ഒരു തീവണ്ടിത്താവളത്തില്‍ വെച്ച് കേരള മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോനെ റെയില്‍വേ പോലീസു പിടിച്ച കഥ ഞാനൊരിക്കല്‍ കേട്ടിട്ടുണ്ട്. അന്നൊക്കെ എല്ലാ മാഗസിനുകളും കിട്ടുന്ന ബുക്സ്റ്റാളുകളുടെ പേറ്റന്റ് ഇന്ത്യന്‍ റെയില്‍വേക്കായിരുന്നു, ഇന്നതില്ല. പത്തമ്പത് കൊല്ലം മുമ്പ് റെയില്‍വേ ബുക്സ്റ്റാളില്‍ പതിവായി വന്ന് മാഗസിനുകള്‍ വാങ്ങിപ്പോകുമായിരുന്ന ഒരു മുഖ്യമന്ത്രി തിരുവനന്തപുരത്തുകാരുടെ ഓര്‍മയിലുണ്ട്.
1969 നവംബര്‍ 1 മുതല്‍ 1970 ഓഗസ്റ്റ് 1 വരെയും, 1970 ഒക്ടോബര്‍ 4 മുതല്‍ 1977 മാര്‍ച്ച് 25 വരെയും അച്യുതമേനോനായിരുന്നു കേരള മുഖ്യമന്ത്രി. അക്കാലയളവു കഴിഞ്ഞും പതിവു മുടക്കാതെ പ്രഭാത സവാരിയും കഴിഞ്ഞ് അദ്ദേഹം റെയില്‍വേ ബുക്സ്റ്റാളുകളിലെത്തുമായിരുന്നു. അന്നൊരിക്കലാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പ്ലാറ്റ്‌ഫോം ടിക്കറ്റെടുക്കാതെ പുസ്തകശാലയുടെ മുമ്പില്‍ കറങ്ങിത്തിരിഞ്ഞതിന് സ്റ്റേഷന്‍ ഡ്യൂട്ടിയിലിരുന്ന തമിഴ്‌നാട്ടുകാനായ ഒരുദ്യോഗസ്ഥന്‍ അദ്ദേഹത്തെ ചീത്ത വിളിക്കുന്നത്. സോറി പറഞ്ഞ്, ചിരിച്ചു കൊണ്ട് തലകുനിച്ച് അച്യുതമേനോന്‍ മടങ്ങി. അതുകണ്ടുനിന്ന റെയില്‍ ജീവനക്കാരിലൊരാള്‍ ചെന്ന് ഉദ്യോഗസ്ഥനോട് പറഞ്ഞു, 'എന്തു നല്ല മനുഷ്യന്‍ ! ഞങ്ങളുടെ മുഖ്യമന്ത്രിയായിരുന്നു.'
കിട്ടിയ വണ്ടിയും പിടിച്ച് പിറ്റേന്ന് രാവിലെ ഉദ്യോഗസ്ഥന്‍ അച്യുതമേനോന്റെ വീട്ടിലെത്തി. തമിഴും മലയാളവും കലര്‍ന്ന ഭാഷയില്‍ പറഞ്ഞു, 'എന്റെ നാട്ടില്‍ ഒരു പഞ്ചായത്ത് മെമ്പറോടാണ് ഞാനത് ചെയ്തതെങ്കില്‍ പോലും ഇന്നു വന്നു പറയാന്‍ എനിക്കീ യൂണിഫോമുണ്ടാവില്ല. സാറെനിക്ക് മാപ്പു തരണം.' പേടിച്ചു വിറച്ച് നില്‍ക്കുന്ന അയാളെക്കണ്ട് അച്യുതമേനോന്‍ ചിരിച്ചു, 'ഞാനീ വീക്ക്‌ലികളും, പത്രങ്ങളും, പുസ്തകങ്ങളുമൊക്കെത്തേടി അവിടെയൊക്കെ വരുന്നത് അങ്ങനെ ആവാതിരിക്കാനാണ്. നിങ്ങള്‍ ചെയ്ത ശരി, ശരിയും - ഞാന്‍ ചെയ്ത തെറ്റ്, തെറ്റുമാണെന്ന് എനിക്ക് ബോധ്യപ്പെടാന്‍ പാകത്തിലുള്ള ഒരെന്നെ ഉണ്ടാക്കിയെടുക്കാന്‍. പൊയ്‌ക്കോളൂ, നിങ്ങള്‍ ചെയ്തതാണ് ശരി !' ഇങ്ങനെയൊരു അച്യുതമേനോന്‍ എനിക്കു കഥയാണ്, വി.ഡി.സതീശന്‍ പക്ഷേ കഥയല്ല. എങ്കിലും ഒരു കഥയായി പിന്നെയൊരിക്കല്‍ പറയാമെന്നുകരുതി മാറ്റിവെച്ചതായിരുന്നു. പക്ഷേ ആ കഥ കൂടെ ഇപ്പൊപ്പറയാം.
ഒരു ദിവസം രാത്രി ഫോണിലെ 12 മിസ്ഡ് കോളുകളിലൊന്നില്‍ വി.ഡി.സതീശന്‍ എന്നു കണ്ടു. കണ്ടപ്പോള്‍ ഒരുപാട് വൈകിയിരുന്നു. എങ്കിലും ഞാന്‍ തിരികെ വിളിച്ചു. അങ്ങേത്തലയ്ക്കല്‍ കേട്ടുപരിചയമുള്ള ശബ്ദം, 'ലിജീഷേ, തിരക്കാണോ ?' അപ്പോള്‍ മാറി ഡയല്‍ ചെയ്തതല്ല. ഞാന്‍ പറഞ്ഞു, 'ഒരു തിരക്കുമില്ല.' പത്തിരുപത് മിനുട്ട് നേരം അദ്ദേഹമന്ന് സംസാരിച്ചിട്ടുണ്ടാകും. പമേലയെക്കുറിച്ച്, ബര്‍ണാഡ്ഷായെക്കുറിച്ച്, ആന്‍ റൈസിനെക്കുറിച്ച്, പിക്കാസോയെക്കുറിച്ച് കഞ്ചാവിനെ അടിമുടി ഉള്ളിലേക്കെടുത്ത് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. കഞ്ചാവു വായിച്ചു വിളിച്ച പലരുമുണ്ട്. പക്ഷേ അതിന്റെ ഉള്ളില്‍ പൊതിഞ്ഞു സൂക്ഷിച്ച രാഷ്ട്രീയം ഇത്ര സൂക്ഷ്മമായി വേര്‍തിരിച്ചെടുത്ത് മിണ്ടിയവര്‍ എണ്ണത്തില്‍ കുറവാണ്.
'നെക്‌സസ്, ആത്രേയകം, കഞ്ചാവ്, നൈഫ് …! കഴിഞ്ഞ വര്‍ഷം വായിച്ച പുസ്തകങ്ങള്‍ പങ്കുവെച്ച് വി.ഡി.സതീശന്‍' എന്ന ആര്‍ട്ടിക്കിള്‍ ഇന്നു കണ്ടപ്പോഴാണ് ഇതു പറയണം എന്നു തോന്നിയത്. തിരക്കുപിടിച്ച ഒരു കൊല്ലക്കാലത്തും അമ്പതോളം പുസ്തകങ്ങള്‍ വായിച്ചിരുന്നു എന്നതല്ല വി.ഡി.സതീശനിലെ വായനക്കാരന്റെ ഹൈലൈറ്റ്. ഓരോന്നും അദ്ദേഹം ആഴത്തില്‍ വായിച്ചു എന്നതും, ഓരോന്നിനെക്കുറിച്ചും അദ്ദേഹത്തിന് ഒരുപാട് പറയാനുണ്ടായിരുന്നു എന്നതുമാണ് ആ വായനയെ നല്ല വായനയാക്കുന്നത്. ഫോണ്‍ വെക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു, 'അണ്‍ടില്‍ ഓഗസ്റ്റ് ഉടന്‍ പുറത്ത് വരും. ഞാന്‍ കാത്തിരിപ്പാണ്.' മാര്‍ക്കേസിന്റെ അവസാനത്തെ പുസ്തകമാണ് അണ്‍ടില്‍ ഓഗസ്റ്റ്. അദ്ദേഹത്തിന്റെ 97-ാം പിറന്നാള്‍ ദിവസമായ 2024 മാര്‍ച്ച് ആറിനാണ് അതു പുറത്തു വന്നത്. വി.ഡി സതീശന്‍ അതു കാത്തിരിക്കുന്ന സമയത്തായിരുന്നു ആ കോള്‍. 2024 ജനുവരിയിലാണ് കഞ്ചാവ് ഇറങ്ങുന്നത്. ഫെബ്രുവരിയില്‍ അദ്ദേഹം വിളിക്കുന്നു. ഇറങ്ങി ദിവസങ്ങള്‍ക്കകം തന്നെ വി.ഡി. സതീശന്‍ എന്ന തിരക്കുപിടിച്ച രാഷ്ട്രീയക്കാരന്‍ അതു വായിച്ചു കഴിഞ്ഞിരിക്കുന്നു, വിളിച്ചിരിക്കുന്നു!
വായിച്ച 43 പുസ്തകങ്ങളുടെ പട്ടികയില്‍ പതിമൂന്നാമതായി വി.ഡി.സതീശന്‍ രേഖപ്പെടുത്തിയ എബ്രഹാം വര്‍ഗീസിന്റെ ഒരു പുസ്തകമുണ്ട്, ദി കവനന്റ് ഓഫ് വാട്ടര്‍. അദ്ദേഹം അത് വായിച്ചു തീര്‍ക്കുന്നത് ഒരു ട്രെയിന്‍ യാത്രയിലാണ്. മന്ത്രിമാരും എം.എല്‍.എമാരും ഒക്കെ നിറഞ്ഞു കിടക്കുന്ന വന്ദേഭാരതിന്റെ E-1 കമ്പാര്‍ട്ടുമെന്റ്. അവരുടെ കഥ പറച്ചിലുകളും, തമാശകളും, കോളുകളും, ഫോണ്‍ റീലുകളും, ആകെ ബഹളം. ഒരാള്‍ മാത്രം ഒരു മൂലയ്ക്കിരുന്ന് വായിക്കുകയാണ്. പ്രശസ്തനായ ഇറ്റാലിയന്‍ റൈറ്റര്‍ അല്‍ബര്‍ടോ മൊറാവ്യ, ഫുട്‌ബോള്‍ മത്സരത്തിന്റെ ബഹളം സഹിക്കാനാവാതെ ഇറ്റലി വിട്ടോടിപ്പോയതിനെക്കുറിച്ച് ഞാനൊരിക്കല്‍ വായിച്ചിട്ടുണ്ട്.
മൊറാവ്യയുടെ അസ്വസ്ഥതയൊന്നും വി.ഡി.സതീശനില്ല. സകലമാന ബഹളങ്ങള്‍ക്കിടയിലുമിരുന്ന് അദ്ദേഹം വായിച്ചു. വായിച്ചു കഴിഞ്ഞ് പുസ്തകം മടക്കി തിരിഞ്ഞു നോക്കിയപ്പോള്‍ പുറകില്‍ ഞാനുണ്ട്. ചിരിച്ചുകൊണ്ട് അദ്ദേഹം എഴുന്നേറ്റ് എന്റെ കൈ പിടിച്ചു. 'കവനന്റ് ഓഫ് വാട്ടര്‍ വായിച്ചിട്ടുണ്ടോ ?' ഞാന്‍ പറഞ്ഞു, 'ഇല്ല, എബ്രഹാം വര്‍ഗീസിന്റെ കഴിഞ്ഞ നോവല്‍ വായിച്ചിട്ടുണ്ട്.' അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് പറഞ്ഞു, 'കട്ടിംഗ് ഫോര്‍ സ്റ്റോണ്‍ അല്ലേ ? ഇതതിനെക്കാള്‍ മികച്ചതാണ്.' കേരളത്തിലെ എത്ര സോ കോള്‍ഡ് വായനക്കാര്‍ തപ്പി പോയിട്ടുണ്ടാവും എബ്രഹാം വര്‍ഗീസിനെയൊക്കെ. പുസ്തകങ്ങള്‍ നിറഞ്ഞ മറ്റൊരു ലോകം കൂടെയുണ്ട് വി.ഡി.സതീശന്. അവിടെ അദ്ദേഹം മുഖ്യമന്ത്രിയാണ്, പ്രതിപക്ഷ നേതാവല്ല.
പലവട്ടം വി.ഡി.സതീശനെ കണ്ടിട്ടുണ്ട്. ഒടുവില്‍ കണ്ടത് അദ്ദേഹം സുഭാഷ്ചന്ദ്രന്റെ ജ്ഞാനസ്‌നാനത്തെക്കുറിച്ച് സംസാരിക്കുന്നതാണ്. അന്ന് അടുത്ത് എം.മുകുന്ദനുമുണ്ട്. മുകുന്ദേട്ടന്റെ കൈ പിടിച്ച് അദ്ദേഹം പറഞ്ഞു, 'കോളേജില്‍ പഠിക്കുന്ന കാലത്ത് ആദിത്യനും രാധയും, ഹരിദ്വാറും, മയ്യഴിയുമൊക്കെ വായിച്ച് ലഹരി പിടിച്ച് ഒന്ന് കാണാന്‍ കൊതിച്ച, ഒന്നു തൊടാന്‍ കൊതിച്ച മനുഷ്യനാണിത്. അന്നും എനിക്കറിയാം കമ്യൂണിസ്റ്റാണെന്ന്. പക്ഷേ അന്നുമിന്നും മോഹത്തിന് കുറവൊന്നുമില്ല.'
ഒരു നൂറ്റാണ്ട് മുമ്പ് 1918 ല്‍ മരിച്ചുപോയ റഷ്യന്‍ ദാര്‍ശനികനായ പ്ലിഹാനോഫ് എഴുതിയ ഒരു പുസ്തകമുണ്ട്, ആര്‍ട്ട് ആന്‍ഡ് സോഷ്യല്‍ ലൈഫ്. അതിലദ്ദേഹം കാട്ടില്‍ ജീവിച്ചിരുന്ന പതിനെട്ടാം ശതാബ്ദത്തിലെ മനുഷ്യരെക്കുറിച്ച് പറയുന്നുണ്ട്. വന്യവും വിജനവുമായ പ്രദേശങ്ങളായിരുന്നു അവര്‍ക്കു ചുറ്റും എപ്പോഴും ഉണ്ടായിരുന്നത് എന്നതുകൊണ്ടാവും, നഗരത്തിലെ കാഴ്ചകളും പറ്റെവെട്ടിയ പൂന്തോട്ടങ്ങളും കണ്ട് ആ മനുഷ്യര്‍ക്ക് ആഹ്ലാദം തോന്നിയിരുന്നുവെന്ന്. പ്ലിഹാനോഫ് പറയുന്നത് നേരാണ് - ചുറ്റും ചിരിക്കുന്ന മനുഷ്യരുള്ളപ്പോള്‍ ഒരാളുടെ ചിരി നമ്മളെ അത്ഭുതപ്പെടുത്തില്ല, നന്മയും സ്‌നേഹവുമുള്ള മനുഷ്യരാണ് ഈ ലോകം നിറയെ എങ്കില്‍ കരുണ വാഴ്ത്തപ്പെടുകയില്ല. ഈ സഹിഷ്ണുതയും സ്‌നേഹവുമൊക്കെ വാഴ്ത്താന്‍ തോന്നുന്നത്, മറ്റു പലരിലും അതു കാണാതാവുമ്പോള്‍ മാത്രമാണ്. വായനയും ചിന്തയുമൊക്കെ അന്യം നിന്നു പോവുന്ന ഒരിടത്തു നിന്ന് ഒരാള്‍ അതു ചെയ്യുന്നത് കാണുമ്പോഴാണ് നമുക്ക് അമ്പരപ്പ് തോന്നുന്നത് ആദരവോടെ പറയട്ടെ, അങ്ങ് എന്നെ അമ്പരപ്പിക്കുന്നുണ്ട്.
തിരക്കാവുമെന്ന് കരുതി നാം ഒരിക്കലും വിളിക്കാതിരിക്കുന്ന ചിലരില്ലേ. അവരുടെ പട്ടികയില്‍ ഏറ്റവും മുകളിലാവും ഒരു പ്രതിപക്ഷ നേതാവ്. എന്തോരം തിരക്കുകളാണ്. ഒരുദിവസം കണ്ടപ്പോള്‍ ഞാനതു പറഞ്ഞു, അപ്പോള്‍ ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു, 'എന്നാലും ഇടയ്ക്ക് വിളിക്കണം. നല്ല പുസ്തകങ്ങള്‍ വായിച്ചാല്‍ പറയണം. പുസ്തകങ്ങള്‍ ശീലമാക്കിയിട്ട് വര്‍ഷങ്ങളായി. ഇല്ലെങ്കില്‍ നമ്മള്‍ ഇവിടെ മാത്രം ആയിപ്പോകും. ഇവിടുത്തെ ജയവും തോല്‍വിയുമൊക്കെ നമുക്ക് വലിയതായി തോന്നും. ഇത് വേറൊരു മൈന്‍ഡ് സെറ്റാണ്. ഇതിനെ വന്ന് പോറലേല്‍പ്പിക്കാന്‍ എളുപ്പം ആര്‍ക്കും കഴിയില്ല'
ഞാന്‍ ഒരുപാട് രാഷ്ട്രീയക്കാരെ കണ്ടിട്ടുണ്ട്. ഇങ്ങനെ പക്ഷേ ഒരു വി.ഡി.സതീശനെയേ കണ്ടിട്ടുള്ളൂ..വിഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളോട് എതിര്‍പ്പുള്ളവര്‍ പോലും ഒരേസ്വരത്തില്‍ എടുത്തുപറയുന്ന കാര്യമാണ് അദ്ദേഹത്തിന്റെ വായനാശീലം. ഇത്രയും മികച്ച വായനക്കാരന്‍ കേരഴ രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ വേറെയുണ്ടാകുമോ എന്നു സംശയമാണ്. പുതുതായി ഇറങ്ങിയ ഏത് പുസ്തകവും എത്രയും പെട്ടന്ന് വായിക്കുക എന്നുള്ളത് സതീശന്റെ ശീലമാണെന്ന് മാത്രമല്ല അതെഴുതിയവരെ വിളിച്ച് അഭിനന്ദിക്കാനും പ്രതിപക്ഷ നേതാവ് മടിക്കാറില്ല. ഒദ്യോഗിക തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി 2024ല്‍ വായിച്ച പുസ്തകങ്ങള്‍ ഏതൊക്കെയാണെന്ന് പങ്കുവച്ച് വിഡി സതീശന്‍ പങ്കുവച്ച ഫെയ്‌സ്ബുക്ക് കുറിപ്പ് കഴിഞ്ഞ ദിവസം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടര്‍ നല്‍കിയ വാര്‍ത്ത ശ്രദ്ധയില്‍ പെട്ട എഴുത്തുകാരന്‍ ലിജീഷ് കുമാര്‍ വിഡി സതീശനെന്ന വായനക്കാരനെ കുറിച്ച് പങ്കുവച്ച കുറിപ്പും സമൂഹമാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്. പുസ്തകങ്ങള്‍ നിറഞ്ഞ ലോകത്ത് വിഡി സതീശന്‍ പ്രതിപക്ഷ നേതാവല്ല, മുഖ്യമന്ത്രിയാണെന്ന് ലിജീഷ് കുമാര്‍ എഴുതുന്നു.
Content Highlights: Lijeesh Kumar Writes About VD Satheesan