്തയാക്കുകയും ചെയ്തിട്ടുണ്ട് അവർ.

അങ്ങനെ എഴുത്തുകാരിയുടെ യഥാർത്ഥ്യത്തിനും ഭാവനക്കുമിടയിലൂടെ സഞ്ചരിച്ച് ആമി ഡൽഹിയിലെത്തുന്നു. ഡൽഹിയിലേക്കുള്ള യാത്രയിലേക്ക് ട്രെയിൻ കയറിയത് മുതൽ പഠന കാലവും ജോലി കാലവും വരെ വ്യത്യസ്ത മനുഷ്യരുമായും ജീവിതങ്ങളുമായും സാഹചര്യങ്ങളുമായും അവളുടെ മല്ലിടലാണ് ഈ നോവൽ. അതിൽ സൗഹൃദവും പ്രണയവും സന്തോഷങ്ങളും ദുഃഖങ്ങളും നിരാശകളും എല്ലാമുണ്ട്. ലോകത്തോടും വ്യവസ്ഥകളോടുമുള്ള അവളുടെ വീക്ഷണവും എതിർപ്പും കലഹിക്കലുമെല്ലാമുണ്ട്. അവളുടെ പുറം കാഴ്ചകളും ഉൾക്കാഴ്ചകളുമുണ്ട്. ഒടുവിൽ അപ്രതീക്ഷിത വഴിത്തിരിവിൽ ജീവിതം തന്നെ തല തിരിഞ്ഞുപോയപ്പോൾ അതിനെ നേരെ പിടിക്കാൻ നടത്തുന്ന ഓട്ടങ്ങളുണ്ട്. ഒടുവിലത്തെ നിശ്വാസമുണ്ട്.

ആമുഖത്തിൽ എഴുത്തുകാരി പറയുന്നത് കണക്കിലെടുത്താൽ ഒരു സാധാരണ പെൺകുട്ടി എഴുതിയ സാധാരണ പെൺകുട്ടിയുടെ സാധാരണയിൽ കൂടുതൽ ഒന്നുമില്ലാത്ത ഒരു കഥ തീർത്തും വായന അർഹിക്കുന്നുണ്ട്. എഴുത്തുകാരിയുടെ ആദ്യപുസ്തകമായ ‘കറക്കം‘ പോലെ ഇത് ഒരു യാത്രാനുഭവമല്ല. മെച്ചപ്പെട്ട മാനസികാരോഗ്യമോ വിദ്യഭ്യാസമോ തേടി കേരളത്തിൽ നിന്ന് പോയതും പോയി കൊണ്ടിരിക്കുന്നതും പോവേണ്ടതുമായ മലയാളി പെൺകുട്ടികളുടെ യഥാർത്ഥ്യത്തിനും ഭാവനയ്ക്കും ഇടയിലുള്ള ഒരു നേർരേഖ മാത്രമാണ്.

Content Highlights: Book review of malayalam novel ' amina from and to delhi' by Abreeda Banu

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us