മുന്മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായിരുന്ന ഇ കെ നായനാരുടെയും മുന്മന്ത്രിയും മലബാറിലെ സിപിഐഎമ്മിൻ്റെ തീപ്പൊരി നേതാവുമായിരുന്ന എം വി രാഘവന്റെയും ആദ്യ ഗള്ഫ് സന്ദര്ശനത്തിന് നാല്പ്പത് വര്ഷങ്ങള് തികഞ്ഞു. 1984 ജനുവരി അവസാനമാണ് ഇരുനേതാക്കളും ആദ്യമായി ഗള്ഫിലെത്തിയത്. ഇ കെ നായനാര് 1980ല് കേരള മുഖ്യമന്ത്രിയായെങ്കിലും 1981ല് അദ്ദേഹത്തിന്റെ സര്ക്കാര് രാജിവച്ചിരുന്നു. എം വി രാഘവന് അക്കാലത്ത് സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു.
അബുദാബി എയര്പോര്ട്ടിലായിരുന്നു ഇരുനേതാക്കളും വിമാനമിറങ്ങിയത്. അബുദാബി ശക്തി തിയറ്റേഴ്സ് ആയിരുന്നു അവിടുത്തെ പരിപാടികള് ഏകോപിച്ചിരുന്നത്. മൂസമാസ്റ്റര്, എന് ഐ മുഹമ്മദ്കുട്ടി, വി രാജന്, എംആര് സോമന്, എടയത്ത് രവി, എ പി ഇബ്രാഹിം എന്നിവരടങ്ങിയ ഒരു സംഘമാണ് അന്ന് അബുദാബിയില് ഈ പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കിയത്. അബുദാബി മദിന സായ്ദിലെ മലയാളികളുടെ താമസ കേന്ദ്രമായ അല്മുല്ല എന്ന് പേരുള്ള വില്ലയിലായിരുന്നു ഇ കെ നായനാർക്കും എം വി രാഘവനും താമസമൊരുക്കിയത്. എട്ടോളം പേര് ഇവിടെ താമസിച്ച് ജോലിക്ക് പോയിരുന്നു. അവരില് ചിലരെ തല്ക്കാലം മറ്റ് മുറികളിലേയ്ക്ക് മാറ്റിയാണ് ഇവിടെ ഇരുനേതാക്കളെയും പാർപ്പിച്ചത്.
മലയാളി പ്രവാസികളുടെ ജീവിതദുരിതങ്ങള് നേരിട്ടറിയുവാനായി ഇവിടെ തന്നെ താമസിക്കാൻ നേതാക്കൾ തീരുമാനിച്ചതാവണം. അബുദാബി, ദുബായ്, ഷാര്ജ, റാസല്ഖെെമ, ഫുജറ എന്നിവിടങ്ങളിലെല്ലാം ഇവർ അന്ന് സന്ദർശനം നടത്തി. അല്ഐന് യുഎഇയിലെ പൂന്തോട്ട നഗരം എന്നാണറിയപ്പെടുക. ഇ കെ നായനാരെയും എം വി രാഘവനെയും സ്വീകരിക്കാന് അല്ഐനില് ഞങ്ങള് സ്വാഗതസംഘം രൂപീകരിച്ചിരുന്നു.
ഇന്നോര്ക്കുമ്പോള് അത്ഭുതമാണ്. അന്ന് പത്തൊമ്പതുകാരനായിരുന്ന ഈ ലേഖകനാണ് സംഘാടക സമിതിയുടെ ജനറല് കണ്വീനര്. അല്ഐനിലെ ഒരു സ്റ്റുഡിയോവില് ഫോട്ടോഗ്രാഫറായിജോലി ചെയ്യുകയായിരുന്നു ലേഖകൻ. നേതാക്കളെ അബുദാബിയില് നിന്ന് അല്ഐനില് എത്തിക്കാന് ഞങ്ങളില് തന്നെയുള്ള ഒരാളെ ചുമതലപ്പെടുത്തി. രാവിലെ 10 മണിക്ക് സ്വീകരണവും സംഘടനാ കാര്യങ്ങള് ചര്ച്ചചെയ്യലും വെെകിട്ട് അല്ഐന് സ്കൂൾ ഗ്രൗണ്ടില് പൊതുയോഗവുമാണ് നിശ്ചയിച്ചിരുന്നത്.
മലയാളികള് തിങ്ങി പാര്ക്കുന്ന ഒരിടത്തെ വില്ലയിലാണ് സംഘടനാ കാര്യങ്ങള് ചര്ച്ച ചെയ്യാനുള്ള മീറ്റിങ് നിശ്ചയിച്ചിരുന്നത്. ഞങ്ങള് രാവിലെ തന്നെ നേതാക്കളെ സ്വീകരിക്കാന് അവിടെ എത്തി. ഉച്ചയ്ക്ക് ഒരു മണിയോടടുത്താണ് ഇരുവരും ഇവിടേയ്ക്ക് എത്തിച്ചേരുന്നത്. അത് വിളിക്കാന് പോയ ആളുടെ നിലപാട് കൊണ്ട് സംഭവിച്ച പാളിച്ചയാണ്. നാട്ടിലെ ജനപ്രിയ നേതാക്കളായ ഇ കെ നായനാരെയും എം വി രാഘവനെയും കൈയ്യിൽ കിട്ടിയപ്പോൾ വിളിക്കാൻ പോയ ആൾ പലയിടത്തും ഇവരെ കയറ്റി. അതോടെ മീറ്റിങ്ങ് സ്ഥലത്തെത്താൻ വൈകി. ഏതായാലും അതിവിടുത്തെ പ്ലാനിംഗ് പിഴക്കാനിടയാക്കി.
ഞങ്ങള് അമ്പതോളം പേര് വില്ലയില് തമ്പടിച്ചത് അടുത്തുള്ള വില്ലകളില് താമസിക്കുന്നവരുടെ ശ്രദ്ധയില്പെട്ടു. നായനാരും എംവിആറും ഇവിടെ എത്തുന്നു എന്നറിഞ്ഞതോടെ മലയാളികള് കൂട്ടത്തോടെ ഇവിടേക്കെത്തി. നേതാക്കള് വന്നതോടെ മീറ്റിങ് തുടങ്ങി. സ്വാഗത പ്രസംഗവും നിവേദന സമര്പ്പണവും കഴിഞ്ഞപ്പോള് അദ്ധ്യക്ഷനോട് ഞാന് സ്വകാര്യത്തില് പറഞ്ഞു, 'ഇനി ഭക്ഷണത്തിനു ശേഷം മീറ്റിങ് തുടരാം". അദ്ധ്യക്ഷനും അബുദാബിയില് നിന്ന് കൂട്ടിക്കൊണ്ടു വന്ന ആളും നായനാരുടെ ചെവിയില് എന്തോ പറഞ്ഞു. ഞാന് കരുതി മീറ്റിങ് തല്ക്കാലം പിരിയുന്നതിനെക്കുറിച്ചാവും പറഞ്ഞതെന്ന്. സംഗതി അതല്ലെന്ന് അറിഞ്ഞത് അദ്ധ്യക്ഷന് മീറ്റിങ് പിരിഞ്ഞിരിക്കുന്നു എന്ന് പറഞ്ഞപ്പോഴാണ്. നേതാക്കള് സംസാരിക്കുന്നതിന് മുമ്പെ യോഗം പിരിയുകയോ എന്ന് ചോദിച്ച് ആദ്യം ക്ഷുഭിതനായത് എം വി ആര് ആയിരുന്നു. 'വരൂ നായനാരെ' എന്ന് പറഞ്ഞ് ആദ്യ ഇറങ്ങിപ്പോയത് എംവിആർ ആയിരുന്നു. പിന്നാലെ നായനാരും ഇറങ്ങിപ്പോയി.
ആ മീറ്റിങ് അങ്ങിനെ കലങ്ങി. ഞങ്ങൾക്കത് വലിയൊരു ഷോക്കായി. തെറ്റ് നേതാക്കളുടേതല്ല. ആശയവിനിമയത്തിൽ സംഭവിച്ച പാളിച്ച നല്ല സന്ദര്ഭത്തെ ബാധിച്ചു. വെെകിട്ട് ഒരു പൊതുയോഗം അല്ഐന് സ്ക്കൂള് അങ്കണത്തില് സംഘടിപ്പിച്ചിട്ടുണ്ട്. അന്നോളം ഒരു കമ്മ്യൂണിസ്റ്റ് നേതാവും ഗൾഫിലെ പൊതു സമ്മേളനത്തില് പ്രസംഗിച്ചിട്ടില്ല. അല്ഐന് പബ്ലിക് ഇന്ഫര്മേഷൻസ് വപ്പില് നിന്ന് ഞങ്ങള് അനുമതി വാങ്ങിയിരുന്നു. അന്ന് അല്ഐനിലുള്ള അഖിലേന്ത്യാ മുസ്ലിം ലീഗ് നേതാവ് എ വി അബ്ദുള് റഹിമാന് ഹാജി എംഎല്എയേയും പൊതുയോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. നായനാരും എംവി ആറും പൊതുയോഗത്തില് പങ്കെടുത്തില്ലെങ്കില് അതുണ്ടാക്കുന്ന ആഘാതം താങ്ങാനാകില്ല.
സിപിഐഎം നേതാവും മുൻ എംപിയുമായ പി കരുണാകരൻ്റെ സഹോദരനായ പി ചന്ദ്രനും ഞാനും നേതാക്കള് ഭക്ഷണം കഴിക്കാന് കയറിയ കിങ്സ് ഹോട്ടലിന് മുന്നില് പോയി കാത്തിരുന്നു. ഭക്ഷണം കഴിച്ചിറങ്ങിയ ഇരുവരും ഞങ്ങളെ ശാസിച്ചു. ഞങ്ങളോട് ക്ഷമിക്കണമെന്നും ബോധപൂര്വ്വമല്ലെന്നും വിശദീകരിച്ചപ്പോള് അവരൊന്നടങ്ങി. വെെകിട്ട് മീറ്റിങിന് വരണമെന്ന് ഞങ്ങള് അഭ്യര്ത്ഥിച്ചു. നോക്കാം എന്ന് പറഞ്ഞ് വിശ്രമിക്കാനായി അവര് പോയി.
വെെകിട്ട് ഏഴുമണി. അല്ഐന് സ്ക്കൂള് ഗ്രൗണ്ട്. അല്ഐന് പൊലീസും സിഐഡി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഞങ്ങള് അനുമതി പത്രം കാണിച്ചു. അവര് അവിടെ തന്നെ തുടർന്നു. മലയാളികളുടെ ഒരു കുത്തൊഴുക്കാണ് അവിടേക്കുണ്ടായത്. അല്പ്പം കഴിഞ്ഞപ്പോള് ഇ കെ നായനാരും എം വി രാഘവനുമെത്തി. ജനങ്ങള് ഇളകി മറിഞ്ഞു. രണ്ടു പേരും പ്രസംഗിച്ചു. നര്മ്മം കലര്ന്ന പ്രസംഗം. പ്രവാസി മലയാളികളുടെ യാത്രാ ദുരിതവും കസ്റ്റംസുകാരുടെ അക്കാലത്തെ പിടിച്ചുപറിയുമൊക്കെ വിമര്ശന വിധേയമാക്കിയായിരുന്നു പ്രസംഗം.
എതായാലും പൊതുയോഗം കഴിഞ്ഞപ്പോള് വലിയ ആശ്വാസമായി. മുതിർന്ന രണ്ട് കമ്മ്യൂണിസ്റ്റ് നേതാക്കളെ പങ്കെടുപ്പിച്ച് ഗൾഫ് രാജ്യത്ത് ആദ്യമായൊരു പൊതുയോഗം നടക്കുകയാണ്. പൊതുയോഗം നടത്തിയതിൽ വലിയ അഭിമാനം തോന്നിയിരുന്നു. രാവിലത്തെ മീറ്റിങ്ങിലെ നോട്ടപിശകിന്റെ പേരില് അന്ന് സംഘടനാപരമായ നടപടി നേരിടേണ്ടി വന്നു എന്നത് ഇന്നോര്ക്കുമ്പോള് അതൊരു പാഠമാണെന്ന് തിരിച്ചറിയുന്നു.
ഇകെ നായനാരാണ് രാജ്യത്ത് ആദ്യമായി പ്രവാസി ക്ഷേമ വകുപ്പ് രൂപീകരിച്ചത്. 1996ലെ അദ്ദേഹത്തിന്റെ സര്ക്കാരാണ് ഈ തീരുമാനം കെെകൊണ്ടത്. ആദ്യ ഗള്ഫ് സന്ദര്ശനം പകര്ന്നു നല്കിയ അനുഭവങ്ങളും നേരില് കണ്ട അവരുടെ ജീവിതവുമാകാം ഇത്തരമൊരു തീരുനത്തിലെത്തിച്ചത്.