'മാജിക് മാന് ഇന് മയാമി '; മെസ്സിയുടെ അമേരിക്കന് ദൗത്യം

മെസ്സിയുടെ കാലഘട്ടത്തില് ജീവിച്ചവര്ക്ക് വയോധികനാവുമ്പോള് 'പറയാനൊരുകൂട്ടമുണ്ട്', 'ഞങ്ങളൊക്കെ ഭാഗ്യം ചെയ്തവരാണ്. ലയണല് മെസ്സിയുടെ കാലഘട്ടത്തില് ജനിച്ചവരെല്ലാം ഭാഗ്യം ചെയ്തവരാണ്. അത്തരമൊരു മഹാത്ഭുതം ഇനിയൊരിക്കലും സംഭവിക്കുമായിരിക്കില്ല.!

dot image

ഖത്തര് ലോകകപ്പിന് പന്തുരുളാന് നാളുകള് മാത്രമാണ് ശേഷിക്കുന്നത്. മാഞ്ചസ്റ്റര് സിറ്റി ഡ്രസ്സിംഗ് റൂമില് വലിയൊരു തര്ക്കം നടക്കുകയാണ്. ആര് ലോകകപ്പ് നേടുമെന്നതാണ് വിഷയം. സൂപ്പര് താരങ്ങള് മുതല് കോച്ചിംഗ് സ്റ്റാഫ് വരെ അഭിപ്രായം പറയുന്നുണ്ട്. മിക്കവരും ഫ്രാന്സ് കിരീടം നിലനിര്ത്തുമെന്ന വിലയിരുത്തലിലാണ്. ലോകകിരീടം ഇംഗ്ലീഷ് മണ്ണിലെത്തുമെന്ന് വാദിക്കുന്നവരും എണ്ണത്തില് കുറവല്ല. തര്ക്കം മുറുകുന്നതിനിടെയാണ് ആശാന് പെപ് ഗ്വാര്ഡിയോളയുടെ രംഗപ്രവേശം. താരങ്ങളുടെ മുഖഭാവത്തില് നിന്ന് ചൂടേറിയ ചര്ച്ച എന്തോ നടക്കുന്നുണ്ടെന്ന് പെപ്പിന് മനസിലായി..

'വാട്സ് ദി ടോപിക്ക്', പെപ് ചോദിച്ചു.

'ലോകകപ്പ് കിരീടം ആര്ക്കാണെന്നാണ് താങ്കളുടെ വിലയിരുത്തല്', കൂട്ടത്തിലാരോ ആശാന്റെ അഭിപ്രായം ചോദിച്ചു.

നടന്നുകൊണ്ടിരിക്കുന്ന ചര്ച്ചയുടെ ഭാഗമാവാതെ ഡ്രസ്സിംഗ് റൂമിന്റെ മൂലയ്ക്കിരിക്കുന്ന ചെറുപ്പക്കാരനെ ചൂണ്ടി പെപ്പ് പറഞ്ഞു.

'ദാ ഇവന്റെ ടീമായിരിക്കും ഇത്തവണ ലോകകപ്പില് മുത്തമിടുക'.

എല്ലാവരുടെയും നോട്ടം കോര്ണറിലേക്ക് മാറി. ഒന്നുമറിയാതെ തന്നെ നോക്കുന്നവരോട് അര്ജന്റീനക്കാരന് ഹൂലിയന് അല്വാരസ് ചിരിച്ചു.

നിയോഗം പോലെ ഒരാള്ക്ക് അര്ഹമായതെന്തോ ഖത്തറില് കാത്തിരിക്കുന്നുവെന്ന ദീര്ഘവീക്ഷണത്തിലായിരുന്നു പെപ്പിന്റെ വാക്കുകള്. ഡ്രസിംഗ് റൂമില് വെച്ചു തന്നെ പലരും ആശാനോട് കാരണങ്ങള് അന്വേഷിച്ചു. കൃത്യമായൊരു ഉത്തരം അദ്ദേഹം പറഞ്ഞില്ലെങ്കിലും. 'മെസ്സി' എന്ന രണ്ടക്ഷരം മനസിലുണ്ടായിരുന്നു.

പെപ്പ് പറഞ്ഞതുപോലെ ലോകത്തെമ്പാടുമുള്ള മില്യണ് കണക്കിന് ആളുകളും ഖത്തറില് ആ നിമിഷത്തിന് വേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു.

'Leo Messi is the best player ever. He is the beauty Messi makes managers better, he makes team-mates better.'
Pep Guardiola

ഒട്ടും ശുഭകരമായിരുന്നില്ല ലോകകപ്പില് അര്ജന്റീനയുടെ തുടക്കം. ഖത്തറില് ഒരു അറേബ്യന് ടീമിനെ നേരിടാനൊരുങ്ങുമ്പോള് 'സോളിഡ് ഡിഫന്സ്' പ്രതീക്ഷിച്ചു തന്നെയാണ് മാനേജര് ലയണല് സ്കലോണി ടീമിനെ ഒരുക്കുന്നത്. മുന്നേറ്റത്തിലെ തേര്ഡില് വരുത്തിയ മാറ്റങ്ങള് സൗദി പിഴവില്ലാത്ത പ്രതിരോധം മെനയുമെന്ന ദൂരക്കാഴ്ച്ചയുടെ ഭാഗമായിരുന്നു. എന്നാല് നിരന്തരം 'ഓഫ്സൈഡ് ട്രാപ്പില്' വീണ് അര്ജന്റീനയുടെ മുന്നേറ്റത്തിന്റെ താളംതെറ്റി, മത്സരം കൈവിട്ടു. സ്കോര് 1-2. ഉദ്ഘാടന മത്സരത്തില് ചെറുമീനുകളായ സൗദിയോടേറ്റ തോല്വി അര്ജന്റീനന് സംഘത്തിനുമുണ്ടാക്കിയ മാനസിക സമ്മര്ദ്ദം ചെറുതല്ല.

രണ്ടാം മത്സരത്തില് മെക്സിക്കോയ്ക്കെതിരെ സ്കലോണി മെനഞ്ഞ ചിത്രത്തില് മെസിയുണ്ടായിരുന്നില്ല. മാത്രമല്ല സര്വ്വ സ്വാതന്ത്ര്യവും നല്കി അയാളെ മൈതാനത്ത് കെട്ടഴിച്ചുവിട്ടു.

'The G.O.A.T was floating freely in the ground'!

ലൗത്താരോ മാര്ട്ടീനസിന് മെസിക്ക് പിന്തുണ നല്കുന്നതില് ചെറിയ പാകപ്പിഴവുകള് സംഭവിച്ചത് മാറ്റിനിര്ത്തിയാല് മെക്സിക്കോയ്ക്കെതിരായ മത്സരത്തിലെ സാഹചര്യങ്ങള് അര്ജന്റീനയ്ക്കൊപ്പമായിരുന്നു. എന്നാല് അക്യൂനിയ വിംഗുകളിലൂടെ നടത്തുന്ന ആക്രമണങ്ങളുടെ മുനയൊടിക്കാന് കഴിഞ്ഞതോടെ ഗോള് പിറക്കില്ലെന്ന ആശങ്കവഹമായ സാഹചര്യമുണ്ടായി. മിഡ്ഫീല്ഡില് ആന്ഹേല് ഡി മരിയയെന്ന മാലാഖയ്ക്കും ഡിപോളിനും കൃത്യതയോടെ കളിക്കാനെയെങ്കിലും മെക്സിക്കോയുടെ 'ഡിഫന്സീവ് തേര്ഡിനെ' മറികടക്കാനായില്ല. ആദ്യ പകുതി അവസാനിക്കാന് സെക്കന്ഡുകള് ബാക്കിനില്ക്കെ മെക്സിക്കോയ്ക്ക് ലഭിച്ച ഫ്രികിക്ക് എമിലിയാനോ മാര്ട്ടീനസ് കൈപ്പിടിയിലൊതുക്കിയ കാഴ്ച്ച മറക്കാനാവില്ല. ആദ്യ പകുതിയില് പിഴവുകളില്ലാതെ മെസിയെ പൂട്ടുകയായിരുന്നു മെക്സിക്കോയുടെ തന്ത്രം. അത് ഒരര്ത്ഥത്തില് വിജയിക്കുകയും ചെയ്തു.

50-ാം മിനുറ്റില് മെസി ബോക്സിന് വെളിയില് നിന്ന് മെസ്സിയെടുത്ത ഫ്രികിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു, മിശിഹ നിസ്സഹാനായി തലകുനിച്ച നിമിഷം. എന്നാല് 56-ാം മിനുറ്റില് വലതു മധ്യഭാഗത്ത് നിന്ന് ആരംഭിച്ച് വിംഗിലൂടെ നീലപ്പടയുടെ മുന്നേറ്റം. ബോക്സിന് വെളിയില് അയാള് നിശബ്ദനായി നടക്കുന്നുണ്ട്. 25-വാര അകലെ വെച്ച് മാന്ത്രികന്റെ കാലുകളിലേക്ക് പന്ത് വരുന്നു. മനോഹരമായി ഡിഫന്സിനെ കബളിപ്പിച്ച ഫസ്റ്റ് ടച്ച്. പിന്നീട് ആരും കാണാത്ത ഡിഫന്സീവ് വിടവിലൂടെ പോസ്റ്റിന്റെ വലതു മൂലയിലേക്ക് ഒരു 'ലോ ഗ്രൗണ്ട് ഷോട്ട്'. അത്രയും മതിയായിരുന്നു തകര്ന്നുപോയ സ്വപ്നത്തിലേക്ക് തന്റെ മാനേജരെയും സഹകളിക്കാരെയും തിരികെയെത്തിക്കാന് മിശിഹയ്ക്ക്. ആദ്യ മത്സരത്തില് ലഭിക്കാതെ പോയ ലോകകിരീടത്തിലേക്കുള്ള 'അണ്സോറ്റപ്പബിള് ജേര്ണി', അതായിരുന്നു അര്ജന്റീനയ്ക്ക് ആ ഗോള്.

കച്ചകെട്ടിയിറങ്ങിയവന് കളരിയില് പതിഞ്ഞിരിക്കുന്നെങ്കില് സൂക്ഷിക്കുക. ഗുരുക്കളറിയാത്ത ഒരടവ് മെനയുന്ന തിരക്കിലാവുമയാള്. പതിഞ്ഞൊന്നാഞ്ഞ് കണ്ണിമ വെട്ടുന്ന നേരത്ത് മര്മ്മഭാഗത്ത് അപ്രതീക്ഷിതമായ ആക്രമണത്തിനായുള്ള തയ്യാറെടുപ്പ്. മെസ്സി ഇടംകാലില് മാന്ത്രികത തീര്ക്കുന്നതിന് മുന്പ് അത്തരമൊരു തയ്യാറെടുപ്പ് നടത്താറുണ്ട്. മൈതാനത്തിന്റെ ഓരോ കോണിലും കണ്ണുകള് പായിച്ച്, പ്രതിരോധത്തിലെ വിടവുകള് കണ്ടെത്താന് തന്നെ പാകപ്പെടുത്തുന്നതാണ് ഈ രീതി.

ക്യാംപ്നൂവിലും പിന്നീട് പിഎസ്ജിയുലുമൊക്കെ കളത്തിന് പുറത്ത് കലഹിക്കുന്ന മെസ്സിയെ പൊതുവെ നാം കാണാറില്ല. പക്ഷേ ഖത്തറില് കണ്ടത് സര്വ്വവും നല്കാന് തയ്യാറായി നില്ക്കുന്നൊരാളുടെ ശരീരഭാഷയാണ്. വാന്ഗാലിന് മുന്നിലേക്ക് ചെവികൂര്പ്പിച്ചു നില്ക്കാന്, മറ്റൊരു റ്വിക്വല്മിയാകാന് തീരുമാനിച്ചത് പ്രസ്തുത കലഹത്തിന്റെ ഭാഗമാണ്.

ലോകഫുട്ബോള് കണ്ട ഏറ്റവും മികച്ച ഫൈനലിലുകളിലൊന്നില് അര്ജന്റീന ഫ്രാന്സിനെ കീഴ്പ്പെടുത്തുമ്പോള്, മെസിയുടെ പകര്ന്നു നല്കിയ ഊര്ജത്തിന്റെ പ്രസരിപ്പ് അവരിലുണ്ടായിരുന്നു. ഒരുപക്ഷേ സ്കലോണി മുതല് അര്ജന്റീനന് ടീമിലെ ഓരോരുത്തരും മെക്സിക്കോയ്ക്കെതിരെ മെസ്സി ക്രിയേറ്റ് ചെയ്ത മുമന്റില് നിന്ന് ഉയര്ത്തെഴുന്നേറ്റവരാണ്.

Failure of 'Project Messi' in PSG

ക്യാംപ്നൂവിലെ സാമ്പത്തിക പ്രശ്നങ്ങളും രാഷ്ട്രീയ സാഹചര്യവുമെല്ലാം വലിയ പ്രതിസന്ധിയാവുമെന്ന ബോധ്യമാണ് മെസ്സിയെ ഫ്രാന്സിലേക്കുള്ള കൂടുമാറ്റത്തിന് പ്രേരിപ്പിക്കുന്നത്. സ്വന്തം തറവാട് വിട്ടുപോകേണ്ടിവരുന്ന മകനെപ്പോലെയാണ് അന്നയാള് ഇറങ്ങിപ്പോയത്. ബ്രസിലീയന് സ്റ്റാര് നെയ്മര് ജൂനിയറും ഫ്രാന്സിന്റെ സ്വന്തം കിലിയന് എംബാപെയും മുന്നേറ്റത്തിലുള്ളപ്പോള് പിഎസ്ജി എന്തിന് മെസ്സിയെപ്പോലൊരു താരത്തെ പാളയത്തിലെത്തിക്കണമെന്ന ചോദ്യം അന്നുയര്ന്നിരുന്നു. മാഞ്ചസ്റ്റര് യുനൈറ്റഡിന് റൊണാള്ഡൊയെപ്പോലൊരു താരത്തെ 'ആവശ്യമില്ലാതിരുന്ന' കാലത്താണ് ഓള്ഡ് ട്രാഫോഡില് നിന്ന് 'കോള്' എത്തുന്നത്. സമാനമായിരുന്നു പിഎസ്ജിയിലെ മെസ്സി കാലഘട്ടം.

ചാമ്പ്യന്സ് ലീഗ് വിജയമായിരുന്നു 'പ്രൊജക്ട് മെസ്സി'ക്ക് പിഎസ്ജി തയ്യാറായതിന് പിന്നിലെ കാരണം. നെയ്മറും മെസ്സിയും മുന്പ് ബാഴ്സയില് ഒന്നിച്ച് പന്തുതട്ടിയിട്ടുള്ളവരാണ്. ലാറ്റിനമേരിക്കന് ശൈലിയില് പൊതുവെ ഇരുവര്ക്കും നന്നായി കളിമെനയാനാവുമെന്നെല്ലാം കണക്കുകൂട്ടലുകള്.

എന്നാല് സംഭവിച്ചത് പ്രതീക്ഷകള്ക്ക് വിഭിന്നമായിട്ടാണ്. പിഎസ്ജിയുടെ 'ഓവറോള് പെര്ഫോമന്സ്' പ്രതീക്ഷയ്ക്കൊത്ത് ഉയര്ന്നില്ല. ചാമ്പ്യന്സ് ലീഗ് സ്വപ്നമായി തന്നെ തുടര്ന്നു. 75 മത്സരങ്ങളില് നിന്ന് പിഎസ്ജിക്കായി 32 ഗോളുകളാണ് മെസ്സി നേടിയത്. മിക്കതും ആരാധകര്ക്ക് വീമ്പ് പറച്ചിലിന് അവസരം ലഭിക്കാത്ത ഗോളുകള്. 'മാജിക് മാന്' വിശേഷണങ്ങളൊന്നും ഇക്കാലയളവില് മെസ്സിക്ക് ചേര്ന്നതുമില്ല. പക്ഷേ വ്യക്തിഗത പ്രകടനമെടുത്താല് മെസ്സി അത്ര മോശമായിരുന്നില്ല. 14 ചാമ്പ്യന്സ് ലീഗ് മത്സരങ്ങളില് നിന്ന 9 ഗോളുകള് 4 അസിസ്റ്റും കണ്ടെത്താന് താരത്തിന് കഴിഞ്ഞിട്ടുമുണ്ട്.

മെസ്സി പിഎസ്ജിയില് നേരിട്ട വിമര്ശനങ്ങള് ഏറെയാണ്. ബയേണ് മ്യൂണിക്കുമായി ചാമ്പ്യന്സ് ലീഗില് തോറ്റ് പുറത്തായപ്പോള് വിമര്ശനങ്ങളുടെ മൂര്ച്ഛയേറി. പക്ഷേ കാര്യങ്ങള്ക്കൊരു മറുവശമുണ്ടായിരുന്നുവെന്നത് പലപ്പോഴും ചര്ച്ചയായില്ല. ബയേണിനോട് 2-0ത്തിന് തോറ്റ് രണ്ടാം ലെഗ് മത്സരത്തില് മെസ്സിയിലേക്ക് പന്തെത്തുന്നത് അപൂര്വ്വമായിട്ടാണ്. സ്വന്തം ഹാഫിലേക്ക് പിന്വാങ്ങി പന്ത് റെസീവ് ചെയ്യേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള് മാറി. മത്സ്യത്തെ കരയ്ക്കെടുത്ത് നീന്താന് ആവശ്യപ്പെടുന്നതിന് സമാനം. നെയ്മറിനെപ്പോലെ ഡിഫന്സീവ് മിഡ്ഫീല്ഡിനെ സഹായിക്കാനുള്ള ദൗത്യം ആദ്യ 30 മിനിറ്റുകള് നല്കാന് മെസ്സിക്ക് സാധിക്കില്ല. പൊസഷന് ഗെയിം കളിക്കാനാണ് കൂടുതല് താരത്തിന് സാധിക്കുക. എന്നാല് അറ്റാക്കിംഗ് തേര്ഡിലെത്തിയ ശേഷം അത്തരമൊരു സ്ട്രാറ്റജി പുറത്തെടുക്കുന്ന രീതി പിഎസ്ജിക്കില്ല.

മുകളിലേത് ഒരു പിഎസ്ജി മത്സരത്തിലെ താരതമ്യം മാത്രമാണ്. ക്ലബിന് ആവശ്യത്തിന് ഉചിതമായ താരങ്ങളെയാണ് സൈന് ചെയ്യേണ്ടത്, അതിന്റെ അവസാന വാക്ക് ക്ലബ് മാനേജറുമാണ്. മെസ്സി പിഎസ്ജിയില് മാന്ത്രികനാവാതെ പോയതിന് പിന്നിലെ കാരണവും അതു തന്നെയാണ്.

G.O.A.T to Lead David Beckham's dream In Miami

കോടികള് വാഗ്ദാനം ചെയ്ത് സൗദി അറേബ്യന് ക്ലബുകള് വട്ടമിട്ട് പറക്കുന്ന സമയത്താണ് ഇന്റര് മയാമിയിലേക്ക് ലയണല് മെസ്സി ചേക്കേറുന്നത്. മുന് ഇംഗ്ലീഷ് താരവും ഇന്റര് മയാമി സഹഉടമയുമായ ഡേവിഡ് ബെക്കാം നടത്തിയ ശ്രമങ്ങളും മെസ്സിയുടെ തീരുമാനത്തിന് പിന്നിലുണ്ട്. അമേരിക്കന് ജനതയെ സംബന്ധിച്ചിടത്തോളം ഫുട്ബോളെന്നാല് കാല്പന്തുകളിയല്ല, അത് അമേരിക്കന് ഫുട്ബോള് എന്നറിയപ്പെടുന്ന റഗ്ബിക്ക് സമാനമായി കായിക ഇനമാണ്. എന്എഫ്എല് ലീഗിനുള്ള പ്രാധാന്യത്തിന്റെ പകുതി പോലും ഫുട്ബോളിന് അമേരിക്കയില് ലഭിക്കുന്നുമില്ല. ചുരുക്കി പറഞ്ഞാല് ഇന്ത്യയ്ക്ക് ക്രിക്കറ്റ് എന്ന പോലെയാണ് യുഎസ്സുകാര്ക്ക് അമേരിക്കന് ഫുട്ബോള്. കാര്യങ്ങള് ഇങ്ങനെയൊക്കെയാണെങ്കിലും മെസ്സിയെപ്പോലൊരു ഇതിഹാസമെത്തുന്നതോടെ സ്ഥിതിഗതികള് മാറുമെന്നാണ് മേജര് ലീഗ് ഫ്രാഞ്ചൈസികളുടെ പ്രതീക്ഷ.

കളി നിലവാരത്തിലും ആരാധകരുടെ പിന്തുണയിലുമെല്ലാം മേജര് ലീഗ് സോക്കര് യൂറോപ്പിന്റെയോ ലാലിഗയുടെയോ ബുണ്ടസ് ലീഗിന്റെയോ അടുത്തുപോലുമെത്തില്ല, എന്നിട്ടും എന്തിന് മെസ്സി?

ചോദ്യത്തിന് ലളിതമായ ഉത്തരമുണ്ട്, മേജര് ലീഗിലെ കളി നിലവാരം മെച്ചപ്പെടുത്തുകയാണ് ആദ്യത്തെ ഉത്തരം. സാമ്പത്തിക വശങ്ങളും ഉള്ചേര്ന്ന മറ്റൊരു 'ബ്രാന്ഡ് വാല്യൂ' നല്കാന് മെസ്സിയുടെ പേര് നന്നായി ഉപയോഗിക്കുകയെന്ന മറ്റൊരു ലക്ഷ്യവും ബെക്കാമിനും സംഘത്തിനുമുണ്ട്. മേജര് ലീഗ് പ്രസിദ്ധിയാര്ജിക്കുന്നതിന്റെ ഗുണവശങ്ങള് ഫ്രാഞ്ചൈസികള്ക്ക് ലഭിക്കും. നിലവില് ആരാധകരെ സ്റ്റേഡിയത്തിലെത്തിക്കാന് വമ്പന് താരങ്ങളെ 'സൈന്' ചെയ്യാനാണ് ഓരോ ടീമുകളും ശ്രമിക്കുന്നത്. സൗദിയിലും സമാനമായി നീക്കങ്ങള് നടക്കുന്നുണ്ട്. എന്തായാലും ബെക്കാം മെസ്സിയെ ടീമിലെത്തിച്ചതിന്റെ ആദ്യ ലക്ഷ്യം നിറവേറി കഴിഞ്ഞു. ഓരോ മത്സരവും കാണാന് സ്റ്റേഡിയത്തിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. 2007ല് ബെക്കാം മയാമിയിലെത്തുമ്പോള് 13 ടീമുകള് മാത്രമായിരുന്നു എംഎസ്എല്ലില് ഉണ്ടായിരുന്നത്, 2023 സീസണില് അത് 29ലേക്ക് എത്തിക്കഴിഞ്ഞു. സമാനമായ മാറ്റം മെസ്സിക്കും ലീഗിന്റെ സ്വഭാവത്തിലും രൂപത്തിലും കൊണ്ടുവരാന് കഴിയണം.

ലീഗ് പട്ടികയില് ഏറ്റവും ഒടുവിലാണ് നിലവില് മയാമിയുടെ സ്ഥാനം, മെസ്സി എത്തുന്നതിന് മുന്പ് തന്നെ സീസണില് ദയനീയ സാഹചര്യത്തിലാണ് ക്ലബ് മുന്നോട്ടുപോകുന്നത്. എന്നാല് ലിയോയുടെ രംഗപ്രവേശത്തിന് ശേഷം കാര്യങ്ങള് മാറിക്കഴിഞ്ഞു. ലീഗ്സ് കപ്പില് സെമിഫൈനലിലേക്ക് മയാമി രാജകീയമായി പ്രവേശിച്ചു കഴിഞ്ഞു. അഞ്ച് മത്സരങ്ങളില് നിന്ന് 8 ഗോളുകളാണ് മെസ്സി സ്വന്തം പേരിലെഴുതിയിരിക്കുന്നത്. ഗോളുകളില് ഒരെണ്ണം പോലും പെനാല്റ്റിയില്ല, രണ്ട് ഗോളുകള് ഫ്രീക്കിക്കിലൂടെ, കൂടാതെ ഒരു അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്.

അര്ജന്റീനന് മുന്താരം ജെറാഡോ മാര്ട്ടിനോയാണ് മയാമിയുടെ പരിശീലകന്, ബാഴ്സയില് മെസ്സിക്കൊപ്പമുണ്ടായിരുന്ന സെര്ജിയോ ബുസ്കറ്റസും ടീമിലുണ്ട്. ക്ലബിനെ പ്രചോദിപ്പിക്കാന് മെസ്സിയോളം വലിപ്പമുള്ള മറ്റൊരു നായകനെ മയാമിക്ക് ലഭിക്കാനില്ല. അത് തന്നെയാണ് മയാമിയില് മാന്ത്രികന്റെ നിയോഗവും.

Story Highlights: Messi in Inter Miami

dot image
To advertise here,contact us
dot image