ദേശീയ രാഷ്ട്രീയം മുഴുവന് ബെംഗ്ളൂരുവിലേക്ക് ഉറ്റുനോക്കുന്ന ദിവസമാണിന്ന്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില് കണ്ട് കേന്ദ്രസര്ക്കാരിനും ബിജെപിക്കുമെതിരെ ഐക്യമുന്നണി രൂപീകരിക്കാനുള്ള പ്രതിപക്ഷ പാര്ട്ടികളുടെ രണ്ടാമത്തെ യോഗം ഇന്ന് ബെംഗളൂരുവില് വെച്ച് നടക്കുകയാണ്. ഇന്നും നാളെയുമായി നടക്കുന്ന യോഗത്തിലേക്ക് കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജ്ജുന് ഖാര്ഗെയുടെ ക്ഷണം സ്വീകരിച്ച് 26 രാഷ്ട്രീയ പാര്ട്ടികള് പങ്കെടുക്കുന്നുണ്ട്. വിശാല പ്രതിപക്ഷ സഖ്യത്തിനൊപ്പം നില്ക്കാന് സാധ്യതയുള്ള, എന്ഡിഎ വിരുദ്ധ പക്ഷത്ത് നില്ക്കുന്ന സകല പാര്ട്ടികളെയും ഒന്നിച്ചുചേര്ത്ത് നടത്തുന്ന യോഗം, കോണ്ഗ്രസ് മുന് അധ്യക്ഷ സോണിയാഗാന്ധി പങ്കെടുക്കുന്ന ആദ്യ പ്രതിപക്ഷയോഗം എന്നിങ്ങനെ ബെംഗ്ളൂരുവിലെ ഈ കൂടിച്ചേരലിന് പ്രത്യേകതകള് ധാരാളമുണ്ട്.
മുതിര്ന്ന സോഷ്യലിസ്റ്റ് നേതാവും ബീഹാര് മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ നേതൃത്വത്തില് ജൂണ് 23 നായിരുന്നു ആദ്യ പ്രതിപക്ഷ യോഗം പട്നയില് ചേര്ന്നത്. കോണ്ഗ്രസ്, ജെഡിയു, തൃണമൂല് കോണ്ഗ്രസ്, എന്സിപി, ആര്ജെഡി, ഡിഎംകെ, ആം ആദ്മി പാര്ട്ടി, സിപിഐഎം, സിപിഐ, സമാജ് വാദി പാര്ട്ടി, നാഷണല് കോണ്ഫ്റന്സ്, ഝാര്ഖണ്ഡ് മുക്തിമോര്ച്ച, ശിവസേന താക്കറെ വിഭാഗം, പിഡിപി, സിപിഐഎംഎല് ലിബറേഷന് എന്നിങ്ങനെ 17 ഓളം പ്രതിപക്ഷ രാഷ്ട്രീയ പാര്ട്ടികളായിരുന്നു അന്ന് യോഗത്തില് അണിനിരന്നത്.
ഇത്തവണ പ്രതിപക്ഷ യോഗം കുറച്ച് കൂടി വിശാലമാക്കുന്നത് ദക്ഷിണേന്ത്യയില് നിന്ന് ഉള്പ്പെടെ 8 രാഷ്ട്രീയ പാര്ട്ടികളുടെ പുതുതായുള്ള സാന്നിധ്യം കൂടിയാണ്.
എംഡിഎംകെ, കെഡിഎംകെ, വിസികെ, ആര്എസ്പി, ഫോര്വേഡ് ബ്ലോക്ക്, മുസ്ലീം ലീഗ്, കേരള കോണ്ഗ്രസ് (ജോസഫ്), കേരള കോണ്ഗ്രസ് (മാണി) എന്നിവര് നാളത്തെ യോഗത്തില് പങ്കെടുക്കും. ഇതില് തന്നെ തമിഴ്നാട്ടില് നിന്നുള്ള രാഷ്ട്രീയ പാര്ട്ടികളായ എംഡിഎംകെയും കെഡിഎംകെയും 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില് ബിജെപി സഖ്യകക്ഷികളായിരുന്നു എന്ന പ്രത്യേകയും ഉണ്ട്. ഉത്തരേന്ത്യയില് നിന്നുള്ള ചെറുകക്ഷികളെ നിരത്തി എന്ഡിഎ സഖ്യം വിപുലീകരിക്കാനുള്ള നരേന്ദ്രമോദിയുടെ നീക്കത്തിന് തടയിടുന്നതാണ് ദക്ഷിണേന്ത്യയില് നിന്നുള്ള ചെറു പാര്ട്ടികളെ ഒപ്പം കൂട്ടാനുള്ള മല്ലികാര്ജ്ജുന് ഖാര്ഗെയുടെ ഈ നീക്കം.
അവശതകള്ക്കിടയിലും സോണിയാഗാന്ധി ഇന്നത്തെ യോഗത്തിനെത്തുന്നുവെന്നത് വിശാല സഖ്യത്തിന് കരുത്ത് പകരുന്നതാണ്. പ്രതിപക്ഷ പാര്ട്ടികള്ക്ക് സോണിയ അത്താഴവിരുന്നൊരുക്കുന്നുമുണ്ട്. പ്രതിപക്ഷ സഖ്യത്തെ ആര് നയിക്കും എന്ന നേതൃപ്രശ്നത്തിന് സോണിയയുടെ സാന്നിധ്യം ഉത്തരം നല്കുമെന്നാണ് കരുതുന്നത്. മാത്രമല്ല, കോണ്ഗ്രസ് തന്നെയാണ് പ്രതിപക്ഷ സഖ്യത്തെ നയിക്കുകയെന്ന സൂചനയിലേക്കും ഇത് വിരല്ചൂണ്ടുന്നു.
ദീര്ഘ കാലം കോണ്ഗ്രസ് അധ്യക്ഷയായിരുന്ന സോണിയയുമായി കഴിഞ്ഞ സെപ്റ്റംബറില് ലാലു പ്രസാദ് യാദവും നിതീഷ് കുമാറും നടത്തിയ കൂടിക്കാഴ്ചയില് നിന്നാണ് ഇപ്പോഴത്തെ പ്രതിപക്ഷ സഖ്യത്തിന്റെ ആലോചനകള് ഉരുത്തിരിഞ്ഞതെന്നത് ശ്രദ്ധേയമാണ്. ഇതിന് പുറമേ 2004ല് നിരവധി പ്രതിപക്ഷ പാര്ട്ടികളെ ഒന്നിപ്പിച്ച് യുപിഎ രൂപീകരിക്കുന്നതില് നിര്ണായക പങ്കുവഹിച്ചതും സോണിയയാണ്.
സോണിയയുടെ സാന്നിധ്യം 2003 ലെ കോണ്ഗ്രസിന്റെ ഷിംല സമ്മേളനം കൂടി ഓര്മ്മപ്പെടുത്തുന്നുണ്ട്. അന്ന് പാര്ട്ടി അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധി അധ്യക്ഷത വഹിച്ച മൂന്ന് ദിവസത്തെ യോഗം പാര്ട്ടിയെ അധികാരത്തില് തിരിച്ചെത്തിക്കാന് വലിയ പങ്കുവഹിച്ചെന്നാണ് വിലയിരുത്തല്. ഗുലാം നബി ആസാദും അംബികാ സോണിയും മന്മോഹന് സിംഗും ഉള്പ്പെടെ ഉറച്ച നിര തന്നെ അന്നത്തെ സമ്മേളനത്തില് അണിനിരന്നിരുന്നു. അന്ന് സിപിഐഎം സെക്രട്ടറിയായിരുന്ന ഹര്കിഷന് സിംഗ് സുര്ജിതും സിപിഐയുടെ എബി ബര്ധനും ലാലു പ്രസാദ് യാദവും സോണിയക്കൊപ്പം ഉണ്ടായിരുന്നു. ആ നിലക്കുള്ള ശക്തമായ ഐക്യം സോണിയയുടെ സാന്നിധ്യത്തില് ഇത്തവണയും രൂപപ്പെടുമോയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
ഡല്ഹി ഓര്ഡിനന്സിന്റെ പേരില് പട്നയിലെ യോഗത്തില് കലാപക്കൊടി ഉയര്ത്തിയ ആം ആദ്മി പാര്ട്ടിയെ അനുനയിപ്പിച്ചുവെന്നതും ഇത്തവണത്തെ നേട്ടമാണ്. രണ്ടാമത്തെ യോഗത്തില് പങ്കെടുക്കുമെന്ന് അരവിന്ദ് കെജ്രിവാള് പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്ഹി സര്ക്കാരിന്റെ അധികാര പരിധിക്ക് തടയിടുന്ന ഡല്ഹി ഓര്ഡിനന്സില് കോണ്ഗ്രസ് മൗനം പാലിച്ചതായിരുന്നു ആം ആദ്മി പാര്ട്ടിയെ ചൊടിപ്പിച്ചത്. വിഷയത്തില് കോണ്ഗ്രസ് നിലപാട് വ്യക്തമാക്കിയില്ലെങ്കില് രണ്ടാമത്തെ പ്രതിപക്ഷ യോഗത്തിനെത്തില്ലെന്ന് കെജ്രിവാള് പരസ്യമായി വെല്ലുവിളിച്ചിരുന്നു. ആ സാഹചര്യത്തില് ബെംഗ്ളൂരുവില് യോഗം ചേരാന് രണ്ട് ദിവസം മാത്രം മുന്നിലിരിക്കെ കോണ്ഗ്രസ്, ഡല്ഹി ഓര്ഡിനന്സിനെ എതിര്ക്കുമെന്ന് പ്രഖ്യാപിച്ചത് ആം ആദ്മി പാര്ട്ടിയെ അനുനയത്തിന്റെ വഴിയിലെത്തിച്ചു. ന്യൂഡല്ഹിയിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില് അരവിന്ദ് കെജ്രിവാള് യോഗത്തില് പങ്കെടുക്കാനുള്ള സാധ്യത കുറവാണ്. എങ്കിലും ആം ആദ്മി പ്രതിനിധികള് യോഗത്തിലുണ്ടാകും.
2009 ല് സാധ്യമാക്കിയത് പോലെയുള്ള ഒരു സഖ്യം കൂടിയാണ് കോണ്ഗ്രസ് ഇത്തവണ പ്രതീക്ഷിക്കുന്നത്. അധികാരത്തില് തിരിച്ചെത്തിയാല് തങ്ങളുടെ ശക്തി തിരിച്ചുപിടിക്കാമെന്നും കോണ്ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. അതില് വിട്ടുവീഴ്ച്ച ചെയ്തും അധികാരത്തില് തിരിച്ചെത്തുകയെന്നതാണ് കോണ്ഗ്രസിന്റെ ഇപ്പോഴത്തെ സ്ട്രാറ്റജി. അത് മുന്നില് കണ്ടുകൂടിയാണ് ആംആദ്മി പാർട്ടിയുടേത് ഉള്പ്പെടെയുള്ളവരുടെ ഡിമാന്റ് അംഗീകരിച്ചതെന്നാണ് വിലയിരുത്തല്
ആത്മവിശ്വാസത്തിന്റെ കാര്യത്തില് പട്ന യോഗത്തില് നിന്നും കോണ്ഗ്രസ് ഏറെ മുന്നോട്ടുപോയിട്ടുമുണ്ട്. വിവിധ സംസ്ഥാനങ്ങളില് നിലനിന്നിരുന്ന പ്രാദേശിക പ്രശ്നങ്ങള്ക്ക് പരിഹാരം കാണാന് കോണ്ഗ്രസിന് ഇതിനിടയില് സാധിച്ചിട്ടുണ്ട്. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹിലോട്ടിനും സച്ചിന് പൈലറ്റിനുമിടയില് നിലനിന്നിരുന്ന സംഘടനാ ഭിന്നതകള് പരിഹരിക്കാന് കോണ്ഗ്രസിനായി.
ചത്തീസ്ഗഡില് വിമത നീക്കങ്ങള് നടത്തിയിരുന്ന കോണ്ഗ്രസ് നേതാവ് ടി എസ് സിങ് ദോയ്ക്ക് ഉപമുഖ്യമന്ത്രി പദവി നല്കി പ്രശ്നങ്ങള് പരിഹരിച്ചു.
മധ്യപ്രദേശില് കോണ്ഗ്രസ് മെച്ചപ്പെട്ട നിലയില് നിയമസഭാ തിരഞ്ഞെടുപ്പൊരുക്കങ്ങള് ആരംഭിച്ചു. പ്രിയങ്ക ഗാന്ധിയുടെയും മധ്യപ്രദേശ് സംസ്ഥാന അധ്യക്ഷനും മുന് മുഖ്യമന്ത്രിയുമായ കമല്നാഥിന്റേയും നേതൃത്വത്തില് അച്ചടക്കത്തോടെയുള്ള പ്രചാരണം പാര്ട്ടി ആരംഭിച്ചു. ബംഗ്ളൂരു പ്രതിപക്ഷ യോഗത്തിലെത്തുമ്പോള് കോണ്ഗ്രസിന് ധൈര്യം നല്കുന്ന ഘടകങ്ങള് ഇങ്ങനെ നിരവധിയുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പൊതു അജണ്ട ഇന്നത്തെ യോഗത്തില് അവതരിപ്പിക്കുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം. യൂണിഫോം സിവില് കോഡില് വ്യത്യസ്ത സംസ്ഥാനങ്ങളില് കോണ്ഗ്രസ് സ്വീകരിച്ച നിലപാട് കുഴക്കുമോയെന്നതും മുന്നിലുണ്ട്. അതേ സമയം പ്രതിപക്ഷ പാര്ട്ടികള് രണ്ടാമതും യോഗം ചേരുമ്പോള് മറുതന്ത്രങ്ങള് ആലോചിക്കാന് ബിജെപിയും നീക്കം തുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രി മുഴവന് സമയവും പങ്കെടുക്കുന്ന എന്ഡിഎ യോഗം ഈ വരുന്ന ചൊവ്വാഴ്ച ചേരും.
മഹാരാഷ്ട്രയില് നിന്നും ഏകനാഥ് ഷിന്ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും അജിത് പവാറിന്റെ നേതൃത്വത്തില് എന്സിപിയും എന്ഡിഎ യോഗത്തില് പങ്കെടുത്തേക്കും. എന്നാല് ശരദ് പവാറിനെ കണ്ട് എന്സിപി പിളര്ത്തരുതെന്ന് ആവശ്യപ്പെട്ട അജിത് പവാറിന്റേയും സംഘത്തിന്റേയും മനസ്സിലുള്ളത് എന്താണെന്ന് അറിയില്ല.
ഇതിന് പുറമേ തെലുങ്കുദേശം പാര്ട്ടിയും ശിരോമണി അകാലിദളും എന്ഡിഎയിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങുന്നുവെന്നും റിപ്പോര്ട്ടുകളുണ്ട്. കര്ണാടകയിലെ ജനതാദള് (സെക്കുലര്), ഉത്തര്പ്രദേശിലെ സുഹേല്ദേവ് ഭാരതീയ സമാജ് പാര്ട്ടി (എസ്ബിഎസ്പി), ബിഹാറിലെ വികാസ്ശീല് ഇന്സാന് പാര്ട്ടി (വിഐപി), ഹിന്ദുസ്ഥാന് അവാമി മോര്ച്ച (എച്ച്എഎം), ലോക് ജനശക്തി പാര്ട്ടി പാര്ട്ടി എന്നിവരും എന്ഡിഎയുമായി കൈകോര്ക്കും.
എന്ഡിഎ വിരുദ്ധ പക്ഷത്തുള്ള എല്ലാ പാര്ട്ടികളെയും ഒന്നിച്ചുചേര്ക്കാനുള്ള വിശാല പ്രതിപക്ഷമുന്നേറ്റം ഇന്ന് ബംഗളൂരുവില്. ദിവസങ്ങള്ക്കുള്ളില് തന്നെ എന്ഡിഎയും തങ്ങള്ക്കൊപ്പം നില്ക്കാന് സാധ്യതയുള്ളവരെയെല്ലാം വിളിച്ചുചേര്ത്ത് യോഗം ചേരുന്നു. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ അങ്കം ഈ ദിവസങ്ങളില് രാജ്യത്ത് തുടക്കം കുറിക്കുകയാണ് എന്ന് നിസംശയം പറയാം.