ഒരു സിനിമാ ഗാനത്തിന്റെ ആത്മാവ് ആസ്വാദകന്റെ ഹൃദയം തൊടണമെങ്കില് വേണ്ട രുചിക്കൂട്ടെന്തെന്ന് തിരിച്ചറിഞ്ഞ ഗായകനായിരുന്നു എസ്പി ബാലസുബ്രഹ്മണ്യം. വരികളുടെ കാവ്യാത്മകതയും സ്ക്രീനില് വരുന്ന അഭിനേതാവിന്റെ ശബ്ദസാമ്യവും സംഗീതത്തോട് ചേര്ന്ന് നില്ക്കുന്ന ഭാവാത്മകതയുമെല്ലാം ആലാപനത്തിലേക്ക് സന്നിവേശിപ്പിക്കാന് ശേഷിയുള്ള ഗായകനായിരുന്നു എസ്പി ബാലസുബ്രഹ്മണ്യം. തെന്നിന്ത്യയിലെ സംഗീതാസ്വാദകരുടെ ഹൃദയത്തില് എത്ര ആഴത്തിലാണ് എസ്പിബി വേരാഴ്ത്തിയിരിക്കുന്നതെന്ന് കൂടിയാണ് അദ്ദേഹം ഒപ്പമില്ലാതെ കടന്ന് പോയ മൂന്ന് വര്ഷങ്ങള് അടയാളപ്പെടുത്തുന്നത്.
മറ്റൊരു ഇന്ത്യന് ഗായകനും ഇനി ഒരുപക്ഷെ എത്തിപ്പിടിക്കാന് സാധിച്ചേക്കില്ലാത്ത നിരവധി നേട്ടങ്ങള് സംഗീതം ഔപചാരികമായി പഠിക്കാതെ തുടങ്ങിയ എസ്പിബിയുടെ പാട്ട് വഴികളില് അടയാളപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഭാഷാവൈവിധ്യങ്ങളെ ഭാവാത്മകമായ ശബ്ദസൗകുമാര്യമായി മാറ്റിയെടുത്ത ഗായകരുടെ പട്ടികയില്, മറ്റുള്ളവര്ക്ക് എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലാണ് എസ്പി ബാലസുബ്രഹ്മണ്യം.
ദക്ഷിണേന്ത്യന് ഭാഷകള്ക്ക് പുറമെ അസമീസ്, ഒറിയ, പഞ്ചാബി, ബംഗാളി, ഹിന്ദി, സംസ്കൃതം, തുളു, മറാത്തി അടക്കം 16 ഭാഷകളില് എസ്പിബിയുടെ ശബ്ദം സംഗീതസാന്ദ്രമായ ഭാവാത്മകയെ ചേര്ത്തുവച്ചു. 40000ത്തില് അധികം ഗാനങ്ങളാണ് ആറ് പതിറ്റാണ്ടിലേറെ നീണ്ട പിന്നണിഗാന യാത്രയില് എസ്പിബി ആലപിച്ചത്. ലോകത്ത് ഏറ്റവും അധികം ഗാനങ്ങള് റെക്കോര്ഡ് ചെയ്ത ഗായകന് എന്ന എസ്പിബിയുടെ ഗിന്നസ് നേട്ടം ഇനിയാരെങ്കിലും മറികടക്കുമെന്ന് തോന്നുന്നില്ല. ഒരു ദിവസം ഏറ്റവും അധികം ഗാനങ്ങള് റെക്കോര്ഡ് ചെയ്ത ഗായകന് എന്ന വിസ്മയ നേട്ടവും എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ പേരിലാണ്.
പ്രണയഗാനങ്ങള് ആലപിക്കുമ്പോള് എസ്പിബിക്കുണ്ടായിരുന്ന ഭാവസാന്ദ്രത എടുത്ത് പറയേണ്ടതാണ്. എല്ലാക്കാലത്തും ആളുകള് ചുണ്ടില് ഒളിച്ച് പിടിക്കുന്ന 'മണ്ണില് ഇന്ത കാതല്' എന്ന ഗാനത്തിന്റെ പ്രണയാര്ദ്രമായ ഭാവാത്മകത കാലത്തെ അതിജീവിക്കുന്നതാണ്. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാത്ത എസ്പിബി ശങ്കരാഭരണത്തിലെ ഗാനങ്ങള് സ്വഭാവികതയോടെ ആലപിച്ചത് വിസ്മയത്തോടെയാണ് അസ്വാദകര് കേട്ടത്.
സിനിമാ വഴിയില് എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ രസതന്ത്രം ഇഴചേര്ന്ന് കിടക്കുന്നവരുടെ പട്ടികയില് അഭിനേതാക്കളുമുണ്ട്. ഇളയരാജ, എസ് ജാനകി, കമല് ഹാസന് രജനീകാന്ത് തുടങ്ങിയ അതുല്യപ്രതിഭകളുമായി മനോഹരമായി കണ്ണിചേരുന്ന എസ്പിബിയുടെ രസതന്ത്രം എടുത്ത് പറയേണ്ടതാണ്. എസ്പിയുടെ ശബ്ദത്തില് കമല് ഹാസന്റെയും രജനീകാന്തിന്റെയും ഗാനങ്ങള് സ്ക്രീനില് കാണുമ്പോള് ശബ്ദവും ശരീരവും തമ്മില് എന്തെങ്കിലും വ്യത്യാസമുള്ളതായി പ്രേക്ഷകര്ക്ക് തോന്നുകയേയില്ല. അത്രയേറെ അവരുടെ ശബ്ദവും ഭാവവുമായി ഇണങ്ങിച്ചേരുന്നതായിരുന്നു എസ്പിബിയുടെ ആലാപനം.
എസ് ജാനകിയും എസ്പി ബാലസുബ്രഹ്മണ്യവും ഒരുമിച്ച് പാടുമ്പോള് ആ ഗാനം നമ്മളെ കൂട്ടിക്കൊണ്ട് പോകുന്ന ആസ്വാദനത്തിന്റെ തലം വാക്കുകള്ക്ക് അതീതമാണ്. ഇരുവര്ക്കുമിടയിലെ രസതന്ത്രം സംഗീതാസ്വാദകരുടെ പാട്ടോര്മ്മകളില് ശ്രുതിമധുരമായി തലമുറാന്തരങ്ങളിലും അടയാളപ്പെടുത്തപ്പെടുമെന്ന് തീര്ച്ചയാണ്. ഇളയരാജയും എസ്പി ബാലസുബ്രഹ്മണ്യവും ഒരുമിച്ച് ചേര്ന്നപ്പോള് പിറവിയെടുത്ത ഗാനങ്ങളെല്ലാം നിത്യവിസ്മയങ്ങളായി കാലത്തെ അതിജീവിക്കുക തന്നെ ചെയ്യും.
വരികളുടെ ആത്മാവറിഞ്ഞ് ഇളയരാജ താളമിടുമ്പോള് സംഗീതത്തിന്റെ നെഞ്ചകം തൊട്ട് എസ്പിബി ആ പാട്ടിനെ മറ്റൊരു തലത്തിലേയ്ക്ക് ഉയര്ത്തിയതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. എസ്പിബിയുടെ പാട്ടുവഴികളിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളെ അടയാളപ്പെടുത്തിയിട്ടുണ്ട് ഇവര്ക്കൊപ്പം ചേരുമ്പോള് പിറവിയെടുത്തിരുന്ന പരസ്പരമുള്ള കൊടുക്കല് വാങ്ങലുകളുടെ രസതന്ത്രം. കമലാഹാസന് വേണ്ടി പാടുമ്പോള് അത് എസ്പിബിയുടെ ശബ്ദമാണോ കമല് ഹാസന്റെ ശബ്ദമാണോ എന്ന് വേര്തിരിച്ചറിയാന് കഴിയാത്തവിധം പലപ്പോഴും എസ്പിബി വിസ്മയിപ്പിച്ചിട്ടുണ്ട്. കമല് ഹാസന്റെ ശബ്ദത്തിന് മൊഴിമാറ്റം നല്കിയ ഡബ്ബിങ്ങ് ആര്ട്ടിസ്റ്റ് കൂടിയായിരുന്നു എന്നത് ഗാനാലാപനത്തിലും എസ്പിബിക്ക് സഹായകമായിട്ടുണ്ടാകും. തമിഴ് ചിത്രങ്ങള് തെലുങ്കിലേക്ക് മൊഴിമാറ്റുമ്പോള് കമല് ഹാസന്റെ ശബ്ദം പതിവായി ഡബ്ബ് ചെയ്തിരുന്നത് എസ്പിബിയായിരുന്നു. രജീകാന്തിന് വേണ്ടി പാടുമ്പോഴും ഈയൊരു അനുഭവപരിചയം എസ്പിബിക്ക് തുണയായിട്ടുണ്ടാകും.
ഇന്ത്യന് സിനിമയിലെ അപൂര്വ്വ പ്രതിഭാസംഗമം അടയാളപ്പെടുത്തിയ സിനിമയായിരുന്നു ദളപതി. രജനീകാന്ത്, മമ്മൂട്ടി, അമരീഷ് പുരി തുടങ്ങിയ അഭിനയപ്രതിഭകളുടെ വിസ്മയത്തെ മണിരത്നത്തിന് വേണ്ടി കാമറയില് പകര്ത്തിയത് സന്തോഷ് ശിവനായിരുന്നു. ഇളയരാജയുടെ ഈണത്തിന് യേശുദാസും എസ്പിബിയും ഒരുമിച്ച 'കാട്ടുക്കുയിലേ മനസ്സുക്കുള്ളെ..' എന്ന ഗാനം പലനിലയിലും വിശ്രുതമാണ്. സ്ക്രീനിലെ രജനീകാന്തിന് വേണ്ടി എസ്പിബി പാടിയപ്പോള് മമ്മൂട്ടിക്ക് വേണ്ടിപാടിയത് യേശുദാസായിരുന്നു. ദളപതിയിലെ അപൂര്വ്വ പ്രതിഭാസംഗമം ഇനി ആവര്ത്തിക്കില്ലാത്ത ചരിത്രമാണ്. കമല് ഹാസനും രജനീകാന്തിനും പുറമെ സല്മാന് ഖാന്, അനില് കപൂര്, ജെമിനി ഗണേശന്, രഘുവരന് തുടങ്ങിയ നിരവധി അഭിനേതാക്കള്ക്ക് ശബ്ദം നല്കിയിട്ടുണ്ട് എസ്പിബി.
പാരമ്പര്യമായി ലഭിച്ച കലാപശ്ചാത്തലമാണ് എസ്പിബിയെന്ന കലാകാരന് കരുത്തായത്. പ്രതിഭാധനനായ പിന്നണി ഗായകന് എന്നതിന് പുറമെ സംഗീത സംവിധായകന്, അഭിനേതാവ്, ടെലിവിഷന് അവതാരകന് എന്നിങ്ങനെ ബഹുമുഖമായ കലാഇടങ്ങളിലും എസ്പിബി വ്യക്തിമുദ്ര പതിപ്പിച്ചു. ഹരികഥാ കലാകാരനായ പിതാവ് എസ്പി സാംബമൂര്ത്തിയുടെ കലാജീവിത വഴിയായിരുന്നു സംഗീതത്തില് ശാസ്ത്രീയ ജ്ഞാനമില്ലാതിരുന്ന എസ്പിബി തിരഞ്ഞെടുത്തത്. ഗാനമേള ട്രൂപ്പിലെ ഗായകനില് നിന്നും സിനിമാ പിന്നണി ഗായകനിലേക്കുള്ള എസ്പിബിയുടെ തുടക്കം 1966ലായിരുന്നു. സംഗീതസംവിധായകന് കോദണ്ഡപാണിയുടെ കീഴില് ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തിലൂടെ പിന്നണിഗാന രംഗത്തെത്തിയ എസ്പിബി പതിയെ തെന്നിന്ത്യയിലെ വിസ്മയഗായകനായി പേരെടുക്കുകയായിരുന്നു. 1979ല് ശങ്കരാഭരണത്തിലൂടെ ആദ്യ ദേശീയ അവാര്ഡ് നേടിയ എസ്പിബി പിന്നീട് 1981ല് ഏക് ദുജേ കേലിയേ, 1983ല് സാഗരസംഗമം, 1988ല് രുദ്രവീണ, 1995ല് സംഗീത സാഗര ഗാനയോഗി പഞ്ചാക്ഷര ഗാവയി, 1996ല് മിന്സാര കനവ് എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്ക്കും ദേശീയ അവാര്ഡിന് അര്ഹനായി.
കൊവിഡ് ബാധയെ തുടര്ന്ന് ആരോഗ്യപ്രശ്നങ്ങള് നേരിട്ട എസ്പിബിക്ക് കൊവിഡ് നെഗറ്റീവായതിന് ശേഷവും പഴയജീവിതത്തിലേക്ക് തിരിച്ചുവരാനായില്ല. ആയിരക്കണക്കിന് സംഗീതാസ്വാദകരുടെ കണ്ണ് നനയിച്ച് 2020 സെപ്തംബര് 25ന് എസ്പിബി എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങളുടെ ശബ്ദസൗകുമാര്യം ബാക്കിയാക്കി ലോകത്തോട് വിടപറഞ്ഞു. പെയ്തൊഴിയാത്ത മഴപോലെ എസ്പിബിയുടെ ഗാനങ്ങള് ഇടമുറിയാതെ സംഗീതാസ്വദാകരുള്ള കാലത്തോളം പെയ്തുകൊണ്ടിരിക്കും. നമ്മുടെ വ്യത്യസ്തവൈകാരിക നിമിഷങ്ങളില് അതിനോട് കണ്ണിചേര്ന്ന് നില്ക്കുന്ന എത്രയോ എസ്പിബി ഗാനങ്ങളുണ്ട്, നമുക്ക് എസ് പി ബാലസുബ്രഹ്മണ്യത്തിലേക്ക് പോയി മടങ്ങാന്. അനശ്വര ശബ്ദത്തിന്റെ ഓര്മ്മകള്ക്ക് ആദരം.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക