വളര്ച്ചയില് കുതിക്കുന്ന ഖത്തര്; അതില് മലയാളികളുടെ പങ്ക് ചെറുതല്ല

ഖത്തറിന്റെ ഒരു സവിശേഷത തന്നെ സ്വദേശികളേക്കാള് കൂടുതല് വിദേശികളാണെന്നതാണ്.

dot image

ലോകത്തിന്റെ മുമ്പില് വിവിധ കാരണങ്ങളാല് അഭിമാനത്തോടെ തലയുയര്ത്തി നില്ക്കുന്ന കൊച്ചു രാജ്യമാണ് ഖത്തര്. ഭരണാധികാരികളുടെ സ്ഥിരോത്സാഹവും കാഴ്ചപ്പാടിലധിഷ്ഠിതമായ കഠിനാധ്വാനവും ഒരു രാജ്യത്തെ എത്രത്തോളം ലോകത്തിന്റെ നെറുകയിലേക്ക് കൊണ്ടെത്തിക്കുമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണം. 45വര്ഷത്തോളമായി ഖത്തറിന്റെ വളര്ച്ചയും കുതിപ്പും നേരില് കണ്ട വ്യവസായി സഫാരി സൈനുല് ആബിദീന് എഴുതുന്നു.

2022ലെ ലോകകപ്പോടെ ലോക കായിക മത്സരങ്ങളുടെ പ്രധാന ഡെസ്റ്റിനേഷനായി ഖത്തര് മാറി. അതോടൊപ്പം നിരവധി മറ്റനേകം മത്സരങ്ങളും ഖത്തറിനെ തേടിയെത്തുകയായിരുന്നു. ലോകകപ്പ് മത്സരത്തിനായി ഒരുക്കിയ വേദികള് പിന്നെ വിവിധ ആഗോള മത്സരങ്ങളുടെ വേദിയായി മാറുകയും ചെയ്തു.

2036ലെ ഒളിംപിക്സ് ഗെയിംസിന് കൂടി വേദിയാകാൻ ഖത്തർ ശ്രമിക്കുന്നു എന്നിടത്താണ് ആ രാജ്യത്തിൻ്റെ ഇച്ഛാശക്തിയെ കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നത്. ലോകത്തിലെ സമ്പന്നരാജ്യങ്ങളിലൊന്നായ ഖത്തര് വിവിധ മേഖലകളില് കരുത്ത് തെളിയിച്ച് മുന്നേറുകയാണ്. കഴിഞ്ഞ വര്ഷങ്ങളില് ഖത്തര് വിവിധ രംഗങ്ങളിലെ കരുത്തും സ്ഥിരതയും തെളിയിച്ചു കൊണ്ടുള്ള മുന്നേറ്റമാണ് നടത്തിയത്. ഖത്തറിന്റെ കാഴ്ചപ്പാടും വീര്യവും ഉപരോധകാലത്ത് ലോകം കണ്ടതാണ്. ചുറ്റുമുള്ള പ്രഭല ശക്തികള് ഒറ്റപ്പെടുത്താന് നോക്കിയെങ്കിലും ശക്തമായി പിടിച്ചു നില്ക്കാന് ഈ കൊച്ചു രാജ്യത്തിന് സാധിച്ചു.

2022ലെ ഫുട്ബോള് ലോകകപ്പിന് വേദിയായതിലൂടെ ലോകത്തിന് വിവിധ സന്ദേശങ്ങള് ഖത്തര് നല്കി. ഇത്ര വലിയ കായികമാമാങ്കത്തെ നടത്താന് ഖത്തറിന് സാധിക്കുമോ എന്ന ചോദ്യത്തിന്റെ മുനയൊടിച്ചതു മുതല് ഒരു കായിക മാമാങ്കത്തിലൂടെ സാധ്യമാകുന്ന അനേകം ദൗത്യങ്ങളെ വിജയകരമായി ലക്ഷ്യത്തിലെത്തിക്കാനും ഖത്തറിന് സാധിച്ചു. മികച്ച സംസ്കാരങ്ങളുടേയും ആതിഥേയത്വത്തിന്റെയും സമത്വസുന്ദര ഭാവനകളുടെയും സന്ദേശങ്ങളെ ഈ രാജ്യം ലോകത്തിന് മുന്നില് കോരിയിട്ടു. പരമ്പരാഗത സങ്കല്പ്പങ്ങളെ അട്ടിമറിച്ചുള്ള ഖത്തറിന്റെ ആതിഥേയത്വം ലോകത്തെ ഞെട്ടിച്ചു, വിശേഷിച്ചും യുറോപ്യന് ശക്തികളെ. തുടര്ന്ന് ഏറ്റവും നിരവധി കായിക മത്സരങ്ങള്ക്ക് ഖത്തര് വേദിയായി. അവസാനമായി ഏഷ്യന് കപ്പിനു വരെ.

ഒരു കൊച്ചു രാജ്യം, പരിമിതമായ പൗരന്മാരുള്ള രാഷ്ട്രം, തങ്ങളുടെ ഭാവനകളിലുടെയും, മികച്ച ഭരണക്രമത്തിലൂടെയും, നയതന്ത്രത്തിലൂടെയും എങ്ങനെയാണ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുന്നതെന്നതിന് മികച്ച ഉദാഹരണമാണ് ഖത്തര്. ഇരുപതിനായിരം കോടി ചിലവഴിച്ച് സ്റ്റേഡിയങ്ങളും മറ്റു പാശ്ചാത്തല സൗകര്യങ്ങളും വികസിപ്പിച്ചതിലൂടെ 2022ല് ഖത്തര് ലക്ഷ്യം വെച്ചത് ഒരു ഫുട്ബോള് ലോകകപ്പിന് വേദദിയാവുക എന്നതിനപ്പുറം മറ്റു പലതുമായിരുന്നു. ആ ലക്ഷ്യം ഖത്തര് കൈവരിച്ചുക്കൊണ്ടിരിക്കുന്നു എന്നു തന്നെ പറയേണ്ടി വരും.

2022 നു ശേഷം ഖത്തറിലേക്കെത്തുന്ന സന്ദര്ശകരുടെ എണ്ണം മുന്വര്ഷങ്ങളിലേതിനേക്കാള് പതിന്മടങ്ങ് വര്ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്ഷത്തില് 157 ശതമാനം വര്ധനയാണ് സന്ദര്ശകരുടെ എണ്ണത്തിലുണ്ടായിരിക്കുന്നതെന്നാണ് ഖത്തറിന്റെ കണക്കുകള് വ്യക്തമാക്കുന്നത്. ലോകത്തിന്റെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി ഖത്തര് മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനയാണിത്. ഇതു തന്നെയായിരുന്നു ഒരു ലോകകപ്പിന് വേദിയാവുന്നതിലൂടെ ഖത്തര് ലക്ഷ്യം വെച്ചതും. ഇപ്പോള് ഇടക്കിടെയുണ്ടാവുന്ന കായിക മത്സരങ്ങളും, ലോകത്തിന് മുന്നിലേക്ക് ഈ കൊച്ചു രാജ്യത്തിന് തങ്ങളുടെ ശക്തിയും കരുത്തും തുറന്നു വെക്കാനുള്ള അവസരങ്ങള് കൂടിയാണ് നല്കുന്നത്.

സ്വാതന്ത്ര്യാനന്തര ഖത്തർ ഭരണത്തിൻ്റെ വിവിധ മേഖലകളിലേക്ക് അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില് നിന്നുള്ള സാങ്കേതിക, മാനേജ്മെന്റ് വിദഗ്ധരെ കൊണ്ടുവരികയും ലോക തലത്തിൽ തന്നെ ശ്രദ്ധ നേടിയ പ്രമുഖരുടെ നിർദേശങ്ങൾ പ്രകാരം പ്രവർത്തിക്കുകയും ചെയ്തതോടെയാണ് ഖത്തറിന് ഈ കുതിപ്പ് സാധ്യമായത്. ആദ്യകാലങ്ങളില് ഹമദ് ഹോസ്പിറ്റല്, ഖത്തര് പെട്രോളിയം അടക്കമുള്ള വിവിധ കോര്പറേറ്റ് സ്ഥാപനങ്ങള് വ്യവസ്ഥാപിതമായി സ്ഥാപിക്കുന്നതിന് ഖത്തർ യൂറോപ്പിൻ്റെ സഹായം ഉപയോഗപ്പെടുത്തി. മറ്റു ഗള്ഫ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള് കുടുംബസമേതം ജീവിക്കുന്നതിന് ഏറ്റവും അനുയോജ്യമായ രാജ്യമായാണ് ഖത്തറിനെ കണക്കാക്കപ്പെട്ടിരുന്നത്. ദുബായിലെ അമിത സ്വാതന്ത്ര്യത്തിനും സൗദിയിലെ അമിത നിയന്ത്രണങ്ങള്ക്കുമിടയിലെ ഒരു ജീവിതം ഇവിടെ സാധ്യമാകുന്നു. കഴിഞ്ഞ ഒരു രണ്ട് പതിറ്റാണ്ട് ഖത്തറിനെ സംബന്ധിച്ച് വളര്ച്ചയുടെയും കുതിച്ചു ചാട്ടത്തിന്റേതുമായിരുന്നു.

1995ല് ഷെയ്ഖ് ഹമദ് ബിന് ഖലീഫ അല്താനി പിതാവ് ഷെയ്ഖ് ഖലീഫ ബിന് ഹമദ് അല്താനിയില് നിന്നും അധികാരം ഏറ്റെടുത്ത ശേഷം വിസ്മയകരമായ പുരോഗതിക്കാണ് ഖത്തര് സാക്ഷ്യം വഹിച്ചത്. എണ്ണയ്ക്ക് പുറമെ പ്രകൃതി വാതക നിക്ഷേപത്തില് ലോകത്ത് ഒന്നാം സ്ഥാനത്താണ് ഖത്തര്. പ്രതിശീര്ഷ ആളോഹരി വരുമാനത്തില് രണ്ടാമതും. ആളോഹരി വരുമാനത്തില് ഒന്നാം സ്ഥാനത്തുള്ള സ്വിറ്റ്സര്ലാന്റിനെ മറികടക്കും. ഖത്തറിൻ്റെ ഈ വളർച്ചയും മുന്നേറ്റവും ധാരാളം മലയാളികളുടേത് കൂടിയാണ്. കാരണം ഖത്തറിലെ സര്ക്കാര് സ്ഥാപനങ്ങളിൽ അടക്കം ധാരാളം മലയാളികളും ഇന്ത്യക്കാരുമാണ് പ്രവർത്തിക്കുന്നത്.

ഖത്തറിന്റെ ഒരു സവിശേഷത തന്നെ സ്വദേശികളേക്കാള് കൂടുതല് വിദേശികളാണെന്നതാണ്. ഇതില് തന്നെ കൂടുതലും ഇന്ത്യക്കാരാണ്. ഖത്തറിലേക്ക് ഈ വര്ഷമെത്തിയ സന്ദര്ശകരില് കൂടുതല് 10 രാജ്യങ്ങളില് നിന്നുള്ളവരാണ്. ജിസിസിയിലെ അഞ്ച് രാജ്യങ്ങള്ക്ക് പുറമെ കൂടുതല് സന്ദര്ശകര് ഇന്ത്യയില് നിന്നാണ്. കൂടാതെ അമേരിക്ക, ബ്രിട്ടന്, ജര്മനി, പാകിസ്താന് എന്നീ രാജ്യങ്ങളും ആദ്യ പത്തിലുണ്ട്. അന്താരാഷ്ട്ര സന്ദര്ശകരുടെ കാര്യത്തില് ഖത്തര് കുതിക്കുകയാണെന്നാണ് ഖത്തര് ടൂറിസത്തിന്റെ വിലയിരുത്തല്. അതേസമയം രാജ്യത്തിന്റെ പൈതൃക കേന്ദ്രങ്ങളെ സംരക്ഷിക്കാനും വന് തുക ഖത്തര് ചിലവഴിക്കുന്നുണ്ട്. മറ്റൊരു വശത്ത് അത്യാധുനിക ആഡംബരങ്ങളുമായി കോര്ത്തിണക്കിയുള്ള വിഖ്യാത ഹോട്ടലുകള്, ടൂറിസ്റ്റ് സൗകര്യങ്ങള്, വ്യത്യസ്ത സാംസ്കാരിക, ചരിത്ര ഇടങ്ങളിലെല്ലാം സൗകര്യ വികസനങ്ങള്ക്കായും വന് നിക്ഷേപമാണ് രാജ്യം നടത്തിക്കൊണ്ടിരിക്കുന്നത്.

അന്താരാഷ്ട്ര നയതന്ത്ര രംഗത്തെ ഖത്തിന്റെ ഇടപെടലുകളും ഒരു കൊച്ചു രാജ്യത്തിന്റെ വിസ്മയകരമായ നീക്കങ്ങളായേ വിലയിരുത്താനാകൂ. ഇപ്പോള് പലസ്തീനില് നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേല് അധിനിവേശത്തിലും ഇരുവശത്തിനും ഏറ്റവും വിശ്വസ്തനായ മധ്യസ്ഥനാവുന്നതും അതിവേഗ പ്രശ്ന പരിഹാരത്തിനായി കഠിനയത്നം നടത്തുന്നതും ഖത്തറാണ്.

വിവിധ പ്രശ്നങ്ങളിലെ ഖത്തറിന്റെ വിജയകരമായ മധ്യസ്ഥശ്രമങ്ങള് അന്താരാഷ്ട്ര തലത്തില് തന്നെ അഭിനന്ദിക്കപ്പെട്ടിട്ടുണ്ട്. 100ലധികം രാജ്യങ്ങള്ക്ക് 6.4 ബില്യണ് ഡോളറിലധികം സഹായം നല്കിക്കൊണ്ട് ഈ കൊച്ചു രാജ്യം അന്താരാഷ്ട്ര സമൂഹത്തിന് ഏറെ പ്രിയപ്പെട്ട രാഷ്ട്രമായി മാറുകയും ചെയ്തിട്ടുണ്ട്. നയതന്ത്ര ബന്ധത്തിലൂടെ ഇന്ത്യന് തടവുകാരായ എട്ടുപേരെ വിട്ടയക്കാനുള്ള ഖത്തര് ഭരണകൂടത്തിന്റെ തീരുമാനവും ആ രാജ്യം ഇന്ത്യന് സമൂഹത്തോടു കാണിക്കുന്ന ആഭിമുഖ്യത്തിന്റെ ശക്തമായ സൂചന കൂടിയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us