ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളുടെ ഭാവി എന്തായിരിക്കും എന്നത് സംബന്ധിച്ച ആശങ്കകളാണ് എല്ലായിടത്തും. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള് മാത്രം ബാക്കി നില്ക്കെയാണ്, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന സാധ്യത പഠിക്കാന് കേന്ദ്രസര്ക്കാര് ഒരു സമിതിക്ക് രൂപം നല്കിയിരിക്കുന്നത്.
രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തെ മുഴുവന് പൊളിച്ചെഴുതാന് പോകുന്ന നീക്കം. ഇനി മുതല് സംസ്ഥാനങ്ങളിലേക്കും ലോക്സഭയിലേക്കുമായി വെവ്വേറ തിരഞ്ഞെടുപ്പുകള് വേണ്ട, രാജ്യമാസകലം ഒരൊറ്റ തിരഞ്ഞെടുപ്പ് മതിയെന്ന ആശയം.
മുന് രാഷ്ടപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയാണ് വിഷയം പഠിച്ച് റിപ്പോര്ട്ട് സമര്പ്പിക്കുക. പ്രത്യേക പാര്ലമെന്റ് സമ്മേളനം കൂടി വിളിച്ചിരിക്കുന്ന സാഹചര്യത്തില് സമിതിയെ നിയോഗിച്ചുകൊണ്ടുള്ള കേന്ദ്രനീക്കം വലിയ ചര്ച്ചകള്ക്ക് വഴിവെച്ചിരിക്കുകയാണ്.
രാജ്യത്ത് മുഴുവന് ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം കൊണ്ട് അര്ത്ഥമാക്കുന്നത്. വിഷയത്തെ ചൊല്ലി കാലങ്ങളായി വാദ പ്രതിവാദങ്ങള് നടക്കുന്നുണ്ട്.
ചെലവ് ചുരുക്കലാണ് ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നവര് ചൂണ്ടിക്കാട്ടുന്ന പ്രധാന നേട്ടം. സംസ്ഥാനങ്ങളിലും ലോക്സഭയിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിലൂടെ പൊതുപണം ലാഭിക്കാം. ഭരണനിര്വഹണസ്ഥാപനങ്ങളുടെ പ്രവര്ത്തനത്തിലും ഗുണമുണ്ടാകും എന്ന വാദമുണ്ട്. മാത്രമല്ല ഒരു തവണ മാത്രം വോട്ട് ചെയ്താല് മതിയെന്നത് വോട്ടര്മാരുടെ എണ്ണം കൂട്ടുമെന്നും കണക്കു കൂട്ടുന്നു.
എന്നാല് ഇന്ത്യയുടെ ബഹുസ്വരതയെയും, വിവിധ സംസ്ഥാനങ്ങളുടെ വൈവിധ്യങ്ങളെയും, വിവിധങ്ങളായ തദ്ദേശീയ രാഷ്ട്രീയ പാര്ട്ടികളെയും ഇല്ലാതാക്കുക എന്ന കേന്ദ്ര ലക്ഷ്യമാണ് ഇതിന് പിന്നിലെന്നാണ് പ്രതിപക്ഷപാര്ട്ടികള് ആരോപിക്കുന്നത്. ഈ നീക്കം ഇന്ത്യയുടെ ഫെഡറല് സംവിധാനത്തിന് വെല്ലുവിളിയാണെന്നും അവര് ഉന്നയിക്കുന്നു.
പ്രായോഗികത പരിശോധിച്ചാലും ഒറ്റതവണയായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് നിരവധി പ്രശ്നങ്ങളുണ്ട്. ഇതിന് വരുത്തേണ്ട ഭേദഗതികള് നിരവധിയാണ്. സര്ക്കാരുകള് വീണാലോ, ഉപതിരഞ്ഞെടുപ്പുകള് വന്നാലോ എങ്ങനെയാകും തുടങ്ങിയ കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തേണ്ടതുണ്ട്.
തിരഞ്ഞെടുപ്പ് നടക്കുമ്പോള് ദേശീയ വിഷയങ്ങളുടെ പ്രഭാവത്തില് പ്രാദേശിക വിഷയങ്ങള് മുങ്ങിപ്പോകുമെന്നതാണ് ഉയരുന്ന മറ്റൊരു പ്രധാന വിമര്ശനം. രാജ്യത്ത് മുഴുവന് തിരഞ്ഞെടുപ്പ് ഒറ്റത്തവണയായി നടക്കുമ്പോള് വേണ്ടി വരുന്ന ചെലവും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
1952 മുതല് 1967 വരെ രാജ്യത്ത് നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകള് ഒരുമിച്ചായിരുന്നു നടന്നത്. 1968-69 കാലത്താണ് ചില സര്ക്കാരുകള് കാലാവധി പൂര്ത്തിയാക്കാതെ താഴെ വീണത്. അങ്ങനെ പലയിടത്തും തിരഞ്ഞെടുപ്പ് വന്നു. കാലാവധി പൂര്ത്തിയാക്കാന് ഒരു വര്ഷം ബാക്കി നില്ക്കെ ലോക്സഭയും പിരിച്ചുവിട്ടു. പിന്നീട് ലോക്സഭയിലേക്ക് മാത്രമായാണ് തിരഞ്ഞെടുപ്പ് നടന്നത് ഇതോടെ രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് രീതി അവസാനിച്ചു. ഈ രീതിയാണ് കേന്ദ്രസര്ക്കാര് ഇപ്പോള് തിരിച്ചുകൊണ്ടുവരാന് ആലോചിക്കുന്നത്.
ഈ ആശയം നടപ്പിലായാല് കേരള നിയമസഭയ്ക്കുള്പ്പടെ എന്ത് സംഭവിക്കും എന്നത് ഇപ്പോള് ഉയരുന്ന പ്രധാന സംശയമാണ്. എന്നാല് ഇക്കാര്യത്തില് വ്യക്തത വരണമെങ്കില് രാജ്യത്തുടനീളമുള്ള തിരഞ്ഞെടുപ്പ് ഏകീകരിക്കുന്നതിന് കേന്ദ്രം കൊണ്ടുവരുന്ന മാനദണ്ഡങ്ങള് എന്തൊക്കെയാണെന്ന് വ്യക്തമാകണം. കേരള നിയമസഭയുടെ കാലാവധി കൂടുകയോ കുറയുകയോ ചെയ്യാം. 1996ലാണ് കേരളത്തില് അവസാനമായി നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകള് ഒരുമിച്ച് നടന്നത്.
നിലവില് കേന്ദ്രത്തിലും ഓരോ സംസ്ഥാനങ്ങളിലും അതത് സര്ക്കാരുകള് കാലവധി പൂര്ത്തിയാക്കുമ്പോഴാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആശയം നടപ്പായാല് ഇതിനൊപ്പം കൊണ്ടുവരുന്ന മാനദണ്ഡങ്ങള് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകള് എങ്ങനെയാകണമെന്ന് തീരുമാനിക്കും.
ലോക്സഭയ്ക്കൊപ്പം നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുന്നതാണ് ഒരു സാധ്യത. ഇങ്ങനെ വന്നാല് കേരളത്തിനും അതിനൊപ്പം പോളിങ് ബൂത്തിലെത്തേണ്ടി വരും. അങ്ങനെ വന്നാല് നിലവിലെ നിയമസഭയുടെ കാലാവധി മൂന്നുവര്ഷത്തില് അവസാനിക്കും. പിന്നീടും ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമാകും നിയമസഭാ തിരഞ്ഞെടുപ്പുകള് നടത്തുക.
ഇനി മറ്റൊരു സാധ്യത കാലാവധി പൂര്ത്തിയാക്കാത്ത സംസ്ഥാന സര്ക്കാരുകള്ക്ക് ഇളവ് നല്കുക എന്നതാകും. രണ്ടര വര്ഷം തികയാത്ത സംസ്ഥാനങ്ങളില് ഏകീകൃത തിരഞ്ഞെടുപ്പിന് ശേഷം രണ്ടര വര്ഷമാകുമ്പോള് ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യാം.
ഈ വര്ഷം അവസാനത്തോടെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്ക്കൊപ്പം ലോക്സഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ച്, മറ്റ് സംസ്ഥാനങ്ങളില് നേരത്തെ പറഞ്ഞതു പോലെ രണ്ടര വര്ഷത്തിന് ശേഷം തിരഞ്ഞെടുപ്പ് നടത്തുന്ന രീതിയില് ഭേദഗതി കൊണ്ടുവരാനും സാധ്യതയുണ്ട്. ഇങ്ങനെ വന്നാല് ലോക്സഭാ തിരഞ്ഞെടുപ്പിന് രണ്ടര വര്ഷത്തിന് ശേഷം തന്നെയാകും കേരളത്തിലെ തിരഞ്ഞെടുപ്പ്. ഇങ്ങനെയായാല് ഏതാണ്ട് കേരള നിയമസഭയുടെ കാലാവധി കഴിയുന്ന സമയത്ത് തന്നെയാകും തിരഞ്ഞെടുപ്പ് നടക്കുക.