2023ൽ പറയാതെ മറഞ്ഞുപോയവർ

ഭൗതിക സാന്നിധ്യം കൊണ്ട് ഇന്ന് നമുക്കൊപ്പം ഇല്ലെങ്കിലും ചരിത്രത്തിന്റെ താളുകളിലും സമൂഹത്തിന്റെ മനസ്സിലും മരണമില്ലാത്ത ചിലരുണ്ട്

dot image

കൂടിച്ചേരലുകളുടേയും പുതുപരിചയങ്ങളുടേയും മാത്രമല്ല വിടപറയലുകളുടെ കഥകൂടി പറയാനുണ്ട് പോയ വര്ഷത്തിന്. 2023ന്റെ പുതുവര്ഷപുലരിയില് പുതുപ്രതീക്ഷകളുമായി നമ്മുക്കൊപ്പം ഉണര്ന്നവര് പലരും ഇന്നില്ല. കൈകോര്ത്ത് ഒപ്പം നടന്നവര് മുതല് പരസ്പരം പങ്കുവെച്ച ഒരു പുഞ്ചിരിയുടെ ഓര്മ മാത്രം അവശേഷിപ്പിച്ചവര് വരെ. ഈ വര്ഷം നമ്മുടെ പരിസരങ്ങളില് നിന്ന് മാഞ്ഞുപോയവര് എത്ര?

ഭൗതിക സാന്നിധ്യം കൊണ്ട് ഇന്ന് നമ്മുക്കൊപ്പം ഇല്ലെങ്കിലും ചരിത്രത്തിന്റെ താളുകളിലും സമൂഹത്തിന്റെ മനസ്സിലും മരണമില്ലാത്ത ചിലരുണ്ട്. കലാ സാംസ്കാരിക രാഷ്ട്രീയ മേഖലകളില് തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തി കടന്നു പോയവരുടെ ഓര്മകളിലേയ്ക്ക്...

ഉമ്മന്ചാണ്ടി

രാഷ്ട്രീയ കേരളത്തിന് നികത്താനാവാത്ത നഷ്ടമായിരുന്നു മുന് മുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായിരുന്ന ഉമ്മന്ചാണ്ടിയുടെ വിയോഗം. പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്. സ്നേഹം കൊണ്ട് ജനഹൃദയം കീഴടക്കിയ നായകനായിരുന്നു അദ്ദേഹം. 53 വര്ഷം തുടര്ച്ചയായി പുതുപ്പള്ളിയെ പ്രതിനിധീകരിച്ച നേതാവ്. തന്നെ കാണാനെത്തുന്നവരില് ആരെയും മടക്കിയയയ്ക്കാതെ എല്ലാവരേയും ചേര്ത്തു പിടിച്ച നേതാവ്.

അര നൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്ന ഉമ്മന്ചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതല് കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോര്ഡ്. തന്ത്രജ്ഞനായിരുന്ന രാഷ്ട്രീയക്കാരനെന്ന് അനുയായികളും എതിരാളികളും ഒരുപോലെ വിശേഷിപ്പിക്കുമ്പോഴും ജനങ്ങള്ക്കിടയില് ജീവിക്കുന്ന നേതാവ് എന്ന് വിളിക്കപ്പെടാനായിരുന്നു അദ്ദേഹത്തിനിഷ്ടം. മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം ആവിഷ്കരിച്ച ജനസമ്പര്ക്ക പരിപാടി ജനങ്ങള്ക്ക് അദ്ദേഹം പ്രഥമ പരിഗണന നല്കിയതിന്റെ തെളിവായിരുന്നു.

കേരള ചരിത്രം കണ്ടിട്ടില്ലാത്ത തരത്തിലുള്ള വിലാപ യാത്രയാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വാഹനത്തിന് പിന്നാലെ ഉണ്ടായിരുന്നത്. തിരുവനന്തപുരം മുതല് കോട്ടയം വരെ ആയിരക്കണക്കിന് ജനങ്ങളാണ് പ്രിയ നേതാവിന് ആദരമര്പ്പിക്കാന്, ജനനായകനെ ഒരു നോക്ക് കാണുവാന് വഴിയരികില് കാത്ത് നിന്നത്. മണിക്കൂറുകളോളം നീണ്ടുനിന്ന വിലാപയാത്ര. 2023 ജൂലൈ 18 ന് അദ്ദേഹം വിടവാങ്ങി.

ഇന്നസെന്റ്

മലയാളികളെ അഞ്ചു പതിറ്റാണ്ടോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത, ആരാധകര് നെഞ്ചിലേറ്റിയ പ്രിയപ്പെട്ട ഇന്നസെന്റ്, മലയാളികളുടെ ഇന്നച്ചന് ഓര്മയായതും ഈ വര്ഷമായിരുന്നു. 2023 മാര്ച്ച് 26നാണ് ആ ഇതിഹാസ താരം നമ്മോട് വിട പറഞ്ഞത്. അച്ഛനായും മുത്തച്ഛനായും അമ്മാവനായും ഹാസ്യകഥാപാത്രങ്ങള് ചെയ്തും മലയാളികള്ക്ക് പ്രിയങ്കരനായ അതുല്യ കലാകാരന്. ഇരിങ്ങാലക്കുടക്കാരുടെ സ്വകാര്യ അഹങ്കാരം. നടനും പാര്ലമെന്റ് അംഗവുമായിരുന്ന അദ്ദേഹത്തിന്റെ 'ക്യാന്സര് വാര്ഡിലെ ചിരി' എന്ന പുസ്തകം ഒരുപാട് പേര്ക്ക് പ്രചോദനമേകിയിരുന്നു. അര്ബുദം ബാധിച്ച് ചികിത്സയിലായിരിക്കെ എഴുതിയ ഓര്മക്കുറിപ്പുകളായിരുന്നു അത്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലെ അനുഭവങ്ങളെ ആസ്പദമാക്കി അദ്ദേഹം ഏഴോളം പുസ്തകങ്ങള് എഴുതിയിട്ടുണ്ട്.

ഒരുപാട് ക്യാന്സര് രോഗികളിലേക്ക് പ്രതീക്ഷയുടേയും ആശ്വാസത്തിന്റേയും ചിരി പടര്ത്തിയിരുന്നു ഇന്നസെന്റ്. പ്രതിസന്ധികളോട് പൊരുതി നിന്നിരുന്ന അദ്ദേഹത്തിനെ ക്യാന്സര് ഒരിക്കലും തളര്ത്തിയിരുന്നില്ല. സിനിമയിലും ജീവിതത്തിലും മറ്റുള്ളവരെ നര്മങ്ങളിലൂടെ എപ്പോഴും ചിരിപ്പിച്ച വ്യക്തി. 2002 മുതല് 2018 വരെ താരസംഘടനയായ അമ്മയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹം തൃശൂര് ഭാഷയെ മലയാള സിനിമയില് ജനകീയമാക്കിയ കലാകാരന് കൂടിയായിരുന്നു. മലയാള സിനിമയിലെ ഏറ്റവും മികച്ച ഹാസ്യ നടന്മാരിലൊരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം 700ലധികം സിനിമകളില് അഭിനയിച്ചിട്ടുണ്ട്. നിരവധി അവാര്ഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. അര്ബുദത്തെത്തുടര്ന്നുള്ള ശാരീരിക അസ്വസ്ഥതകള് മൂലം ചികിത്സയിലായിരുന്ന ഇന്നസെന്റ് മൂന്നാഴ്ചയോളം കൊച്ചിയിലെ ലേക് ഷോര് ആശുപത്രിയില് ചികിത്സയിലായിരുന്നു. ഒടുവില് 75 ആം വയസ്സില് അദ്ദേഹം നമ്മോട് വിടവാങ്ങി.

കെ ജി ജോര്ജ്

ഇന്ത്യന് സിനിമ കണ്ട എക്കാലത്തേയും മികച്ച സംവിധായകരില് ഒരാള്. സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി ജോര്ജിന്റെ വിയോഗം സിനിമാ ലോകത്തിന് നികത്താനാവാത്ത നഷ്ടമായിരുന്നു. കുളക്കാട്ടില് ഗീവര്ഗീസ് ജോര്ജ് എന്നറിയപ്പെടുന്ന കെ ജി ജോര്ജിന്റെ മിക്ക ചിത്രങ്ങളും വ്യത്യസ്തമായ പ്രമേയത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയവയാണ്.

രണ്ട് പതിറ്റാണ്ട് കാലം മാത്രമേ അദ്ദേഹം സജീവമായിരുന്നുള്ളുവെങ്കിലും ഇന്വെസ്റ്റിഗേറ്റീവ് ത്രില്ലര് യവനിക മുതല് പഞ്ചവടിപ്പാലം എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യം വരെ മലയാള സിനിമയുടെ ക്ലാസിക്കുകളില് ഇടംപിടിച്ചവയായിരുന്നു അദ്ദേഹത്തിന്റെ സിനിമകളെല്ലാം. സൈക്കോളജിക്കല് ത്രില്ലറായ ഇരകള്, ഉള്ക്കടല്, മേള, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് തുടങ്ങി നിരവധി ചിത്രങ്ങള് പുതിയ തലമുറയിലെ ചലച്ചിത്രകാരന്മാരെ വരെ പ്രചോദിപ്പിക്കുന്നവയാണ്. നിരവധി ചലച്ചിത്ര പുരസ്കാരങ്ങള് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ജെസി ഡാനിയേല് പുരസ്കാരത്തിനും അര്ഹനായിട്ടുണ്ട്. വാര്ധക്യ സഹജമായ അസുഖങ്ങള് മൂലം ചികിത്സയിലിരിക്കവെ 2023 സെപ്റ്റംബര് 24 ന് അദ്ദേഹം ഓര്മയായി.

കാനം രാജേന്ദ്രന്

സിപിഐ സംസ്ഥാന സെക്രട്ടറിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന കാനം രാജേന്ദ്രന്റെ അപ്രതീക്ഷിത വിടവാങ്ങലും രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു. വാര്ധക്യ കാല അസുഖങ്ങളെ തുടര്ന്ന് അവധിയില് പോകാന് അപേക്ഷ നല്കിയിരിക്കവെയാണ് പ്രതീക്ഷിക്കാതെയുള്ള വിടവാങ്ങല്. ഹൃദയസ്തംഭനമായിരുന്നു മരണ കാരണം. ആയിരക്കണക്കിന് പ്രവര്ത്തകരുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി ജ്വലിക്കുന്ന ഓര്മയായി കാനം. നൂറുകണക്കിന് പേരാണ് പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്പ്പിക്കാനായി എത്തിയത്. സിപിഐഎമ്മുമായി കൂടുതല് ചേര്ന്ന് നിന്നുകൊണ്ട് ഇടതുമുന്നണിയെ നയിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹം. മന്ത്രി സ്ഥാനമോ രാജ്യസഭാംഗത്വമോ മോഹിച്ചിട്ടില്ല. പാര്ട്ടിയിലെ ഭൂരിപക്ഷ പിന്തുണയായിരുന്നു എന്നും കാനത്തിന്റെ കരുത്ത്. ആ കരുത്താണ്, തുടര്ച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് അദ്ദേഹത്തെ എത്തിച്ചത്.

'പ്രതിപക്ഷ ബഹുമാനം കാത്തുസൂക്ഷിച്ച കമ്യൂണിസ്റ്റുകാരന്' എന്നാണ് കാനത്തിന്റെ വിയോഗത്തില് രാഷ്ട്രീയ നേതാക്കള് അഭിപ്രായപ്പെട്ടത്. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യം ഒരു കൂസലുമില്ലാതെ ആരുടെ മുഖത്ത് നോക്കി പറയാനും കാനം മടി കാണിച്ചിരുന്നില്ല. ഉത്തരവാദിത്തങ്ങള് ബാക്കിയാക്കി, 2023 ഡിസംബര് 8 ന് അദ്ദേഹം വിടവാങ്ങി.

സിദ്ദിഖ്

ചിരിയുടെ ഗോഡ്ഫാദര് സിദ്ദിഖ് ഇസ്മയില് നമ്മോട് വിടപറഞ്ഞതും 2023 ലായിരുന്നു. ആരും പ്രതീക്ഷിക്കാത്ത വിയോഗ വാര്ത്തയായിരുന്നു അത്. സിദ്ദിഖ്-ലാല് കൂട്ടുകെട്ടില് ഇനി സിദ്ദിഖ് ഇല്ല എന്ന കാര്യം വിശ്വസിക്കാന് എല്ലാവരും പാടുപെട്ട നാളുകള്.. മലയാളികളുടെ, സങ്കടങ്ങളിലും ഒറ്റപ്പെടലിലും ചിരിയുടെ ലോകം നിറച്ച സംവിധായകന്.

ചിരിച്ചുകൊണ്ടല്ലാതെ അദ്ദേഹം സംസാരിക്കുമായിരുന്നില്ല. ഒരിക്കല് പോലും അദ്ദേഹത്തെ ദേഷ്യപ്പെട്ട് കണ്ടിട്ടില്ലെന്നാണ് അദ്ദേഹത്തോട് ചേര്ന്ന് നിന്ന ഓരോരുത്തരും ആവര്ത്തിച്ച് പറഞ്ഞിരുന്നത്. സിദ്ദിഖ് ലാല് എന്നത് ഒറ്റയാളാണോ എന്ന് എല്ലാവരും കരുതിയെങ്കില് അതില് തെറ്റുപറയാനാവില്ലായിരുന്നു. അത്രമാത്രം ആത്മബന്ധമായിരുന്നു അവര് തമ്മില്. പ്രിയ സുഹൃത്തിനെ അവസാനമായി ഒരു നോക്ക് കാണുവാനെത്തിയ ലാലിന്റെ വിങ്ങല് കണ്ടുനിന്നവരേയും സങ്കടത്തിലാഴ്ത്തി... വമ്പന് ഹിറ്റുകള് നല്കിയ കൂട്ടുകെട്ടായിരുന്നു സിദ്ദിഖ് ലാല് സൃഷ്ടിച്ചത്.

ഗോഡ്ഫാദര്, വിയറ്റ്നാം കോളനി, ഇന്ഹരിഹരര് നഗര്, കാബൂളിവാല, റാംജി റാവ് സ്പീക്കിങ് തുടങ്ങി നിരവധി ഹിറ്റുകള്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം സിദ്ദിഖ് ലാല് എന്ന് കണ്ടാല് തിയ്യേറ്ററുകള് ആവേശത്തോടെ കയ്യടിക്കുമായിരുന്നു.. ഇടക്ക് വെച്ച് ആ കൂട്ടുകെട്ട് പിരിഞ്ഞെങ്കിലും സുഹൃദ്ബന്ധം പതിന്മടങ് ശകതിയോടെ കൂടെയുണ്ടായിരുന്നു.. ഉറ്റ സുഹൃത്തിന്റെ അരികില് നിന്ന് മാറാതെ സിദ്ദിഖിന്റെ ഭൗതിക ശരീരത്തിനടുത്തിരുന്ന ലാല് എല്ലാവര്ക്കും നൊമ്പരക്കാഴ്ചയായി.

സ്വകാര്യ ജീവിതത്തില് വളരെ ലളിതവും ആഡംബരങ്ങളുമില്ലാതെ ജീവിതം നയിച്ച വ്യക്തി. ചിരിച്ചുകൊണ്ട് മലയാള സിനിമയ്ക്ക് പുതിയൊരു ഭാഷയും ഭാവുകത്വവും നല്കിയ, റിയലിസ്റ്റിക് ചിത്രങ്ങള് സമ്മാനിച്ച സിദ്ദിഖ് ഇസ്മായില് ഓഗസ്റ്റ് 8 ന് വിടപറഞ്ഞു.

മാമുക്കോയ

കോഴിക്കോടന് സംഭാഷണ ശൈലിയുടെ സമര്ത്ഥമായ പ്രയോഗത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മഹാനടനായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട മാമുക്കോയ. ഹാസ്യകഥാപാത്രങ്ങളിലൂടെ ഏറെ ചിരിപ്പിച്ച്, മലയാളികളുടെ മനസ്സില് ഇടംനേടിയ കോഴിക്കോട്ടുകാരന്. വിദ്യാര്ത്ഥി ആയിരിക്കുമ്പോള് തന്നെ നാടകത്തില് അഭിനയിച്ച് പ്രതിഭ തെളിയിച്ചിരുന്ന കലാകാരന്. തന്നെ സിനിമയിലേക്ക് ശുപാര്ശ ചെയ്തത് വൈക്കം മുഹമ്മദ് ബഷീറായിരുന്നെന്ന് വളരെ തന്മയത്തോടെ അദ്ദേഹം പറയുമായിരുന്നു. ചെറിയൊരു വേഷം ചെയ്യാനെത്തിയ അദ്ദേഹത്തിന്റെ അഭിനയത്തില് ആകൃഷ്ടരായ നിര്മാതാക്കള് അദ്ദേഹത്തിന് പിന്നീട് കൂടുതല് വേഷങ്ങള് നല്കി. പിന്നീട് നടന്നത് ചരിത്രം.

നാടോടിക്കാറ്റിലെ ഗഫൂര്ക്കയെയും സന്ദേശത്തിലെ കെ ജി പൊതുവാളിനേയും ചന്ദ്രലേഖയിലെ പലിശക്കാരന് മാമായേയും, ഹിസ് ഹൈനസ് അബ്ദുള്ളയിലെ 'മാണ്ട' എന്ന് പറയുന്ന നമ്പൂതിരി വേഷം കെട്ടിവരുന്ന ജമാലിനേയും ആരും മറക്കില്ല. സിനിമയിലെ അഭിനയിത്തിനപ്പുറം ജീവിതത്തില് ഒരുപാട് വ്യക്തി ബന്ധങ്ങള് കാത്ത് സൂക്ഷിച്ച ആളായിരുന്നു അദ്ദേഹം. മലയാള സിനിമാ ലോകത്തിന് മാത്രമല്ല, സാധാരണ ജനങ്ങള്ക്കിടയിലും ഒരുപാട് സ്വാധീനം ചെലുത്തിയ അപൂര്വ്വ വ്യക്തിത്വത്തിനുടമ. 2023 ഏപ്രില് 26നാണ് അതുല്യ കലാകാരന് നമ്മോട് വിടപറഞ്ഞത്.

ജസ്റ്റിസ് ഫാത്തിമാ ബീവി

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ഫാത്തിമ ബീവിയും വിടപറഞ്ഞത് 2023ലാണ്. മുസ്ലിം വിഭാഗത്തില് നിന്നുള ആദ്യ ഗവര്ണര് കൂടിയായിരുന്നു ഫാത്തിമ ബീവി. ഒട്ടേറെ റെക്കോര്ഡുകള് സ്വന്തം പേരിനോട് ചേര്ത്തുവെച്ച ധീര വനിത. ഇച്ഛാശക്തിയും ലക്ഷ്യബോധവുമുണ്ടെങ്കില് ഏത് പ്രതികൂല സാഹചര്യത്തേയും അതിജീവിക്കാമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച മഹത് വ്യക്തിയായിരുന്നു ഫാത്തിമാ ബീവി. പിന്നാക്ക വിഭാഗ കമ്മീഷന് ആദ്യ അധ്യക്ഷ, പ്രഥമ കേന്ദ്ര മനുഷ്യാവകാശ കമ്മീഷനംഗം എന്നീ നിലകളിലും പ്രവര്ത്തിച്ചിട്ടുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില് 96ആം വയസ്സിലായിരുന്നു അന്ത്യം.

ഇവരെ കൂടാതെ വേറെയും നിരവധി പ്രമുഖ വ്യക്തികള് 2023ല് ഓര്മയായി. 2023 ന്റെ തുടക്കത്തില് തന്നെ നടിയും അവതാരകയുമായിരുന്ന സുബി സുരേഷിന്റെ വേര്പാട് കലാലോകത്തെ ഞെട്ടിച്ചതാണ്. സിനിമ-സീരിയല് നടന് വിനോദ് തോമസിന്റെ അസ്വാഭാവിക മരണവും, വാഹനാപകടത്തില് നമ്മോട് വിട പറഞ്ഞ കൊല്ലം സുധി എന്ന മിമിക്രി കലാകാരനും... എല്ലാം വലിയ ആഘാതമാണ് മലയാളി മനസ്സുകളില് സൃഷ്ടിച്ചത്. ഇതുപോലെ കലാ സാംസ്കാരിക സാഹിത്യ ലോകത്തും രാഷ്ട്രീയ ലോകത്തും നമ്മെ വിട്ടുപിരിഞ്ഞ ഒരു പിടി മഹത് വ്യക്തികളുടെ ഓര്മകള്ക്കൊപ്പം, അവര് നല്കിയ സംഭാവനകളും നല്ല നിമിഷങ്ങളേയും കൂടി നമുക്ക് പുതു വര്ഷത്തില് കൂടെ കൂട്ടാം...

dot image
To advertise here,contact us
dot image