കൊച്ചിയിലെ കടമക്കുടിയിൽ രണ്ട് കുട്ടികളുൾപ്പെടെ കുടുംബത്തിലെ നാലു പേരുടെ ജീവനാണ് ഓൺലൈൻ വായ്പാ ആപ്പുകൾ കവർന്നെടുത്തത്. ഈ ആപ്പുകൾ എങ്ങനെയാണ് ചതിക്കുഴികളിലേക്ക് ആളുകളെ വലിച്ചിടുന്നത്. മനഃസാക്ഷിയില്ലാത്ത ഇത്തരം തട്ടിപ്പുകാരിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം. എന്താണ് നമ്മുടെ നിയമസംവിധാനങ്ങൾക്ക് അവരെ ഒന്നും ചെയ്യാൻ കഴിയാത്തത്. കടമക്കുടിയിലെ കുടുംബം ഉപയോഗിച്ചിരുന്ന ഫോണിലേക്ക് മരണശേഷവും ഭീഷണി സന്ദേശങ്ങൾ എത്തുന്നു. അവരെ കിട്ടാത്തതിനാൽ ബന്ധുക്കൾക്കും പല തരത്തിലുള്ള ചിത്രങ്ങളും മറ്റു ലഭിക്കുന്നു. ജീവൻ പോയാൽ പോലും ആപ്പിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാനാകില്ലെന്നതിന്റെ ഉദാഹരണമാണിത്.
ഇന്ത്യയിൽ മുൻപും പലരുടെയും ജീവൻ ഓൺലൈൻ വായ്പാ ആപ്പുകൾ കവർന്നെടുത്തിട്ടുണ്ട്. രണ്ട് വർഷത്തിനിടെ 14 ശതമാനം ഇന്ത്യക്കാരാണ് വായ്പാ ആപ്പിനെ ആശ്രയിച്ചതെന്ന് കണക്കുകൾ പറയുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടി നിൽക്കുന്ന സമയത്ത് ആരുടെയെങ്കിലും കയ്യിൽ നിന്ന് കടം വാങ്ങാറുണ്ട്. അല്ലെങ്കിൽ ബാങ്കിൽ നിന്ന് ലോണെടുക്കാറുണ്ട്. ബാങ്കിൽ പോയി ക്യൂ നിന്ന് കരമടച്ച രസീതും സാലറി സ്ലിപ്പും ആൾ ജാമ്യവും ഈടുമൊക്കെ കൊടുത്ത് ലഭിക്കുന്ന ലോണുകൾ ലഭിക്കാൻ പ്രയാസമാണ്. എങ്കിലും കൃത്യമായ നിയമപരിരക്ഷയോടെയായിരിക്കും അവ ലഭിക്കുന്നത്. തിരിച്ചടവിനും പലിശക്കുമൊക്കെ എഴുതി വെച്ച നിയമങ്ങളുണ്ടാകും. അതനുസരിച്ചാകും ബാങ്കുകളും സ്ഥാപനങ്ങളും ലോൺ തരുക.
എന്നാൽ ലോൺ എടുക്കാനായി എളുപ്പവഴി തേടുമ്പോഴുള്ള അവസ്ഥ അതല്ല. കൊച്ചിയിലെ കുടുംബത്തിന് സംഭവിച്ചത് ആവർത്തിക്കും. ചതിക്കുഴികളായ ലോൺ ആപ്പുകളിലേക്ക് ആളുകളെ ആകർഷിക്കുന്നത് വിവിധ ഘടകങ്ങളാണ്. അപേക്ഷിച്ച് അഞ്ചുമിനിറ്റിൽ തന്നെ ലോൺ ലഭിക്കുന്നു എന്നതാണ് പണത്തിന് അത്യാവശ്യമുള്ളവരെ ആപ്പിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. ബാങ്കിൽ പോവണ്ട, കരമടച്ച രസീത് വേണ്ട, സാലറി സ്ലിപ്പ് വേണ്ട, ആരുടെയും ജാമ്യവും വേണ്ട. കൊള്ള പലിശയാണ് പറയുന്നതെങ്കിലും എളുപ്പത്തിൽ പണം ലഭിക്കുന്നതിനാൽ മറ്റൊന്നും നോക്കില്ല. ശമ്പളം ലഭിച്ച ശേഷം പണം തിരികെ അടക്കാമെന്നു വിചാരിച്ച് ചെറിയ തുകകൾ വായ്പ എടുക്കുന്നവർ പിന്നീട് കുടുങ്ങി പോകുന്നതിങ്ങനെയാണ്. വായ്പ എടുത്ത് കുറച്ച് ദിവസങ്ങൾക്ക് ശേഷം മുഴുവൻ തുകയും തിരിച്ചടയ്ക്കാൻ വായ്പക്കാരോട് ആവശ്യപ്പെടും. പല തവണ ആവശ്യപ്പെട്ട ശേഷം ഉപദ്രവം തുടങ്ങുകയായി. തുടർന്ന് പല തരത്തിലുള്ള പിഴകൾ ചുമത്തും. നിശ്ചിത ദിവസത്തിനുള്ളിൽ വായ്പ പൂർണ്ണമായും തിരിച്ചടയ്ക്കാൻ കഴിയാത്തവർ വീഴുന്നത് നിലയില്ലാക്കയങ്ങളിലേക്കാവും.
അഞ്ചു മിനിറ്റിനുള്ളിൽ ലോൺ അനുവദിക്കുന്നതിനൊപ്പം തന്നെ ഫോണിലെ മുഴുവൻ വിവരങ്ങളും ആപ്പ് കൈക്കലാക്കുന്നു എന്നത് ആരും ശ്രദ്ധിക്കാതെ പോകുന്നു. അപേക്ഷിക്കുന്ന സമയം ഉപയോക്താവിനോട് അവരുടെ ഫോണിലെ കോൺടാക്റ്റ് ലിസ്റ്റ്, ലൊക്കേഷൻ, ക്യാമറ, മൈക്രോഫോൺ, ഫയലുകൾ, ഇമേജ് ഗാലറി, ടെക്സ്റ്റ് മെസേജുകൾ എന്നിവ ആക്സസ് ചെയ്യാൻ അനുമതി ചോദിക്കുന്നു. അനുമതി ഇല്ല എന്ന് പറഞ്ഞാൽ വായ്പ ലഭിക്കില്ല. തിരിച്ചറിയൽ രേഖകളും സെൽഫി വീഡിയോയും ഉൾപ്പെടെ അപ്ലോഡ് ചെയ്യുന്നതോടെ കുരുക്കിലാകുന്നു. മിക്ക ആളുകളും വായിക്കാതെ അംഗീകരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളുമാണ് ഈ കുരുക്കിനെ നന്നായി മുറുക്കുന്നത്. നമ്മുടെ ഫോണിലെ ഡാറ്റയിലേക്ക് ആപ്പിന് പൂർണ ആക്സസ് നൽകുന്ന സമ്മതപത്രമാകും വായിക്കാതെ ഒപ്പിട്ടു കൊടുക്കുന്നത്. പിന്നീട് നമ്മുടെ ഫോണിലെ മുഴുവൻ വിവരങ്ങളും അവർ കൈക്കലാക്കുന്നു.
ഇത് വഴി ലഭിക്കുന്ന ഡാറ്റകൾ ഉപയോഗിച്ച് ബ്ലാക്ക്മെയിലിംഗും ഉപദ്രവവും തുടങ്ങിയാൽ മാസങ്ങളോളം നീണ്ടു നിൽക്കും. ഉപയോക്താവ് പണം തിരിച്ചടച്ചുകഴിഞ്ഞാലും ഉപദ്രവം അവസാനിക്കില്ല. ചില സന്ദർഭങ്ങളിൽ ആപ്പുകൾ പണം തട്ടിയതായി പരാതിപ്പെട്ട ശേഷവും ചൂഷണം തുടരുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. ഫോണിലെ മുഴുവൻ കോൺടാക്ടുകളും കൈക്കലാക്കിയ ശേഷം അടുപ്പമുള്ളവർക്കാണ് ആദ്യം സന്ദേശങ്ങളയച്ചു തുടങ്ങുക. അവരിൽ നിന്നും ഉദ്ദേശിക്കുന്ന പണം ലഭിച്ചില്ലെങ്കിൽ കൂടുതൽ പേർക്ക് അയക്കും. കടം വാങ്ങിയയാളെ മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കമാകും സന്ദേശത്തിലുണ്ടാവുക. സ്ത്രീയെ പുരുഷനുമായും പുരുഷനെ സ്ത്രീയുമായും മുഖങ്ങൾ വെട്ടിയെടുത്ത് നഗ്നചിത്രത്തിൽ ചേർത്തുമൊക്കെ ചിത്രങ്ങളയക്കും.
ഈ ആപ്പുകളിൽ ചുരുക്കം ചിലതിന് മാത്രമേ പ്രവർത്തനക്ഷമമായ വെബ്സൈറ്റുകൾ ഉള്ളൂ. പ്ലേ സ്റ്റോറിൽ നൽകിയിരിക്കുന്ന ഇ-മെയിലുകളും ഫോൺ നമ്പറുകളും തേടി പോയാൽ മിക്കവാറും ലഭ്യമല്ല അല്ലെങ്കിൽ നിലവിലില്ല എന്നാണ് കാണിക്കുക. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും മറ്റും ഓപ്പറേറ്റ് ചെയ്യുന്നതെങ്ങനെയെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമായിട്ടില്ല. ഇതൊക്കെ കൊണ്ടു തന്നെ നാട്ടിലെ സൈബർ സംവിധാനങ്ങൾക്ക് എളുപ്പത്തിൽ ഇവരെ കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല. കണ്ടെത്തിയാൽ തന്നെ സംഭവിച്ച നഷ്ടമോ മറ്റോ ഇവരിൽ നിന്ന് ഈടാക്കാൻ നിയമസംവിധാനത്തിന് സാധിക്കില്ല. ഉപയോക്താവിന്റെ സമ്മതപത്രം ഉപയോഗിച്ചാണ് തട്ടിപ്പ് എന്നതിനാൽ ശിക്ഷയിൽ നിന്ന് എളുപ്പത്തിൽ രക്ഷപ്പെടാം.
ഒരിക്കൽ അകപ്പെട്ടു കഴിഞ്ഞാൽ ഇത്തരം തട്ടിപ്പുകാരിൽ നിന്ന് രക്ഷപ്പെടുക അസാധ്യമാണ്. കാണാമറയത്തിരുന്ന് പണി തരുന്ന ഇവരെ കണ്ടെത്താൻ സാധാരണക്കാരന് എളുപ്പത്തിൽ സാധിച്ചെന്നു വരില്ല. ഏത് അത്യാവശ്യ സാഹചര്യത്തിലായാലും ലോൺ ആപ്പുകളെ ആശ്രയിച്ച് ആപ്പിലാവിതിരിക്കുക എന്നത് മാത്രമാണ് ഏക വഴി.
Story Highlights: About Online Loan App Frauds