ക്രൂരമായ അതിക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും നടുക്കുന്ന വാർത്തകളാണ് മണിപ്പൂരിൽ നിന്ന് ഓരോ നിമിഷവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കൂട്ടബലാത്സംഗം, ബലാത്സംഗക്കൊലപാതകം, നഗ്നയാക്കി ജീവനോടെ തീകൊളുത്തികൊല്ലൽ അടക്കമുള്ള സംഭവങ്ങൾ. കേട്ടാൽ ഉയിരുപൊള്ളുന്ന ഈ ക്രൂരതകളെല്ലാം സ്ത്രീകൾക്ക് നേരെയാണ്. മണിപ്പൂരില് ജോലിസ്ഥലത്തു നിന്ന് വലിച്ചിറക്കിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊന്നത് രണ്ട് യുവതികളെയാണ്. ബലാത്സംഗം ചെയ്ത് നഗ്നരാക്കി ആൾക്കൂട്ടത്തിന് മുന്നിൽ പ്രദർശിപ്പിച്ചത് രണ്ട് സ്ത്രീകളെയാണ്. നഗ്നയാക്കി കസേരയിലിരുത്തി തീക്കൊളുത്തി കൊന്നത് 45 വയസ്സുകാരിയെയാണ്. ഇത്രയും നാൾ പുറത്തുവരാതിരുന്ന വാർത്തകൾ ഓരോന്നായി പുറംലോകമറിഞ്ഞുകൊണ്ടിരിക്കുന്നു. ഇനിയും പുറത്തുവരാനിരിക്കുന്ന വാർത്തകളും മറിച്ചാകാൻ തരമില്ല. അസം റൈഫിൾസ് ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയ തങ്ജം മനോരമ, ഗുജറാത്ത് കലാപത്തിൽ ബിൽക്കിസ് ബാനു, മണിപ്പൂരിലെ പേരറിയാത്ത ഒട്ടനേകം സ്ത്രീകൾ, ശരീരത്തിലേക്ക് അതിക്രമിച്ചുകയറി അക്രമകാരികൾ ഇല്ലാതാക്കിയ സ്ത്രീകളുടെ തീരാത്ത പട്ടികയുണ്ട് രാജ്യത്തും ലോകത്തെമ്പാടും.
കലാപഭൂമിയിലെ കൂട്ടബലാത്സംഗങ്ങൾ
ഇന്ത്യയിൽ മാത്രമല്ല, കലാപമുണ്ടാകുന്നിടങ്ങളിലെല്ലാം സ്ത്രീകളാണ് ആദ്യാവസാനം ഇരകൾ. അഫ്ഗാനിൽ, യുക്രൈനിൽ, ബംഗ്ലാദേശിൽ, മ്യാന്മാറിൽ, സിറിയയിൽ എവിടെയും സ്ത്രീകൾ ക്രൂരമായ അതിക്രമങ്ങൾക്ക് ഇരകളാകുന്നു. അതിജീവിതകളെന്ന് നാം പറയുമ്പോഴും അതിജീവിക്കാനാകാത്ത വിധം ക്രൂരതകൾ സ്ത്രീകൾ കലാപങ്ങളിൽ നേരിടുന്നുണ്ട്. അവരുടെ ശാരീരിക മാനസ്സികാഘാതങ്ങൾ എവിടെയും രേഖപ്പെടുത്തുക പോലും ചെയ്യാറില്ല. ലോകം ഏറെ മുന്നേറിയെങ്കിലും മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ അത് ആദ്യം ബാധിക്കുന്നത് സ്ത്രീകളെയാണ്.
ചരിത്രം പറയുന്നു, ആദ്യം ആക്രമിക്കപ്പെടുന്നത് സ്ത്രീകളെന്ന്
1947 ലെ ഇന്ത്യാ വിഭജനകാലം, 1971 ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ മുന്നേറ്റ കാലം, 1984 ലെ സിഖ് കലാപകാലം, ശ്രീലങ്കൻ ആഭ്യന്തര യുദ്ധകാലം, 2002 ലെ ഗുജറാത്ത് കലാപകാലം എവിടെയും തട്ടിക്കൊണ്ടുപോയതും ബലാത്സംഗം ചെയ്യപ്പെട്ടതും പരസ്യമായി പൊതു മധ്യത്തിൽ അപമാനിക്കപ്പെട്ടതും സ്ത്രീകളാണ്. വിഭജനകാലത്ത് കുറഞ്ഞത് 83,000 സ്ത്രീകളാണ് ലൈംഗികാതിക്രമം നേരിട്ടത്. ബംഗ്ലാദേശ് യുദ്ധകാലത്ത് രണ്ട് ലക്ഷം മുതൽ നാല് ലക്ഷം വരെ ബംഗാളി സ്ത്രീകൾ ലൈംഗികാതിക്രമത്തിന് ഇരകളായി. ദശാബ്ദങ്ങൾ കഴിഞ്ഞാണ് ഞെട്ടിക്കുന്ന പല ക്രൂരതകളും മറനീക്കി പുറത്തുവന്നത്. കലാപങ്ങൾ അവസാനിപ്പിക്കാനെത്തുന്ന ആർമിക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും നേരെ വരെ ക്രൂരബലാത്സംഗ പരാതികൾ ഉയർന്ന സന്ദർഭങ്ങളുണ്ടായി. കശ്മീരും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും ഇതിന് ഉദാഹരണം. അഫ്സ്പ എന്ന നിയമത്തിന്റെ പേരിൽ മണിപ്പൂരിൽ സൈന്യം അഴിച്ചുവിട്ട ക്രൂരതകളിൽ, അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊലചെയ്യപ്പെട്ട മനോരമ, വീണ്ടും ഓർമ്മിക്കപ്പെടുകയാണിവിടെ.
ബിഹാറിൽ 1989 ലെ ഭഗൽപൂർ കലാപത്തിൽ 1000 ലേറെ പേർ കൊല്ലപ്പെട്ടു. കലാപം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച രണ്ട് കമ്മീഷനുകളും അന്നുണ്ടായ ഒറ്റ ലൈംഗികാതിക്രവും ബലാത്സംഗവും റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടില്ലെന്ന് ഈ കലാപത്തെ കുറിച്ച് പഠനം നടത്തിയ അഭിഭാഷകയായ വരിഷ ഫർസാത്ത് ബിബിസിയോട് പറയുന്നു. സംഭവം നടന്ന് 21 വർഷത്തിന് ശേഷമാണ് വരിഷ പഠനം നടത്തിയത്. ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും അനുഭവിച്ച ക്രൂരതകളെകുറിച്ച് ഓർമിക്കാൻ പോലും അവർക്ക് പ്രയാസമാണ്. ശരീരിക പീഡനങ്ങളും എവിടെയും അടയാളപ്പെടുത്താറില്ല. യുദ്ധക്കെടുതിയിൽ കണക്കാക്കാറില്ല. തുറന്ന് പറയാൻ സ്ത്രീകൾ മുതിരുമ്പോൾ അവർക്ക് നീതി ലഭിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ഈ അവസ്ഥ മാറണമെന്നും വരിഷ പറയുന്നു.
2002 ലെ ഗുജറാത്ത് കലാപത്തിൽ കൂട്ടബലാത്സഗംത്തിനിരയായ ബിൽക്കിസ് ബാനുവിനെ നാം മറന്നുകാണില്ല. കുടുംബത്തിലെ 14 പേരെ കൊലചെയ്യുകയും ഗർഭിണിയായ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തതിന് സാക്ഷിയാണ് ഇന്ത്യ. ഈ കൂട്ടബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെയും നല്ലനടപ്പിനെ തുടർന്ന് സ്വാതന്ത്ര്യ ദിനത്തിൽ സ്വതന്ത്രരാക്കിയ നാടാണ് ഇന്ത്യ. അവർ ജയിൽ മോചിതരായപ്പോൾ മാലയിട്ട് സ്വീകരിക്കാനെത്തിവരും കൂടിയടങ്ങുന്നതാണ് നമ്മുടെ സമൂഹം.
റഷ്യ-യുക്രൈൻ യുദ്ധം
2022 ഫെബ്രുവരി 24 ന് റഷ്യ, യുക്രൈൻ അധിനിവേശം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ യുദ്ധ ഭൂമിയിൽ നിന്ന് പുറത്തുവന്നത് ലൈംഗികാതിക്രമത്തിന്റെ ഭീതിപ്പെടുത്തുന്ന വാർത്തകൾ കൂടിയായിരുന്നു. യുക്രൈൻ വനിതകളെ റഷ്യൻ സൈനികർ ബലാത്സംഗം ചെയ്തു. യുദ്ധം ആരംഭിച്ച് ഒരു വർഷം കഴിയുമ്പോൾ 154 ലൈംഗികാതിക്രമങ്ങളാണ് ഇവിടെ നിന്ന് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ യുദ്ധം തുടങ്ങി 500 ദിവസം കഴിയുമ്പോൾ ലൈംഗികാതിക്രമത്തിന്റെ കണക്കുകൾ ഇതിലുമെത്രയോ ഏറെയാണ്.
80 വയസ്സിനു മുകളിലുള്ള സ്ത്രീകളെ മുതൽ 4 വയസ്സുള്ള പെൺകുട്ടിയെ വരെ ഒരു സൈനികൻ ലൈംഗിക താത്പര്യത്തിന് ഉപയോഗിച്ചുവെന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ ഐക്യരാഷ്ട്രസഭയിൽ ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നതായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
തലസ്ഥാനമായ കെയ്വിന് സമീപത്തെ ബച്ചയിൽ 25 ഓളം പെൺകുട്ടികളും സ്ത്രീകളുമാണ് റഷ്യൻ സൈനികരാൽ 'ആസൂത്രിതമായി' ബലാത്സംഗം ചെയ്യപ്പെട്ടതെന്ന് മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കായുള്ള യുക്രൈൻ ഓബ്ഡുസ് വുമൺ ല്യൂഡ്മൈല ഡെനിസോവ ബിബിസിയോട് പറഞ്ഞു. അവരിൽ ഒമ്പത് പേർ ഗർഭിണികളായി. യുക്രൈൻ കുഞ്ഞുങ്ങൾ പിറക്കാതിരിക്കാൻ, ഇനി ഒരു പുരുഷനുമായും ലൈംഗിക ബന്ധത്തിലേർപ്പെടാൻ ആഗ്രഹിക്കാൻ കഴിയാത്ത തരത്തിൽ ബലാത്സംഗം ചെയ്യുമെന്നാണ് റഷ്യൻ സൈനികർ ആ സ്ത്രീകളോട് പറഞ്ഞതെന്നും ഡെനിസോവ വ്യക്തമാക്കുന്നു.
താലിബാൻ കൈയ്യടക്കിയ അഫ്ഗാൻ
കലാപ പ്രദേശങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളാണ് ആദ്യം ഹനിക്കപ്പെടുന്നത്. ഇതിന് ഉദാഹരണമാണ് അഫ്ഗാനിസ്ഥാൻ. 2021 ഓഗസ്റ്റിൽ അഫ്ഗാനെ താലിബാൻ പിടിച്ചെടുത്തത് മുതൽ സ്വാതന്ത്ര്യത്തിന്റെ അവസാനതരിയും നഷ്ടമായി ഇരുട്ടിലകപ്പെട്ടുപോയത് സ്ത്രീകളും പെൺകുഞ്ഞുങ്ങളുമാണ്. താലിബാൻ അധിനിവേശത്തിന് ശേഷം അഫ്ഗാനിൽ ശൈശവ വിവാഹങ്ങളും ഭർതൃ ബലാത്സംഗങ്ങളും കൂടുന്നുവെന്നാണ് കഴിഞ്ഞ ജൂലൈയിൽ പുറത്തുവന്ന ആംനെസ്റ്റി റിപ്പോർട്ടിൽ മാധ്യമപ്രവർത്തകരും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. ഗാർഹിക പീഡനം നേരിടുന്നവർക്ക് ഭരണകൂടം സുരക്ഷ ഉറപ്പുനൽകിയിരുന്നെങ്കിലും അവരെ തടവിലാക്കുകയാണ് ചെയ്തത്. സമാധാനപരമായി പ്രതിഷേധിച്ച സ്ത്രീകളെ പോലും അതിക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു.
മ്യാൻമാറിലെ സ്ത്രീകൾ
മ്യാൻമാറിൽ വർഷങ്ങളായി സ്ഥിതി മറിച്ചല്ല. 2017 ൽ മ്യാൻമാർ സൈന്യം റോഹിങ്ക്യൻ മുസ്ലിങ്ങളെ അടിച്ചമർത്താൻ തുടങ്ങിയതോടെ മുസ്ലിം സ്ത്രീകൾക്ക് നേരെ ആരംഭിച്ച ലൈംഗികാതിക്രമങ്ങളും കൂട്ടബലാത്സംഗങ്ങളും സർവ്വസാധാരണമായി. 7,40,000 റോഹിങ്ക്യൻ മുസ്ലിങ്ങളാണ് അയൽ രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. ഇതിനിടെ മ്യാൻമാർ സൈന്യം റോഹിങ്ക്യൻ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യുകയും സ്ത്രീകളെ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്തു. കലാപങ്ങൾ നടക്കുമ്പോൾ പുരുഷന്മാരിൽ അരക്ഷിത ബോധം സൃഷ്ടിക്കാൻ അധികാര വർഗം ഉപയോഗിക്കുന്ന തന്ത്രമാണ് അവരുടെ ഭാര്യമാരെയും പെൺകുഞ്ഞുങ്ങളെയും സഹോദരിമാരെയും അമ്മയെയുമെല്ലാം ബലാത്സംഗം ചെയ്യുക എന്നത്. അതിൽ ഇവർ വിജയിക്കാറുമുണ്ട്. ഏറ്റവും പ്രിയപ്പെട്ടവർ ആക്രമിക്കപ്പെടുമ്പോൾ എതിരിടാനുള്ള ശക്തി സ്വാഭാവികമായി ചോർന്നുപോകുമല്ലോ!
2021 ൽ സൈന്യം മ്യാൻമാർ പിടിച്ചെടുത്തതോടെ സ്ത്രീകൾ ആക്രമിക്കപ്പെടുന്നതിന്റെ കേസുകൾ കൂടിവരികയാണ്. 100ലേറെ കേസുകളാണ് ഇതുവരെ, സ്ത്രീകളുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടുന്ന വുമൻസ് ലീഗ് ഓഫ് ബർമ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിലേറെയാണ് പുറത്തുവരാത്ത കേസുകളെന്നും ഇവർ വ്യക്തമാക്കുന്നു. ഒരു ജനതയെ ആക്രമിക്കാൻ ലൈംഗികാതിക്രമമാണ് എപ്പോഴും സൈന്യത്തിന്റെ മോഡസ് ഓപ്പറാണ്ടിയെന്ന് മ്യാൻമാറിൽ നിന്നുള്ള മനുഷ്യാവകാശ പ്രവർത്തകയായ നാ ഹസർ ഹസർ (Naw Hser Hser) പറയുന്നു.
സിറിയൻ ആഭ്യന്തരയുദ്ധം
കഴിഞ്ഞ 11 വർഷമായി സിറിയൻ ആഭ്യന്തരയുദ്ധത്തിൽ ആയിരക്കണക്കിന് സത്രീകളും പെൺകുട്ടികളുമാണ് ലൈംഗികാതിക്രമത്തിന് ഇരകളായത്. ജനങ്ങൾക്കിടയിൽ ഭീതി പരത്താനാണ് അക്രമികളുടെ ഈ നടപടി. സർക്കാർ സേനകളും അനുബന്ധ സൈന്യങ്ങളുമാണ് ലൈംഗികാതിക്രമങ്ങൾ അഴിച്ചുവിടുന്നത്. 2018 ൽ യുഎൻ സംഘം നടത്തിയ അന്വേഷണത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ വ്യഭിചാരം ആരോപിച്ച് സ്ത്രീകളെയും പെൺകുട്ടികളെയും കല്ലെറിഞ്ഞ് വധിക്കുകയും പെൺകുട്ടികളെ വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്തതായും കണ്ടെത്തി. എത്യോപ്യയിലും സാഹചര്യം സമാനമാണ്. ഇവിടങ്ങളിൽ യുദ്ധത്തിന്റെ ആയുധമായി അവർ ഉപയോഗിക്കുന്നത് സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമമാണ്.
ഉരിഞ്ഞെടുത്ത ആ വസ്ത്രങ്ങൾ, ഉണങ്ങാത്ത മുറിവുകൾ
2015 ൽ പ്രിസിറ്റിനയിലെ കൊസോവ നാഷണൽ സ്റ്റേഡിയത്തിൽ ഒരു പ്രദർശനം നടന്നു. ആ വലിയ ഫുട്ബോൾ ഗ്രൌണ്ടിൽ കെട്ടിയ കയറുകളിൽ ആയിരക്കണക്കിന് വസ്ത്രങ്ങൾ നിരന്നു, യുദ്ധകാലത്തെ ലൈംഗികാതിക്രമത്തിന്റെ അതിജീവിതർക്കുള്ള ആദരവായി. അതിക്രൂര പീഡനത്തിനിരയാകുമ്പോൾ അവർ ധരിച്ചിരുന്ന വസ്ത്രങ്ങളായിരുന്നു അവയിലോരോന്നും. അൽക്കേത ക്സ്വാഫ മരിപ്പ എന്ന ആർട്ടിസ്റ്റിന്റേതായിരുന്നു പ്രദർശനം. 1998-99 കാലത്തെ കൊസോവ യുദ്ധത്തിൽ 20,000 ഓളം കൊസോവ സ്ത്രീകളും കുറച്ച് പുരുഷൻമാരുമടക്കം ലൈംഗികാതിക്രമത്തിന് ഇരകളായി. ഈ ക്രൂരതയെ അതിജീവിച്ചവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ച വീഡിയോ കണ്ടതാണ് അൽക്കേതയെ ഈ പ്രദർശനത്തിന് പ്രേരിപ്പിച്ചത്.
കൊസോവ യുദ്ധത്തിൽ റുവാണ്ടയിൽ 1994ലുണ്ടായ മൂന്ന് മാസം നീണ്ടുനിന്ന വംശഹത്യയിൽ ബലാത്സംഗം ചെയ്യപ്പെട്ടത് ഒരു ലക്ഷത്തിനും രണ്ടര ലക്ഷത്തിനുമിടയിൽ സ്ത്രീകളാണ്. സിയാറ ലിയോണയിലെ അഭ്യന്തരകലാപത്തിൽ 1991 നും 2002 നുമിടയിൽ 60,000 സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നാണ് യുഎൻ ഏജൻസികളുടെ കണക്കുകൾ. ലിബേരിയയിൽ (1989 - 2003) 40000 ലേറെ സ്ത്രീകളും യൂഗോസ്ലാവ്യയിൽ (1992 - 1995) 60,000 ഓളം പേരും ബലാത്സംഗം ചെയ്യപ്പെട്ടു. കോൺഗോ(Democratic Republic of the Congo)യിൽ 1998 മുതൽ രണ്ട് ലക്ഷം സ്ത്രീകളെങ്കിലും കുറഞ്ഞത് ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും യുഎൻ ഏജൻസികളുടെ കണക്കുകൾ സൂചിപ്പിക്കുന്നു.
കൂട്ടബലാത്സംഗം ആയുധമാകുമ്പോൾ...
ബലാത്സംഗത്തെ ആയുധമാക്കുമ്പോൾ ജനങ്ങളെ പേടിപ്പെടുത്തുക, കുടുംബങ്ങളെ തകർക്കുക, സമുദായങ്ങളെ ശിഥിലമാക്കുക, ഇങ്ങനെ പലതാണ് അക്രമികളുടെ ലക്ഷ്യം. സംഘർഷം അവസാനിച്ചാലും ഇരകളുടെ ദുരിതം അവസാനിക്കുന്നില്ല. ഗർഭിണികളാകുന്ന സ്ത്രീകൾ, ലൈംഗിക രോഗങ്ങൾ, മാനസ്സിക സമ്മർദ്ദങ്ങളെല്ലാം ഈ കൊടുക്രൂരതയുടെ ബാക്കി പത്രമാണ്. ഇവയുണ്ടാക്കുന്ന അരക്ഷിതാവസ്ഥ വേറെ. സംഘർഷാനന്തര അതിജീവനം എളുപ്പമല്ലാതാകാനും ഇതെല്ലാം കാരണമാണ്. എച്ച്ഐവി ചികിത്സയ്ക്കും മരുന്നുകൾക്കും മാനസ്സിക പിന്തുണയ്ക്കും സാമ്പത്തിക സഹായം വലിയ തോതിൽ ആവശ്യമായി വരും. യുദ്ധം തകർത്ത രാജ്യങ്ങൾക്ക് ഇതൊന്നും അത്ര എളുപ്പമായിരിക്കില്ല.
അഫ്ഗാനിലായാലും എത്യോപ്യയിലായാലും ഇന്ത്യയിലെ മണിപ്പൂരിലായാലും കലാപഭൂമിയിലെ സ്ത്രീകളുടെ സുരക്ഷ ഏറ്റവും അവസാനം മാത്രമാണ് പരിഗണിക്കപ്പെടുന്നത്. മിക്കപ്പോഴും സ്ത്രീ സുരക്ഷ പരിഗണനാ വിഷയം പോലുമല്ല. മറ്റേത് വിഭാഗത്തേക്കാൾ കലാപം മുറിപ്പെടുത്തുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ്. എല്ലാകാലത്തും യുദ്ധം സ്ത്രീകൾക്ക് സമ്മാനിക്കുന്നത് ഒരിക്കലും ഉണങ്ങാത്ത മുറിവുകളാണ്.