1945 ആഗസ്റ്റ് 6, തിങ്കളാഴ്ച്ച
പുലര്ച്ചെ 2.45ന് അമേരിക്കയുടെ അധീനതയിലുള്ള പടിഞ്ഞാറന് പസഫിക്കിലെ ടിനിയന് ദ്വീപില്നിന്ന് ടേക്ക് ഓഫ് ചെയ്ത എനോള ഗെ ബോയിങ് ബി 29 ബോംബര് വിമാനം ജപ്പാനിലെ ഹിരോഷിമയ്ക്ക് മുകളിലെത്തി. മാനവരാശി ഇന്നോളം കണ്ടതില് വെച്ച് ഏറ്റവും വിനാശകാരിയായ രണ്ടാം ലോകമഹായുദ്ധത്തിന് അന്ത്യം കുറിച്ച വജ്രായുധവുമായാണ് എനോള ഗെ യുടെ ഈ വരവ്.
ലിറ്റില് ബോയിയെന്ന ആറ്റംബോംബാണ് ആ വജ്രായുധം. ലിറ്റില് ബോയിയെക്കുറിച്ച് വിശദമായി അറിയണമെങ്കില് മന്ഹാറ്റന് പ്രോജക്ട് എന്താണെന്ന് അറിയണം.
1942 ല് ആണവായുധം വികസിപ്പിക്കാന് അമേരിക്ക തയ്യാറാക്കിയ രഹസ്യപദ്ധതിയാണ് മന്ഹാറ്റന് പ്രോജക്ട്. അതിലേക്ക് അമേരിക്കയെ നയിച്ചതിന് പിന്നില് ചില നാടകീയ സംഭവങ്ങളുണ്ട്. 1938 ഡിസംബര് 19ന് ജര്മന് ശാസ്ത്രജ്ഞനായ ഓട്ടോ ഹാന് നിര്ണായകമായ ഒരു കണ്ടെത്തല് നടത്തി.
ന്യൂക്ലിയര് ഫിഷന് അഥവാ അണു വിഘടനം: ഒരു വലിയ മൂലകത്തിന്റെ അണുവിനെ വിഘടിപ്പിച്ച് മറ്റു മൂലകങ്ങള് സൃഷ്ടിക്കുകയും ഊര്ജം പുറത്തുവിടുകയും ചെയ്യുന്ന പ്രക്രിയ. ആല്ബര്ട്ട് ഐന്സ്റ്റീന്റെ E= mc2 എന്ന വിഖ്യാത സിദ്ധാന്തത്തിന്റെ ചുവടുപിടിച്ചുള്ളതാണ് ആ നിര്ണായക കണ്ടെത്തല്. അധികം വൈകാത ഒരു അഭ്യൂഹം ലോകമാകെ പരന്നു. ഓട്ടോ ഹാന് കണ്ടെത്തിയ ന്യൂക്ലിയര് ഫിഷന് സാങ്കേതിക അറിവുപയോഗിച്ച് അഡോള്ഫ് ഹിറ്റ്ലര് ആറ്റം ബോംബുണ്ടാക്കാനൊരുങ്ങുന്നു. ജര്മനിയിലെ ജൂത ജനതയാകെ കൂട്ടക്കൊല ചെയ്ത് അയല്രാജ്യങ്ങളിലേക്ക് കൂടി അഡോള്ഫ് ഹിറ്റ്ലര് കടന്നാക്രമണം നടത്തുന്ന കാലമാണ്. ഹിറ്റ്ലറിന്റെ കൈയില് ആറ്റം ബോംബ് കിട്ടിയാലുള്ള അപകടത്തിന്റെ ആഴം അളന്ന സാക്ഷാല് ആല്ബര്ട്ട് ഐന്സ്റ്റീന് തന്നെ അന്നത്തെ അമേരിക്കന് പ്രസിഡന്റ് ഫ്രാങ്ക്ളിന് ഡി. റൂസ്വെല്റ്റിന് കത്തെഴുതി. ജര്മനിയ്ക്ക് മുമ്പേ അമേരിക്ക ആറ്റം ബോംബുണ്ടാക്കണം.
അങ്ങനെ ജര്മനിയേക്കാള് വേഗത്തില് അണുബോംബ് നിര്മിക്കാനുള്ള രഹസ്യപദ്ധതിക്ക് അമേരിക്ക പേരിട്ടു. മന്ഹാറ്റന് പ്രോജക്ട്
ന്യൂ മെക്സിക്കോയിലെ ലോസ് അലാമോസ് ലബോറട്ടറിയെ രഹസ്യ കേന്ദ്രമാക്കിയാണ് ആറ്റം ബോംബ് നിര്മാണത്തിനുള്ള ശ്രമങ്ങളാരംഭിച്ചത്. വിഖ്യാത ശാസ്ത്രജ്ഞന് ജൂലിയന് ഓപ്പണ്ഹൈമറെ പ്രോജക്ട് ഡയറക്ടറായി നിയമിച്ചു. അവിടം മുതലാണ് ഓപ്പണ്ഹൈമര് ആറ്റംബോബിന്റെ പിതാവെന്ന് കൂടി അറിയപ്പെടാന് തുടങ്ങിയത്. സാഹിത്യവും തത്വചിന്തയും ഏറെ ഇഷ്ടപ്പെട്ട ഓപ്പണ്ഹൈമര് തന്റെ ഇഷ്ട കവിയായ ജോണ് ഡണിന്റെ കവിതയുടെ പേര് തന്നെ പരീക്ഷണത്തിനിട്ടു. ട്രിനിറ്റി ടെസ്റ്റ്. 1945 ജൂലൈ 16ന് അമേരിക്ക 'ട്രിനിറ്റി ടെസ്റ്റ്' വിജയകരമായി നടത്തി.
പുലര്ച്ചെ 5.30 ന് ആയിരുന്നു ലോകത്തിലെ ആദ്യത്തെ ആറ്റം ബോംബ് പരീക്ഷണം. 40,000 അടിയോളം ഉയരമുള്ള കൂണ്മേഘം ആകാശത്തേക്ക് മുളച്ചുപൊന്തി. ബോംബ് വിക്ഷേപിച്ച ടവര് അപ്രത്യക്ഷമായി. ഓപ്പണ്ഹൈമറടക്കം പരീക്ഷണത്തിനു പിന്നില് പ്രവര്ത്തിച്ചവരെല്ലാവരും അമ്പരന്ന നിമിഷങ്ങള്. അന്ന് രണ്ടു തവണ സൂര്യന് ഉദിച്ചതായി ദൂരെയുള്ള പ്രദേശങ്ങളിലെ ചില താമസക്കാര് പറഞ്ഞതായി വരെ റിപ്പോര്ട്ട് ചെയ്യപ്പെട്ടു. 'ഇപ്പോള് ഞാന് മരണമായിരിക്കുന്നു, ലോകങ്ങളെ മുഴുവന് നശിപ്പിക്കുന്നവനുമാണ്..' (Now I'm become death, the destroyer of world.) തന്റെ ഇഷ്ടഗ്രന്ഥമായ ഭഗവദ്ഗീതയില്നിന്നു കടമെടുത്ത് ഓപ്പണ്ഹൈമര് അന്ന് പറഞ്ഞ വാക്കുകള് ഏറെ പ്രശസ്തമാണ്.
1,30,000 ത്തോളം പേരെ പങ്കെടുപ്പിച്ച് ഇന്നത്തെ 24 billion ഡോളര് ചെലവിട്ട് നടപ്പിലാക്കിയ മന്ഹാറ്റന് പ്രോജക്ടിലൂടെ അമേരിക്ക ലോകത്തിലാദ്യമായി ആയുധമായി ഉപയോഗിക്കപ്പെട്ട ആറ്റം ബോംബ് വികസിപ്പിച്ചു. ലിറ്റില് ബോയിയെന്ന് പേരുമിട്ടു. 4,400 കി.ഗ്രാം ഭാരമാണ് ലിറ്റില് ബോയിക്കുണ്ടായിരുന്നത്. നീളം 3 മീറ്റര്. വ്യാസം 28 ഇഞ്ച്.
1945 ആഗസ്റ്റ് 6, തിങ്കളാഴ്ച്ച
സമയം - രാവിലെ 8.15: ഘടികാരങ്ങള് നിലച്ചുപോയെന്ന് ചരിത്രം ആദ്യം രേഖപ്പെടുത്തിയ നിമിഷം.
ഹിരോഷിമയിലെ ജനങ്ങള് പതിവുപോലെ തന്നെ തങ്ങളുടെ ജോലിതിരക്കിലേക്ക് കടക്കുകയാണ്. വിദ്യാര്ത്ഥികള് സ്കൂളുകളിലെത്തുന്നു. ഹോട്ടലുകള് തുറന്നു തുടങ്ങുന്നു, തെരുവുകളും ചന്തകളും സജീവമാകുന്നു. 12 അംഗ സൈനിക സംഘത്തിനൊപ്പം ഹിരോഷിമയ്ക്ക് മുകളില് വട്ടമിട്ട് പറക്കുന്ന എനോള ഗെ. പൈലറ്റ് ബ്രിഗേഡിയര് ജനറല് പോള് വാര്ഫീല്ഡ് ടിബ്ബെറ്റ് ജൂനിയറിന്റെ കൈവിരലമര്ന്നപ്പോള് എനോള ഗെ യുടെ ബോംബ് ബേ യുടെ വാതില് തുറന്നു. ലിറ്റില് ബോയ് ഹിരോഷിമയുടെ മുകളിലേക്ക് താഴ്ന്നിറങ്ങി.
ഒറ്റാ നദിയ്ക്ക് കുറുക്കെയുള്ള T ആകൃതിയിലുള്ള പാലമായിരുന്നു ലക്ഷ്യം. എന്നാല് അവിടെനിന്ന് അല്പം മാറി ഹിരോഷിമയിലെ പ്രധാന ആശുപത്രിയായിരുന്ന ഷിമ സര്ജിക്കലിന് ഏകദേശം 1,900 അടി മുകളില് വെച്ച് ലിറ്റില് ബോയി പൊട്ടിത്തെറിച്ചു. ന്യൂക്ലിയര് ഫിഷന് വഴി യുറേനിയം 235 പെട്ടിത്തെറിക്കുമ്പോള് വ്യാപിച്ചത് 15,000 ടണ് ടിഎന്ടി പ്രഹരശേഷി.
സൂര്യനു തുല്യം ഉയര്ന്നു പൊങ്ങിയ തീ ജ്വാലകള് സൃഷ്ടിച്ച കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം. 'ദൈവമേ, നാമെന്താണീ കാണുന്നത്? എനോള ഗെ വിമാനത്തിലെ സൈനിക പൈലറ്റുമാര് അത്ഭൂതപ്പെട്ടു. ആകാശം മുട്ടെ ഉയര്ന്നു പൊങ്ങിയ കൂണ് മേഘങ്ങള്.
എന്താണ് സംഭവിക്കുന്നതെന്ന് പോലും ആലോചിക്കാന് സമയം കിട്ടിയില്ല. അതിശക്തമായമായ ചൂടില് ഹിരോഷിമ ഉരുകി ഒലിച്ചു. കറുത്ത മഴ എന്നായിരുന്നു ആ ദുരിതപ്പെയ്ത്തിന് ജപ്പാന് നല്കി പേര്. ആയിരങ്ങള് കറുത്ത പാടായി മാറി ചുമരില് പതിഞ്ഞു പോയി. പ്രേതനിഴല്പാടുകളായാണ് ഈ പ്രതിഭാസം പിന്നീടയറിയപ്പെട്ടത്. മനുഷ്യര് മാത്രമല്ല, മൃഗങ്ങളും വാഹനങ്ങളും യന്ത്രഭാഗങ്ങളും വരെ ഇത്തരത്തില് വെറുമൊരു അടയാളമായി മാറിപ്പോയ കൂട്ടത്തിലുണ്ട്. എങ്ങും നിസഹായരായ മനുഷ്യരുടെ കൂട്ട നിലവിളികളും ആര്ത്തനാദങ്ങളും, കത്തിക്കരിഞ്ഞ പച്ച മാംസത്തിന്റെ ഗന്ധവും.
ഭൂകമ്പത്തെ അതിജീവിക്കുന്നതിന് കരുത്ത് കൂട്ടി നിര്മിച്ചിരുന്ന കെട്ടിടങ്ങള് പോലും നിലംപൊത്തി. നിമിഷാര്ദ്ധം കൊണ്ട് ലിറ്റില് ബോയ് കൊന്നൊടുക്കിയത് 70,000 മനുഷ്യരെയാണ്. ഹിരോഷിമയുടെ അന്നത്തെ ജനസംഖ്യയുടെ 27 ശതമാനം വരും ആ ജനസഞ്ചയം. ലക്ഷക്കണക്കിനു പേര് പാതിവെന്ത മനസ്സും ശരീരവുമായി നിന്നു. ആ വര്ഷം അവസാനിച്ചപ്പോഴേക്കും മരണസംഖ്യ ഒരു ലക്ഷത്തി 40,000വും കടന്നു. ഹിരോഷിമയുടെ ജനസംഖ്യയുടെ 55 ശതമാനവും നാല് മാസം കൊണ്ട് ഇല്ലാതെയായി. ആഗസ്റ്റ് 15ന് Potsdam Declaration നില് ഒപ്പുവെക്കാന് ജപ്പാന് തയ്യാറാണെന്ന ചക്രവര്ത്തി ഹിരോഹിതോയുടെ പ്രഖ്യാപനം റേഡിയോ പ്രക്ഷേപണത്തിലൂടെ മുഴങ്ങി. ജപ്പാന്റെ നിരുപാധിക കീഴടങ്ങല് പ്രഖ്യാപനം. അങ്ങനെ 6 വര്ഷംനീണ്ട, ലോകം ഇന്നേവരെ കണ്ടതില് വേച്ചേറ്റവും വിനാശകാരിയായ രണ്ടാം ലോകമഹായുദ്ധത്തിന് അവസാനമായി.
ആറ്റംബോബിന്റെ അതിശക്തമായ പ്രഹരത്തെയും അതിജീവിച്ച ഒരു കെട്ടിടമുണ്ട് ഹിരോഷിമയില്. ഹിരോഷിമ ഇന്ഡസ്ട്രിയല് പ്രമോഷന് ഹാള്. മനുഷ്യരാശി സൃഷ്ടിച്ചിട്ടുള്ളതില് വച്ച് ഏറ്റവും വിനാശകരമായ ശക്തിയെയും അതീജീവിച്ചതിന്റെ പ്രതീകമായി ആ കെട്ടിടം ഇന്നും തലയുര്ത്തി നില്ക്കുന്നു. 1996-ല് യുനെസ്കോ ഇതിനെ ലോക പൈതൃക സ്ഥാനങ്ങളിലൊന്നായി പ്രഖ്യാപിച്ചു. ആറ്റോമിക് ബോംബ് ഡോമെന്ന് ഇന്ന് പേരുള്ള ഈ കെട്ടിടത്തിനു ചുറ്റും മനോഹരമായ ഉദ്യാനമുണ്ടാക്കിട്ടുണ്ട് ജപ്പാന് ജനത. ഹിരോഷിമാ പീസ് മെമ്മോറിയല് പാര്ക്കെന്നാണ് അതിന്റെ പേര്. എല്ലാ വര്ഷവും ആഗസ്റ്റ് 6 ന് ജപ്പാനൊപ്പം ലോകമനസാക്ഷിയും ഹിരോഷിമാ പീസ് മെമ്മോറിയല് പാര്ക്കില് ഒത്തുകൂടും. ഹിരോഷിമയ്ക്ക് മേല് അണുബോംബ് പതിച്ച ആ പകലിനെ ഒരിക്കല്ക്കൂടി ഓര്ക്കാന്.. ഇനിയൊരു ആണവ യുദ്ധമുണ്ടാതിരിക്കട്ടെയെന്ന് നെഞ്ചുരുക്കി പ്രാര്ത്ഥിക്കാന്...