ബംഗ്ലാദേശ് തിരഞ്ഞെടുപ്പിൽ ഹസീനയുടെ തുടർ വിജയം കാത്ത് ഇന്ത്യ; അതിർത്തിക്ക് അപ്പുറം എന്ത് കാര്യം?

ഹസീന വെന്നിക്കൊടി പാറിച്ചാൽ ലോകത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവിയിലിരുന്ന വനിത എന്ന പദവിയും അവർക്ക് സ്വന്തമാകും

സീനത്ത് കെ സി
5 min read|06 Jan 2024, 12:16 pm
dot image

അയൽ രാജ്യങ്ങളുടെ ആഭ്യന്തര രാഷ്ട്രീയം ഇന്ത്യ വളരെ പ്രാധാന്യത്തോടെ ഉറ്റുനോക്കുന്ന ഒരു വിഷയമാണ്. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ് എന്നിവിടങ്ങൾ തിരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുകയാണ്. ഈ രാജ്യങ്ങളിൽ ഇന്ത്യയോട് ആരോഗ്യകരമായ ബന്ധം പുലർത്തുന്നവരും ശക്തമായ വിയോജിപ്പ് പുലർത്തുന്നവരും ഉണ്ട്. ജനുവരി ഏഴിനാണ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ്. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുളള സർക്കാർ എക്കാലത്തും ഇന്ത്യയുമായി നല്ല സൗഹൃദമാണ് പുലർത്തിപോന്നത്. അതുകൊണ്ട് തന്നെ അതിർത്തിക്ക് അപ്പുറമുളള ആ തിരഞ്ഞെടുപ്പ് ഫലം ഇക്കുറി എന്താകുമെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ഇന്ത്യ.

ബംഗ്ലാദേശും ഇന്ത്യയും തമ്മിൽ

ഇന്ത്യയും ബംഗ്ലാദേശും സാംസ്കാരികവും വംശീയവും ഭാഷാപരവുമായി അടുത്ത ബന്ധം പങ്കിടുന്ന രാജ്യങ്ങളാണ്. പല കാരണങ്ങൾകൊണ്ട് ആ ബന്ധം ദൃഢപ്പെട്ടിരിക്കുന്നു. 2009-ൽ അധികാരത്തിലെത്തിയ ഉടൻ ഇന്ത്യയുടെ വടക്കുകിഴക്കൻ സായുധ ഗ്രൂപ്പുകൾക്കെതിരെ പ്രവർത്തിച്ച ഷെയ്ഖ് ഹസീന സർക്കാരിനോട് ഇന്ത്യക്ക് ഒരു ഇഷ്ടമുണ്ട്. അരി, പയറുവർഗ്ഗങ്ങൾ, പച്ചക്കറികൾ തുടങ്ങി നിരവധി അവശ്യസാധനങ്ങളുടെ വിതരണത്തിനായി ധാക്ക ഡൽഹിയെ ആശ്രയിക്കുന്നു. അതുകൊണ്ട് തന്നെ ബംഗ്ലാദേശിന്റെ അടുക്കള മുതൽ ബാലറ്റ് വരെ ഇന്ത്യക്ക് സ്വാധീനമുണ്ട്.

ഇന്ത്യയുടെ ഏറ്റവും വലിയ വികസന പങ്കാളിയാണ് ബംഗ്ലാദേശ്. 2010 മുതൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി ഇന്ത്യ ഏഴ് ബില്യൺ ഡോളറിലധികം ലൈൻ ഓഫ് ക്രെഡിറ്റ് ബംഗ്ലാദേശിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ചരക്ക് കൊണ്ടുപോകുന്നതിന് ബംഗ്ലാദേശ് റോഡ്, നദി, ട്രെയിൻ തുടങ്ങിയ ഗതാഗത സൗകര്യം ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. ചൈനയുടെ നിഴലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സായുധ ഗ്രൂപ്പുകളുടെ സാന്നിധ്യവുമാണ് ബംഗ്ലാദേശുമായി സൗഹൃദം നിലനിർത്തുന്നതിന്റെ അടിസ്ഥാനം. അതുകൊണ്ട് തന്നെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബംഗ്ലാദേശ് തന്ത്രപ്രധാനമായ ഒരു ഭാഗമാണ്.

രൂക്ഷമായ അതിർത്തി തർക്കങ്ങൾ വിജയകരമായി മറികടക്കാൻ കഴിഞ്ഞു എന്നത് ഇരു രാജ്യങ്ങളുടെയും വലിയ നേട്ടമാണ്. എങ്കിലും ഇന്ത്യ-ബംഗ്ലാദേശ് ടീസ്റ്റ ജലപ്രശ്നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. 2014-ൽ ആണ് ഇരുരാജ്യങ്ങൾക്കുമിടയിലെ സമുദ്രാതിർത്തി തർക്കം പരിഹരിക്കപ്പെട്ടത്. അതിന്റെ അടുത്ത വർഷം തന്നെ ഇന്ത്യൻ പാർലമെന്റ് ഇന്ത്യ-ബംഗ്ലാദേശ് ഭൂ അതിർത്തി ഉടമ്പടി അംഗീകരിക്കുകയും ചെയ്തു.

ഷെയ്ഖ് ഹസീന അധികാരത്തിൽ എത്തിയതുമുതൽ ഇന്ത്യയുമായുളള സൗഹൃദത്തിന് കോട്ടം തട്ടിയിട്ടില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ പിന്തുണയാണ് എല്ലാ ഘട്ടത്തിലും ഷെയ്ഖ് ഹസീനക്ക് ലഭിച്ചത്. അതിന് ഉദാഹരണമാണ് ഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ ഷെയ്ഖ് ഹസീന പ്രത്യേക അതിഥിയായി എത്തിയത്. 2019 ലെ തിരഞ്ഞെടുപ്പ് വിജയത്തിൽ ഷെയ്ഖ് ഹസീനയെ ആദ്യം വിളിച്ച് അഭിനന്ദിച്ചത് ഇന്ത്യൻ പ്രധാനമന്ത്രിയാണ്. മനുഷ്യാവകാശ ലംഘനങ്ങളും ജുഡീഷ്യൽ കൊലപാതകങ്ങളും ആരോപിച്ച് പല രാജ്യങ്ങളും ബംഗ്ലാദേശിനെതിരെ ഉപരോധം ഏർപ്പെടുത്താൻ തീരുമാനിച്ചെങ്കിലും ഇന്ത്യ അതിൽ നിന്ന് അകന്ന് നിൽക്കുകയാണ് ചെയ്തത്.

നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഖാലിദ സിയയുടെ നേതൃത്വത്തിലുളള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധികാരത്തിൽ തിരിച്ചുവരുമോ എന്ന ആശങ്ക ഇന്ത്യക്ക് ഉണ്ട്. ബിഎൻപിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും തിരിച്ചുവരവ് ബംഗ്ലാദേശ് ഇസ്ലാമിസ്റ്റുകളുടെ തിരിച്ചുവരവിന് കാരണമായേക്കുമെന്നതാണ് ഇന്ത്യയുടെ ആശങ്കയ്ക്ക് പ്രധാന കാരണം. ഖാലിദ സിയ ഭരിച്ച സമയത്ത് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭീകരർക്ക് ബംഗ്ലാദേശ് സുരക്ഷിത താവളമായിരുന്നു. ജമാഅത്തെ ഇസ്ലാമിയും എല്ലാ കാലത്തും ഇന്ത്യാ വിരുദ്ധ നയമാണ് എടുത്തുപോന്നിട്ടുളളത്. അവാമി ലീഗ് അധികാരത്തിൽ എത്തിയില്ലെങ്കിൽ ഇന്ത്യയുമായുളള ബന്ധം തകരുമെന്ന് ബംഗ്ലാദേശ് വാർത്താവിതരണ വകുപ്പ് മന്ത്രി ഹസൻ മഹമൂദ് മുന്നറിയിപ്പ് നൽകിയതും ഈ കാരണങ്ങൾകൊണ്ടാണ്.

ഷെയ്ഖ് ഹസീനയും ഖാലിദ സിയയും

രണ്ട് കരുത്തുറ്റ സ്ത്രീകളുടെ രാഷ്ട്രീയ യുദ്ധക്കളമാണ് ഇന്ന് ബംഗ്ലാദേശ്. അവാമി ലീഗിന്റെ ഷെയ്ഖ് ഹസീനയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ ഖാലിദ സിയയും ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ കരുക്കൾ നീക്കാൻ തുടങ്ങിയിട്ട് വർഷമേറെയായി. ബംഗ്ലാദേശ് മുൻ പ്രസിഡന്റും രാഷ്ട്രപിതാവുമായ മുജീബുർ റഹ്മാന്റെ മകളാണ് ഷെയ്ഖ് ഹസീന.

ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനക്ക് രണ്ടു പേരുകളാണുളളത്. 'മനുഷ്യത്വത്തിന്റെ മാതാവ്' എന്നും എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന 'ഏകാധിപതി' എന്നും. ഷെയ്ഖ് ഹസീനയുടെ ഭരണ നേട്ടങ്ങളാണ് അവരെ മനുഷ്യത്വത്തിന്റെ മാതാവ് എന്ന് വിളിക്കുന്നതിലേക്ക് നയിച്ചിട്ടുളളത്. 1996-ലാണ് ശൈഖ് ഹസീന ആദ്യമായി ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ഒട്ടെറെ ഭരണപരിഷ്കാരങ്ങൾക്കാണ് അവർ അന്ന് തുടക്കം കുറിച്ചത്. ഗംഗാജലം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി കരാര് ഒപ്പുവെയ്ക്കുന്നത് ഈ സമയത്താണ്. അയൽ രാജ്യങ്ങളുമായുളള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുകയും ചെയ്തു. ഭക്ഷ്യധാന്യ ഉല്പ്പാദനം 19 ദശലക്ഷം ടണ്ണില് നിന്ന് 26.5 ദശലക്ഷം ടണ്ണായി ഉയരുകയും ദാരിദ്ര്യ നിരക്കില് വലിയ കുറവുണ്ടാവുകയും ചെയ്ത ഭരണകാലം കൂടിയായിരുന്നു അത്.

സാമൂഹിക സുരക്ഷാ പദ്ധതികൾ, നാല് ലക്ഷം വയോജനങ്ങൾക്ക് ഗുണകരമാകുന്ന അലവൻസുകൾ എന്നിവ അവർ പ്രഖ്യാപിച്ചു. പിന്നീട് ഈ പദ്ധതി വിധവകൾ, ദുരിത ബാധിതർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവരിലേക്കും വ്യാപിപ്പിച്ചു. ഹസീനയുടെ ഭരണത്തിൽ പടിപടിയായി വികസനത്തിൽ കുതിക്കുകയായിരുന്നു. എന്നാൽ 2002ൽ അവാമി ലീഗിന് അധികാരം നഷ്ടമാവുകയും ബിഎൻപി അധികാരം പിടിച്ചെടുക്കുകയുമുണ്ടായി. 2008 വരെ മാത്രമായിരുന്നു ബംഗ്ലാദേശ് അധികാരക്കസേരയിൽ ബിഎൻപിയുടെ ആയുസ്സ്. 2008ലും 2014, 2019 ലും അവാമി ലീഗ് തന്നെ ബംഗ്ലാദേശിൽ നിറഞ്ഞുനിന്നു.

ഒരു കാലത്ത് പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും അടയാളമായിരുന്ന ബംഗ്ലാദേശ് ഇന്ന് ഇന്ത്യ കഴിഞ്ഞാൽ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയുളള രാജ്യമായി മാറിയത് ഹസീനയുടെ ഭരണകാലത്താണ്. 2006 ൽ 71 ബില്യൺ മാത്രമായിരുന്ന ജിഡിപി ഇന്ന് 450 ബില്യൺ ഡോളർ ആയി ഉയർന്നിട്ടുണ്ട്. നേട്ടങ്ങൾക്കെല്ലാം പുറമെ വലിയ വിമർശനവും ഷെയ്ഖ് ഹസീന സർക്കാർ നേരിടുന്നുണ്ട്. അധികാരത്തിലേറിയത് മുതൽ ബിഎൻപി യെ ഇല്ലാതാക്കാനാണ് ഷെയ്ഖ് ഹസീന ശ്രമിച്ചതെന്ന് പ്രതിപക്ഷം വിമർശിക്കുന്നു. പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തു, സർക്കാർ വിരുദ്ധ നീക്കം നടത്തുന്നവരെ അറസ്റ്റ് ചെയ്തു, മാധ്യമങ്ങൾ, ജുഡീഷ്യറി, സിവിൽ സമൂഹം, സൈന്യം എന്നിവയെ തന്റെ അധീനതയിലാക്കി തുടങ്ങിയ വിമർശനങ്ങളും ഷെയ്ഖ് ഹസീന നേരിടുന്നുണ്ട്.

2008 ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ അവാമി ലീഗിന്റെ നേതൃത്വത്തിലുളള 14 പാർട്ടികൾ അടങ്ങിയ മഹാസഖ്യം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ആകെയുളള 299 സീറ്റിൽ 230 സീറ്റും അവർ നേടി. 2014 ൽ അധികാരത്തുടർച്ച ലഭിച്ച ഷെയ്ഖ് ഹസീനക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2019 ലെ പൊതുതിരഞ്ഞെടുപ്പിൽ തൊണ്ണൂറ്റിയാറ് ശതമാനം വോട്ട് നേടിയാണ് അവാമി ലീഗ് ഭരണ തുടർച്ച നേടിയത്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് ആകെ ഏഴ് സീറ്റ് മാത്രമാണ് നേടാനായത്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും അന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കാതിരിക്കുകയായിരുന്നു.

ഇത്തവണയും ഷെയ്ഖ് ഹസീനക്ക് തുടർഭരണം ലഭിച്ചേക്കാമെന്ന സൂചനകളാണ് പുറത്തുവരുന്നത്. പ്രധാന പ്രതിപക്ഷ പാർട്ടികളായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി)യും ജമാഅത്തെ ഇസ്ലാമിയും തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിട്ടുണ്ട്. ഷെയ്ഖ് ഹസീനയോട് രാജിവെക്കാനും ഇടക്കാല സർക്കാരിന് കീഴിൽ നിഷ്പക്ഷമായി തിരഞ്ഞെടുപ്പ് നടത്താനുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുമെന്ന് വിശ്വാസമില്ലെന്നും പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു. മുമ്പും പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത് ഗുണമായത് ഷെയ്ഖ് ഹസീനക്കാണ്. ഇത്തവണയും പ്രതിപക്ഷത്തിന്റെ നീക്കം അവാമി ലീഗിന് അധികാരത്തുടർച്ച നൽകുമെന്നതിൽ സംശയമില്ല. ഹസീന വെന്നിക്കൊടി പാറിച്ചാൽ ലോകത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവിയിലിരുന്ന വനിത എന്ന പദവിയും അവർക്ക് സ്വന്തമാകും.

ഷെയ്ഖ് ഹസീനയെ പറയുമ്പോൾ തന്നെ ഖാലിദ സിയയേയും പറയേണ്ടിയിരിക്കുന്നു. ഫോബ്സ് മാസികയുടെ ലോകത്തെ ഏറ്റവും കരുത്തരായ സ്ത്രീകളുടെ പട്ടികയിൽ ഇടം നേടിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ നേതാവാണ് ഖാലിദ സിയ. ബംഗ്ലാദേശ് മുൻ പ്രസിഡന്റും ആർമി ചീഫുമായിരുന്ന് സിയാവുർ റഹ്മാന്റെ ഭാര്യയാണ് ഖാലിദ. 1991 ലും 2001 ലും ആണ് ഖാലിദ സിയ ഭരണത്തിലിരുന്നത്. രണ്ട് അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം 2018 മുതൽ ഖാലിദ സിയ 17 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. വീട്ടുതടങ്കലിലായ ഖാലിദ സിയക്ക് രോഗം മൂർച്ഛിച്ചതിനാൽ വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുന്നതിന് അപേക്ഷിച്ചെങ്കിലും സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ഖാലിദ സിയയുടെ അഭാവം ബിഎൻപിയുടെ വീര്യം കുറച്ചിട്ടുണ്ട്.

പ്രതിപക്ഷ സഖ്യത്തിലെ പ്രബല കക്ഷിയായ ജമാഅത്തെ ഇസ്ലാമിക്ക് സുപ്രീംകോടതി വിലക്കുളളതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്നതും അവാമി ലീഗിന് കാര്യങ്ങൾ എളുപ്പമാക്കുന്നു. പ്രതിപക്ഷമില്ലെങ്കിലും ശക്തമായ പ്രചരണത്തിലാണ് ഷെയ്ഖ് ഹസീന. തിരഞ്ഞെടുപ്പിന്റെ ജനാധിപത്യ സ്വഭാവം നിലനിർത്താൻ ബംഗ്ലാദേശ് ജാതീയപാർട്ടിക്ക് 26 സീറ്റുകൾ അവാമി ലീഗ് വിട്ടുകൊടുത്തിട്ടുണ്ട്. മറ്റ് ഇടങ്ങളിലെല്ലാം അവാമി ലീഗ് സ്ഥാനാർത്ഥികളും സ്വതന്ത്രരും തമ്മിലാണ് മത്സരം നടക്കുന്നത്.

സൈന്യത്തിന് ഭരണം പിടിക്കാൻ സാധിക്കാത്ത രീതിയിൽ എല്ലാ ഭാഗവും ഷെയ്ഖ് ഹസീന കൊട്ടിയടച്ചിട്ടുണ്ട്. സൈനിക മേധാവികളുടെ ആനുകൂല്യങ്ങളും പ്രത്യേകാവകാശങ്ങളും വർധിപ്പിച്ച് ഷെയ്ഖ് ഹസീന തന്റെ ഭരണം സുരക്ഷിതമാക്കിയിരിക്കുകയാണ്. അതുകൊണ്ട് ബംഗ്ലാദേശിൽ ഇനിയൊരു സൈനിക അട്ടിമറി പ്രതീക്ഷിക്കേണ്ടതില്ല. പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കിയും ഉദ്യോഗസ്ഥ വൃത്തങ്ങൾ, ജുഡീഷ്യറി, സിവിൽ സമൂഹത്തിലെ ഒരു വിഭാഗം എന്നിവയിൽ നിന്നുള്ള പിന്തുണ ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ നാലാം തവണയും ഷെയ്ഖ് ഹസീന അധികാരം പ്രതീക്ഷിക്കുന്നുണ്ട്. അധികാരത്തിലെത്തിയാൽ സമ്പദ് വ്യവസ്ഥ കൂടുതൽ മെച്ചപ്പെടുത്താനാകുമെന്നാണ് അവാമി ലീഗിന്റെ കണക്കുകൂട്ടൽ. പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതോടെ അധികാരത്തിലേക്ക് അധികം ദൂരമില്ലെന്നത് യാഥാർത്ഥ്യമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us