കായംകുളം സ്വദേശിയായ ഹരിനാരായണനെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റുന്നതിനായി കേരളം ഒറ്റക്കെട്ടായി നിന്നു. ഹൃദയം മാറ്റി വെക്കല് ശസ്ത്രക്രിയയിലൂടെ 16കാരനായ കുട്ടിക്ക് പുതു ജീവന് നല്കി. ഒരു ജീവന് രക്ഷപ്പെടുമ്പോള് മറ്റൊരു ജീവന് നഷ്ടപ്പെടുന്നു എന്ന കയ്പ്പേറിയ യാഥാര്ത്ഥ്യവും ഇതിന് പിന്നിലുണ്ട്. തിരുവനന്തപുരം കിംസ് ആശുപത്രിയില് മസ്തിഷ്ക മരണം സംഭവിച്ച സെല്വിന് ശേഖറിന്റെ അവയവങ്ങള് ദാനം ചെയ്യാന് തീരുമാനിച്ചതോടൊയണ് ഈ യജ്ഞം ആരംഭിച്ചത്.
ഇങ്ങനെ എത്രയെത്ര സംഭവവികാസങ്ങള്. കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റി വെക്കല് ശസ്ത്രക്രിയ നടത്തിയ, ഡോ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ഹരിനാരായണന്റേയും ശസ്ത്രക്രിയ നടന്നത്. ലിസി ആശുപത്രിയിലെ 28-ാമത് ഹൃദയം മാറ്റിവെയ്ക്കല് ശസ്ത്രക്രിയയാണിത്. ഹൃദയ കൈമാറ്റങ്ങള്ക്ക് വേണ്ടി തിടുക്കപ്പെട്ട് ഹെലികോപ്റ്ററുകളും ആംബുലന്സുകളും ഉപയോഗിക്കേണ്ടി വരുന്നതിന് കാരണങ്ങളുണ്ട്.
ഹൃദയസ്തംഭനമോ കഠിനമായ 'കൊറോണറി ആര്ട്ടറി' രോഗമോ ഉള്ള രോഗികളിലാണ് ഹൃദയം മാറ്റിവെക്കല് ശസ്ത്രക്രിയ നടത്തുക
മറ്റ് ചികിത്സകള് ഫലപ്രദമല്ലാതെ വരുന്ന സാഹചര്യത്തിലാണ് ഡോക്ടര്മാര് സാധാരണയായി ഇത്തരം ശസ്ത്രക്രിയകള് ശുപാര്ശ ചെയ്യുന്നത്.
മസ്തിഷ്ക മരണം സ്ഥിരീകരിച്ച ആളുകളുടെ ഹൃദയം, ഹൃദയം തകരാറിലായ ആളുകള്ക്കായി നല്കിക്കൊണ്ടാണ് പൊതുവെ ഇത് നടക്കാറുള്ളത്. നിയമ വശങ്ങള് എല്ലാം പൂർത്തീകരിച്ച് (Kerala Network for Organ Sharing) KNOS എന്ന സര്ക്കാര് സംവിധാനം അംഗീകരിച്ചതിന് ശേഷമാണ് ഹൃദയം ശരീരത്തില് നിന്നെടുക്കുക. അടുത്ത നാല് മണിക്കൂറിനുള്ളില്, സ്വീകര്ത്താവിന്റെ ശരീരത്തില് ഹൃദയം പ്രവര്ത്തിച്ചു തുടങ്ങണം. സ്വീകര്ത്താവിനെ, തെരഞ്ഞെടുക്കുന്നതില് നിരവധി മെഡിക്കല് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. പ്രധാനമായും രക്ത ഗ്രൂപ്പ് മാച്ചാവണം. പ്രായം കുറഞ്ഞ ദാതാവിന്റെ ഹൃദയമാണ് കൂടുതലും തിരഞ്ഞെടുക്കുക. എപ്പോഴും മറ്റ് പ്രശ്നമില്ലാത്ത, ആരോഗ്യപൂര്ണമായ ഹൃദയമാണ് നോക്കുക.
ശസ്ത്രക്രിയ കഴിഞ്ഞാല് ആദ്യത്തെ ഒരു മാസം വളരെ പ്രധാനപ്പെട്ടതാണ്. സാധാരണ ഗതിയില് 48 മണിക്കൂര് ഒബ്സര്വേഷന്, ഒരാഴ്ച്ച ഐസിയുവില്. പിന്നീട് ബയോപ്സി എടുക്കും. ശരീരം അവയവത്തെ റിജക്ട് ചെയ്യാതിരിക്കാനുള്ള മരുന്നുകള് നല്കും. പിന്നീട് ശരീരം അതിനോട് പൊരുത്തപ്പെടുകയാണ് ചെയ്യുക. മൂന്ന് ആഴ്ച്ചയോളം ആശുപത്രിയില് രോഗിയെ പരിചരിച്ചതിന് ശേഷമാകും ഡിസ്ചാര്ജ് ചെയ്യുക.
ശസ്ത്രക്രിയ കഴിഞ്ഞ് വ്യക്തി പൂര്ണമായും ആരോഗ്യവാനാവാന് 3 മാസം സമയമെടുക്കും
കൃതൃമായ സമയങ്ങളില് മരുന്നും ശരിയായ ട്രീറ്റ്മെന്റും പിന്തുടര്ന്ന് പോയല് 10 വര്ഷം വരെ അതിജീവന കാലയളവാണ് ലഭിക്കുക. പുറം നാടുകളില് 80 ശതമാനം ആളുകളും ഇന്ത്യയില് 50 ശതമാനം ആളുകളുമാണ് 10 വര്ഷത്തോളം അതിജീവിക്കുന്നതായി കാണുന്നത്.
ലോകമെമ്പാടും ഓരോ വര്ഷവും ഏകദേശം 3,500 ഹൃദയമാറ്റ ശസ്ത്രക്രിയകള് നടക്കുന്നു, അതില് പകുതിയിലേറെയും യുഎസിലാണ്.