ശ്രീധരന്റെ വേഗതയില് ട്രാക്ക് മാറ്റി സര്ക്കാര്!; അപായചങ്ങല വലിച്ച് സിപിഐഎം?

അതിവേഗ പാത സംബന്ധിച്ച ചര്ച്ചയെ കെ റെയില്-ഇ ശ്രീധരന്റെ ബദല് എന്നീ ബൈനറികളില് തളച്ചിടുന്നത് സംസ്ഥാനസര്ക്കാരിന് ഗുണകരമായേക്കില്ല

dot image

വരുന്ന പൊതുതിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന രാഷ്ട്രീയ വിഷയമായി വേഗ റെയില് ചര്ച്ചകള് മാറിയേക്കും. കെ വി തോമസിന്റെ ഇടപെടലോടെ ഇ ശ്രീധരന് സ്വീകരിച്ച സമീപനമാണ് വേഗ റെയില് ചര്ച്ചകള്ക്ക് പെട്ടെന്ന് ചൂട് പിടിപ്പിച്ചത്. ഇ ശ്രീധരന്റെ ചില നിര്ദ്ദേശങ്ങള് കൂടി അംഗീകരിച്ച്, സംസ്ഥാന സര്ക്കാര് കെ റെയില് പദ്ധതി പ്രാവര്ത്തികമാകുമെന്ന നിലയിലാണ് ആദ്യഘട്ടത്തില് ഈ വിഷയം വിലയിരുത്തപ്പെട്ടത്.

ഇതിന്റെ തൊട്ടുപിന്നാലെ ബിജെപി വേഗ പാതയ്ക്ക് അനുകൂലമാണ് എന്ന നിലപാടുമായി കെ സുരേന്ദ്രന് രംഗത്ത് വന്നിരുന്നു. വേഗപാതയുമായി ബന്ധപ്പെട്ട് പെട്ടെന്ന് ഉണ്ടായ ചര്ച്ചകള് സിപിഐഎം-ബിജെപി ധാരണയാണ് എന്ന ആക്ഷേപവുമായി കോണ്ഗ്രസും കളം പിടിച്ചു. രാഷ്ട്രീയ എതിര്പ്പുണ്ടെങ്കിലും ശ്രീധരന് എന്ന ടെക്നോക്രാറ്റിനോട് ബഹുമാനമാണ് എന്ന സമീപനവും തുടക്കത്തിൽ സിപിഐഎമ്മിന്റെ ഭാഗത്ത് നിന്നുമുണ്ടായി.

നേരത്തെ കെ-റെയിലില് വിഭാവനം ചെയ്തിരുന്ന സ്റ്റാന്ഡേര്ഡ് ഗേജിന് പകരം ബ്രോഡ്ഗേജിലുള്ള അര്ദ്ധ അതിവേഗ പാത എന്നതായിരുന്നു ഇ ശ്രീധരന്റെ നിര്ദ്ദേശം. ദേശീയ റെയില്പാതയുമായി ബന്ധിപ്പിക്കാന് കഴിയുന്ന വേഗപാതയാണ് ലക്ഷ്യമെന്നും ഇ ശ്രീധരന് ചൂണ്ടിക്കാണിച്ചിരുന്നു. ഭൂമി ഏറ്റെടുക്കലിന്റെ വിഷയങ്ങളെ മറികടക്കാന് ഭൂഗര്ഭ-ഉപരിതല റെയില് ലൈന് എന്ന നിര്ദ്ദേശവും ശ്രീധരന് മുന്നോട്ടുവച്ചതായി വാര്ത്തകള് വന്നിരുന്നു. താന് മുന്നോട്ടുവച്ച നിര്ദ്ദേശങ്ങള് സര്ക്കാര് അംഗീകരിച്ചാലും പദ്ധതിയുടെ മേല്നോട്ടം നിര്വ്വഹിക്കില്ല, മാര്ഗ്ഗ നിര്ദ്ദേശം നല്കുമെന്നും ശ്രീധരന് വ്യക്തമാക്കിയതോടെ കെ-റെയില് വീണ്ടും ട്രാക്കിലാകുന്നു എന്ന പ്രതീതിയാണ് സൃഷ്ടിച്ചത്. ശ്രീധരന്റെ നിര്ദ്ദേശങ്ങള് അംഗീകരിച്ച് മുന്നോട്ടുപോകാമെന്ന ധാരണയിലേക്ക് സര്ക്കാരും എത്തിയതായി സൂചനകളുണ്ടായിരുന്നു.

സില്വര് ലൈന് പദ്ധതിക്ക് അനുമതി കിട്ടുമെന്ന് തോന്നുന്നില്ലെന്നും തന്റെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്നുമുള്ള ശ്രീധരന്റെ പുതിയ നിലപാട് പക്ഷെ സംസ്ഥാന സര്ക്കാരിനെയാണ് പ്രതിരോധത്തിലാക്കുന്നത്. നിര്മ്മാണ ചുമതല പരിചയ സമ്പന്നര്ക്ക് നല്കണമെന്നും ഇന്ത്യന് റെയില്വേയോ ഡല്ഹി മെട്രോ റെയിൽ കോർപ്പറേഷനോ ഇതിന്റെ നിര്മ്മാണം നടത്തണമെന്നും ശ്രീധരന് പറയുന്നുണ്ട്. സില്വര് ലൈന് പദ്ധതി പ്രാവര്ത്തികമാക്കുന്നതിനായി സംസ്ഥാന സര്ക്കാര് ചുമതലപ്പെടുത്തിയ കേരള റെയില് ഡവലെപ്പ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ് കേരളത്തിലെ വേഗപാതയുടെ നിര്മ്മാണം നടത്തേണ്ടെന്നും ശ്രീധരന് അടിവരയിടുന്നുണ്ട്. കെ റെയില് കോര്പ്പറേഷനുമായി ഒരു സഹകരണത്തിനുമില്ലെന്നും കെ-റെയിലിന് അതിവേഗ പാത നിര്മ്മിക്കാനുള്ള പ്രാപ്തിയില്ലെന്നും ശ്രീധരന് വ്യക്തമാക്കുന്നുണ്ട്.

കേരളത്തിലെ റെയില്വേ അടിസ്ഥാന സൗകര്യങ്ങള് മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സര്ക്കാരും ഇന്ത്യന് റെയില്വെയും കേന്ദ്രസര്ക്കാരും സംയുക്തമായി രൂപീകരിച്ചിരിക്കുന്ന സ്ഥാപനമാണ് കേരള റെയില് ഡവലെപ്പ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ്. സില്വര്ലൈന് പദ്ധതിയുടെ നിര്വ്വഹണ ചുമതല കെ റെയില് കോര്പ്പറേഷനായിരുന്നു. എന്നാല് വേഗ റെയില് വിഷയത്തില് കെ റെയില് കോര്പ്പറേഷന്റെ പങ്കാളിത്തം ആവശ്യമില്ലെന്ന് തന്നെയാണ് ഇ ശ്രീധരന് പറഞ്ഞുവച്ചിരിക്കുന്നത്.

ഇ ശ്രീധരന്റെ പുതിയ നിലപാടാണ് സംസ്ഥാന സര്ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ഇ ശ്രീധരന് വിഭാവനം ചെയ്യുന്ന നിലയിലുള്ള പദ്ധതി ഡിഎംആര്സിയെ ഏല്പ്പിക്കാന് സംസ്ഥാന സര്ക്കാര് തയ്യാറാകുമോയെന്നതും വേഗപാതയുടെ ഭാവിയെ സംബന്ധിച്ച് നിര്ണ്ണായകമാണ്. സില്വര് ലൈന് പദ്ധതിയുമായി ബന്ധപ്പെട്ട് ഡിപിആര് ഉള്പ്പെടെയുള്ള നടപടിക്രമങ്ങള് കെ റെയില് കോര്പ്പറേഷന് ഇതിനകം പൂര്ത്തീകരിച്ചിട്ടുണ്ട്.

അതിനാല് തന്നെ കെ റെയില് കോര്പ്പറേഷനെ മാറ്റിനിര്ത്തി വേഗപാതയുമായി മുന്നോട്ടുപോകാന് സംസ്ഥാനസര്ക്കാര് തയ്യാറാകുമോ എന്നത് പ്രധാനമാണ്. കെ റെയില് പദ്ധതി കോടികളുടെ അഴിമതി നടത്താനുള്ള പദ്ധതിയാണ് എന്ന രാഷ്ട്രീയ ആരോപണം ഏറ്റവും ശക്തമായി ഉന്നയിച്ചത് സംസ്ഥാന ബിജെപി നേതൃത്വമാണ്. അതിനാല് തന്നെ അതിവേഗ പാത സംബന്ധിച്ച ചര്ച്ചയെ കെ-റെയില്-ഇ ശ്രീധരന്റെ ബദല് എന്നീ ബൈനറികളില് തളച്ചിടുന്നത് സംസ്ഥാനസര്ക്കാരിന് ഗുണകരമായേക്കില്ല.

ശ്രീധരന് മുന്നോട്ടുവച്ച നിര്ദ്ദേശങ്ങളോട് സംസ്ഥാന സര്ക്കാര് തുടക്കത്തില് തന്നെ അനുകൂല പ്രതികരണം നടത്തിയ സാഹചര്യത്തില് ശ്രീധരന്റെ നിലപാട് സംസ്ഥാന സര്ക്കാരിനെയാണ് പ്രതിരോധത്തിലാക്കുന്നത്. കെ-റെയില് കോര്പ്പറേഷനില് തട്ടി ശ്രീധരന്റെ നിര്ദ്ദേശങ്ങള് അവഗണിച്ചാല് വേഗ റെയില് വിഷയത്തില് സംസ്ഥാന സര്ക്കാരിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെട്ടേക്കാം.

പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരമൊരു വിവരണം ഉണ്ടാകുന്നത് ഇടതുമുന്നണിക്ക് രാഷ്ട്രീയമായും ഗുണകരമല്ല. കേന്ദ്രസര്ക്കാര് കേരളത്തിന്റെ വേഗപാത എന്ന ആശയത്തിന് അനുകൂലമാണ്, പക്ഷെ മുന്പരിചയമില്ലാത്ത കെ റെയില് കോര്പ്പറേഷനായി സംസ്ഥാന സര്ക്കാര് വാശിപിടിക്കുന്നു എന്ന ചര്ച്ച ഉണ്ടാകുന്നത് ഗുണകരമല്ലെന്ന് സിപിഐഎം നേതൃത്വം വിലയിരുത്തുന്നുണ്ടെന്ന് വേണം അനുമാനിക്കാന്. ശ്രീധരന്റെ പുതിയ പദ്ധതിയില് തിടുക്കം വേണ്ടെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം ഇത്തരം വിഷയങ്ങളെല്ലാം പരിഗണിച്ചാവും കൈക്കൊണ്ടിരിക്കുക.

മാത്രമല്ല തോമസ് ഐസക്ക് ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കൾ നേരത്തെ വേഗപാതക്ക് മികച്ചത് സ്റ്റാൻഡേർഡ് ഗേജാണ് എന്നതിൽ വാദമുഖങ്ങൾ നിരത്തിയിരുന്നു. എന്നാൽ ഇ ശ്രീധരൻ വാദിക്കുന്നത് ബ്രോഡ്ഗേജ് പാതക്ക് വേണ്ടിയാണ്. ഒരിക്കൽ സിപിഐഎം തള്ളിക്കളഞ്ഞ ഇത്തരം സാങ്കേതിക വിഷയങ്ങൾ മികച്ചതെന്ന നിലയിൽ ഇ ശ്രീധരൻ അവതരിപ്പിക്കുന്ന സാഹചര്യവും ഇപ്പോൾ ഉയർന്ന് വന്നിട്ടുണ്ട്.

എന്തായാലും ബിജെപി സംസ്ഥാന കേന്ദ്ര നേതൃത്വവും കേന്ദ്രസര്ക്കാരും ഇ ശ്രീധരന് നിര്ദ്ദേശിച്ചിരിക്കുന്ന പുതിയ പദ്ധതിക്ക് അനുകൂലമാണ് എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതിനാല് തന്നെ ശ്രീധരനോ കേന്ദ്രസര്ക്കാരോ വേഗ റെയില് വിഷയത്തില് തുടര് നടപടികളുമായി നീങ്ങിയാലും സംസ്ഥാന സര്ക്കാര് പ്രതിരോധത്തിലാവും. കെവി തോമസ് ഈ വിഷയത്തില് നടത്തിയ നീക്കം സംസ്ഥാന സര്ക്കാരിനെ പ്രതിരോധത്തിലാക്കി എന്ന വികാരം സിപിഐഎമ്മിലും ഉയര്ന്നുവന്നേക്കാം. പൊതുതെരഞ്ഞെടുപ്പ് അടുത്തെത്തി നില്ക്കെ കെ റെയില് വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്ക്കാരിന് ഇടപെടാനുള്ളൊരു പഴുത് എന്തായാലും ഇപ്പോഴത്തെ സംഭവവികാസങ്ങള് തുറന്നിടുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us