കേരളവും ബംഗാളും ഗവര്ണര്ക്കെതിരെ നിയമവഴിയിൽ; ഗവർണർമാർ ബിജെപി ഇതര സർക്കാരുകളോട് കൊമ്പുകോർക്കുമ്പോൾ

ഗവര്ണമാര്ക്ക് വിധേയത്വം ഭരണഘടനയോടോ, ഭരണനേതൃത്വത്തിന്റെ രാഷ്ട്രീയനിലപാടുകളോടോ എന്ന ചോദ്യം ഈ ഘട്ടത്തില് കൂടുതല് പ്രസക്തമാകുകയാണ്

dot image

ബിജെപി ഇതര സംസ്ഥാന സര്ക്കാരുകളും ഗവര്ണര്മാരും തമ്മിലുള്ള തര്ക്കം രാജ്യത്തിന്റെ പരമോന്നത കോടതിയിലേക്ക്. നിയമസഭയില് പാസാക്കിയ ബില്ലുകളില് ഒപ്പുവയ്ക്കാത്ത ഗവര്ണറുടെ നടപടിക്കെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിക്കാന് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനസര്ക്കാരിനെ നിഴലില് നിര്ത്തി രാജ്ഭവന്റെ നേരിട്ടുള്ള അധികാരത്തിന് കീഴില് യൂണിവേഴ്സിറ്റി കോ-ഓര്ഡിനേഷന് സെന്റര് രൂപികരിച്ച ബംഗാള് ഗവര്ണര് സിവി ആനന്ദ ബോസിന്റെ നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്നാണ് ബംഗാള് വിദ്യാഭ്യാസകാര്യ മന്ത്രി ബ്രത്യ ബസു വ്യക്തമാക്കിയിരിക്കുന്നത്.

നിയമസഭ പാസാക്കിയ ബില്ലുകള് ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്ന കേരള ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയത്. 'സംസ്ഥാന നിയമസഭ വിശദമായ ചര്ച്ചകള്ക്കുശേഷം പാസ്സാക്കിയ എട്ട് ബില്ലുകള് ഭരണഘടനയുടെ അനുച്ഛേദം 200 പ്രകാരം ഗവര്ണ്ണറുടെ അംഗീകാരത്തിന് സമര്പ്പിക്കുകയുണ്ടായി. നീണ്ട കാലയളവിനുശേഷവും ഈ ബില്ലുകള് നിയമമായിട്ടില്ല. പാര്ലമെന്ററി ജനാധിപത്യ സമ്പ്രദായത്തില് ജനാഭിലാഷം പ്രതിഫലിക്കുന്ന നിയമസഭ ചര്ച്ച ചെയ്ത് പാസ്സാക്കുന്ന ബില്ലുകള് നിയമമാകാതിരിക്കാനുള്ള കാലവിളംബം വരുത്തുന്നത് പാര്ലമെന്ററി ജനാധിപത്യത്തിന്റെ അന്തഃസത്തയ്ക്ക് നിരക്കാത്തതാണ്. ബില്ലുകളെ സംബന്ധിച്ച വിശദീകരണങ്ങളും സ്പഷ്ടീകരണങ്ങളും ബന്ധപ്പെട്ട മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും ബഹുമാനപ്പെട്ട ഗവര്ണ്ണര് ആവശ്യപ്പെട്ട പ്രകാരം അദ്ദേഹത്തെ സന്ദര്ശിച്ച് നല്കിയിട്ടുണ്ട്. അതിനുശേഷവും ഈ ബില്ലുകളുടെ കാര്യത്തില് തീരുമാനമൊന്നും ഉണ്ടായിട്ടില്ല'; എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. നിയമസഭ പാസാക്കിയ ബില്ലുകള് അനിശ്ചിതമായി തടഞ്ഞുവയ്ക്കാന് ഗവര്ണര്ക്ക് അധികാരമുണ്ടോ എന്ന വിഷയത്തില് മുതിര്ന്ന അഭിഭാഷകന് ഫാലി എസ് നരിമാന്റെ അഭിപ്രായം സംസ്ഥാന സര്ക്കാര് തേടിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കേരളം ഗവര്ണര്ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

ബിജെപി ഇതര സര്ക്കാരുകള് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവണര്മാരും സംസ്ഥാന സര്ക്കാരുകളും തമ്മിലുള്ള തര്ക്കങ്ങള് ഭരണഘടനാ പ്രശ്നമായി മാറുന്ന സാഹചര്യമാണുള്ളത്. കേരളം, തമിഴ്നാട്, തെലങ്കാന നിയമസഭകള് പാസാക്കിയ ബില്ലുകള് തുടര്നടപടികള് സ്വീകരിക്കാതെ ഗവര്ണര്മാര് അന്യായമായി തടഞ്ഞുവയ്ക്കുന്നു എന്നതാണ് ഇപ്പോഴും പരിഹരിക്കപ്പെടാത്ത തര്ക്കമായി അന്തരീക്ഷത്തിലുള്ളത്. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള് ഗവര്ണര് തമിഴിസൈ സൗന്ദരരാജന് അന്യായമായി കാലതാമസം വരുത്തുന്നത് ചോദ്യം ചെയ്ത് തെലങ്കാന സര്ക്കാര് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ബില്ലുകള് പാസാക്കാതെ തടഞ്ഞുവയ്ക്കുന്ന ഗവര്ണറുടെ നടപടിക്കെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി. ഈ പ്രമേയം ഉള്പ്പെടുത്തി കേരളത്തിന്റെ പിന്തുണ അഭ്യര്ത്ഥിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. ഫെഡറല് തത്വങ്ങള് കാറ്റില് പറത്തുന്ന ഗവണര്മാരുടെ അപ്രമാദിത്തം ചോദ്യം ചെയ്യാന് കേരളം എല്ലാ പിന്തുണയും നല്കുമെന്ന് പിണറായി വിജയന് സ്റ്റാലിന് മറുപടിയും നല്കിയിരുന്നു. ഇവിടം കൊണ്ടൊന്നും തീരുന്നതല്ല ബിജെപി ഇതര സംസ്ഥാന സര്ക്കാരുകളും ഗവര്ണര്മാരും തമ്മിലുള്ള ഏറ്റുമുട്ടലെന്ന് കൂടിയാണ് കേരളത്തിന്റെയും ബംഗാളിന്റെയും പുതിയ നിലപാടിലൂടെ വ്യക്തമാകുന്നത്.

കേരളത്തിലും തമിഴ്നാട്ടിലും തുറന്ന യുദ്ധം

തമിഴ്നാട് ഗവര്ണര് ആര് എന് രവിയും കേരള ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനുമാണ് സംസ്ഥാനസര്ക്കാരുകള്ക്കെതിരെ ഏറ്റവും ശക്തമായ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നത്. സ്റ്റാലിന്-രവി വാക് പോരാട്ടം തമിഴ്നാട്ടില് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുമോയെന്ന ആശങ്കയും ഒരുഘട്ടത്തില് സൃഷ്ടിച്ചിരുന്നു. സ്റ്റാലിന് നിയമസഭയില് നടത്തിയ പ്രസംഗത്തെ തുടര്ന്ന് നിയമസഭയില് നിന്നും ആര് എന് രവി ഇറങ്ങിപ്പോകുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഗവര്ണര് അനാവശ്യമായി ബില്ലുകള് തടഞ്ഞുവയ്ക്കുന്നു എന്ന വിമര്ശനം ഉയര്ന്നപ്പോള് ആര് എന് രവി പരിഹാസത്തോടെയാണ് അതിനോട് പ്രതികരിച്ചത്. 'ഒരു ബില് തടഞ്ഞുവച്ചാല് അത് മരിച്ചുവെന്നാണ് അര്ത്ഥ'മെന്നായിരുന്നു രവിയുടെ പ്രതികരണം. നിയമസഭ പാസാക്കുന്ന ബില്ലുകള് പാസാക്കാന് ഗവര്ണര്ക്ക് സമയപരിധി നിശ്ചയിക്കണമെന്നായിരുന്നു ഈ വിഷയത്തില് എം കെ സ്റ്റാലിന് നടത്തിയ പ്രതികരണം. നീറ്റ് വിഷയത്തില് അടക്കം തമിഴ്നാട് നിയമസഭ പാസാക്കിയ നിരവധി ബില്ലുകളാണ് നടപടിയെടുക്കാതെ ഗവര്ണര് കൈവശം വച്ചിരിക്കുന്നത്.

യൂണിവേഴ്സിറ്റികളിലെ അധികാരം ഉറപ്പിക്കുന്ന നിലയിലുള്ള നീക്കങ്ങളാണ് തമിഴ്നാട്ടിലും സര്ക്കാര്-ഗവര്ണര് ഏറ്റുമുട്ടലിലെ പ്രധാനവിഷയമായി ഉയരുന്നത്. ഭാരതിയാര് യൂണിവേഴ്സിറ്റി, തമിഴ്നാട് ടീച്ചര് എഡ്യൂക്കേഷന് യൂണിവേഴ്സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റി എന്നിവിടയങ്ങളിലെ വൈസ് ചാന്സലര് നിയമനത്തിനായി ഗവര്ണര് ആര് എന് രവി സേര്ച്ച്-കം-സെലക്ഷന് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഗവര്ണറുടെ നടപടി യൂണിവേഴ്സിറ്റി നിയമത്തിനും മാനദണ്ഡത്തിനും വിരുദ്ധമാണെന്നാണ് സര്ക്കാര് നിലപാട്. തമിഴ്നാട് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള 13 യൂണിവേഴ്സിറ്റികളും അതിന്റേതായ നിയമത്തിലും നിയന്ത്രണത്തിലുമാണ് പ്രവര്ത്തിക്കുന്നതെന്നാണ് തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി പൊന്മുടിയുടെ നിലപാട്. ഗവര്ണര്ക്ക് സ്വന്തം നിലയില് സേര്ച്ച്-കം-സെലക്ഷന് കമ്മിറ്റിയെ നിയമിക്കാന് അധികാരമില്ലെന്നാണ് സര്ക്കാര് നിലപാട്. നേരത്തെ തമിഴ്നാട് പബ്ലിക് സര്വീസ് കമ്മീഷന് ചെയര്മാന് സ്ഥാനത്തേക്ക് മുന് ഡിജിപി ശൈലേന്ദ്ര ബാബുവിനെ നിയമിക്കാനുള്ള തമിഴ്നാട് സര്ക്കാരിന്റെ നീക്കത്തിനെതിരെയും ഗവര്ണര് വടിയെടുത്തിരുന്നു. തമിഴ്നാട് ഗവര്ണറുടെ വ്യത്യസ്തമായ നിലപാടുകള് ചൂണ്ടിക്കാണിച്ച് ഗവര്ണര് സ്ഥാനത്തിരിക്കാന് ആര് എന് രവിക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ജൂലൈ മാസത്തില് തമിഴ്നാട് മുഖ്യമന്ത്രി രാഷ്ട്രപതി ദ്രൗപതി മുര്മുവിന് 15 പേജുള്ള കത്തയച്ചിരുന്നു.

കേരളത്തിലെ സാഹചര്യവും വ്യത്യസ്തമല്ല. നിയമസഭ പാസാക്കിയ നിര്ണായകമായ ബില്ലുകളാണ് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് തുടര്നടപടി സ്വീകരിക്കാതെ കൈവശം വച്ചിരിക്കുന്നത്. ബില്ലുകളില് നടപടി സ്വീകരിക്കാത്ത ഗവര്ണറുടെ നിലപാടില് സര്ക്കാര് കടുത്ത അതൃപ്തിയിലാണ്. സര്വകലാശാലകളുടെ വൈസ് ചാന്സലര് സ്ഥാനത്ത് നിന്നും ഗവര്ണറെ മാറ്റുന്നതിനുള്ള 2 ബില്ലുകള്, സെര്ച്ച് കമ്മിറ്റിയെ നിയമിക്കുന്നതിനുള്ള സര്കലാശാല ഭേദഗതി ബില്, ലോകായുക്ത ഭേദഗതിബില്, മില്മ സഹകരണ ഭേദഗതി ബില് എന്നിവ അടക്കമുള്ള പ്രധാനപ്പെട്ട ബില്ലുകളാണ് ഗവര്ണര് തുടര്നടപടി സ്വീകരിക്കാതെ കൈവശം വച്ചിരിക്കുന്നത്. ഇതില് ഗവര്ണറെ ചാന്സലര് സ്ഥാനത്തുനിന്നും മാറ്റുന്ന ഭേദഗതിയും വൈസ് ചാന്സലര്മാരെ കണ്ടെത്താനുള്ള സെര്ച്ച് കമ്മിറ്റിയെ പുന:സംഘടിപ്പിക്കാനുള്ള സര്വ്വകലാശാല ഭേദഗതിയും ലോകായുക്തഭേദഗതിയും ആരിഫ് മുഹമ്മദ് ഖാന് വാദിച്ചിരുന്ന ഭരണഘടനാപരമായ ഗവര്ണറുടെ അധികാരമെന്ന വിവരണത്തെ ചോദ്യം ചെയ്യുന്നതാണ്. അതിനാല് തന്നെ ഈ മൂന്നു ബില്ലുകളും നടപടി സ്വീകരിക്കാതെ തടഞ്ഞുവച്ചിരിക്കുന്ന ഗവര്ണറുടെ നീക്കത്തിന് വലിയ മാനങ്ങളുണ്ട്.

ബില്ലില് ഒപ്പിടാനോ, തിരിച്ചയയ്ക്കാനോ, രാഷ്ട്രപതിക്ക് അയക്കാനോ തയ്യാറാകാതെ അനിശ്ചിതമായി ബില്ലുകള് തടഞ്ഞുവയ്ക്കുക എന്ന സമീപനമാണ് ഗവര്ണര് സ്വീകരിച്ചിരിക്കുന്നത്. നേരത്തെ ബില്ലുകള് പാസാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഗവര്ണര്ക്ക് കത്തയച്ചിരുന്നു. മന്ത്രിമാര് നേരിട്ടെത്തി ബില്ലുകളില് വിശദീകരണം നല്കണമെന്നായിരുന്നു ഗവര്ണറുടെ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തില് ഉന്നതവിദ്യാഭ്യാസമന്ത്രി അടക്കമുള്ള അഞ്ച് മന്ത്രിമാര് നേരിട്ടെത്തി ഗവര്ണര്ക്ക് വിശദീകരണം നല്കിയിരുന്നു. എന്നാല് ബില്ലുകള് പരിഗണിക്കാന് ഇതുവരെ ഗവര്ണര് തയ്യാറായിട്ടില്ല. മുഖ്യമന്ത്രിക്കെതിരെയുള്ള പരാതി ലോകായുക്ത വിശാലബഞ്ചിന്റെ പരിഗണനക്ക് വിട്ടതോടെ ലോകായുക്ത ഭേദഗതി ബില് വീണ്ടും ചര്ച്ചയിലേക്ക് വന്നിരുന്നു. വിശാലബഞ്ചിന്റെ വിധി മുഖ്യമന്ത്രിക്ക് എതിരാകാനുള്ള സാധ്യതയും തള്ളികളയാനാവില്ല. അങ്ങനെയൊരു സാഹചര്യം സംജാതമാകുന്നതിന് മുമ്പ് ലോകായുക്ത ഭേദഗതി ബില് ഗവര്ണര് അംഗീകരിക്കേണ്ടത് സര്ക്കാരിനെ സംബന്ധിച്ച് നിര്ണ്ണായകമാണ്. ഈ ബില്ലിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യമുള്ളതിനാലാവും ബില്ലുകള്ക്ക് മുകളില് അടയിരിക്കുക എന്ന സമീപനം ഗവര്ണറും സ്വീകരിക്കുന്നത്.

ഗവര്ണറുടെ അധികാരം സംബന്ധിച്ച കോടതി വിധികള് പോലും അപ്രസക്തമാകുന്നു

ഇത്തരത്തില് വിവിധ സംസ്ഥാന സര്ക്കാരുകളും ഗവര്ണമാരും തമ്മിലുള്ള തര്ക്കങ്ങള് രൂക്ഷമാകുന്നതിനിടെ ഗവര്ണര്മാരുടെ അധികാരപരിധി വ്യാഖ്യാനിക്കുന്ന കോടതി നിരീക്ഷണങ്ങളും വിധികളും പുറത്ത് വന്നിരുന്നു. ബില്ലുകള് അന്യായമായി തടഞ്ഞുവയ്ക്കുന്നതിനെ ചോദ്യം ചെയ്ത് കൊണ്ട് തെലങ്കാന സര്ക്കാര് നല്കിയ ഹര്ജിയില് സുപ്രീംകോടതി നിരീക്ഷണമായിരുന്നു ഇതില് ഏറ്റവും ശ്രദ്ധേയം. ആര്ട്ടിക്കിള് 200നെ ചൂണ്ടിക്കാണിച്ചായിരുന്നു കോടതി നിരീക്ഷണം. നിയമസഭ പാസാക്കുന്ന ബില്ലുകളില് മണിബില്ലുകള് ഒഴികെ പരിഗണിക്കുന്ന കാര്യത്തില് 'എത്രയും പെട്ടെന്ന്' എന്ന താല്പ്പര്യം ഗവര്ണര്മാര്ക്ക് ഉണ്ടായിരിക്കണമെന്നായിരുന്നു ആര്ട്ടിക്കിള് 200 മുന്നിര്ത്തിയുള്ള കോടതിയുടെ നിരീക്ഷണം.

മഹാരാഷ്ട്രയില് ഉദ്ദവ് താക്കറെ സര്ക്കാരിനെ താഴെയിറക്കിയ വിഷയത്തിലും സുപ്രീംകോടതി ഗവര്ണറുടെ അധികാരങ്ങള് സംബന്ധിച്ച നിരീക്ഷണങ്ങള് നടത്തിയിരുന്നു. 'മന്ത്രിസഭയുടെ സഹായവും ഉപദേശവും കൂടാതെ പ്രവര്ത്തിക്കാനുള്ള ഗവര്ണറുടെ അധികാരം അസാധാരണ സ്വഭാവമുള്ളതാണ്. അത്തരം അധികാരത്തിന്റെ പ്രയോഗം പാര്ലമെന്ററി ജനാധിപത്യത്തെ ബാധിക്കും. ഇത്തരത്തില് അസാധാരണമായ അധികാരം പ്രയോഗിക്കുന്നതിന് ഗവര്ണമാരുടെ മുന്നില് മതിയായ കാരണം ഉണ്ടായിരിക്കണ'മെന്നുകൂടി കോടതി ഓര്മ്മപ്പെടുത്തിയിരുന്നു. ദില്ലി ലെഫ്റ്റനന്റ് ഗവര്ണറും ദില്ലി സര്ക്കാരും തമ്മിലുള്ള അധികാരതര്ക്കത്തിലും സുപ്രീംകോടതി കൃത്യമായ നിരീക്ഷണം നടത്തുകയുണ്ടായി. ഭൂമി, പൊതുക്രമം, പൊലീസ് എന്നിവ ഒഴികെയുള്ള സേവനങ്ങളില് ഡല്ഹി സര്ക്കാരിന് നിയമനിര്മ്മാണ, എക്സിക്യൂട്ടീവ് അധികാരങ്ങളുണ്ടെന്ന് സുപ്രീം കോടതി തീര്പ്പ് കല്പ്പിച്ചിരുന്നു. പിന്നീട് ഈ വിധി മറികടക്കാന് കേന്ദ്രസര്ക്കാര് പുതിയ നിയമനിര്മ്മാണം തന്നെ നടത്തിയിരുന്നു.

ഗവര്ണര്മാരുടെ അധികാരപരിധി സംബന്ധിച്ച കോടതി നിരീക്ഷണങ്ങള് പക്ഷെ ഗൗരവമായി പരിഗണിക്കപ്പെടുന്നുണ്ടോ എന്നതും വിലയിരുത്തേണ്ടതുണ്ട്. ഇത്തരം വിധികളോ നിരീക്ഷണങ്ങളോ വന്നതിന് ശേഷവും ഗവര്ണര്മാരുടെ സമീപനങ്ങളില് മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഭരണഘടനയുടെ അടിസ്ഥാനത്തിലാണെങ്കിലും ഗവര്ണര്മാരുടേത് കാലങ്ങളായി രാഷ്ട്രീയ നിയമനമാണെന്നത് വ്യക്തമാണ്. ഭരിക്കുന്ന പാര്ട്ടിയോടല്ല ഭരണഘടനയോടാണ് ഗവര്ണര്മാര് വിധേയത്തം കാണിക്കേണ്ടതെന്ന ഓര്മ്മപ്പെടുത്തലാണ് ഈ വിഷയങ്ങളില് കോടതികള് നടത്തിയതെന്ന് വേണം വിശകലനം ചെയ്യാന്.

ഇത്തരം വിധികളെ ഗൗരവത്തില് കാണുന്നില്ലെന്ന സന്ദേശം കേന്ദ്രസര്ക്കാര് തന്നെ ഇതിനകം നല്കിയിട്ടുണ്ട്. ദില്ലി സര്ക്കാരിന്റെ അധികാരപരിധി സംബന്ധിച്ച സുപ്രീംകോടതി വിധിയെ മറികടക്കുന്നതിനായി കേന്ദ്രസര്ക്കാര് പുതിയ നിയമം തന്നെ കൊണ്ടുവന്നു. ഗവണ്മെന്റ് ഓഫ് നാഷണല് ക്യാപിറ്റല് ടെറിട്ടറി ഓഫ് ഡല്ഹി (ഭേദഗതി) ബില് 2023 എന്നും അറിയപ്പെടുന്ന ഡല്ഹി സര്വീസസ് ബില്ലാണ് കേന്ദ്രസര്ക്കാര് പാസാക്കിയത്. ഡല്ഹി സര്ക്കാരിന്റെ കീഴിലുള്ള എല്ലാ ഗ്രൂപ്പ് എ ഉദ്യോഗസ്ഥരുടെയും ഡിനിക്സ് ഓഫീസര്മാരുടെയും നിയമനം, സ്ഥലമാറ്റം, വിജിലന്സ് എന്നിവ ലഫ്റ്റനന്റ് ഗവര്ണറുടെ അധികാരപരിധിയില് കൊണ്ടുവരുന്ന ഓര്ഡിനന്സാണ് രാഷ്ട്രപതി പുറത്തിറക്കിയത്. ഗവണ്മെന്റ് ഓഫ് നാഷണല് ക്യാപിറ്റല് ടെറിട്ടറി ഡല്ഹി ആക്ട് 1991ലാണ് ഭേദഗതി വരുത്തിയത്. ഭേദഗതി പ്രകാരം ദില്ലി ചീഫ് സെക്രട്ടറി, പ്രിന്സിപ്പല് ഹോം സെക്രട്ടറി, ദില്ലി മുഖ്യമന്ത്രി, മറ്റ് രണ്ട് അംഗങ്ങള് എന്നിവര് ഉള്പ്പെടുന്ന നാഷണല് ക്യാപിറ്റല് സിവില് സര്വീസ് അതോറിറ്റി സ്ഥാപിക്കാനാണ് ബില്. ഈ അതോറിറ്റിക്ക് ലഫ്റ്റനന്റ് ഗവര്ണര് നല്കിയ ശുപാര്ശയില് വ്യത്യാസമുണ്ടെങ്കില് അത് പുന:പരിശോധിക്കാനായി വീണ്ടും നല്കാന് അദ്ദേഹത്തിന് അധികാരമുണ്ട്. തീരുമാനത്തില് അഭിപ്രായവ്യത്യാസമുണ്ടെങ്കില് ലഫ്റ്റനന്റ് ഗവര്ണറുടെ തീരുമാനം അന്തിമമായിരിക്കും എന്നും ബില് വ്യക്തമാക്കുന്നു. സുപ്രീംകോടതി വിധിയുടെ പിന്നാലെ നേരത്തെ ഈ വിഷയങ്ങളെല്ലാം ഉള്ക്കൊള്ളിക്കുന്ന ഓര്ഡിനന്സ് സര്ക്കാര് പുറത്തിറക്കിയിരുന്നു. ഇതിനെ തുടര്ന്നാണ് സര്ക്കാര് നിയമനിര്മ്മാണത്തിലേക്ക് പോയത്.

ബംഗാളില് നേരത്തെ മമതാ ബാനര്ജി സര്ക്കാരും ഗവര്ണര് ജഗ്ദീപ് ധന്ഖറും തമ്മിലുണ്ടായ തര്ക്കങ്ങളും മാധ്യമങ്ങളിലെ പ്രധാനതലക്കെട്ടുകളായിരുന്നു. സി വി ആനന്ദ ബോസ് ഗവര്ണറായി ചുമതലയേറ്റതിനെ തുടര്ന്ന് ഗവണര് മമതാ സര്ക്കാരിനെ പിന്തുണയ്ക്കുന്നു എന്ന പരാതിയുമായി ബിജെപി സംസ്ഥാന നേതൃത്വം രംഗത്തെത്തിയിരുന്നു. സര്ക്കാരുമായി ഏറ്റുമുട്ടാതെ രാജ്ഭവനെ സംഘര്ഷമുക്ത മേഖലയാക്കുമെന്ന നിലപാടാണ് സി വി ആനന്ദ ബോസ് സ്വീകരിക്കുന്നത്. സി വി ആനന്ദ ബോസ് ചുമതലയേറ്റ 2022 നവംബര് മുതല് ബംഗാളില് ഗവര്ണര്-സര്ക്കാര് ഏറ്റുമുട്ടല് ഇല്ലായെന്നതും ശ്രദ്ധേയമാണ്. സജീവമായ രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത സി വി ആനന്ദ ബോസ് സര്ക്കാരുമായി ഏറ്റുമുട്ടാന് തയ്യാറല്ലെന്ന നിലപാട് സ്വീകരിച്ചതോടെ ബംഗാളിലെ വിഷയങ്ങള് ഏകദേശം പരിഹരിക്കപ്പെട്ടു എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല് അടുത്തകാലത്തായി വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സര്ക്കാരും പുതിയ ഗവര്ണറും തമ്മിലുള്ള തര്ക്കം തുറന്ന ഏറ്റുമുട്ടലിലേക്ക് മാറിയിരിക്കുകയാണ്.

തെലങ്കാനയില് ബിആര്എസ് സര്ക്കാരും ഗവര്ണര് തമിഴിസൈ സൗന്ദര്യരാജനും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഏറ്റവും പുതിയ അധ്യായം കഴിഞ്ഞ ദിവസം തുറന്നിട്ടുണ്ട്. ലജിസ്ലേറ്റീവ് കൗണ്സിലെ ഗവര്ണര് ക്വാട്ടയില് രണ്ട് ബിആര്എസ് നേതാക്കളെ നോമിനേറ്റ് ചെയ്യാനുള്ള സര്ക്കാര് നീക്കം ഗവര്ണര് നിരാകരിച്ചിരിക്കുകയാണ്. ഇന്ത്യന് ഭരണഘടനയുടെ ആര്ട്ടിക്കിള് 171(5) പ്രകാരം നോമിനേറ്റഡ് തസ്തികകളില് പ്രഗത്ഭരായ വ്യക്തികളെ മാത്രം പരിഗണിക്കമെന്നതാണ് ഗവര്ണര് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സര്ക്കാര് നിര്ദ്ദേശം നിരാകരിച്ചതിന് ശേഷം ഇത് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് രണ്ട് കത്തുകള് ഗവര്ണര് അയച്ചിരുന്നു. സര്ക്കാര് നോമിനേറ്റ് ചെയ്ത രണ്ട് നേതാക്കളുടെ രാഷ്ട്രീയബന്ധവും ഇവരുടെ പേരുകള് നിരസിക്കാനുള്ള കാരണമായി ഗവര്ണര് ചൂണ്ടിക്കാണിക്കുന്നുണ്ട്. സാമൂഹിക പ്രവര്ത്തനത്തിനും രാഷ്ട്രീയത്തിനും വ്യത്യസ്തമായ റോളുകളും ലക്ഷ്യങ്ങളുമുണ്ടെന്നും ''എന്നാല് അവ പരസ്പരവിരുദ്ധമല്ല'' എന്ന മറുപടിയാണ് ഗവര്ണറുടെ ആര്ട്ടിക്കിള് 171(5) ഉദ്ധരണിക്ക് മറുപടിയായി ബിആര്എസ് നേതൃത്വം മുന്നോട്ടുവച്ചിരിക്കുന്നത്.

സംസ്ഥാന സര്ക്കാരുകള് പാസാക്കിയ ബില്ലുകള് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്ന നിലപാട് ബിജെപി ഇതരസര്ക്കാരുകള് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവര്ണമാര് വീട്ടുവീഴ്ചയില്ലാതെ തുടരുകയാണ്. ഭരണഘടനയും ഫെഡറല് തത്വങ്ങളും ചൂണ്ടിക്കാട്ടി സംസ്ഥാനസര്ക്കാരുകള് ഇത്തരം സമീപനങ്ങള്ക്കെതിരെ രംഗത്തുണ്ട്. ഗവര്ണര്മാരുടെ ഭരണഘടനാപരമായ അധികാരപരിധിയെ നിര്വ്വചിച്ച് കോടതികളും നിലപാട് സ്വീകരിക്കുന്നുണ്ട്. അപ്പോഴും ബില്ലുകളില് നടപടിയെടുക്കാതെ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്ന സമീപനം മാറ്റാന് ഗവര്ണര്മാര് തയ്യാറാവുന്നില്ല. ഗവര്ണമാര്ക്ക് വിധേയത്വം ഭരണഘടനയോടോ, ഭരണനേതൃത്വത്തിന്റെ രാഷ്ട്രീയനിലപാടുകളോടോ എന്ന ചോദ്യം ഈ ഘട്ടത്തില് കൂടുതല് പ്രസക്തമാകുകയാണ്. അതിനാല് തന്നെ ഇത്തരം വിഷയങ്ങളില് സുപ്രീം കോടതിയെ സമീപിക്കാനുള്ള കേരളത്തിന്റെയും ബംഗാളിന്റെയും നീക്കവും നിര്ണ്ണായകമാകുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us