കുടിയേറ്റനയത്തില് കാലിടറി പ്രധാനമന്ത്രി; നെതർലാൻഡ്സിൽ എന്താണ് സംഭവിക്കുന്നത്, കാരണമെന്ത്?

യൂറോപ്പിലെ ഏറ്റവും പരിചയ സമ്പന്നരായ രാഷ്ട്രീയക്കാരില് ഒരാള് എന്നും റുട്ടെ അറിയപ്പെട്ടിരുന്നു

dot image

കുടിയേറ്റ നയത്തിൽ ധാരണയിലെത്താൻ കഴിയാഞ്ഞതോടെ നെതർലാൻഡ്സ് പ്രധാനമന്ത്രി മാർക്ക് റുട്ടെ രാജിവെച്ചൊഴിഞ്ഞു. രാജ്യം വീണ്ടും തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. അഭയാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാനുളള നടപടികളെ കുറിച്ച് തർക്കം തുടരുന്നതിനാൽ സഖ്യ സർക്കാർ രാജിവെക്കുകയാണെന്നായിരുന്നു മാർക്ക് റുട്ടെയുടെ പ്രഖ്യാപനം. നെതർലാൻഡ്സിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച നേതാവായിരുന്നു അമ്പത്തിയാറുകാരനായ മാർക്ക് റുട്ടെ. ഈ വർഷാവസാനം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനെ നേരിടാൻ താൻ തയ്യാറാണെന്ന് രാജിവെച്ച ശേഷം മാർക്ക് റുട്ടെ പറഞ്ഞിരുന്നു.

ഡച്ച് സർക്കാരിനെ തകർച്ചയിലേക്ക് നയിച്ചതെന്ത്?

പതിനെട്ട് ദശലക്ഷത്തോളം ജനസംഖ്യയുള്ള രാജ്യത്ത് കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് വേണ്ടി പുതിയ നയം രൂപീകരിക്കാനുളള ശ്രമമാണ് 18 മാസം മുമ്പ് രൂപം കൊണ്ട റുട്ടെ സർക്കാരിന്റെ ഭരണത്തിന് കർട്ടനിട്ടത്. കുടിയേറ്റ നയത്തിൽ സഖ്യ കക്ഷികൾക്ക് ഇടയിൽ ഭിന്നാഭിപ്രായം രൂപപ്പെട്ടതാണ് റുട്ടെയ്ക്ക് വിനയായത്. ഈ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ പാർട്ടികൾക്ക് കഴിഞ്ഞിരുന്നില്ല. സഖ്യ സർക്കാരിലെ ഘടക കക്ഷികൾക്ക് കുടിയേറ്റ നയത്തിൽ വ്യത്യസ്തമായ അഭിപ്രായമുണ്ട് എന്നത് പരസ്യമായ കാര്യമാണ്. ഈ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കില്ലെന്ന് മനസ്സിലായതോടെയാണ് രാജിവെക്കാൻ തീരുമാനിച്ചതെന്ന് മാർക്ക് റുട്ടെ പറഞ്ഞിരുന്നു.

രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദമുള്ള യുദ്ധ അഭയാർത്ഥികളുടെ എണ്ണം പ്രതിമാസം 200 ആയി പരിമിതപ്പെടുത്തണമെന്ന ആവശ്യം മാർക്ക് റുട്ടെ ഉന്നയിച്ചിരുന്നു. നടപടി പാസായില്ലെങ്കിൽ സർക്കാരിനെ താഴെയിറക്കുമെന്ന് റുട്ടെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഒടുവിൽ ആ ഭീഷണിക്ക് സഖ്യകക്ഷികൾക്ക് വഴങ്ങേണ്ടി വന്നു എന്നതാണ് യാഥാർത്ഥ്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കുടിയേറ്റ നയത്തിൽ സഖ്യകക്ഷികൾ ചർച്ച നടത്തിവരുകയായിരുന്നു. രാജ്യത്ത് അഭയാർത്ഥി ക്യാമ്പുകളിൽ കടുത്ത അസൗകര്യങ്ങളാണ് നേരിട്ടിരുന്നത്. അടുത്തിടെ അഭയാർത്ഥി ക്യാമ്പിൽ വെച്ച് ഒരു കുട്ടി മരിച്ചത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. അടച്ചുറപ്പില്ലാത്ത ക്യാമ്പുകളിൽ നൂറുകണക്കിന് അഭയാർത്ഥികൾ തുറസ്സായ സ്ഥലത്താണ് കിടക്കുന്നതെന്നും സർക്കാരിനെതിരെ പരാതികൾ ഉയർന്നിരുന്നു.

റുട്ടെയുടെ സ്വന്തം പാർട്ടിയായ പീപ്പിൾസ് പാർട്ടി ഫോർ ഫ്രീഡം ആൻഡ് ഡെമോക്രസി അഭയാർഥികളുടെ എണ്ണം പരിമിതപ്പെടുത്താൻ വലിയ സമ്മർദ്ദവും നേരിട്ടിരുന്നുവെന്നത് വസ്തുതയാണ്. അഭയാർത്ഥികളുടെ എണ്ണം വർദ്ധിക്കുന്നത് രാജ്യത്തിന് അമിതഭാരമാണെന്ന് ചില സഖ്യകക്ഷികൾ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഡി66, ക്രിസ്ത്യൻ യൂണിയൻ എന്നീ ഘടകകക്ഷികൾ പുതിയ കുടിയേറ്റ നയത്തിന് എതിരായിരുന്നു. അഭയാർത്ഥികൾക്ക് നെതർലാൻഡ്സിലേക്ക് വരുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നടപടിയേയും പിന്തുണക്കില്ലെന്ന് ഇരു പാർട്ടികളും പ്രഖ്യാപിച്ചിരുന്നു.

നെതർലാൻഡ്സിൽ ഇനിയെന്ത്?

നവംബർ പകുതിയോടെ നെതർലാൻഡ്സിൽ പൊതുതിരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ കാവൽ സർക്കാരിനെ നയിക്കുമെന്ന് റുട്ടെ പറഞ്ഞിരുന്നു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിൽ യുക്രെയ്ന് പിന്തുണ നൽകുന്നത് തുടരുമെന്നും റുട്ടെ അറിയിച്ചിരുന്നു. എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തി. അതേസമയം 'റുട്ടെ ഐവി' എന്ന് വിളിക്കുന്ന സഖ്യ സർക്കാരിന്റെ പെട്ടെന്നുളള പതനവും സഖ്യകക്ഷികൾക്കിടയിൽ മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

കിരീടം താഴെവെച്ച് റുട്ടെ

ഒന്നിന് പുറകെ ഒന്നായി രാഷ്ട്രീയ പ്രതിസന്ധികളെ അതിജീവിക്കുന്നതിന് പേരുകേട്ട പ്രധാനമന്ത്രിയായിരുന്നു മാർക്ക് റുട്ടെ. ഡച്ച് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തി കൂടിയാണ് മാർക്ക് റുട്ടെ. ഹംഗറിയിലെ വിക്ടർ ഓർബനെ പോലെ യൂറോപ്യൻ യൂണിയനിലെ ഏറ്റവും മുതിർന്ന നേതാവ് എന്ന സ്ഥാനവും മാർക്ക് റുട്ടെയ്ക്ക് സ്വന്തമാണ്.

2010ലെ അധികാര കൈമാറ്റത്തിനു ശേഷം റുട്ടെയുണ്ടാക്കിയ നാലാമത്തെ സഖ്യസർക്കാരാണ് ഇത്. ദീർഘനാളത്തെ ചർച്ചകൾക്കു ശേഷം 2022ലാണ് മാർക് റുട്ടെ പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്തത്. എന്നാൽ സഖ്യകക്ഷികൾക്കിടയിൽ പല വിഷയങ്ങളിലും ഭിന്നത രൂക്ഷമായിരുന്നു. യൂറോപ്പിലെ ഏറ്റവും പരിചയ സമ്പന്നരായ രാഷ്ട്രീയക്കാരില് ഒരാള് എന്നും റുട്ടെ അറിയപ്പെട്ടിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us