കര്ഷകരും തൊഴിലാളികളും മുഴക്കിയ വിമോചന മുദ്രാവാക്യങ്ങളാല് കലാപമുഖരിതമായ തെലങ്കാനയുടെ തെരുവീഥികളിലൂടെ ഒരാള് കയ്യിലൊരു ചെങ്കൊടിയുമായി പാട്ടുകള് പാടി നടന്നു. ഓരോ വരികളും ചൂഷകന്റെ നെഞ്ചില് തറയ്ക്കുന്ന വെടിയുണ്ടയാകട്ടെ എന്ന് പാടിയ ഗുമ്മഡി വിറ്റല് റാവു എന്ന ഗദ്ദര് തെലങ്കാനയുടെ വിപ്ലവ ചരിത്രത്തില് ഒരധ്യായമായി, മൂര്ച്ചയുള്ള വാക്കുകള് കൊണ്ട് തന്റെ ജീവിതവും പാടി ചേര്ത്തു.
1967 ല് പശ്ചിമബംഗാളിലെ നക്സല്ബാരിയില് നിന്നുയിര്ത്ത തീപ്പൊരി, ഇന്ത്യയുടെ കാര്ഷിക ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും പടര്ന്നപ്പോള് അവിഭക്ത ആന്ധ്രയുടെ ഓരോ കോണിലും വിപ്ലവ സംഘങ്ങള് രൂപം കൊണ്ടു. പാര്ശ്വവത്കരിക്കപ്പെട്ട ജനതയുടെ ആ ചെറുത്തുനില്പുകളുടെ ശബ്ദമായിരുന്നു ഗദ്ദറിന്റെ പാട്ടുകള്.
രാജ്യത്തിന് തലവേദനയായി മാറിയ കലാപത്തെ അടിച്ചമര്ത്താന് സര്വസന്നാഹങ്ങളുമായി സേനകളെത്തിയതോടെ ശ്രീകാകുളവും കരിംനഗറും വാറംഗലും രക്തസാക്ഷി ഗ്രാമങ്ങളായി മാറി. അന്ന് വിപ്ലവകാരികള് വെടിയേറ്റു വീണപ്പോള് പ്രതിരോധത്തിന്റെ പാട്ടുമായി ആന്ധ്രയുടെ ഗ്രാമവീഥികളിലൂടെ ഗദ്ദറിന്റെ കലാസംഘം സഞ്ചരിച്ചു. മുളകുവിളഞ്ഞ പാടങ്ങളില് നിന്ന് അന്ന് വിപ്ളവവീര്യമുള്ള കാറ്റുവീശി. പതിനായിരങ്ങള് ആ പാട്ടുകളേറ്റുപാടി.
തോക്കല്ല പാട്ടുകളാണെന്റെ ആയുധമെന്ന് ഗദ്ദര് പറയാതെ പറഞ്ഞപ്പോള്, എത്ര നക്സലൈറ്റുകളെ ഉന്മൂലനം ചെയ്താലും ഗദ്ദറിന്റെ പാട്ടുകളെ എതിരിടാനാവില്ലെന്ന് ഭരണകൂടവും സമ്മതിച്ചു. പാടാന് ഗദ്ദറെത്തിയാല് ആന്ധ്രയുടെ കവലകള് അന്ന് നിശ്ചലമാകുമായിരുന്നു.
1949ല് ആന്ധ്രയിലെ മേഥക്ക് ജില്ലയിലെ തൂപ്രാന് എന്ന കൊച്ചു ഗ്രാമത്തില് ദരിദ്ര ദലിത് കര്ഷക കുടുംബത്തിലായിരുന്നു ഗദ്ദറിന്റെ ജനനം. കഠിനമായ ദാരിദ്ര്യത്തെയും ജാതിപീഡനങ്ങളെയും അതിജീവിച്ച് മക്കളെ വളര്ത്തിയ അമ്മയില് നിന്നാണ് ഗദ്ദര് രാഷ്ട്രീയം പഠിച്ചത്. 'എന്റെ ചുണ്ടിലെ പാട്ട്, എന്റെ നെഞ്ചിലെ രോഷം, എന്റെ കൈയിലെ ചെങ്കൊടിച്ചുവപ്പ്... എല്ലാം അമ്മ തന്നതാണ്' ഗദ്ദര് പല തവണ പറഞ്ഞു. നാട്ടുതാളങ്ങളില് അമ്മ മടിയിലിരുത്തി പാടിയ പാട്ടുകളില് നിന്നാണ് പില്ക്കാലത്ത് തെലങ്കാനക്ക് വേണ്ടിയുള്ള ഗദ്ദര് പാട്ടുകളുണ്ടായത്.
ശ്രീകാകുളം സമരത്തിലൂടെയാണ് നക്സലിസത്തില് ആകൃഷ്ടനാകുന്നത്. ആന്ധ്രയില് നക്സലിസം പടര്ന്നുപിടിച്ചപ്പോള് ആ മുന്നേറ്റങ്ങളുടെ സാംസ്കാരിക മുഖമായിരുന്നു ഗദ്ദര്.
മണ്ണില് പണിയെടുക്കുന്നവന്റെയുള്ളിലെ ജീവതാളവുമായി മാര്ക്സിയന് ചിന്തകളെ ഗദ്ദര് സമന്വയിപ്പിച്ചു. മുതലാളിത്തത്തിന്റെ അടിമത്തത്തെക്കുറിച്ചും ചൂഷണത്തെക്കുറിച്ചും ഗ്രാമീണ ഭാഷയില് സാധാരണക്കാരന്റെ താളത്തില് ഗദ്ദര് പാടിയപ്പോള് അതൊരു സായുധ സമരമുറയായി.
നിരന്തര സമരങ്ങള്ക്കിടയില് ആറുതവണ ജയില്വാസം. അതിലേറെ ഒളിവ് ജീവിതം. സംഭവബഹുലമായിരുന്നു തെലങ്കാനയുടെ ഗദ്ദര് കാലം.
എപ്പോഴും വധഭീഷണി നേരിട്ട ജനകീയ പാട്ടുകാരന് നേരെ ഒരിക്കല് ഒരു നാല്വര് സംഘം തുരുതുരാ വെടിയുതിര്ത്തു. ആറ് വെടിയുണ്ടകള് ശരീരത്തില് തറച്ചു. എന്നാല്, ഒരു തോക്കിനും തോല്പിക്കാനാകാത്ത ആ ജീവിതം വിപ്ളവ പാതയിലേക്ക് തന്നെ തിരിച്ചുവന്നു. നട്ടെല്ലില് നിന്നും പുറത്തെടുക്കാനാവാത്ത വെടിയുണ്ടയുമായി ഗദ്ദര് വീണ്ടും നിരത്തുകളിലിറങ്ങി.
ഭീഷണികള്ക്ക് വഴങ്ങി പാട്ടുകള് പാതിവഴിയില് അവസാനിപ്പിച്ചില്ല. കൂടുതല് ഉച്ചത്തില് പാടിക്കൊണ്ടേയിരുന്നു.
ജാതി സംഘര്ഷങ്ങളെ തിരിച്ചറിയുന്നതില് ഇന്ത്യന് ഇടതുപക്ഷം പരാജയമാണെന്ന് പറഞ്ഞ് നക്സലൈറ്റ് പ്രസ്ഥാനത്തോട് വിട പറഞ്ഞെങ്കിലും മാര്ക്സും അംബേദ്കറും ബുദ്ധനുമടങ്ങിയ ചിന്താമണ്ഡലത്തില് തന്നെ പ്രവര്ത്തിച്ചു. അവസാന ശ്വാസം വരെ രാഷ്ട്രീയമായി ജീവിച്ചു.
ഗദ്ദര് ഒന്ന് മൂളിയാല് അതില്പോലും രാഷ്ടീയുമുണ്ടാകുമായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ തെലങ്കാനയുടെ ചരിത്രമാണ് ഗദ്ദറിലൂടെ മാഞ്ഞുപോകുന്നത്. ജനകീയ പാട്ടുകാരന് വിട......