ജാതീയതയുടെ മുറിവില് നിന്നും ഉയിര്കൊണ്ട ഭരണഘടനാ വീക്ഷണം

രാഷ്ട്രീയാധികാരമാണ് എല്ലാ സാമൂഹിക പുരോഗതിയുടെയും പ്രധാന താക്കോല് എന്ന് അംബേദ്ക്കര് ഉറച്ചു വിശ്വസിച്ചിരുന്നു.

രോഷ്നി രാജന്‍
3 min read|06 Dec 2023, 06:04 pm
dot image

കൊറേഗാവില് ജോലി ചെയ്യുകയായിരുന്ന അച്ഛനെ കാണാന് തന്റെ സഹോദരനമൊപ്പമുള്ള യാത്രയിലാണ് ഡോ. ഭീംറാവു റാംജി അംബേദ്ക്കര് ജീവിതത്തിലാദ്യമായി ജാതിവെറി അനുഭവിക്കുന്നത്. ആ യാത്രയിലുടനീളം അനുഭവിക്കേണ്ടി വന്ന വിവേചനങ്ങളെക്കുറിച്ച് അംബേദ്ക്കര് തുറന്നെഴുതിയിട്ടുണ്ട്. അടിച്ചമർത്തപ്പെട്ട ജാതിയൽ നിന്നുള്ള ആളായതിനാൽ സ്കൂളില് പഠിക്കുമ്പോള് നിലത്ത് ചാക്കില് ഇരുന്ന് പഠിക്കേണ്ടി വന്ന അംബേദ്ക്കറിന് സമൂഹത്തില് ആഴ്ന്നിറങ്ങിയ ജാതിവേരുകള്ക്കെതിരെ ജീവിതത്തിലുടനീളം സമരം ചെയ്യാന് കരുത്ത് പകര്ന്നത് ആഴത്തിലുള്ള അറിവ് തന്നെയാണ്.

സവര്ണ ജാതിമേധാവിത്വത്തിന്റെ ക്രൂരതകള് അനുഭവിച്ച കുട്ടിക്കാലവും സ്കൂള് പഠനകാലവും കടന്ന് വളര്ന്നു വന്ന ആ ബാലന് ജീവിതാനുഭവങ്ങള് പിന്നീട് ഉള്ക്കാഴ്ചയായി. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ അടിത്തറയിലൂന്നിക്കൊണ്ട് ഇന്ത്യയിലെ മുഴുവന് ജനങ്ങളുടെയും ജീവിതത്തെയാകെ സ്വാധീനിക്കുന്ന അടിസ്ഥാന തത്വമായ ഭരണഘടനയെ നിര്മ്മിച്ചെടുക്കാന് പ്രേരണയായത് ഈ ജീവിതാനുഭവങ്ങള് തന്നെയെന്ന് നിസംശയം പറയാം.

താനൊരു ഹിന്ദുവല്ല ദളിതനാണെന്ന് ബ്രിട്ടനിലെ യൂനിവേഴ്സിറ്റിയില് പഠനകാലത്ത് സ്വയം പരിചയപ്പെടുത്തിയ ഭീം റാവു അംബേദ്ക്കറിന്റെ ജീവിതവും അദ്ദേഹം വിഭാവനം ചെയ്ത ഭരണഘടനയും രാജ്യത്തെ അസ്പൃശ്യരായ മനുഷ്യര്ക്ക് നല്കുന്ന ആത്മവിശ്വാസമാണ് ജനാധിപത്യത്തിന്റെ വലിയ ശക്തി. ജാതികേന്ദ്രീകൃതവും ബ്രാഹ്മണ്യകേന്ദ്രീകൃതവുമായ ഒരു ആണധികാര വ്യവസ്ഥിതിയില് നിന്ന് ആധുനിക ജനാധിപത്യ ഇന്ത്യയെ വാര്ത്തെടുത്തതിന് പിന്നില് ധിഷണാ ശാലിയായ അംബേദ്ക്കറിന്റെ പങ്ക് അവിസ്മരണീയമാണ്.

1891 ഏപ്രില് 14ന് മഹാരാഷ്ട്രയിലെ അംബവാഡിയില് മഹര് എന്ന ദലിത് സമുദായത്തിലാണ് ഡോ. അംബേദ്കര് ജനിക്കുന്നത്. ക്ലാസ് മുറിയില് സഹപാഠികളോടൊപ്പം ഇരിക്കാന് പോലും അനുവാദമില്ലാത്തത്ര ജാതി വിവേചനത്തിന്റെയും അസ്പൃശ്യതയുടെയും പീഡനങ്ങള് നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസ കാലം. ഡപ്പോളിയില് പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ച അംബേദ്കര് മുംബൈയിലെ മറാഠി ഹൈസ്കൂളില് പഠിച്ചു. തുടര്പഠനത്തിന് കലശലായ ആഗ്രഹമുണ്ടായിരുന്നെങ്കിലും സാമ്പത്തിക ഞെരുക്കം തടസ്സമായപ്പോള് ബറോഡാ രാജാവ് ഗെയ്ക് വാദ് അധകൃത വിദ്യാര്ഥികള്ക്ക് ഉപരിപഠനത്തിനായി പ്രഖ്യാപിച്ച സ്കോളര്ഷിപ്പ് ഉപയോഗപ്പെടുത്തി ബിഎക്ക് ചേര്ന്നു. പിന്നീട് ഉയര്ന്ന മാര്ക്ക് നേടി ബിരുദപഠനം പൂര്ത്തിയാക്കി. ജോലിയോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോകാന് ശ്രമിച്ചെങ്കിലും താഴ്ന്ന ജാതിക്കാരനായതുകൊണ്ട് ആരും ജോലി നല്കിയില്ല.

ഈ സമയത്ത് സമര്ഥരായ ഏതാനും വിദ്യാര്ഥികളെ അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയില് പഠിപ്പിക്കാനുള്ള ബറോഡ രാജാവിന്റെ തീരുമാനം അംബേദ്കര്ക്ക് ഉപകാരപ്പെട്ടു. അങ്ങനെ 1913 ജൂലൈയില് അദ്ദേഹം ന്യൂയോര്ക്കിലെത്തി പുതിയ പഠനത്തിന് തുടക്കം കുറിച്ചു. ശാസ്ത്രം, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിലെ ഗവേഷണ പഠനത്തിന് മാസ്റ്റര് ബിരുദവും ഇന്ത്യയിലെ ജാതി വ്യവസ്ഥകളെക്കുറിച്ചും അവരുടെ ജീവിത പതിതാവസ്ഥകളെക്കുറിച്ചുമുള്ള പഠനത്തിന് ഡോക്ടറല് ബിരുദവും കൊളംബിയ യൂണിവേഴ്സിറ്റിയില് നിന്നും നേടി. 1916ല് ലണ്ടന് സ്കൂള് ഓഫ് ഇക്കണോമിക്സില് സാമ്പത്തിക ശാസ്ത്രം പഠിക്കുകയും 'രൂപയുടെ പ്രശ്നം' എന്ന പ്രബന്ധത്തിന് ലണ്ടന് യൂണിവേഴ്സിറ്റിയില് നിന്ന് ഡോക്ടറേറ്റ് നേടുകയും ചെയ്തു.

രാഷ്ട്രീയാധികാരമാണ് എല്ലാ സാമൂഹിക പുരോഗതിയുടെയും പ്രധാന താക്കോല് എന്ന് അംബേദ്ക്കര് ഉറച്ചു വിശ്വസിച്ചിരുന്നു. 1919-ല് ബോംബെ പ്രവിശ്യ നിയമനിര്മാണസഭയില് അധസ്ഥിത വിഭാഗങ്ങള്ക്ക് പ്രത്യേക പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട് സൗത്ബോറ കമ്മിറ്റിക്ക് നിവേദനം നല്കുന്നതോടെയാണ് അംബേദ്ക്കറുടെ രാഷ്ട്രീയ പ്രവര്ത്തനങ്ങള് ആരംഭിക്കുന്നത്. 1936-ല് ഇന്ഡിപെന്ഡന്റ് ലേബര് പാര്ട്ടി രൂപീകരിച്ച അംബേദ്ക്കര്, ജാതിരഹിതവും വര്ഗരഹിതവുമായൊരു പുതിയ ഇന്ത്യയും പുതിയ ലോകവും സൃഷ്ടിക്കുകയാണ് തന്റെ രാഷ്ട്രീയ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരുന്നു.

1927ല് ബഹിഷ്കൃത് ഭാരത് എന്ന പേരില് ഒരു പത്രം തുടങ്ങി. ഇതേ വര്ഷം തന്നെയാണ് ബോംബെ ലെജിസ്ലേറ്റിവ് അസംബ്ലിയിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നതും മഹദ് കലാപമുണ്ടാവുന്നതും. അസ്പൃശ്യരായ ജനങ്ങള് അംബേദ്കറുടെ നേതൃത്വത്തില് വിലക്കപ്പെട്ട ചൗദാര് കുളത്തില് നിന്ന് വെള്ളമെടുത്തുകൊണ്ട് അവകാശം സ്ഥാപിച്ചതിനെതിരെ ജാതിവാദികള് അഴിച്ചുവിട്ട അതിക്രമമാണ് മഹദ് കലാപമെന്നറിയപ്പെടുന്നത്. സ്ത്രീകളുടെ വിമോചനം, കര്ഷകത്തൊഴിലാളികള്ക്ക് മിനിമം കൂലി നിജപ്പെടുത്തുക, ജന്മിത്തം അവസാനിപ്പിക്കുക, ചെറുകിട കര്ഷകരുടെ ജലസേചന നികുതി നിലവിലുള്ളതിന്റെ അമ്പതു ശതമാനമാക്കി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുമായി അംബേദ്കറുടെ നേതൃത്വത്തില് നിരവധി പ്രക്ഷോഭങ്ങളാണ് നടന്നിട്ടുള്ളത്.

ജാതിയുടെയും അയിത്തത്തിന്റേതുമായ ഒരു സാമൂഹ്യ വ്യവസ്ഥയില് മര്ദ്ദിതരായി കഴിയേണ്ടി വന്ന ജനതയുടെ വിമോചനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് അംബേദ്ക്കര് പോരാടിയത്. ബ്രാഹ്മണാധികാരത്തില് അധിഷ്ഠിതമായ ജാതിവ്യവസ്ഥയില് നിന്നും കീഴാള, ന്യൂനപക്ഷ ജനതയുടെ മോചനത്തിനു വേണ്ടിയാണ് അംബേദ്ക്കര് തന്റെ ജീവിതം മുഴുവന് മാറ്റിവെച്ചത്. അംബേദ്കറുടെ ഭരണഘടന- നിയമ- ഭരണരംഗത്തെ പരിജ്ഞാനവും ഇടപെടലുകളും ഏറെ ചര്ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതുപോലെ കീഴാള വിഭാഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ജാതിവ്യവസ്ഥ സൃഷ്ടിക്കുന്ന സാമൂഹിക അരക്ഷിതാവസ്ഥയെക്കുറിച്ചും അദ്ദേഹം നടത്തിയ വിശകലങ്ങള്, ഇടപെടലുകള്, ഒട്ടേറെ പഠനങ്ങള്ക്കും സാമൂഹിക മാറ്റത്തിനും കാരണമായിട്ടുണ്ട്.

അംബേദ്കറെ സംബന്ധിച്ചിടത്തോളം ജാതി എന്നത് തുല്യത നേടുന്നതോടെ ഇല്ലാതാകുന്നതായിരുന്നില്ല. ചില കാര്യങ്ങളില് ഔപചാരികമായി തുല്യത കാണുന്നതുകൊണ്ട് കാര്യവുമില്ല. ജാതി ഒരു മാനസികാവസ്ഥയാണെന്നും ശ്രേണീകൃത അസമത്വമാണെന്നും അംബേദ്ക്കര് ആവര്ത്തിച്ച് പറഞ്ഞു. അയിത്തവും അനാചാരങ്ങളും ഇല്ലാതാക്കി ജാതി വ്യവസ്ഥ പരിഷ്ക്കരിച്ചാല് മാത്രം മതി എന്ന ഗാന്ധിയുടെ നിലപാടിന് വിരുദ്ധമായി അംബേദ്കര് ജാതിയത നശിപ്പിക്കണം എന്ന നിലപാടില് ഉറച്ചു നിന്നു. ജാതി വ്യവസ്ഥയെ ആദര്ശവത്കരിച്ച് നിലനിര്ത്തുന്ന ഹിന്ദു മതത്തിന്റെ വിശുദ്ധ സംഹിതകളെയെല്ലാം എതിര്ക്കുകയും ജാതി വ്യവസ്ഥയുടെ ദൈവികതയെ നിഷേധിക്കുകയും ചെയ്ത അദ്ദേഹം അത് സനാതനമല്ലെന്നും സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്നീ അടിസ്ഥാന മാനവിക മൂല്യങ്ങള് ഉയര്ത്തിപ്പിടിക്കുന്ന ജനാധിപത്യ വ്യവസ്ഥയാണ് ഇന്ത്യക്കഭികാമ്യമെന്നും ആവര്ത്തിച്ചു പറഞ്ഞു.

ഇന്ത്യന് ഭരണപരിഷ്കാരത്തിനാവശ്യമായ ആശയങ്ങള് വട്ടമേശ സമ്മേളനങ്ങളിലൂടെ ഉയര്ത്തിക്കൊണ്ടുവന്ന അംബേദ്കറിലേക്ക് ഇന്ത്യന് ഭരണഘടനയുടെ കരട് നിര്മാണത്തിന്റെ ഉത്തരവാദിത്വം വന്നുചേരുകയായിരുന്നു. അങ്ങനെ ഇന്ത്യന് വൈജ്ഞാനിക സമൂഹത്തിന്റെ ധിഷണാശാലിയായ നേതൃത്വമാകാന് കുറഞ്ഞ സമയം കൊണ്ട് അംബേദ്ക്കറിനായി. ഒരു അക്കാദമിക് സ്കോളര് എന്നതിനപ്പുറം കൃത്യമായ നിലപാടുള്ള രാഷ്ട്രീയ നേതൃത്വവും അംബേദ്ക്കറില് കാണാന് കഴിയും. അംബേദ്കറുടെ വൈജ്ഞാനിക പ്രതിഭ സ്പര്ശിക്കാത്ത മേഖലകള് വളരെ കുറവായിരുന്നു. ഭാരതീയ തത്വജ്ഞാനത്തിലും വൈജ്ഞാനിക മേഖലകളിലും അദ്ദേഹം നല്കിയ സംഭാവനകള് അതുല്യമാണ്.

ജനനത്തിന് അപ്പുറം മരണത്തില് ജാതിയുടെ കരുത്തുറ്റ അടയാളങ്ങളെ നിരീക്ഷിച്ച അംബേദ്ക്കര് ഹിന്ദുമതത്തിലെ സതി, ശൈശവ വിവാഹം, വൈധവ്യം തുടങ്ങിയവയില് ജാതി പ്രവര്ത്തിക്കുന്നത് കൃത്യമായി പറഞ്ഞു. മുസ്ലിം അപരവത്കരണവും അക്രമങ്ങളും ദലിത്-ആദിവാസി സാമൂഹിക പുറംതള്ളലും നിലനില്ക്കുന്ന ഈ കാലത്തും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും അനുഭവവേദ്യമാകുന്ന സാമൂഹിക ജനാധിപത്യത്തിനായുള്ള പോരാട്ടത്തില് അംബേദ്ക്കറിന്റെ ജീവിതം നമുക്കെല്ലാം വഴികാട്ടിയാണ്.

dot image
To advertise here,contact us
dot image