1982 മാർച്ച് 28, ഇന്ദിരാ ഗാന്ധി അന്ന് ഇന്ത്യൻ പ്രധാനമന്ത്രിയാണ്. ലണ്ടൻ സന്ദർശനത്തിന് പോയ അവർ തിരക്കിട്ട് ഡൽഹിയിലെ വസതിയിലേക്ക് തിരികെ വന്നു. ഇളയ മരുമകൾ മനേകാ ഗാന്ധിയോടുള്ള അടങ്ങാത്ത കലി ആയിരുന്നു പെട്ടന്നുള്ള ആ തിരിച്ചുവരവിന് കാരണം. മനേകയുടെ ഭർത്താവ് സഞ്ജയ് ഗാന്ധി മരിച്ചിട്ട് അധികകാലമായിട്ടില്ല. ഭർത്താവിന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിന് മനേക ശ്രമിക്കുന്ന സമയമാണ്. സഞ്ജയ്യുടെ വിശ്വസ്തനായ അക്ബർ അഹമ്മദ് ലഖ്നൗവിൽ പാർട്ടി പ്രവർത്തകർക്കായി ഒരു കൺവെൻഷൻ വിളിച്ചുചേർത്തിരുന്നു. അതിൽ മനേക പങ്കെടുത്തതാണ് ഇന്ദിരയെ അതൃപ്തിയുടെ കൊടുമുടിയിലെത്തിച്ചത്. ആ അതൃപ്തിക്ക് അടിസ്ഥാനകാരണമായതോ അമേഠി ലോക്സഭാ മണ്ഡലവും!
മൂത്ത മകൻ രാജീവ് ഗാന്ധിയെ രാഷ്ട്രീയ ഗോദയിലേക്കിറക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അന്ന് ഇന്ദിര. അമേഠി ലക്ഷ്യമിട്ടായിരുന്നു നീക്കം. 1980ൽ നടന്ന തിരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്ന് സഞ്ജയ് വിജയിച്ചിരുന്നു. 1981ൽ വിമാനാപകടത്തിൽ സഞ്ജയ് മരിച്ചു. അതോടെ അനാഥമായ അമേഠിയിലേക്ക് രാജീവ് ഗാന്ധിയെ അവതരിപ്പിക്കുകയായിരുന്നു ഇന്ദിരയുടെ ലക്ഷ്യം. എന്നാൽ, ഭർത്താവിന്റെ പിൻഗാമിയാവേണ്ടത് താനാണ് എന്നായിരുന്നു മനേകയുടെ നിലപാട്. ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ഇന്ദിര രാജീവിന്റെ പേര് നിർദ്ദേശിച്ചു. രാജീവിന്റെ സ്ഥാനാർത്ഥിത്വം തടയാൻ മനേക തന്നാലാവും വിധം ശ്രമിച്ചു, പക്ഷേ നിരാശയായിരുന്നു ഫലം. അങ്ങനെ അമേഠിയെ ചൊല്ലിത്തുടങ്ങിയ അമ്മായിയമ്മ- മരുമകൾ തർക്കം കലാശിച്ചത് കുടുംബത്തിന്റെ പിളർപ്പിലായിരുന്നു.
മനേകയ്ക്ക് അന്ന് പ്രായം 25 തികഞ്ഞിട്ടില്ല. അക്കാരണം പറഞ്ഞാണ് അമേഠിയിൽ മത്സരിക്കുന്നതിൽ നിന്ന് ഇന്ദിര വിലക്കിയത്. തിരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ 25 വയസ് വേണമല്ലോ! തനിക്ക് മത്സരിക്കാൻ ഇന്ദിരാ ഗാന്ധി ഭരണഘടന ഭേദഗതി ചെയ്യണമെന്നായിരുന്നു മനേകയുടെ ആവശ്യം. പക്ഷേ, ഇന്ദിര അത് ചെവിക്കൊണ്ടില്ല. നെഹ്റു കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നയതന്ത്രജ്ഞൻ മുഹമ്മദ് യൂനസിനെ ഉദ്ധരിച്ച് '24 Akbar Road: A Short History of The People Behind The Fall And Rise of The Congress' എന്ന പുസ്തകത്തിൽ റഷീദ് കിദ്വായി പറഞ്ഞിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ ആ വിമുഖതയാണ് ഭർത്താവിന്റെ രാഷ്ട്രീയപിൻഗാമിയാകാൻ അട്ടിമറി നടത്തുക എന്ന തീരുമാനത്തിലേക്ക് മനേകയെ എത്തിച്ചത്. അങ്ങനെ തുടങ്ങിയ അസ്വാരസ്യം 1982 മാർച്ച് 28ന് അതിന്റെ പാരമ്യത്തിലെത്തുകയായിരുന്നു.
ഇപ്പോൾ ഇവിടുന്ന് ഇറങ്ങണം; ഇന്ദിര മനേകയോട് പറഞ്ഞത്
അന്ന് വീട്ടിലെത്തിയ ഇന്ദിര മനേകയ്ക്ക് മുഖം കൊടുക്കാൻ തയ്യാറായില്ല. തന്നെ അഭിവാദ്യം ചെയ്ത മനേകയോട് പിന്നെ സംസാരിക്കാം എന്ന് ധാർഷ്ട്യത്തോടെ പറഞ്ഞ് അകത്തേക്ക് നടന്നുപോകുകയാണ് ഇന്ദിര ചെയ്തത്. 'The Red Sari' എന്ന പുസ്തകത്തിൽ സ്പാനിഷ് എഴുത്തുകാരി യേവ്യർ മോറോ അതിനെക്കുറിച്ച് ഇങ്ങനെ പറയുന്നു.
'തന്റെ മുറിക്കുള്ളിൽ തന്നെയിരിക്കുകയായിരുന്നു മനേക. ഭക്ഷണവുമായി വീട്ടുജോലിക്കാരൻ അവിടേക്ക് എത്തി. എന്തുകൊണ്ടാണ് തനിക്കുള്ള ഭക്ഷണം മുറിയിലേക്കെത്തിച്ചതെന്ന് മനേക ചോദിച്ചു. കുടുംബത്തിനൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ താങ്കൾ (മനേക) വരുന്നത് ഇഷ്ടപ്പെടുന്നില്ലെന്ന് മിസിസ് ഗാന്ധി (ഇന്ദിര) പറഞ്ഞു. അയാൾ മറുപടി നൽകി. ഇടനാഴിയിലേക്ക് ഇറങ്ങുമ്പോൾ മനേകയുടെ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. സത്യത്തെ നേരിടേണ്ട സമയം എത്തിയിരിക്കുന്നു. ലിവിംഗ് റൂമിൽ ആരുമുണ്ടായിരുന്നില്ല. മനേക അവിടെ കാത്തിരുന്നു. സമയം കടന്നുപോയി, സമ്മർദ്ദത്തിലായ മനേക തന്റെ നഖങ്ങൾ കടിച്ചുതുടങ്ങി. ആ ശീലം കുട്ടിക്കാലം മുതലേ ഉള്ളതാണ്. പൊടുന്നനേ ഇന്ദിര നടന്നുവരുന്നത് മനേക അറിഞ്ഞു. വളരെ ദേഷ്യത്തിൽ നഗ്നപാദയായി കൊടുങ്കാറ്റു പോലെയാണ് അവർ മുറിയിലേക്ക് വന്നത്. ഗുരു ധീരേന്ദ്ര ബ്രഹ്മചാരിയും ഇന്ദിരയുടെ സെക്രട്ടറി ധവാനും ഒപ്പമുണ്ടായിരുന്നു. അവരെ സാക്ഷികളായി വേണമെന്ന് ഇന്ദിരയ്ക്ക് നിർബന്ധമായിരുന്നു.
മനേകയ്ക്ക് നേരെ വിരൽ ചൂണ്ടി ഇന്ദിര ആക്രോശിച്ചു, "ഇപ്പോൾ തന്നെ ഇവിടുന്ന് ഇറങ്ങിപ്പോകണം".
"ലഖ്നൗവിൽ കൺവെൻഷനിൽ സംസാരിക്കരുതെന്ന് ഞാൻ നിന്നോട് പറഞ്ഞതാണ്. പക്ഷേ, അതായിരുന്നു നിനക്ക് വേണ്ടത്. നീയെന്നോട് അനുസരണക്കേട് കാട്ടി. നിന്റെ ഓരോ വാക്കിലും വിഷം വമിക്കുന്നു. എനിക്കത് അറിയാൻ പറ്റുന്നില്ലെന്നാണോ നിന്റെ വിചാരം? ഇവിടുന്ന് പൊയ്ക്കോണം, ഇപ്പോത്തന്നെ ഇറങ്ങിപ്പോകണം. നിന്റെ അമ്മയുടെ വീട്ടിലേക്ക് മടങ്ങിപ്പൊയ്ക്കോണം." ഇന്ദിര പറഞ്ഞു.
മനേക സഹോദരി അംബികയെ അവിടേക്ക് വിളിച്ചുവരുത്തി. ഇരുവരും ചേർന്ന് സാധനങ്ങൾ പായ്ക്ക് ചെയ്തു തുടങ്ങി. ഇന്ദിരാ ഗാന്ധി മുറിയിലേക്ക് കടന്നുവന്നു. "ഇപ്പോത്തന്നെ ഇറങ്ങണം, ഇവിടുന്ന് ഒന്നും കൊണ്ടുപോകാൻ പാടില്ലെന്ന് നിന്നോട് ഞാൻ പറഞ്ഞതാണ്". ഇന്ദിര കടുപ്പിച്ച് പറഞ്ഞു.
"ഇത് അവളുടെ കൂടി വീടാണ്", അംബിക ഇടപെട്ടു.
"അല്ല ഇത് അവളുടെ വീട് അല്ല, ഇത് പ്രധാനമന്ത്രിയുടെ വസതിയാണ്". ഇന്ദിര അലറിപ്പറഞ്ഞു.
മനേക അവിടെ നിന്നിറങ്ങിപ്പോകുമ്പോൾ രാത്രി 11 മണിയായിരുന്നു. പാതിയുറക്കത്തിലായ വരുൺ ഗാന്ധി അവളുടെ കൈകളിലുണ്ടായിരുന്നു. സഹോദരിക്കൊപ്പം മനേക കാറിലേക്ക് കയറി. മാധ്യമപ്രവർത്തകരും ക്യാമറക്കണ്ണുകളും അവരെ പൊതിഞ്ഞിരുന്നു. ഫ്ലാഷ് ലൈറ്റുകൾക്കു മുമ്പിൽ അവൾ എല്ലാവരോടും കൈ വീശി യാത്ര പറഞ്ഞു. ഭരണാധികാരിയും അധികാര ഗർവ്വുള്ളവളും ക്രൂരയുമായ അമ്മായിയമ്മയാൽ തിരസ്കൃതയായ വിശ്വാസ്യതയുള്ള മരുമകൾ - അതിന് സമാനമായിരുന്നു അടുത്ത ദിവസം പത്രങ്ങളിൽ പ്രസിദ്ധീകരിച്ച ഫോട്ടോയും അടിക്കുറിപ്പും.'- മോറോ പുസ്തകത്തിൽ എഴുതി.
അതൊരു യാദൃശ്ചികതയായിരുന്നില്ല, കരുതിക്കൂട്ടിയുള്ള നീക്കം
രണ്ട് വയസുപോലും തികയാത്ത കുഞ്ഞുമായി രാത്രിയിൽ ഡൽഹിയിലെ സഫ്ദർജങ് റോഡിലെ ഒന്നാം നമ്പർ വസതിയിൽ നിന്നുള്ള മനേകയുടെ ഇറങ്ങിവരവിന് വഴിവച്ച ലഖ്നൗ കൺവെൻഷൻ വെറുമൊരു യാദൃശ്ചികതയായിരുന്നില്ല. അതിൽ വെറുതെ പങ്കെടുക്കുകയായിരുന്നില്ല മനേക. ഒന്നര വർഷമായുള്ള കണക്കുകൂട്ടലുകൾക്കും തയ്യാറെടുപ്പുകൾക്കുമൊടുവിലുള്ള പരസ്യനീക്കമായിരുന്നു അത്. ഇന്ദിരാ ഗാന്ധിയുടെ എതിർപ്പിനെ അവഗണിച്ചാണ് അക്ബർ അഹമ്മദ് പരിപാടി സംഘടിപ്പിച്ചത്.
സഞ്ജയ് ഗാന്ധി വിഭാവനം ചെയ്ത അഞ്ചിന കർമ്മപരിപാടിയെ പിന്തുണച്ചുകൊണ്ടുള്ളതായിരുന്നു കൺവെൻഷൻ. അതിലൂടെ പാർട്ടിയുടെ നേതൃത്വത്തെ വെല്ലുവിളിക്കുക കൂടിയായിരുന്നു ലക്ഷ്യം. പതിനായിരത്തോളം പ്രവർത്തകരാണ് ഖാദിയണിഞ്ഞ് പരിപാടിയിൽ പങ്കെടുത്തത്. മനേകയുടെ പ്രസംഗം ആയിരുന്നില്ല , പങ്കെടുക്കാൻ കാണിച്ച ധീരതയായിരുന്നു പരിപാടിയുടെ പ്രാധാന്യം. പരിപാടി വെറുതെയായില്ല. സഞ്ജയ് സിംഗിനെയും ജഗദീഷ് ടൈറ്റ്ലറെയും പോലെയുള്ള മുതിർന്ന നേതാക്കൾ കൺവെൻഷനെ പാർട്ടിവിരുദ്ധ പ്രവർത്തനമായി മുദ്രകുത്തി.
അമേഠിയിലെ ഗാന്ധി - ഗാന്ധി പോരാട്ടം
അമ്മായിയമ്മയുടെ വീട് ഉപേക്ഷിച്ച് പോന്ന മനേക പിന്നാലെ രാഷ്ട്രീയലക്ഷ്യങ്ങൾ കൂടുതൽ വ്യക്തമാക്കി. രാജീവ് ഗാന്ധി ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് ഒരു വർഷം തികയും മുമ്പേ മനേക അമേഠിയിലെത്തി. അത് തനിക്ക് അവകാശപ്പെട്ട രാഷ്ട്രീയ ഗേഹം ആണ് എന്ന് സന്ദേശം വ്യക്തമാക്കുന്നതായിരുന്നു ആ സന്ദർശനം. അക്ബർ അഹമ്മദിനൊപ്പം ചേർന്ന് മനേക രാഷ്ട്രീയ് സഞ്ജയ് മഞ്ച് രൂപീകരിച്ചു. 1984ൽ അമേഠിയിൽ രാജീവിനെതിരെ മത്സരത്തിനിറങ്ങി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം മനേക പറഞ്ഞു "ജീർണിച്ച കോൺഗ്രസ് സംസ്കാരം വെളിപ്പെടുത്താനാണ് എന്റെ പോരാട്ടം. കോൺഗ്രസ് പാർട്ടി എത്ര പണം വാരി വീശിയാലും ഇല്ലെങ്കിലും ഒന്നേ പറയാനുള്ളു കോൺഗ്രസിലും അതിന്റെ രീതികളിലും എല്ലാവരും മടുത്തുകഴിഞ്ഞു".
അമേഠിയിലെ രാജീവിന്റെ വിജയം ഒരു ഈസി വാക്കോവർ ആവില്ലെന്ന പ്രതീതി ഉറപ്പിക്കാൻ മനേകയുടെ പ്രചാരണത്തിന് കഴിഞ്ഞിരുന്നു. മനേകയെ എതിരിടാൻ കോൺഗ്രസ് പുതിയ തന്ത്രം നടപ്പാക്കി, രാജീവിന് വേണ്ടി പ്രചാരണത്തിന് സോണിയാ ഗാന്ധിയെ രംഗത്തിറക്കി. രാജിവ് ഗാന്ധി രാജ്യത്തുടനീളം പര്യടനം നടത്തുമ്പോഴും സോണിയ അമേഠിയിൽ ക്യാമ്പ് ചെയ്തു. അമേഠിയിൽ കൂടുതലും സ്ത്രീ വോട്ടർമാരായിരുന്നു. അവരെ സ്വാധീനിക്കുന്നതിൽ സോണിയയുടെ പ്രചാരണം നിർണായകമായി. കൈത്തറി സാരിയുടുത്ത്, സാരിത്തുമ്പാൽ തല മൂടി, ചുവന്ന പൊട്ടും വളകളും അണിഞ്ഞ് സോണിയ വോട്ടർമാരെ കണ്ടു, ഹിന്ദിയിൽ തന്നെ സംസാരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെ 'ആര് ജയിക്കും മനേകയോ രാജീവോ' എന്ന ചോദ്യത്തിനുത്തരം പ്രവചനാതീതമായി.
പക്ഷേ, 1984 ഒക്ടോബർ 31ന് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. അംഗരക്ഷകരാൽ ഇന്ദിര ഗാന്ധി വധിക്കപ്പെട്ടു. രാജീവ് ഗാന്ധി ഇടക്കാല പ്രധാനമന്ത്രിയായി. ഡിസംബറിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ സഹതാപതരംഗം ആഞ്ഞുവീശി, കോൺഗ്രസ് ചരിത്രവിജയം നേടി. അമേഠിയും രാജീവിനൊപ്പം നിന്നു. 3.14 ലക്ഷം വോട്ടുകൾക്കായിരുന്നു രാജീവിന്റെ വിജയം. മനേക ഗാന്ധിക്ക് കെട്ടിവച്ച കാശു പോലും കിട്ടിയില്ല. പിന്നീടൊരിക്കലും അവർ അമേഠിയിലേക്ക് മത്സരത്തിനെത്തിയില്ല!
അമേഠി കാത്തുവച്ചത്....
1980 മുതൽ 2019 വരെ അമേഠി കോൺഗ്രസിനൊപ്പം നിന്നു. 1991ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ 1991ലും 1996ലും പാർട്ടിയുടെ വിശ്വസ്തനായ സതീഷ് ശർമ്മ അമേഠിയെ പ്രതിനീധീകരിച്ചു. 1999ൽ സോണിയാ ഗാന്ധി അമേഠിയിൽ മത്സരിക്കാനെത്തി. 2004ൽ മകൻ രാഹുൽ ഗാന്ധിക്കായി അമേഠി വിട്ടുനൽകി സോണിയ റായ്ബറേലിയിലേക്ക് പോയി. 15 വർഷം രാഹുൽ അമേഠിയുടെ എംപിയായി. 2019ൽ പക്ഷേ അമേഠി രാഹുലിനെ ചതിച്ചു. ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാനി രാഹുലിനെ പരാജയപ്പെടുത്തി.
വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിന് കളമൊരുങ്ങിക്കഴിഞ്ഞു. ഇക്കുറിയും സ്മൃതി ഇറാനി തന്നെയാണ് അമേഠിയിലെ ബിജെപി സ്ഥാനാർത്ഥി. കോൺഗ്രസിന് വേണ്ടി ആര് കളത്തിലിറങ്ങുമെന്ന് പ്രഖ്യാപനം വന്നിട്ടില്ല. രാഹുലിനെ ബിജെപി വെല്ലുവിളിച്ചുകഴിഞ്ഞു. അമേഠിയിൽ പോരാട്ടത്തിനിറങ്ങാതെ ദക്ഷിണേന്ത്യയിൽ നിന്ന് രാഹുൽ മത്സരിച്ചാൽ ഭീരുത്വമാണെന്ന് ബിജെപി പരിഹസിക്കുന്നു. നിലവിൽ വയനാട് നിന്നുള്ള എംപിയാണ് രാഹുൽ. അമേഠിയിൽ രാഹുൽ കളത്തിലിറങ്ങാതെ വയ്യ എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുമോ, കണ്ടറിയാം!
കരുത്തുറ്റ രാഷ്ട്രീയപോരാട്ട വേദി എന്നതിനപ്പുറം അമേഠിയെ ഇന്ത്യൻ രാഷട്രീയചരിത്രം അടയാളപ്പെടുത്തുന്നത് നെഹ്റു കുടുംബത്തിന്റെ പിളർപ്പിന് കാരണമായ ഉത്തരേന്ത്യൻ ഭൂമിക എന്നു കൂടിയാണ്.
അനന്തരം മനേകയുടെ രാഷ്ട്രീയ ജീവിതം.....
അമേഠിയിൽ രാജീവിനോടേറ്റ പരാജയത്തിന് പിന്നാലെ 1988ൽ മനേക ജനതാദളിൽ ചേർന്നു. 1989ൽ പിലിഭിത്തിൽ നിന്ന് ലോക്സഭയിലെത്തി. 1991ൽ പിലിഭിത്തിൽ പക്ഷേ മനേക പരാജയപ്പെട്ടു.
2004ൽ മനേക ബിജെപിയിലെത്തി. അതേവർഷം പിലിഭിത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ ജയിച്ച് എംപിയായി. 2009ൽ മനേകയ്ക്ക് പകരം വരുൺ ഗാന്ധിയെ ബിജെപി പിലിഭിത്തിൽ മത്സരിപ്പിച്ചു. വൻഭൂരിപക്ഷത്തിൽ വരുൺ ലോക്സഭയിലെത്തി. 2013ൽ വരുൺ പാർട്ടിയുടെ ഏറ്റവും പ്രായം കുറഞ്ഞ ജനറൽ സെക്രട്ടറിയായി. വരുൺ ഗാന്ധി ഇപ്പോഴും പിലിഭിത്തിൽ നിന്നുള്ള ലോക്സഭാംഗമാണ്.
2009ൽ അയോൺലയിൽ നിന്നും 2014ൽ പിലിഭിത്തിൽ നിന്നും മനേക എംപിയായി. 2019 മുതൽ സുൽത്താൻപൂരിൽ നിന്നുള്ള എംപിയാണ്. ഇക്കുറി ഇരുവരും എവിടെ നിന്ന് ജനവിധി തേടുമെന്ന് ബിജെപി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
*കടപ്പാട്: ഇന്ത്യാ ടുഡേ