പൊളോണിയം ചായ മുതൽ പോയിന്റ് ബ്ലാങ്ക് വെടിവെപ്പ് വരെ; എതിർ ശബ്ദങ്ങളെ കൊന്നൊടുക്കുന്ന പുടിൻ തന്ത്രങ്ങൾ

രണ്ട് തവണ പ്രധാനമന്ത്രിയായും നാല് തവണ പ്രസിഡന്റായും രണ്ട് പതിറ്റാണ്ടിലേറെയായി റഷ്യ കറങ്ങുന്നത് പുടിൻ എന്ന അച്ചുതണ്ടിലാണ്. രാജ്യത്തിന്റെ പരമാധികാരം തന്റെ കൈയിലൊതുക്കാൻ ചെയ്യേണ്ടതെല്ലാം ഇതിനോടകം ചെയ്തു കഴിഞ്ഞു പുടിൻ.

ജിതി രാജ്
5 min read|07 Oct 2023, 10:29 am
dot image

'നിങ്ങൾക്ക് ക്ഷമിക്കാൻ കഴിയുമോ?' ഒരു അഭിമുഖത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന് നേരെ ഉയർന്ന ചോദ്യം. 'കഴിയും, പക്ഷേ എല്ലാം ക്ഷമിക്കില്ല...'

'പൊറുക്കാനാകാത്തതെന്താണ്?'

'ചതി!'

ഒട്ടും ആലോചിക്കാതെ പുടിൻ മറുപടി നൽകി.

തനിക്ക് നേരെ ഉയർന്ന ശബ്ദങ്ങളെയെല്ലാം അയാൾ തുടച്ചുനീക്കിയത് ഇതേ തിയറി വീണ്ടും വീണ്ടും ആവർത്തിച്ചാണ്. തന്റെ പഴയ കെജിബി ഏജന്റിന്റെ കുപ്പായത്തിൽ നിന്ന് ഇന്നും പുറത്തുകടന്നിട്ടില്ലാത്ത പുടിൻ, കൊന്നൊടുക്കിയ എതിർ ശബ്ദങ്ങളുടെ എണ്ണം വിരലിലെണ്ണാവുന്നതിലും അപ്പുറമാണ്.

റഷ്യൻ സുരക്ഷാ ഏജൻസിയായ കെജിബി (Committee for State Security)യുടെ അണ്ടർ കവർ ഏജന്റായാണ് പുടിന്റെ തുടക്കം. 1954 മുതൽ 1991 ൽ സോവിയറ്റ് യൂണിയന്റെ തകർച്ച വരെ കെജിബി രാജ്യത്തിന്റെ രഹസ്യപൊലീസായി രാജ്യത്തിനകത്തും പുറത്തും പ്രവർത്തിച്ചു. 1980 കളിൽ ഈസ്റ്റ് ജർമ്മനിയിലായിരുന്നു പുടിൻ. 1989 ൽ ബെർലിൻ മതിൽ തകർന്ന് വീഴുമ്പോൾ പുടിൻ ജർമ്മനിയിലെ കെജിബിയുടെ അമരക്കാരനാണ്. ജനങ്ങളിൽ കമ്യൂണിസ്റ്റ് വിരുദ്ധത പടർന്ന് കയറിയിരിക്കെ, തെരുവുകളിലെ കമ്യൂണിസ്റ്റ് മുദ്രകളെല്ലാം തകർത്ത പ്രക്ഷോഭകർ കെജിബി ഓഫീസിനെയും ആക്രമിക്കാനെത്തി. ഇരച്ചെത്തിയ ആൾക്കൂട്ടത്തെ നിരായുധനായി ഒറ്റയ്ക്ക് നേരിട്ടു പുടിൻ. ഇന്നത്തെ തന്ത്രശാലിയായ ഭരണാധികാരിയായ വ്ളാദിമിർ പുടിനിലേക്കുള്ളു വളർച്ച അവിടെ നിന്ന് തുടങ്ങുന്നു. 1952 ൽ ജനിച്ച പുടിന് അന്ന് പ്രായം 37 വയസ്സ്, ഇന്ന് 69. 32 വർഷം നീണ്ട ആ സംഭവ ബഹുലമായ ജീവിതത്തിന് വില നൽകേണ്ടി വന്നത് നിരവധി പേർ. അലക്സാണ്ടർ ലിത്വിനെകോ മുതൽ യെവ്ഗ്നി പ്രിഗോഷിൻ വരെ നീളുന്നു ഈ ലിസ്റ്റ്. എന്നാൽ ഇവരുടെയൊന്നും കൊലപാതകങ്ങളിൽ പുടിന്റെ നേരിട്ടുള്ള പങ്ക് ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല, എല്ലാം ആരോപണങ്ങൾ മാത്രമായി നിലനിൽക്കുമ്പോഴും സാഹചര്യത്തെളിവുകൾ പക്ഷെ വിരൽചൂണ്ടുന്നത് പുടിന്റെ നേരെ തന്നെയാണ്.

കെജിബിയിൽ നിന്ന് രാജിവെച്ചുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് 1990ൽ പുടിൻ ലെനിൻഗ്രാഡിലേക്ക് മടങ്ങി വന്നു. സോവിയറ്റ് യൂണിയന്റെ തകർച്ച പുടിനെ കാര്യമായി ബാധിച്ചിരുന്നു. 20-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തം (Greatest Geopolitical Catastrophe) എന്നാണ് സോവിയറ്റ് യൂണിയന്റെ തകർച്ചയെ പുടിൻ വിശേഷിപ്പിച്ചത്. ഈ സമയത്തുതന്നെ, സെന്റ് പീറ്റേഴ്സ്ബർഗിലെ മേയറും തന്റെ മുൻ അധ്യാപകനുമായ അനാറ്റലി സൊബ്ചാക്ക് (Anatoly Sobchak) ന്റെ അന്താരാഷ്ട്ര വിഷയങ്ങളിലെ ഉപദേഷ്ടാവായി പുടിൻ നിയമിതനായി. ഇദ്ദേഹം പിന്നീട് പുടിന്റെ മാർഗദർശ്ശിയായി. 1996 ൽ സൊബ്ചാക്ക് തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും അഴിമതി ആരോപണങ്ങളെ തുടർന്ന് രാജ്യം വിടുകയും ചെയ്തതോടെ പുടിൻ മോസ്കോയിലേക്ക് വിളിപ്പിക്കപ്പെട്ടു. ക്രെംലിനിൽ പ്രസിഡന്റിന്റെ ഉദ്യോഗവൃന്ദത്തിലെ ചീഫ് അഡ്മിനിസ്ട്രേറ്റർ പാവൽ ബ്രോഡിന്റെ അസിസ്റ്റന്റായി പുടിൻ നിയമിതനായി. പുടിന് പതിയെ ഭരണപരമായ ശ്രേണിയിൽ സ്ഥാനക്കയറ്റം കിട്ടി. അഡ്മിനിസ്ട്രേറ്റീവ് രംഗത്ത് പതിയെ തന്റെ സ്ഥാനം ഉറപ്പിച്ച പുടിൻ പ്രസിഡന്റ് ബോറീസ് യെൽറ്റ്സിന്റെ പ്രീതി പിടിച്ചുപറ്റി.

ഇനിയും ഒരു വ്യാഴവട്ടക്കാലത്തിലേറെ ക്രെംലിന്റെ നേതാവായി, റഷ്യയുടെ പരമാധികാരിയായി ചോദ്യം ചെയ്യപ്പെടാനാകാതെ പുടിന് തുടരാം. എന്നാൽ ചൈനയൊഴിച്ച് മറ്റ് ഏത് രാജ്യത്തിന്റെ പിന്തുണ റഷ്യയ്ക്കുണ്ട്?

1998 ജൂലൈയിൽ കെജിബിയുടെ തുടർച്ചയെന്ന നിലയിൽ രൂപം കൊണ്ട ഫെഡറൽ സെക്യൂരിറ്റി സർവ്വീസിന്റെ സാരഥിയായി പുടിനെ യെൽറ്റ്സിൻ നിയമിച്ചു. സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായും പുടിന് ചുമതല നൽകി. തൊട്ടടുത്ത വർഷം പ്രസിഡന്റ് ബോറിസ് യെൽറ്റ്സിൻ പുടിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു. അങ്ങനെ രാജ്യത്തിന്റെ രണ്ടാമത്തെ പരമാധികാര കേന്ദ്രം ആദ്യമായി പുടിനെ തേടിയെത്തി. 1999 ഡിസംബർ 31 ന് യെൽറ്റ്സിൻ രാജിവച്ചതോടെ പുടിൻ ആക്ടിങ് പ്രസിഡന്റായി. മാസങ്ങൾക്ക് ശേഷം 2000 മെയ് ഏഴിന് പുടിൻ റഷ്യൻ പ്രസിഡന്റായി. പിന്നീട് വീണ്ടും പ്രധാനമന്ത്രിയായും മൂന്ന് തവണ കൂടി പ്രസിഡന്റായും രണ്ട് പതിറ്റാണ്ടിലേറെയായി റഷ്യ കറങ്ങുന്നത് പുടിൻ എന്ന അച്ചുതണ്ടിലാണ്.

പ്രസിഡന്റെന്ന നിലയിൽ റഷ്യയെ ആദ്യമായി അഭിസംബോധന ചെയ്ത പുടിൻ ജനങ്ങളിലുണ്ടാക്കിയ പ്രതീക്ഷ വാനോളമായിരുന്നു. തുറന്ന് പറയാനുള്ള ജനങ്ങളുടെ അവകാശം, മാധ്യമ സ്വാതന്ത്ര്യം, ജനാധിപത്യത്തോടുള്ള ഉത്തരവാദിത്തം എന്നിങ്ങനെ പോകുന്നു അന്ന് പുടിൻ നൽകിയ ഉറപ്പുകൾ. എന്നാൽ അധികാരത്തിലേറി അധികം വൈകാതെ ജനാധിപത്യം ജനങ്ങൾക്ക് സ്വപ്നം മാത്രമായി. സ്വതന്ത്ര ടെലിവിഷൻ നെറ്റ്വർക്കുകളെ സ്റ്റേറ്റിന് കീഴിൽ കൊണ്ടുവന്നു. മറ്റ് വാർത്താ മാധ്യമങ്ങളെ പൂട്ടിച്ചു. ഗവർണർ തിരഞ്ഞെടുപ്പും സെനറ്റ് തിരഞ്ഞെടുപ്പും ഇല്ലാതാക്കി. നീതിന്യായ കോടതികളുടെ അധികാരം വെട്ടിച്ചുരുക്കി. പ്രതിപക്ഷ പാർട്ടികളെ നിരോധിച്ചു. തിരഞ്ഞെടുപ്പിലുടനീളം ക്രമക്കേടുകൾ നടക്കുന്നതായി പുറത്തുനിന്നുള്ള നിരീക്ഷകർ വിലയിരുത്തി. ജനാധിപത്യത്തെ പുടിൻ കശാപ്പ് ചെയ്തുവെന്ന് ലോകം ആരോപിച്ചു.

രാജ്യത്തിന്റെ പരമാധികാരം തന്റെ കൈയിലൊതുക്കാൻ ചെയ്യേണ്ടതെല്ലാം ഇതിനോടകം ചെയ്തു കഴിഞ്ഞു പുടിൻ. റീജിയണൽ ഗവർണർമാരെ നിയമിക്കാൻ പ്രസിഡന്റിന് അധികാരം നൽകികൊണ്ടുള്ള നിയമത്തിൽ 2004ൽ പുടിൻ ഒപ്പുവച്ചു. 2008 ൽ പുടിൻ പ്രസിഡന്റ് സ്ഥാനത്തുനിന്നിറങ്ങി ദിമിത്രി മെദ്ദേവ് പ്രസിഡന്റായി. പ്രധാനമന്ത്രിയായി പുടിൻ വീണ്ടുമെത്തി. എന്നാൽ അധികാരം പുടിന്റെ കൈയിൽ തുടരുന്നതും പ്രസിഡന്റ് പുടിന്റെ പാവയാകുന്നതുമാണ് പിന്നീട് കണ്ടത്. 2012 ൽ വീണ്ടും പ്രസിഡന്റിന്റെ അധികാര കസേരയിലേക്ക് തിരിച്ചുവന്ന പുടിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2036 വരെ അധികാരത്തിൽ തുടരാൻ അനുവദിച്ചുകൊണ്ടുള്ള നിയമത്തിൽ ഒപ്പുവച്ചുകൊണ്ട് തന്റെ പരമാധികാരം പുടിൻ ഊട്ടിയുറപ്പിച്ചു. ഇനിയും ഒരു വ്യാഴവട്ടക്കാലത്തിലേറെ ക്രെംലിന്റെ നേതാവായി, റഷ്യയുടെ പരമാധികാരിയായി ചോദ്യം ചെയ്യപ്പെടാനാകാതെ പുടിന് തുടരാം. എന്നാൽ ചൈനയൊഴിച്ച് മറ്റ് ഏത് രാജ്യത്തിന്റെ പിന്തുണ റഷ്യയ്ക്കുണ്ട് എന്നത് ചോദ്യചിഹ്നമാണ്.

പുടിന്റെ യുദ്ധവെറി

രണ്ട് പതിറ്റാണ്ടിന്റെ ഭരണകാലത്ത് ആക്രമണോത്സുകമായാണ് പുടിൻ തന്റെ സൈന്യത്തെ ഉപയോഗിച്ചത്. ചെച്ന്യയിലെ മുന്നേറ്റത്തെ അതിക്രൂരമായാണ് പുടിൻ അടിച്ചമർത്തിയത്. 2008ൽ ജോർജിയയെ ആക്രമിച്ചു. 2015ൽ സിറിയൻ ആഭ്യന്തര യുദ്ധത്തിൽ റഷ്യയും പങ്കാളിയായി. ആലെപ്പോ നഗരം ബോംബിട്ട് തകർത്തു. ആഫ്രിക്കൻ രാജ്യങ്ങളിൽ റഷ്യൻ കൂലിപ്പട്ടാളത്തെ വിന്യസിച്ചു. ബിബിസിയുമായി നടത്തിയ ആദ്യ അഭിമുഖത്തിൽ തന്നെ നാറ്റോ വിപുലീകരണം തന്റെ രാജ്യത്തിന് ഭീഷണിയാണെന്ന് പുടിൻ പറയുന്നുണ്ട്. പിന്നീട് വർഷങ്ങൾക്കിപ്പുറം ഇതേ കാരണങ്ങളാൽ ഒരു വർഷത്തിലേറെയായി ലോകം റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് സാക്ഷിയാകുന്നു. 2022ൽ തുടങ്ങിയ യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിൽ നഷ്ടമായത് ആയിരക്കണക്കിന് ജീവനുകളാണ്. റഷ്യൻ സേന യുക്രെയ്നിൽ അഴിച്ചുവിട്ട ക്രൂരതകൾക്ക് കണക്കില്ല. സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരകളാക്കിയും നിരായുധരായവരെ വെടിവെച്ചുകൊന്നും സൈന്യത്തിന്റെ അഴിഞ്ഞാട്ടമാണ് യുക്രെയ്നിൽ നടന്നതെന്ന് അന്തർദേശീയ മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും റിപ്പോർട്ട് ചെയ്യുന്നു. ഇതിന്മേൽ പുടിനെതിരെ അന്താരാഷ്ട്ര കോടതി അറസ്റ്റ് വാറണ്ട് വരെ പുറപ്പെടുവിച്ചിരുന്നു.

രഹസ്യ കേന്ദ്രത്തിൽ വച്ച് എഫ്എസ്ബി ഇപ്പോഴും വിഷം ഉത്പാദിപ്പിക്കുന്നുണ്ടെന്ന് മരിക്കുന്നതിന് മുമ്പ് ലിത്വിനെൻകോ മാധ്യമപ്രവർത്തകരോട് പറയുകയും ചെയ്തിരുന്നു

എതിർ ശബ്ധങ്ങളെ കൊന്നൊടുക്കുന്ന പുടിൻ

തനിക്കെതിരെ ഉയർന്ന ശബ്ദങ്ങളെ ഇല്ലാതാക്കാൻ റേഡിയോ ആക്ടിവ് ചായ മുതൽ പോയിന്റ് ബ്ലാങ്കിൽ നിർത്തിയുള്ള വെടിവെപ്പ് വരെയാണ് പുടിൻ ഉപയോഗിച്ച ആയുധങ്ങൾ. പുടിനെ ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകർ, മുൻ ഏജന്റുമാർ, റഷ്യൻ എക്സിക്യൂട്ടീവ്, അങ്ങിനെ കൊല്ലപ്പെട്ടവർ ഏറെ. കൊലപാതകങ്ങൾക്ക് തെളിവുകൾ അവശേഷിപ്പിക്കാതെയുള്ള മോഡസ് ഓപ്പറാണ്ടി. ചിലർ ജനാലയിലൂടെ താഴെ വീണ് മരിക്കുന്നു, വിമാനം തകർന്ന് മരിക്കുന്നു. ഗുരുതര രോഗം ബാധിച്ച് അവശരാകുന്നു. മരണത്തിന് അങ്ങനെ പല കാരണങ്ങൾ. കൊലപാതകമല്ല, ആത്മഹത്യയെന്നോ അനാരോഗ്യമെന്നോ അപകടമെന്നോ പറയാവുന്ന മരണങ്ങൾ. പ്രിഗോഷിൻ സഞ്ചരിച്ച വിമാനം തകർന്നടിഞ്ഞപ്പോൾ ലോകം മുഴുവൻ വിരൽ ചൂണ്ടിയത് റഷ്യയിലേക്കാണ്. എന്നാൽ നുണപ്രചാരണം എന്ന് വിളിച്ച് ക്രെംലിൻ ഈ ആരോപണം നിഷേധിച്ചു.

2020ൽ സൈബീരിയയിൽ നിന്ന് മോസ്കോയിലേക്കുള്ള യാത്രയിൽ വിമാനത്തിൽ വച്ച് പ്രതിപക്ഷ നേതാവ് അലെക്സി നവൽനി കുഴഞ്ഞുവീഴുന്നു. അടിയന്തരമായി വിമാനം നിലത്തിറക്കുന്നു, അവിടെ ആശുപത്രിയിലാകുന്നു. കോമയിലായ നവൽനി പിന്നീട് രക്ഷപ്പെടുന്നു. അദ്ദേഹത്തിന് വിഷം നൽകിയതാണെന്നാണ് അടുത്ത വൃത്തങ്ങളുടെ ആരോപണം. എന്നാൽ റഷ്യ ഔദ്യോഗികമായി ഈ ആരോപണം തള്ളി. നവൽനിയുടെ ശരീരത്തിൽ വിഷം എത്തിയതായി ജർമനിയിലെയും ഫ്രാൻസിലെയും സ്വീഡനിലെയും ലാബുകൾ സ്ഥിരീകരിച്ചു. റഷ്യയിൽ തിരിച്ചെത്തിയ നവൽനിയെ പിന്നീട് 19 വർഷം തടവിന് ശിക്ഷിച്ചു. അദ്ദേഹം ഇപ്പോഴും ജയിലിലാണ്.

പുടിനെ കടന്നാക്രമിച്ചിരുന്ന ബോറിസ് നെംത്സോവിന്റെ കൊലപാതകം. ജനകീയനായിരുന്നു നെംത്സോവ്. 2015 ഫെബ്രുവരിയിലെ തണുത്ത വെളുപ്പാൻ കാലത്ത് കാമുകിയോടൊപ്പം നടന്നുപോകുന്നതിനിടെ അക്രമികൾ വെടിവച്ച് കൊന്നു. അഞ്ച് പേരെ കുറ്റക്കാരെന്ന് കണ്ടെത്തി. 20 വർഷം തടവ് ശിക്ഷ ലഭിച്ചു. എന്നാൽ നെംത്സോവിന്റെ സഖ്യകക്ഷികൾ ഉറപ്പിച്ച് പറയുന്നു നെംത്സോവിന്റെ കൊലപാതകത്തിന് പിന്നിൽ ക്രെംലിൻ ആണെന്ന്.

നെർവ് ഏജന്റായ 'നൊവിചോക്'ന്റെ ഉപയോഗം റഷ്യക്കെതിരെ ഉയരുന്ന പ്രധാന ആരോപണങ്ങളിലൊന്നാണ്. പലഘട്ടങ്ങളിലായി ശത്രുക്കളെ വീഴ്ത്താൻ രാസായുധമായ 'നൊവിചേക്' ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

പുടിൻ കാലത്തെ കൊലപാതകങ്ങളിൽ ഏറ്റവും കുപ്രസിദ്ധമായത് 2006-ൽ അലക്സാണ്ടർ ലിത്വിനെൻകോയുടേതാണ്. കെജിബിയുടെയും ശേഷം രൂപീകരിച്ച ഏജൻസിയായ എഫ്എസ്ബിയുടെയും മുൻ ഏജന്റായിരുന്നു അലക്സാണ്ടർ ലിത്വിനെൻകോ. ലണ്ടനിൽ വച്ച് രോഗബാധിതനായ ലിത്വിനെൻകോ മൂന്നാഴ്ചയ്ക്ക് ശേഷം മരിച്ചു. ലിത്വിനെൻകോ കുടിച്ച ചായയിൽ കലർത്തിയ റേഡിയോ ആക്ടീവ് പൊളോണിയം-210 ആണ് മരണത്തിന് കാരണമായതെന്ന് പിന്നീട് കണ്ടെത്തി.

മാധ്യമപ്രവർത്തക അന്ന പൊളിത്കോവ്സ്കയയെ വെടിവെച്ചുകൊന്ന സംഭവവും റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സംഘടിത കുറ്റകൃത്യങ്ങളുമായുള്ള ബന്ധവും അലക്സാണ്ടർ ലിത്വിനെൻകോ അന്വേഷിച്ചിരുന്നു. രഹസ്യ കേന്ദ്രത്തിൽ വച്ച് എഫ്എസ്ബി ഇപ്പോഴും വിഷം ഉത്പാദിപ്പിക്കുന്നുണ്ടെന്ന് മരിക്കുന്നതിന് മുമ്പ് ലിത്വിനെൻകോ മാധ്യമപ്രവർത്തകരോട് പറയുകയും ചെയ്തിരുന്നു. ലിത്വിനെൻകോയെ കൊലപ്പെടുത്തിയതാണെന്നും പുടിന്റെ അനുമതിയോടെയാകാമെന്നും ബ്രിട്ടീഷ് ഏജൻസി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ ക്രെംലിൻ ഇതും നിഷേധിച്ചു.

നൊവായ ഗസറ്റ റിപ്പോർട്ടർ അന്ന പൊളിത്കോവ്സ്കായയുടെ കൊലപാതകവും പുടിന്റെയും പുടിൻ നിയന്ത്രിക്കുന്ന ക്രെംലിനിന്റെയും നേരെ മാത്രമാണ് നീളുന്നത്. 2006 ഒക്ടോബർ ഏഴിന് പുടിന്റെ 54-ാം ജന്മദിനത്തിൽ അന്ന, മോസ്കോയിലെ തന്റെ ഫ്ളാറ്റിലെ ലിഫ്റ്റിൽ വെടിയേറ്റ് മരിച്ചു. ഈ കൊലപാതകത്തിൽ ഒരാൾ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ടു. ചെച്നിയയിലെ മനുഷ്യാവകാശലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതിന് അന്താരാഷ്ട്ര ശ്രദ്ധ നേടിയ റിപ്പോർട്ടറായിരുന്നു അന്ന പൊളിത്കോവ്സ്കായ.

മറ്റൊരു നൊവായ ഗസറ്റ റിപ്പോർട്ടറായ യൂറി ഷ്ചെകോചിഖിൻ 2003-ൽ ഗുരുതരമായ രോഗം ബാധിച്ച് മരിച്ചു. ചെച്ൻ അധിനിവേശത്തിന് കളമൊരുക്കുന്നതിന് വേണ്ടി 1999ലുണ്ടായ ഒരു ബോംബാക്രമണത്തിലെ റഷ്യൻ സുരക്ഷാ സേനയുടെ പങ്കിനെ കുറിച്ച് അദ്ദേഹം അന്വേഷണം നടത്തിവരികയായിരുന്നു. ഷ്ചെകോചിഖിനെ വിഷം കൊടുത്ത് കൊന്നതാണെന്നാണ് സഹപ്രവർത്തകരുടെ ആരോപണം.

മനുഷ്യാവകാശ പ്രവർത്തകനായ സ്റ്റാനിസ്ലാവ് മാർക്കലോവ്, മാധ്യമപ്രവർത്തക അനസ്തേഷ്യ ബാബുറോവ, അഭിഭാഷകൻ സർജി മാഗ്നെറ്റ്സ്കി, മാധ്യമ പ്രവർത്തക നതാലിയ യെസ്റ്റിമിറോവ, സർജി യുഷെൻകോവ് ഇങ്ങനെ നീളുന്നു പുടിന് ഭീഷണിയായി ഉയർന്നുവന്നരുടെ ദുരൂഹ കൊല്ലപാതകങ്ങളുടെ പട്ടിക.

നെർവ് ഏജന്റായ 'നൊവിചോക്'ന്റെ ഉപയോഗം റഷ്യക്കെതിരെ ഉയരുന്ന പ്രധാന ആരോപണങ്ങളിലൊന്നാണ്. പലഘട്ടങ്ങളിലായി ശത്രുക്കളെ വീഴ്ത്താൻ രാസായുധമായ 'നൊവിചേക്' ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൂറുമാറിയ റഷ്യൻ ചാരൻ സെർജി സ്ക്രീപലും മകൾ യൂലിയയും 2018 ൽ രാസായുധാക്രമണത്തിനിരയായിരുന്നു. ഇവർക്കെതിരെ ഉപയോഗിച്ചത് 'നൊവിചോകാ'ണെന്നാണ് കണ്ടെത്തിയത്. മസ്തിഷ്കത്തിലെ നാഡീവ്യൂഹത്തെ തകർക്കുന്നതാണ് നൊവിചോക്ക് എന്ന നെർവ് ഏജന്റ്. ഇത് നാഡീവ്യൂഹത്തിലേക്കെത്തുന്നതോടെ മനുഷ്യർ വിചിത്ര സ്വഭാവമുള്ളവരെപ്പോലെ പെരുമാറുകയും 'സോംബി'കളെപ്പോലെയാകുമെന്നുമാണ് ഇവയെ കുറിച്ച് വിദഗ്ധർ പറയുന്നത്.

ഗോസിപ്പിലുമുണ്ട് പുടിൻ

കുതിരയെ ഓടിക്കാൻ അറിയുന്ന, അർദ്ധനഗ്നനായി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന, കടുവകളോട് ഗുസ്തി പിടിക്കുന്ന പുടിന്, ആദ്യകാലങ്ങളിൽ റഷ്യക്ക് അകത്തും പുറത്തും ആരാധകരേറെയായിരുന്നു. രണ്ട് പെൺമക്കളുടെ അച്ഛനായ പുടിൻ തന്റെ കുടുംബത്തെ എപ്പോഴും മാധ്യമങ്ങളിൽ നിന്ന് അകറ്റി നിർത്തിയിരുന്നു. എന്നാൽ വിവാഹമോചിതനായ പുടിന് നിരവധി സ്ത്രീ സുഹൃത്തുക്കളുണ്ടെന്ന ഗോസിപ്പുകളുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ പുടിനാണെന്ന കിംവദന്തികളും പരക്കെ പ്രചാരത്തിലുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us