പ്രേതങ്ങളും മരിച്ചവരുടെ ആത്മാക്കളും ദൈവപുരുഷന്മാരുമുള്ള ഖസാക്ക്; പുനർജ്ജനിയുടെ കൂട്

ഖസാക്കിൽ മഴക്കാടുകൾ ഇല്ലെന്നതാണ് വാസ്തവം, പക്ഷേ അതിന്റെ സൂക്ഷ്മമായ താളക്രമം എങ്ങനെയോ ഈ വഴിയമ്പലത്തെ സ്പന്ദിക്കുന്നുണ്ട്.

വിമൽ രാജ് പി ആർ
3 min read|30 Mar 2025, 10:41 am
dot image

കിണാശ്ശേരിക്ക് സമീപമുള്ള കനാൽപാലം സ്റ്റോപ്പിൽ ഇറങ്ങി പഥികരെ സ്വാഗതം ചെയ്യുന്ന സ്തൂപത്തിന്റെ കലാവിരുത് ആസ്വദിച്ച് കിഴക്കോട്ടുള്ള പാതയിലൂടെ നടക്കാം. അല്പദൂരം കഴിഞ്ഞ് വഴി രണ്ടായി പിരിയുന്നിടത്ത് ഖസാക്കിന്റെ ദിശാ സൂചിക കാണാം. വലത്തോട്ട് തിരിയുക. പാർപ്പിടങ്ങൾക്ക് വഴി മാറി കൊടുത്ത വയലുകളെയും പുളിമരങ്ങൾ അതിരിട്ടു നിൽക്കുന്ന വിനീതമായ ഭവനങ്ങളെയും പിന്നിട്ട് ആ വഴി നീളുകയാണ്. പാനീസുവിളക്കുമായി അള്ളാപ്പിച്ച മൊല്ലാക്കയും അപ്പുക്കിളിയും, നീല ഞരമ്പ് ഓടിയ കൈകളുമായി യുവാക്കളെ പ്രണയാതുരമാക്കിയ മൈമുനയും വിഹരിച്ച നാട്ടുവഴികൾ ആണിത്. ഞാറ്റുപുരയുടെ സമീപത്തായി അള്ളാപ്പിച്ച മൊല്ലാക്ക ബാങ്ക് വിളിച്ച പള്ളിയും അറബിക്കുളവും ചന്ദനത്തിരിയുടെ മണം പൊഴിയുന്ന ശ്മശാനവും ഭഗവതിയുടെ സാന്നിധ്യമുള്ള പുളിമരങ്ങളും കാണാം. ജൈവ സമൃദ്ധിയുടെ വരതെറ്റാത്ത പ്രതീകമാണ് മഴക്കാടുകൾ. ഖസാക്കിൽ മഴക്കാടുകൾ ഇല്ലെന്നതാണ് വാസ്തവം. പക്ഷേ അതിന്റെ സൂക്ഷ്മമായ താളക്രമം എങ്ങനെയോ ഈ വഴിയമ്പലത്തെ സ്പന്ദിക്കുന്നുണ്ട്.

മലബാർ സ്പെഷ്യൽ പൊലീസ് സുബേദാർ മേജറായിരുന്ന അച്ഛൻ വേലുക്കുട്ടിയോടൊപ്പം ക്യാമ്പുകളിൽ നിന്ന് ക്യാമ്പുകളിലേക്കുള്ള യാത്രയായിരുന്നു വിജയന്റെ ബാല്യം. സ്നേഹസമ്പന്നരായ പൊലീസുകാർക്കിടയിൽ, കമ്പിവേലി ചുറ്റിയ കുന്നിൻ പുറങ്ങളിൽ, ഏകാന്തതയുടെ സ്വാതന്ത്ര്യങ്ങൾ അത്രയും അറിഞ്ഞായിരുന്നു വിജയനാരായണൻ വളർന്നത്. ഏഴാം മാസത്തിൽ ജനിച്ച, ദുർബലനായ കുട്ടി, കുട്ടിക്കാലത്തിന്റെ മധുരമായ ആലസ്യങ്ങൾ വേണ്ടുവോളം അറിഞ്ഞു.

അരിയക്കോട് കുന്നിൻചെരുവിലെ പച്ചപ്പുകളിൽ പറന്നു നടന്ന തവിട്ടുതുമ്പികളെയാണ് വിജയൻ ഖസാക്കിൽ എത്തിച്ചത്. ഖസാക്കിൽ ജന്മാന്തരങ്ങളുടെ ഇളവെയിലിൽ പറന്നലഞ്ഞത് ഈ തുമ്പികൾ ആയിരുന്നു. പട്ടണത്തിന്റെ ആവരണത്തിനകത്ത് ഗ്രാമത്തിന്റെ സൗകുമാര്യം കാത്തുസൂക്ഷിച്ച ഒരു ജൈവ വസ്തുവായിരുന്നു വിജയന് പാലക്കാട്. കാലുകൾക്ക് ആഴത്തിൽ വേരോട്ടമുള്ള ഭൂമിയിലെ ഏകസ്ഥലം. പ്രിയപ്പെട്ട ദേശം.

12 വർഷത്തെ ആത്മസമർപ്പണമാണ് ഖസാക്കിന്റെ ഇതിഹാസം. ധ്യാനത്തിനോട് സാദൃശ്യമുള്ള രചനാവേളകൾ. നിത്യേനയുള്ള പൊളിച്ചുപണികൾ. വിജയൻ സഞ്ചരിക്കുന്നിടത്തേക്കെല്ലാം ഖസാക്കും കൂടെ സഞ്ചരിച്ചു. ദൈവികവും സർഗാത്മകവുമായ എല്ലാ പരിണാമങ്ങളും ഖസാക്ക് ഉൾക്കൊണ്ടു. അരിയക്കോട് മലമുകളിലെ തവിട്ടുതുമ്പികളുടെയും ക്ലാരിയിലെ കുന്നിൻചെടിയിൽ കണ്ട കല്പക വൃക്ഷങ്ങളെയും മണലിയിലെ വയൽ വരമ്പിലൂടെ മിന്നിമറഞ്ഞ ഈരചൂട്ടുകളുടെയും കാഴ്ചകളിൽ അത്രമാത്രം സ്വയം നഷ്ടപ്പെട്ടിരിക്കണം വിജയന്.

ഖസാക്കില്‍ ഒ വി വിജയൻ വരച്ചിട്ട അതിവിശാലമായ ലോകത്തിന് സമാനമായ ഒരു ലോകം സൃഷ്ടിക്കാൻ നാളിതുവരെ മറ്റൊരു എഴുത്തുകാരന് സാധിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ഇന്നും മലയാളഭാഷാ ശൈലിയെ ഖസാക്ക് സ്വാധീനിക്കുന്നു. ഖസാക്കിൽ ഒ വി വിജയൻ ഉപയോഗിച്ച പുതിയ പദ സംയുക്തങ്ങളായ 'പുതുമഴയുടെ സുരതാവേശം, സ്ഥലത്തെ ശൂന്യശിഖരം' മുതലായവ ഇന്നും മലയാള വായനാസമൂഹത്തെ ഞെട്ടിക്കുന്നു. ഖസാക്ക് ഒരു ഏകലോകമായല്ല നമ്മെ തുറന്നു കാണിക്കുന്നത്. യുക്തിപൂർവ്വം ജീവിക്കുന്ന സാധാരണ ആളുകളുടെ ഒരു ലോകവും പ്രേതങ്ങളും മരിച്ചവരുടെ ആത്മാക്കളും ദൈവപുരുഷന്മാരുമുള്ള മറ്റൊരു ലോകവുമാണത്.

ഒരുതരത്തിൽ പിതാവിൽ നിന്നുള്ള ഒളിച്ചോട്ടമാണ് രവിയുടെ ജീവിതമെങ്കിലും, മുന്നോട്ടുള്ള പ്രയാണത്തിൽ ഉടനീളം, തന്റെ പിതാവിലേക്കെത്താനുള്ള അഭിലാഷവും വേദനയും രവിയിൽ കാണാം. അള്ളാപ്പിച്ച മൊല്ലാക്ക പോലുള്ള പിതൃരൂപങ്ങൾ നോവലിൽ കടന്നുവരുന്നുണ്ട്. 2025ൽ ഖസാക്ക് വായിക്കുമ്പോൾ ജന്മം നൽകിയ കുറ്റത്തിന്, മാതാവിന് നേരെ കത്തി വീശിയ ഇന്നത്തെ സമൂഹത്തെ നമ്മുടെ ഗതകാലം ഓർമിപ്പിക്കുന്നു. ഗ്രന്ഥകാരന്റെ ജീവിതദർശനം മാത്രമല്ല ഖസാക്ക്. മുൻപ് ആളുകൾ രവിയെ മാത്രം കേന്ദ്രീകരിച്ചു വായിക്കുമ്പോൾ ഇന്ന് കുഞ്ഞാമിനയും അപ്പുക്കിളിയുമൊക്കെ രവിക്കപ്പുറം നിൽക്കുന്നു.

Content Highlights: OV Vijayan and Thasrak Rememberance

dot image
To advertise here,contact us
dot image