2024ൽ ബിജെപിയെ പരാജയപ്പെടുത്തിയേക്കാവുന്ന 10 ഘടകങ്ങൾ

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കെല്ലാം ഒരു സമാനതയുണ്ട്. അതിൽ ആദ്യത്തേത്, എതിരാളികൾക്കെതിരെ മനഃശാസ്ത്രപരമായ മേൽക്കോയ്മ നേടുക എന്നതാണ്. പാർട്ടി സംവിധാനങ്ങൾ മുതൽ മാധ്യമങ്ങൾ വരെ ഇതിന് വേണ്ടി വലിയ തോതിൽ ഉപയോഗിക്കപ്പെടും

ആദർശ് എച്ച് എസ്
8 min read|23 Jul 2023, 11:20 pm
dot image

ഇന്ത്യൻ ജനാധിപത്യം ശ്രദ്ധേയമാകുന്നത് അതിന്റെ പ്രവചിക്കാനാവാത്ത സ്വഭാവം കൊണ്ട് കൂടിയാണ്. ഇന്ത്യയെന്നാൽ ഇന്ദിരയാണെന്ന് ചിന്തിച്ചിരുന്ന കാലത്തും ഈ രാജ്യം അവരെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയിട്ടുണ്ട്. വാജ്പേയ് മുതൽ രാഹുൽ ഗാന്ധി വരെ തോൽവിയുടെ രുചിയറിഞ്ഞതാണ്. പക്ഷേ 2014 ന് ശേഷം രാജ്യത്ത് ഉടലെടുത്ത ഒരു പൊതുബോധം, ബിജെപിയെ ഇനി തെരഞ്ഞെടുപ്പിൽ തോൽപിക്കുക എന്നാൽ ഏറെക്കുറെ അസാധ്യം എന്നതായിരുന്നു. ഓരോ ദിവസവും തിരഞ്ഞെടുപ്പ് നടക്കുന്നു എന്ന മട്ടിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ഒരു സംഘടനയെ കുറിച്ച് അത്തരത്തിലൊരു ചിന്താഗതി ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് തോന്നിയേക്കാം. പക്ഷേ പൊതുബോധങ്ങളെല്ലാം പൊതുവായ ബോധ്യങ്ങൾ അല്ലായെന്ന ഗ്രാംഷിയൻ വീക്ഷണത്തിലൂടെ നോക്കിയാൽ ഈ തോന്നൽ ജനങ്ങൾക്കിടയിൽ ഉടലെടുത്തത് അത്ര സ്വാഭാവികമായല്ലെന്ന് മനസിലാകും. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കെല്ലാം ഒരു സമാനതയുണ്ട്. അതിൽ ആദ്യത്തേത്, എതിരാളികൾക്കെതിരെ മനഃശാസ്ത്രപരമായ മേൽക്കോയ്മ നേടുക എന്നതാണ്. പാർട്ടി സംവിധാനങ്ങൾ മുതൽ മാധ്യമങ്ങൾ വരെ ഇതിന് വേണ്ടി വലിയ തോതിൽ ഉപയോഗിക്കപ്പെടും. എതിർപക്ഷത്തെ നേതാക്കളെ അടർത്തി ബിജെപിയിൽ എത്തിക്കും. എത്ര സീറ്റ് നേടിയാണ് വിജയിക്കുക എന്ന് അമിത് ഷാ തന്നെ നേരിട്ടെത്തി പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കാറ്റ് തങ്ങൾക്ക് അനുകൂലമാണെന്ന തോന്നൽ ഉണ്ടാക്കിയെടുക്കാൻ ഇവ ധാരാളമാണ്. അതുകൊണ്ട് തന്നെ ബിജെപി തോൽക്കുന്നൊരു സാഹചര്യത്തെ കുറിച്ച് പോലും പൊതുമണ്ഡലത്തിൽ കാര്യമായ ചർച്ചകൾ ഉണ്ടാകാറില്ല.

ഒരു രാഷ്ട്രീയ പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ ജയിക്കാൻ പ്രധാനമായും 3 ‘M’ കൾ വേണമെന്നാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ പറയുന്നത് - MAN,MESSAGE,MACHINER. നരേന്ദ്ര മോദി എന്ന നേതാവിന്റെ വ്യക്തി പ്രഭാവവും, ഹിന്ദുത്വ ആശയങ്ങളിൽ ഊന്നിയുള്ള ഭൂരിപക്ഷ പ്രീണന സന്ദേശവും, ആർഎസ്എസിന്റെ സംഘടനാ ബലവും കൈവശമുള്ളപ്പോൾ തീർച്ചയായും രാജ്യത്തെ ഏറ്റവും കൂടുതൽ വിജയസാധ്യതയുള്ള പാർട്ടി ബിജെപി തന്നെയാണ്. പക്ഷേ ഇവയെല്ലാം യാഥാർഥ്യമായിരിക്കുമ്പോഴും, ബിജെപിയുടെ വിജയസാധ്യതകൾക്ക് മേൽ ഡെമോക്ലാസിന്റെ വാള് പോലെ 10 ഘടകങ്ങൾ തൂങ്ങി കിടക്കുന്നുണ്ട് എന്ന് പറയാതെ വയ്യാ.

  • പ്രതിപക്ഷം മരിച്ചിട്ടില്ല

ജൂതന്മാരെ കൂട്ടക്കൊല ചെയ്യാനായി ഗ്യാസ് ചേംബറുകളിലേക്ക് വാഹനത്തിൽ കൊണ്ട് പോകുമ്പോൾ എവിടേക്കാണ് തങ്ങൾ പോകുന്നതെന്ന് മനസിലാകാതെ അപ്പോഴും സൈഡ് സീറ്റിന് വേണ്ടി തർക്കിച്ചവർ ഉണ്ടായിരുന്നു. ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ ഐക്യമില്ലായ്മയെ ഉപമിക്കാൻ പലപ്പോഴായി ഉപയോഗിച്ച് കണ്ടിട്ടുള്ള ഒരു ഉദാഹരണം ആയിരുന്നു ഇത്. എന്നാൽ പ്രതിപക്ഷ പാർട്ടികളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി വേട്ടയാടാൻ തുടങ്ങിയതോടെ പലരും അപായമണി തിരിച്ചറിഞ്ഞു. മുമ്പ് ബിജെപിയോട് മൃദു സമീപനം പുലർത്തിയിരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വരെ പ്രതിപക്ഷ ഐക്യ ചർച്ചകളിൽ സജീവമായി. നേതാക്കളെയും കുടുംബങ്ങളെയും വ്യക്തിപരമായി വേട്ടയാടുന്നത് മുതൽ മഹാരാഷ്ട്ര പോലെയുള്ള സംസ്ഥാനങ്ങളിൽ പ്രതിപക്ഷ പാർട്ടികളെ പിളർത്തുന്ന ഘട്ടം വരെയെത്തി. മുമ്പ് രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി സഖ്യങ്ങൾ സ്വീകരിച്ചിരുന്നവർക്ക് ബിജെപിക്കെതിരെ പോരാടുക എന്നത് നിലനിൽപ്പിന്റെ പ്രശ്നമായി മാറി. പോരാടുക അല്ലെങ്കിൽ മരിക്കുക എന്നത് മാത്രമാണ് ഇനി അവർക്ക് മുൻപിലുള്ള ഏക സാധ്യത. തീർച്ചയായും അത്തരത്തിലൊരു പോരാട്ടത്തിന് അവർ തുനിഞ്ഞ് ഇറങ്ങുമ്പോൾ ബിജെപിക്ക് കാര്യങ്ങൾ എളുപ്പമാവില്ല. ബിജെപിയെ തോൽപ്പിക്കുക എന്നതിലുപരി കൃത്യമായൊരു വീക്ഷണത്തോടെ പൊതു മിനിമം പദ്ധതി രൂപീകരിച്ചു മുന്നോട്ട് പോകാൻ കഴിഞ്ഞാൽ വിജയം എന്നത് വിദൂരത്താവില്ല. മതേതര വോട്ടുകൾ വിഭജിച്ച് പോകാതിരിക്കാൻ ഒരു പരിധി വരെ ഇത് സഹായിക്കും. ദേശീയ തലത്തിൽ ഒറ്റ സഖ്യമായി നിലനില്ക്കുന്നതിന് പകരം പ്രാദേശികമായി തന്ത്രങ്ങൾ രൂപീകരിക്കുമെന്ന പ്രതിപക്ഷ യോഗത്തിലെ നിലപാട് പക്വത നിറഞ്ഞതാണ്. ഈ പക്വത തുടരാനായാൽ I.N.D.I.A എന്ന് പേരിട്ടിരിക്കുന്ന സഖ്യത്തിന് തീർച്ചയായും പ്രതീക്ഷ സമ്മാനിക്കാൻ കഴിയും.

  • തിരിച്ചു വരുന്ന കോൺഗ്രസ്

നേതാക്കളുടെ കൊഴിഞ്ഞു പോക്കും ആശയങ്ങളിൽ വ്യക്തത ഇല്ലാതിരുന്നതും കോൺഗ്രസിനെ ദുർബലപ്പെടുത്തിയിരുന്നു. എന്നാൽ തോൽവികളിൽ നിന്ന് പാഠമുൾക്കൊണ്ട കോൺഗ്രസ് വലിയ പരിവർത്തനങ്ങളിലൂടെയാണ് കടന്നു പോയത്. ഇതിൽ പ്രധാനപ്പെട്ടത് രാഹുൽ ഗാന്ധിക്കുണ്ടായ മാറ്റമാണ്. ആദ്യകാല അഭിമുഖങ്ങളിൽ “ അധികാരം വിഷമാണ് “ എന്ന നിലപാട് സ്വീകരിച്ചിരുന്ന, രാഷ്ട്രീയത്തിൽ ഇടവേളകളെടുത്തിരുന്ന രാഹുൽ അധികാരത്തോട് താല്പര്യം കാണിക്കുകയും സജീവമായി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുകയും ചെയ്തു തുടങ്ങി. കന്യാകുമാരി മുതൽ കശ്മീർ വരെ അയാൾ ഭാരത് ജോഡോ നടത്തിയപ്പോൾ അത് സംഘടനയെയും ആശയത്തെയും നവീകരിക്കാൻ സഹായകമായി. വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കാം എന്ന് രാഹുൽ പറഞ്ഞപ്പോൾ അതിന് കോൺഗ്രസിന് പുറത്തും കേൾവിക്കാരുണ്ടായി.മൃദു ഹിന്ദുത്വ എന്ന പരാജയപ്പെട്ട ആശയത്തിന് പകരം ബിജെപിയിൽ നിന്നും ഭിന്നമായൊരു ആശയത്തിൻ കീഴിൽ ജനങ്ങളെ അണിനിരത്താൻ രാഹുലിന് കഴിഞ്ഞു എന്നതാണ് ഭാരത് ജോഡോ കൊണ്ടുണ്ടായ ഗുണം. വെറുപ്പ്-സ്നേഹം, ഗോഡ്സെ-ഗാന്ധി, അദാനി- പൊതുജനം, സവർക്കർ- നെഹ്രു എന്നിങ്ങനെ നിരവധി ദ്വന്ദങ്ങൾ സൃഷ്ടിക്കുന്നതിൽ ഒരു പരിധി വരെ രാഹുൽ വിജയിച്ചു. പാർട്ടി അധ്യക്ഷ സ്ഥാനത്ത് മല്ലികാർജ്ജുൻ ഖാർഗെ കൂടി എത്തിയപ്പോൾ വർഷങ്ങളായി ബിജെപി ആയുധമാക്കിയ കുടുംബാധിപത്യ പാർട്ടി എന്ന വിമർശനത്തിനും മൂർച്ച കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിൽ ആയിരുന്നപ്പോഴും 2014 ലും 2019 ലും ഇരുപത് ശതമാനത്തോളം വോട്ട് ഉണ്ടായിരുന്ന ഏക പ്രതിപക്ഷ പാർട്ടി കോൺഗ്രസാണ്. അതുകൊണ്ട് തന്നെ ബിജെപിയെ അധികാരത്തിൽ നിന്നും പുറത്താക്കണമെങ്കിൽ കോൺഗ്രസ് തിരിച്ചു വരവ് അനിവാര്യമായിരുന്നു. കോൺഗ്രസ് ആശയത്തിലും പൊതുമണ്ഡലത്തിലും സംസ്ഥാന തെരഞ്ഞെടുപ്പുകളിലും തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരിക്കുന്നു. മറ്റാരേക്കാളും ആദ്യം അത് തിരിച്ചറിഞ്ഞത് ബിജെപിയാണ്. മുൻപ് രാഹുൽ ഗാന്ധി കോൺഗ്രസിനൊപ്പം ഉള്ളതാണ് തങ്ങളുടെ ഐശ്വര്യമെന്ന് പരിഹസിച്ച അതേ പാർട്ടി ഇന്ന് അയാളെ പാർലമെന്റിൽ നിന്ന് അയോഗ്യനാക്കാൻ വ്യഗ്രത കാട്ടിയതും മറ്റൊന്നും കൊണ്ടല്ല. കർണാടക, ഹിമാചൽ തെരഞ്ഞെടുപ്പിലെ മിന്നും വിജയവും ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിലെ മടങ്ങി വരവിന്റെ സൂചനകളും കോൺഗ്രസിന്റെ മുന്നോട്ട് പോക്കിന് കരുത്ത് പകരും. അരുണാചൽ മുതൽ ഗുജറാത്ത് വരെ നടക്കാനിരിക്കുന്ന രണ്ടാം ഭാരത് ജോഡോ കൂടി വിജയകരമായൽ തീർച്ചയായും കോൺഗ്രസ്സിന് ആശയ്ക്ക് വകയുണ്ട്.

  • കണക്കിലെ കളികൾ

38 പാർട്ടികൾ ഉൾപ്പെടുന്ന എൻഡിഎക്ക് നിലവിൽ 45% വോട്ടും 329 സീറ്റുമുണ്ട്. I.N.D.I.A എന്ന് പേരിട്ടിരിക്കുന്ന പ്രതിപക്ഷ സഖ്യത്തിലെ 26 പാർട്ടികൾക്കും കൂടി 38.78.% വോട്ടും 157 സീറ്റുമാണ് നിലവിൽ ഉള്ളത്. എൻഡിഎ കൂടുതലായി ബിജെപിയെ ആശ്രയിക്കുന്നു എന്നതാണ് ഒരേ സമയം അവരുടെ കരുത്തും ദൗർബല്യവും. മുന്നണിയിൽ 301 സീറ്റും 38% വോട്ടും ബിജെപിയാണ് സംഭാവന ചെയ്യുന്നത്. 9 പാർട്ടികൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചിരുന്നില്ല.16 പാർട്ടികൾ ഒരു സീറ്റ് പോലും വിജയിക്കാൻ കഴിയാതെ ഇരുന്നവരാണ്. 7 പാർട്ടികൾ ഓരോ സീറ്റ് വീതം മാത്രമാണ് വിജയിച്ചത്. പിന്നെ അവശേഷിക്കുന്നത് പ്രധാനമായും മൂന്ന് പാർട്ടികൾ മാത്രമാണ്. ഇതിൽ എൽജെപിക്ക് 6 സീറ്റും, ഷിൻഡേ പക്ഷത്തുള്ള ശിവസേനയ്ക്ക് 13 സീറ്റും അപ്ന ദളളിന് 2 സീറ്റുമാണ് ഉള്ളത്. ലളിതമായി പറഞ്ഞാൽ ബിജെപിയെ മാറ്റിനിർത്തിയാൽ കേവലം 28 സീറ്റും 7% വോട്ടും മാത്രമുള്ള ഒരു മുന്നണിയാണത്.ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്ന ഒരു രാഷ്ട്രീയ വിഷയം ഉടലെടുത്താൽ മുന്നണി ശിഥിലമാകും. അതേസമയം,മറ്റുളവർക്ക് വിലപേശൽ കരുത്ത് ഇല്ലാത്തതിനാൽ ബിജെപി അവരുടെ ഇഷ്ട പ്രകാരം രാഷ്ട്രീയ തന്ത്രങ്ങൾ മെനയാനും കൂടുതൽ സീറ്റിൽ മത്സരിക്കാനുമുള്ള അവസരമുണ്ട്.

എൻഡിഎ സഖ്യം നിലവിൽ 12 സംസ്ഥാനങ്ങളാണ് ഭരിക്കുന്നത്. ഇവിടുത്തെ മുഴുവൻ ലോക്സഭാ സീറ്റുകളുടെ കണക്കെടുത്താൽ 219 സീറ്റ് വരും. അതേ സമയം I.N.D.I.A നിലവിൽ ഭരിക്കുന്ന 11 സംസ്ഥാനങ്ങളുടെ മുഴുവൻ ലോക്സഭാ സീറ്റുകളുടെ എണ്ണം 243 സീറ്റാണ്. ഈ സംസ്ഥാനങ്ങളിൽ ബിജെപിയെ നിലംതൊടാൻ കഴിയാത്ത വിധം തോല്പിക്കാനായൽ അവർക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്.

ഇവരുടെ വോട്ടുകൾ വിഭജിച്ച് നിന്നതാണ് ഒരു പരിധി വരെ 2019 ൽ ബിജെപിയുടെ വിജയം സുഗമമാക്കിയത്. എന്നാൽ ഇന്ന് അവർ ഒന്നിക്കുമ്പോൾ ഈ വോട്ട് ശതമാനം ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 20% വോട്ട് ഉണ്ടായിരുന്ന കോൺഗ്രസ്സിന്റെ വോട്ട് ഭാരത് ജോഡോക്ക് ശേഷം 29% ആയി ഉയർന്നേക്കാമെന്ന് ലോക്നീതി സി.എസ്.ഡി. എസ്സും എൻഡിടിവിയും ചേർന്ന് നടത്തിയ അഭിപ്രായ സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നു.കർണാടകയിൽ 2019 ൽ കോൺഗ്രസ്സിന് നേടാൻ കഴിഞ്ഞിരുന്നത് ഒരു സീറ്റ് മാത്രമാണ്. എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സൂചിപ്പിക്കുന്നത് കോൺഗ്രസ്സിനെ ഇനി അത്തരമൊരു സംഖ്യയിൽ തളച്ചിടാൻ ബിജെപിക്ക് കഴിയില്ല എന്ന് തന്നെയാണ്. നിയമസഭ തെരഞ്ഞെടുപ്പ് ആവർത്തിക്കാൻ കഴിഞ്ഞാൽ 28 ൽ 16 സീറ്റ് എങ്കിലും കോൺഗ്രസ്സിന് കരസ്ഥമാക്കാൻ കഴിയും. 2019 ൽ 2 സീറ്റ് മാത്രം നേടിയ ഛത്തീസ്ഗഡിലും,ഒരു സീറ്റ് മാത്രം നേടിയ മദ്ധ്യപ്രദേശിലും, സീറ്റ് ഒന്നും നേടാൻ കഴിയാതിരുന്ന രാജസ്ഥാനിലും ഹിമാചലിലും കോൺഗ്രസ്സിന് ഇപ്പോഴും തിരിച്ചു വരവിനുള്ള സാധ്യതകളുണ്ട്.

ബീഹാറിലെ 40 ൽ കോൺഗ്രസ് ഒരു സീറ്റിൽ മാത്രമായിരുന്നു വിജയിച്ചിരുന്നത്. എന്നാൽ അന്ന് എൻഡിഎയുടെ ഭാഗമായി മത്സരിച്ച 17 ൽ 16 സീറ്റും ജയിച്ച ജെഡിയുവും മറ്റൊരു പ്രധാന കക്ഷിയായ ആർജെഡിയും ഇപ്പോൾ പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമാണ്. എൻഡിഎക്ക് 39 സീറ്റ് എന്ന അദ്ഭുത നേട്ടം ഇത്തവണ ബീഹാറിൽ ആവർത്തിക്കാൻ കഴിയില്ലെന്നത് ഏറെക്കുറെ ഉറപ്പാണ്. മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്തമല്ല. 48 ൽ അന്ന് 41ലും ജയിച്ചത് എൻഡിഎ ആയിരുന്നെങ്കിലും ശിവസേനയും എൻസിപിയും കോൺഗ്രസ്സും സഖ്യത്തിൽ മത്സരിക്കുമ്പോൾ ബിജെപിക്ക് കാര്യങ്ങൾ എളുപ്പമായിരിക്കില്ല. ശിവസേനയിലും എൻസിപിയിലും പിളർപ്പ് ഉണ്ടാക്കാൻ കഴിഞ്ഞു എന്ന് ആശ്വസിക്കാമെങ്കിലും പ്രാദേശിക സർവ്വേകൾ പ്രകാരം ഇപ്പോഴും ജനപിന്തുണ ശരദ് പവാറിനും ഉദ്ധവ് താക്കറെയ്ക്കും തന്നെയാണ്.എൻസിപിയിൽ നിന്നും ഒരു ലോക്സഭാ എം. പി മാത്രമാണ് എൻഡിഎയിലേക്ക് പോയതെന്നതും ശ്രദ്ധേയമാണ്.

ബംഗാളിൽ 2019 ൽ ബിജെപി 18 സീറ്റുകൾ നേടിയിരുന്നു. എന്നാൽ തൊട്ടടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും തൃണമൂലിന്റെ അശ്വമേധമാണ് നാം കണ്ടത്. നിയമസഭാ പ്രകടനം ആവർത്തിക്കാൻ കഴിഞ്ഞാൽ 30 സീറ്റ് വരെ തൃണമൂലിന് വിജയിക്കാൻ കഴിയുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 38 സീറ്റുകളുള്ള തമിഴ്നാട്ടിലും, 25 സീറ്റുള്ള ആന്ധ്രയിലും, 20 സീറ്റുള്ള കേരളത്തിലും ഒരു സീറ്റ് പോലും ബിജെപിക്ക് നേടാൻ കഴിഞ്ഞിരുന്നില്ല. 2024ലും സ്ഥിതി വ്യത്യസ്തമാകാൻ സാധ്യതയില്ല എന്ന് തന്നെയാണ് സമീപ രാഷ്ട്രീയം സൂചിപ്പിക്കുന്നത്.13 സീറ്റുകളുള്ള പഞ്ചാബിലാകട്ടെ അവർക്ക് രണ്ട് സീറ്റ് മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. ഇത്തവണ ശിരോമണി അകാലി ദളിന്റെ പിന്തുണ കൂടി ഇല്ലാതെയാണ് പഞ്ചാബിൽ ബിജെപി മത്സരിക്കുന്നതെങ്കിൽ ആ രണ്ട് സീറ്റ് കൂടി നഷ്ടപ്പെടാനുള്ള സാധ്യതയാണ് കൂടുതൽ. അവ നല്കുന്ന സന്ദേശം ലളിതമാണ്. ബിജെപി 2024 നെ നേരിടാൻ ഒരുങ്ങുന്നത് നൂറോളം സീറ്റിൽ ആദ്യം തന്നെ പരാജയം ഉറപ്പിച്ചുകൊണ്ടാണ്. ബാക്കിയുള്ള 443 സീറ്റുകളിൽ നിന്നും വേണം അവർക്ക് 272 എന്ന മാന്ത്രിക സംഖ്യ തൊടാൻ.

  • സാമ്പത്തികം

ഇന്നത്തെ രാഷ്ട്രീയത്തിൽ പണം ഒരു വലിയ ഘടകമായി മാറിയെന്നത് സംശയമില്ലാത്ത കാര്യമാണ്. ഈ മേഖലയിൽ ബിജെപിക്ക് മറ്റ് പാർട്ടികളെക്കാൾ മേൽക്കോയ്മ ഉണ്ടെന്നത് വ്യക്തവുമായിരുന്നു. എന്നാൽ അവരുടെ ഏറ്റവും വലിയ ഫണ്ടർ ആയിരുന്ന അദാനിയുടെ ബിസിനസ്സ് സാമ്രാജ്യം അപ്രതീക്ഷിതമായ തകർച്ച നേരിടേണ്ടി വന്നത് ബിജെപിയെ തിരഞ്ഞെടുപ്പിലും ബാധിക്കാൻ സാധ്യതയുണ്ട്. ഭാരത് ജോഡോ യാത്ര വിജയകരമായി കോൺഗ്രസ് നടത്തിയതിന്റെ സാമ്പത്തിക വശം കൂടി പരിഗണിക്കുമ്പോൾ പണത്തിന്റെ കാര്യത്തിൽ കോൺഗ്രസിനെയും വിധിയെഴുതാറായിട്ടില്ലെന്ന് പറയേണ്ടി വരും. പ്രതിപക്ഷത്തെ മറ്റ് രാഷ്ട്രീയ പാർട്ടികളും അവരവരുടെ സംസ്ഥാനങ്ങളിൽ പണം സമാഹരിക്കാൻ പ്രാപ്തരാണ്.

  • വിദേശ വിചാരം

എത്ര വലിയ പരമാധികാര രാജ്യമായാലും ആഗോളവത്കരണത്തിന് ശേഷം ഓരോ രാജ്യത്തെയും ഭരണകൂടങ്ങളെ നിർണ്ണയിക്കുന്നതിൽ മറ്റ് രാജ്യങ്ങളുടെയും താല്പര്യങ്ങൾ നേരിട്ടോ അല്ലാതെയോ പ്രതിഫലിക്കാറുണ്ട്. ഇന്ത്യയിൽ പോലും ഇസ്രയേലിന്റെ സഹായത്തോടെ കേന്ദ്ര സർക്കാർ പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തി എന്ന് ആരോപണങ്ങൾ ഉണ്ടായിരുന്നു. ലോകത്താകമാനം വലതുപക്ഷ സർക്കാരുകൾ വന്നപ്പോൾ, കുറഞ്ഞപക്ഷം ആശയപരമായെങ്കിലും അത് ഇന്ത്യയിൽ ബിജെപിയെ സഹായിച്ചിരുന്നു. എന്നാൽ കാര്യങ്ങൾക്ക് മാറ്റം വന്നിരിക്കുന്നു. അമേരിക്കയിൽ ബിജെപിയോട് ആഭിമുഖ്യം പുലർത്തിയിരുന്ന ട്രംപ് സർക്കാരിന് പകരം കോൺഗ്രസിനോട് കൂടുതൽ ആഭിമുഖ്യം പുലർത്തുന്ന ഡെമോക്രാറ്റ്സ് അധികാരത്തിൽ വന്നു. അമേരിക്കൻ സന്ദർശനത്തിനിടയിൽ ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ച് നരേന്ദ്ര മോദിയേ ഓർമിപ്പിക്കാൻ മുൻ പ്രസിഡൻറ് ബരാക് ഒബാമയും മാധ്യമ പ്രവർത്തകരും മുന്നിലേക്ക് വരുന്നത് ഈ രാഷ്ട്രീയ മാറ്റത്തിന്റെ പ്രതിഫലനമാണ്. നരേന്ദ്ര മോദി ഫ്രാൻസ് സന്ദർശിച്ചപ്പോൾ യൂറോപ്യൻ യൂണിയനിൽ മണിപ്പൂർ കലാപം ചർച്ച ആയതും സമാന രീതിയിലാണ്. മോദി ഭരണത്തിൻ കീഴിൽ ക്രിസ്ത്യാനികൾ ഇന്ത്യയിൽ സുരക്ഷിതരല്ല എന്ന തോന്നൽ യൂറോപ്പിൽ പ്രതിച്ഛായക്ക് ഇടിവുണ്ടാക്കിയിട്ടുണ്ട്. ആഗോള തലത്തിൽ ജനാധിപത്യ മതേതര രാഷ്ട്രീയം ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന ജോർജ്ജ് സൊറോസ് ഉൾപ്പടെ മോദി സർക്കാരിനെതിരെ രംഗത്ത് വന്നത് മാറുന്ന രാഷ്ട്രീയത്തിന്റെ സൂചനയായി കാണാം.

  • ആവർത്തിക്കപ്പെടുന്ന തന്ത്രങ്ങൾ

ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ തന്ത്രങ്ങളുമായാണ് 2014 ലെ തെരഞ്ഞെടുപ്പിനെ ബിജെപി നേരിട്ടത്. എതിരാളികൾ അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു പോയ നീക്കങ്ങളായിരുന്നു അന്ന് ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. എന്നാൽ 2023 ൽ എത്തി നില്ക്കുമ്പോൾ ബിജെപിയുടെ തന്ത്രങ്ങൾ ഏറെക്കുറെ പ്രവചിക്കാൻ എളുപ്പമായിരിക്കുന്നു. ഏക സിവിൽ കോഡും,രാമജന്മഭൂമി ക്ഷേത്ര ഉദ്ഘാടനവും, വികസനവും, മോദിയെന്ന മുഖവുമൊക്കെ തന്നെ ആയിരിക്കും ബിജെപിയുടെ തിരഞ്ഞെടുപ്പ് മന്ത്രങ്ങൾ എന്ന് വല്ലപ്പോഴും മാത്രം രാഷ്ട്രീയം ശ്രദ്ധിക്കുന്നവർക്ക് പോലും പ്രവചിക്കാൻ കഴിയുന്ന രീതിയിലേക്ക് അത് മാറിയിട്ടുണ്ട്.

ബംഗാളും കർണാടകയും പറയുന്നത് ബിജെപിയുടെ തന്ത്രങ്ങൾ പ്രതിപക്ഷ പാർട്ടികളും മനസിലാക്കി തുടങ്ങി എന്ന് തന്നെയാണ്. ഹിന്ദുത്വയെ നേരിടാൻ മൃദു ഹിന്ദുത്വ കെണിയിലേക്ക് സ്വയം വീഴുന്നതിന് പകരം മതേതര ചേരിയെ വിശ്വാസത്തിലെടുക്കാൻ അവർ പഠിച്ചിരിക്കുന്നു. പഴയ പ്രതിപക്ഷമായിരുന്നെങ്കിൽ തീർച്ചയായും ബിജെപി ഏക സിവിൽ കോഡ് എന്ന് പറയുമ്പോഴേക്കും ആ കെണിയിൽ പോയി വീഴുമായിരുന്നു. എന്നാൽ ഇന്ന് അവർ പക്വതയോടെ കരട് ബില്ലിനായി കാത്തിരിക്കുന്നു. ദേശീയതയെ ബിജെപിക്ക് തീറെഴുതി കൊടുക്കില്ല എന്നതിന്റെ കൂടി പ്രഖ്യാപനം ആയിട്ടാണ് സഖ്യത്തിന് അവർ I.N.D.I.A എന്ന് പേരിടുന്നത്. ജാതി സെൻസസ്, മണിപ്പൂർ കലാപം, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾ കൂടി കൈവശമുള്ളപ്പോൾ ബിജെപി മുന്നോട്ട് വയ്ക്കുന്ന അജണ്ടയിൽ പോയി പെടാതെയിരിക്കാനുള്ള അവസരം പ്രതിപക്ഷത്തിന് മുൻപിലുണ്ട്.

  • നേതൃത്വ ദാരിദ്ര്യം

കർണാടകയിൽ കോൺഗ്രസ്സിനെ വിജയത്തിലേക്ക് നയിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ ബിജെപിയെ കുറിച്ചുള്ള ഒരു നിരീക്ഷണം ശ്രദ്ധേയമാണ്. മോദിയുടെ വ്യക്തി പ്രഭാവം കൊണ്ട് മാത്രം അദ്ദേഹത്തിന് ഒരു സംസ്ഥാനത്തിൽ ആറ് ശതമാനം വോട്ട് വരെയൊക്കെ അധികം നേടാൻ കഴിയും.എന്നാൽ നിലവിൽ പല സംസ്ഥാനത്തിലും അവിടുത്തെ ബിജെപി നേതൃത്വം സൃഷ്ടിച്ച ജനവിരുദ്ധ വികാരം ഒരു 15% വരെ ഉണ്ടാകും. മോദിയുടെ വ്യക്തി പ്രഭാവം ഒന്ന് കൊണ്ട് മാത്രം ബിജെപിക്ക് ജയിക്കാൻ കഴിയാതെ പോകുന്നതും ഇതുകൊണ്ടാണ്. നിലവിൽ ഉത്തർ പ്രദേശിലും,മഹാരാഷ്ട്രയിലും,അസമിലും മാത്രമാണ് ബിജെപിക്ക് വ്യക്തമായ മുഖങ്ങൾ ഉള്ളത്. പല സംസ്ഥാനങ്ങളിലും മറ്റ് പാർട്ടികളിൽ നിന്ന് എത്തിയവരാണ് ബിജെപിയെ നയിക്കുന്നത് എന്നത് തന്നെ ഈ ദൗർബല്യത്തിന്റെ തെളിവാണ്. ഈ അടുത്ത് തിരക്ക് പിടിച്ച് നാല് സംസ്ഥാനങ്ങളിൽ ബിജെപി അധ്യക്ഷനെ മാറ്റിയത് തന്നെ ഈ നേതൃത്വ ദാരിദ്ര്യം ബോധ്യപ്പെട്ടത് കൊണ്ടാണ്. മറുവശത്ത് പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തോടെ ഒരുവിധം എല്ലാ സംസ്ഥാനങ്ങളിലും അവർക്ക് നയിക്കാനും കാര്യങ്ങൾ കൃത്യമായി ഏകോപിപ്പിക്കാനും നേതാക്കളുണ്ട്.

  • മാധ്യമങ്ങളുടെ പങ്ക്

ബിജെപിയുടെ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചതിൽ ഒരു കൂട്ടർ മാധ്യമങ്ങൾ ആയിരുന്നു. മോദിയെന്ന ബിംബത്തെ സൃഷ്ടിക്കുന്നതിലും ബിജെപിക്ക് അനുകൂലമായി അജണ്ട നിർണ്ണയിക്കുന്നതിലും ഇവർ വലിയൊരു പങ്ക് വഹിക്കുന്നു. രാഹുൽ ഗാന്ധിക്ക് പപ്പു പ്രതിച്ഛായ നല്കിയത് അർണബ് ഗോസ്വാമിയുടെ അഭിമുഖമായിരുന്നു. ഏകപക്ഷീയമായ നിലപാടുകളിലൂടെ അവർ ബിജെപിയുടെ സഖ്യ കക്ഷികളായി പ്രവർത്തിച്ചു. എന്നാൽ മാധ്യമങ്ങളുടെ ഈ കപട മുഖം തിരിച്ചറിഞ്ഞ പ്രതിപക്ഷമാണ് ഇപ്പോൾ രാജ്യത്തുള്ളത്. ജനങ്ങളോട് സംവദിക്കാൻ അതിനാൽ തന്നെ അവർ മറ്റ് മാർഗ്ഗങ്ങൾ കണ്ടെത്തി. സമൂഹ മാധ്യമങ്ങളിൽ ബിജെപിയോട് കിടപിടിക്കാൻ പോന്ന ഒരു സംവിധാനം രൂപപ്പെടുത്തുന്നതിൽ ഒരു പരിധി വരെ അവർ വിജയിച്ചിട്ടുണ്ട്. ഭാരത് ജോഡോ യാത്ര ദേശീയ മാധ്യമങ്ങളുടെ പിന്തുണ ഒന്നും തന്നെയില്ലാതെ വിജയിക്കുന്നത് നാം കണ്ടതാണ്. പ്രതിപക്ഷത്തെ മാറ്റ് പാർട്ടികൾക്കും അവരുടെ സംസ്ഥാനങ്ങളിൽ ജനങ്ങളുമായി സംവദിക്കാൻ കൃത്യമായ സംവിധാനമുണ്ട്.

  • ജാതിമത സമവാക്യങ്ങള്

ചിന്തൻ ശിബിരിൽ കോൺഗ്രസ്സ് എടുത്തൊരു തീരുമാനം മത ന്യൂനപക്ഷങ്ങളെയും സാമൂഹികമായി അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെയും ചേർത്ത് നിർത്തണം എന്നുള്ളതാണ്. അതിൽ അവർ വിജയിച്ചു എന്നാണ് കർണാടക തെരഞ്ഞെടുപ്പും ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പും സൂചിപ്പിക്കുന്നത്. മല്ലികാർജ്ജുൻ ഖാർഗെ പാർട്ടി മുഖമായി നിലകൊള്ളുന്നത് ദളിത്, ആദിവാസി വിഭാഗങ്ങൾ കോൺഗ്രസ്സിൽ വിശ്വാസം അർപ്പിക്കാൻ കാരണമായിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 111 സീറ്റുകൾ SC\ST സംവരണം നിലനില്ക്കുന്നുണ്ട്. ഇവയിൽ ഭൂരിഭാഗവും ബിജെപി വിജയിച്ചിരിക്കുന്ന സീറ്റുകളാണ്. ഇതിൽ മാറ്റമുണ്ടാക്കാൻ കഴിഞ്ഞാൽ കോൺഗ്രസ്സിനും പ്രതിപക്ഷത്തിനും പ്രതീക്ഷയ്ക്ക് വകയുണ്ട്. ഹിന്ദു വോട്ട് ബാങ്ക് ഏകോപിപ്പിക്കൽ ആണ് ബിജെപി ലക്ഷ്യം. 80% ഹിന്ദുക്കൾ ഉള്ള രാജ്യത്ത് ഇപ്പോഴും അതിന്റെ പകുതി മാത്രമേ ഒപ്പം നിർത്താൻ അവർക്ക് കഴിഞ്ഞിട്ടുള്ളൂ. ജാതി സെൻസസ് പോലെയുള്ള വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് ഹിന്ദു മതത്തിലെ തന്നെ പിന്നാക്ക വിഭാഗങ്ങളെ ഒപ്പം നിർത്താൻ പ്രതിപക്ഷത്തിന് കഴിഞ്ഞാൽ കളം മാറും എന്നതിൽ തർക്കമില്ല. ജെഡിയു, സമാജ്വാദി പാർട്ടി, ആർജെഡി, തൃണമൂൽ തുടങ്ങിയ പാർട്ടികളൊക്കെ ഒബിസി വോട്ടുകളിലേക്ക് കടന്നു കയറാൻ കെൽപ്പുള്ള പാർട്ടികളാണ്. കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിലേക്ക് കടന്നു കയറാൻ ബിജെപി പദ്ധതികൾ രൂപീകരിച്ചു വരുമ്പോഴാണ് മണിപ്പൂർ കലാപം അത്തരം ശ്രമങ്ങൾ വിഫലമാക്കുന്നത്. ഹിന്ദു സമൂഹത്തിന് പുറത്തേക്ക് വോട്ട് നേടാൻ കഴിയാത്തത് നിരവധി സംസ്ഥാനങ്ങളിൽ ബിജെപിക്ക് തിരിച്ചടിയാകും.

  • ഹിന്ദുത്വ v\s വികസനം

ഇന്ത്യൻ ജനസംഖ്യയുടെ പകുതിയോളം വരുന്ന സാധാരണക്കാരായ സ്ത്രീകൾ മറ്റ് എന്തിനേക്കാളും പ്രാധാന്യം കൊടുക്കുന്നത് സ്വന്തം കുടുംബത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കാണ്. നിലവിലെ വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും പരിഹാരം കണ്ടെത്താൻ അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് കഴിഞ്ഞില്ലെങ്കിൽ ജനങ്ങൾ ഹിന്ദുത്വയ്ക്ക് വോട്ട് ചെയ്യണമെന്നില്ല. സൗജന്യ വൈദ്യുതിയും, ബസുകളിൽ സൗജന്യ യാത്രയും, സൗജന്യ വെള്ളവുമൊക്കെ വാഗ്ദാനം നല്കിയ പാർട്ടികൾക്ക് ജനങ്ങൾ വോട്ട് ചെയ്തത് ഈ അവസ്ഥ നിലനില്ക്കുന്നത് കൊണ്ടാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് ഒരു വർഷം ബാക്കി നിൽക്കെ,എല്ലാം അവസാനിച്ചു എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചരിത്രം അറിയാത്തവരുടെ തോന്നലുകൾ മാത്രമാണ്. ആ ചരിത്രം ഏറ്റവും നന്നായി അറിയാവുന്ന പാർട്ടി ബിജെപി തന്നെയാണ്. അതുകൊണ്ടാണവർ പ്രതിപക്ഷത്തെ എഴുതി തള്ളാതെ വിശ്രമമില്ലാതെ പ്രവർത്തിക്കുന്നത് !

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us