ബിഗ് സ്ക്രീനിൽ നിന്ന് പൊളിറ്റിക്കൽ സ്ക്രീനിലേക്ക് വിജയ് വന്നാൽ....!!

അങ്ങനെ സിനിമയിലെ ആക്ഷൻ-പവർഫുൾ ഡയലോഗുകളില്ലാതെ സ്വാഭാവിക പ്രവർത്തികളിലൂടെ തന്നെ താനൊരു മുതൽവനാകാൻ പ്രാപ്തിയുള്ളയാളാണെന്ന് വിജയ് തെളിയിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെയാണ് തമിഴ് നാട്ടിലെ ചെറുതും വലുതുമായ രാഷ്ട്രീയ പാർട്ടികൾക്കുള്ളിൽ വിജയ്യുടെ രാഷ്ട്രീയ ചുവടുവെപ്പ് വലിയ ചർച്ചാ വിഷയമാകുന്നതും

അമൃത രാജ്
2 min read|10 Jul 2023, 11:27 pm
dot image

നടൻ വിജയ് രാഷ്ട്രീയത്തിലേക്കോ എന്ന ചർച്ച ഉയർന്നു തുടങ്ങിയിട്ട് നാളേറെയായി. തമിഴകം വിട്ട് ഇന്ത്യയൊട്ടാകെ ആ ചർച്ച പതിയെ വ്യാപിക്കുന്നുമുണ്ട്. ഇതുമായി ബന്ധപ്പെട്ട നേരിട്ടുള്ള പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വിജയ് നടത്തിയിട്ടില്ലെങ്കിലും പ്രതീക്ഷയോടെ ആരാധകരും ആശങ്കയോടെ രാഷ്ട്രീയപാർട്ടികളും വിജയ്യുടെ അടുത്ത നീക്കമെന്തെന്ന് ഉറ്റുനോക്കുകയാണ്. സിനിമ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ പോലും കഴിയാത്ത വിജയ്യാണോ രാഷ്ട്രീയത്തിലിറങ്ങാൻ പോകുന്നത് എന്ന് പരിഹസിക്കുന്നവരും വിജയ് മത്സരിച്ചാൽ ഉറപ്പായും ജയിക്കുമെന്ന് പറയുന്നവരും തമ്മിലുള്ള വാഗ്വാദങ്ങളും സജീവമാണ്. ഇതിനിടെയാണ് കഴിഞ്ഞ കാലങ്ങളിലെ വിജയ് എന്തായിരുന്നു എന്ന ചോദ്യവും പ്രസ്കതമാവുന്നത്.

സിനിമയ്ക്ക് പുറത്തും വിജയ് ഹീറോ ആകുന്ന കാഴ്ച ആവേശത്തോടെയാണ് ഇന്ത്യയൊട്ടാകെ കണ്ടത്. പ്രത്യേകിച്ച് തമിഴ് മക്കൾ. ദളപതി വിജയ് എന്ന നടൻ അതിനുമപ്പുറത്തേക്ക്, ജനങ്ങളിലേക്ക്, ഇറങ്ങിച്ചെല്ലുന്ന കാഴ്ച. ജനങ്ങളുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് ആകുലനാകുന്ന മനുഷ്യനാണ് താൻ എന്ന് കൂടുതൽ വ്യക്തമാക്കുകയായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹം. നിങ്ങളിലൊരാളാണ് ഞാൻ, ഇത് നമ്മുടെ പ്രശ്നമാണ്, ഞാനൊപ്പമുണ്ട് എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ പല വിഷയങ്ങളിലും സംസാരിക്കുന്നതും തന്റേതായ രീതിയിൽ പ്രതിഷേധമറിയിക്കുന്നതും നാം കണ്ടിട്ടുണ്ട്. പ്രെട്രോൾ വില വർധനയോടുള്ള പ്രതിഷേധമായി സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയതൊക്കെ ചെറിയൊരുദാഹരണം മാത്രം.

അങ്ങനെ സിനിമയിലെ ആക്ഷൻ-പവർഫുൾ ഡയലോഗുകളില്ലാതെ സ്വാഭാവിക പ്രവർത്തികളിലൂടെ തന്നെ താനൊരു മുതൽവനാകാൻ പ്രാപ്തിയുള്ളയാളാണെന്ന് വിജയ് തെളിയിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെയാണ് തമിഴ് നാട്ടിലെ ചെറുതും വലുതുമായ രാഷ്ട്രീയ പാർട്ടികൾക്കുള്ളിൽ വിജയ്യുടെ രാഷ്ട്രീയ ചുവടുവെപ്പ് വലിയ ചർച്ചാ വിഷയമാകുന്നതും.

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വീടുകളിൽ ഇലക്ട്രോണിക് ഉപകരണങ്ങളും വസ്ത്രങ്ങളും അവശ്യവസ്തുക്കളും സമ്മാനങ്ങളായി എത്തുന്നത് ഇക്കാലമത്രയും 'ഇലക്ഷൻ നടപ്പ്' ആയിരുന്നിടത്താണ്, സംസ്ഥാനത്തെ 234 നിയോജക മണ്ഡലങ്ങളിലെ വിദ്യാർഥികളോടും അവരുടെ രക്ഷകർത്താക്കളോടും വിജയ് ഇങ്ങനെ പറഞ്ഞത്, 'പണം വാങ്ങി വോട്ട് നൽകുന്നവർ സ്വന്തം വിരൽ കൊണ്ട് കണ്ണിൽ കുത്തുകയാണ് ചെയ്യുന്നത്. ഒരു വോട്ടിന് 1000 രൂപ വച്ച് കൊടുക്കുന്നവർ ഒന്നര ലക്ഷം പേർക്ക് അത് കൊടുക്കുന്നുണ്ടെങ്കിൽ അത് 15 കോടി രൂപയാണ്. അപ്പോൾ അയാൾ അതിന് മുൻപ് എത്ര രൂപ സമ്പാദിച്ചിട്ടുണ്ടാകുമെന്ന് ആലോചിക്കണം.' വിജയ്യുടെ ഒരോ വാക്കുകൾക്കും ആർത്തു വിളിച്ച് കൈയ്യടിച്ചും വിസിലടിച്ചും മക്കൾ ആവേശത്തിരയിളക്കി.

യുവജനങ്ങൾക്കിടയിൽ വിജയ്ക്കുള്ള സ്വാധീനം വലിയൊരു ഘടകമാണ്. വിജയ്യുടെ രാഷ്ട്രീയ പ്രവേശനം ഉടനെയുണ്ടോ എന്ന് തമിഴ് രാഷ്ട്രീയരംഗം ആകാംക്ഷയോടെ ഉറ്റുനോക്കുന്നതിന് ഒരു കാരണവും ഇതുതന്നെയാണ്. യുവതലമുറയെ ഒപ്പം കൂട്ടാൻ പ്രാപ്തിയുള്ള ഒരു നേതാവ് എന്നതിലേക്ക് വിജയ് വളരുന്നതിനെ രാഷ്ട്രീയ പാർട്ടികൾ ഭയക്കുകയും ചെയ്യുന്നു.

തമിഴ്നാട്ടിൽ കരുത്തുറ്റ രണ്ട് വലിയ ദ്രാവിഡ പാർട്ടികളേക്കാളും വോട്ട്ശതമാനം ഉള്ളത് ചെറിയ പാർട്ടികൾക്കാണ്. എൻടികെ, പിഎംകെ, വിസികെ, ബിജെപി പോലുള്ള പാർട്ടികളുടെ വോട്ടുകൾ വലിയ തോതിൽ സമാഹരിക്കാനായാൽ തമിഴകത്ത് നടക്കുക വലിയ അട്ടിമറി തന്നെയായിരിക്കും. അതുകൊണ്ടു തന്നെ യുവ വോട്ടർമാരെ, പ്രത്യേകിച്ച് ആദ്യമായി വോട്ടു ചെയ്യുന്നവരെ തങ്ങളുടെ പാർട്ടിയിലേക്കും പ്രത്യയശാസ്ത്രത്തിലേക്കും ആകർഷിക്കാൻ കിണഞ്ഞുപരിശ്രമിക്കുന്നവരാണ് തമിഴ്നാട്ടിലെ എല്ലാ നേതാക്കളും. യുവജനങ്ങളെ സ്വാധീനിക്കാനായാൽ തങ്ങളുടെ മുന്നേറ്റം സുനിശ്ചിതമെന്ന് എല്ലാ രാഷ്ട്രീയപാർട്ടികൾക്കും ഉറപ്പാണ്. ഭിന്നിച്ചു കിടക്കുന്ന ആ വോട്ടുകൾ ഒരിടത്തേക്ക് കേന്ദ്രീകരിക്കുമോ എന്നതാണ് വിജയ്യുടെ രാഷ്ട്രീയപ്രവേശനം മുഖ്യധാരാ പാർട്ടികൾക്ക് നേരെ ഉയർത്തുന്ന വെല്ലുവിളി.

തലൈവർ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനവും പിന്നീടുള്ള പിന്മാറ്റവും, സിനിമാ നടന്മാർ രാഷ്ട്രീയത്തിലേക്ക് വരുന്നതിൽ ജനങ്ങൾക്ക് മടുപ്പുണ്ടാക്കിയിട്ടുണ്ട് എന്നാണ് ചെറു രാഷ്ട്രീയ പാർട്ടികളിലെ നേതൃനിര ഉറച്ചു വിശ്വസിക്കുന്നത്. മാത്രമല്ല യുവ വോട്ടർമാരെ ആകർഷിക്കാനായി തങ്ങളുടെ പാർട്ടിക്ക് പ്രത്യയശാസ്ത്രവും വിവിധ രാഷ്ട്രീയ വിഷയങ്ങളിലെ വ്യക്തമായ കാഴ്ചപ്പാടുകളും ഉണ്ട് എന്നതിലും ഇവർ ആശ്വാസം കണ്ടെത്തുന്നു. വിജയ്ക്ക് പറയാൻ അങ്ങനെയൊരു പ്രത്യയശാസ്ത്രത്തിന്റെ പിൻബലമില്ല എന്നാണ് ഈ നേതാക്കന്മാരുടെ വിലയിരുത്തൽ.

"ഒരു തെരഞ്ഞെടുപ്പിൽ അദ്ദേഹം ശക്തനായ എതിരാളിയായിരിക്കാം. എന്നാൽ അതിനപ്പുറം വളരണമെങ്കിൽ യോജിച്ച പ്രത്യയശാസ്ത്രവും നയവും അദ്ദേഹം വ്യക്തമാക്കേണ്ടതുണ്ട്. അങ്ങനെയൊന്ന് പ്രഖ്യാപിക്കാനുണ്ടെങ്കിൽ അത് ജനങ്ങളെ അറിയിക്കേണ്ടത് ഇപ്പോഴാണ്. അല്ലെങ്കിൽ അദ്ദേഹത്തിന് തന്നെ അത് ദോഷമായി ഭവിക്കും". എൻടികെ ട്രഷറർ രാവണനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

പ്രസ്താവനകൾ നടത്തിയാൽ മാത്രം പോരാ, നടനായിരിക്കുമ്പോഴും സജീവ രാഷ്ട്രീയപ്രവർത്തകനാകുകയും വേണം എന്നതാണ് വിജയ്യെ കാത്തിരിക്കുന്ന ഒരു വെല്ലുവിളി. 'പുരട്ചി തലൈവർ എംജിആർ അങ്ങനെയായിരുന്നു, എന്നു കരുതി വിജയ്ക്ക് അങ്ങനെയാകാൻ കഴിയുമോ. വിജയ്ക്ക് എന്നല്ല ഇപ്പോഴുള്ള ഏതെങ്കിലും നടന് അങ്ങനെയാകാൻ കഴിയുമോ?' തമിഴകം ചോദിച്ചു തുടങ്ങിയിട്ടുണ്ട്.

പാർട്ടിയും പ്രത്യയശാസ്ത്രവും വെളിപ്പെടുത്തി വിജയ് രംഗത്തെത്തുന്നതു വരെ ചർച്ചകൾ ഉഷാറായി തുടരും. വിജയ് എന്ന രാഷ്ട്രീയനേതാവിനെ നേരിടാൻ ഒരു മുഴം മുന്നേ കണക്കുകൂട്ടി കരുനീക്കങ്ങളുമായി നേതാക്കൾ തയ്യാറെടുത്തിട്ടുമുണ്ട്. ഇനി അങ്ങനെയൊന്ന് സംഭവിച്ചില്ലെങ്കിലോ, നടത്തിയ ചർച്ചകളെല്ലാം പാഴായിപ്പോയി എന്ന നിരാശ ബാക്കിയാക്കി ഇളയ ദളപതി വെള്ളിത്തിരയിൽ തുടരും. എന്താകും, കാത്തിരുന്ന് കാണാം....!

dot image
To advertise here,contact us
dot image