പൗരത്വ ഭേദഗതി നിയമത്തിൽ മുസ്ലിം-അമുസ്ലിം വേർതിരിവ് പ്രതിഫലിക്കുന്നതെങ്ങനെ!

എന്ആര്സിയില് ഉള്പ്പെടാതെ പോയ പതിനായിരക്കണക്കിന് ബംഗാളി ഹിന്ദു കുടിയേറ്റക്കാര്ക്ക് അസം സംസ്ഥാനത്ത് തുടരാന് ഇപ്പോഴും പൗരത്വം ലഭിക്കും. എന്നാൽ നിലവിലെ നിയമപ്രകാരം സമാനമായ നിലയിൽ ബംഗ്ലാദേശിൽ നിന്നും കുടിയേറിയ മുസ്ലിം കുടിയേറ്റക്കാർ ഈയൊരു ആനുകൂല്യത്തിന് അർഹരുമല്ല

dot image

ബിജെപി അധികാരത്തിലെത്തിയ 2014ലെ തിരഞ്ഞെടുപ്പില് മുന്നോട്ടുവെച്ച പ്രടനപത്രികയിലെ പ്രധാനവാഗ്ദാനമായിരുന്നു പൗരത്വ ഭേദഗതി ബില്. അധികാരത്തിലെത്തി രണ്ടാം വര്ഷം തന്നെ ബിജെപി പൗരത്വ ഭേദഗതി ബില് പാര്ലമെന്റില് അവതരിപ്പിച്ചു. 2016 ജൂലൈ 19നായിരുന്നു ബില് ആദ്യമായി ലോക്സഭയില് അവതരിപ്പിക്കുന്നത്. പിന്നീട് ഓഗസ്റ്റ് 12ന് ബില് സംയുക്ത പാര്ലമെന്ററി സമിതിക്കു കൈമാറി. ഒന്നാം മോദി സര്ക്കാരിന്റെ കാലാവധി അവസാനിക്കാന് മാസങ്ങള് മാത്രം ശേഷിക്കെ 2019 ജനുവരി ഏഴിനായിരുന്നു സംയുക്ത പാര്ലമെന്ററി റിപ്പോര്ട്ട് നല്കിയത്. 2019 ജനുവരി എട്ടിനു ബില് ലോക്സഭ പാസാക്കി. എന്നാല് രാജ്യസഭയില് ബിൽ പരാജയപ്പെട്ടു.

ഒന്നാം മോദി സർക്കാരിന് ബിൽ പാസാക്കാൻ കഴിയാതിരുന്നതോടെ ഇത് കാലഹരണപ്പെട്ടു. 2019 മധ്യത്തോടെ അധികാരത്തിലെത്തിയ രണ്ടാം മോദി സർക്കാർ പൗരത്വ ഭേദഗതി ബില് വീണ്ടും പാർലമെൻ്റിൽ അവതരിപ്പിച്ചു. 2019 ഡിസംബര് നാലിന് കേന്ദ്രമന്ത്രിസഭ അംഗീകരിച്ച പൗരത്വ ഭേദഗതി ബില് ഡിസംബർ ഒന്പതാം തീയതി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ലോക്സഭയില് അവതരിപ്പിച്ചത്. ലോക്സഭ പാസാക്കിയ ബിൽ പിന്നാലെ രാജ്യസഭയും പാസാക്കി. പിന്നീട് രാഷ്ട്രപതി ബില്ലിന് അംഗീകാരം നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രാജ്യവ്യാപക പ്രതിഷേധമാണ് ബില്ലിനെതിരെ ഉയർന്നത്. ബിജെപി ഇതരപാർട്ടികൾ ഭരിക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിയമസഭകൾ സിഎഎക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. കേരളം സിഎഎക്കെതിരെ സുപ്രീം കോടതിയിൽ സ്യൂട്ട് ഫയൽ ചെയ്യുകയും ചെയ്തു.

ബംഗ്ലാദേശ്, പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില് നിന്ന് 2014 ഡിസംബര് 31നോ അതിനുമുമ്പോ ഇന്ത്യയിലെത്തിയ ഹിന്ദുക്കള്, ജൈനന്മാര്, ക്രിസ്ത്യാനികള്, സിഖുകാര്, ബുദ്ധമതക്കാര്, പാര്സികള് എന്നിവര്ക്ക് പൗരത്വം നല്കാന് വ്യവസ്ഥ ചെയ്യുന്നതാണ് പൗരത്വ ഭേദഗതി നിയമം. ഇതില് മുസ്ലിം വിഭാഗങ്ങള് ഉള്പ്പെട്ടിരുന്നില്ല. അവസാന ഒരു വര്ഷമോ കഴിഞ്ഞ 14 വര്ഷത്തിനിടയില് കുറഞ്ഞത് അഞ്ച് വര്ഷമോ ഇന്ത്യയില് താമസിച്ചിരുന്ന കുടിയേറ്റക്കാര്ക്ക് ഇന്ത്യന് പൗരത്വം നല്കാനാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. നേരത്തെ കുടിയേറ്റക്കാര്ക്ക് പൗരത്വം നല്കുന്നതിനുള്ള കാലയളവ് 11 വര്ഷമായിരുന്നു. അസം, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളിലെ ആദിവാസി മേഖലകളെ നിയമത്തില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. അസമിലെ കര്ബി ആംഗ്ലോങ്, മേഘാലയയിലെ ഗാരോ ഹില്സ്, മിസോറാമിലെ ചക്മ ജില്ല, ത്രിപുരയിലെ ആദിവാസി മേഖലകള് എന്നിവയുള്പ്പെടെ ഭരണഘടനയുടെ ആറാം ഷെഡ്യൂളില് ഉള്പ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളെയാണ് നിയമത്തില് നിന്നും ഒഴിവാക്കിയിരിക്കുന്നത്.

2014 ഡിസംബര് 31നോ അതിനുമുമ്പോ മതിയായ രേഖകളില്ലാതെ ബംഗ്ലാദേശ്, പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില് നിന്നും ഇന്ത്യയിലെത്തി താമസമാക്കിയിരിക്കുന്ന അനധികൃത കുടിയേറ്റക്കാരിൽ മുസ്ലിം ഇതരവിഭാഗത്തിൽ പെട്ടവർക്ക് പൗരത്വം ഉറപ്പിക്കുന്നതാണ് പുതിയ പൗരത്വ ഭേദഗതി നിയമം

നിയമപരമായ രേഖകളില്ലാതെ വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ വന്നു താമസിക്കുന്നവരെ കുടിയേറ്റക്കാരായാണ് നിലവിലുണ്ടായിരുന്ന നിയമം പരിഗണിച്ചിരുന്നത്. 1920ലെ പാസ്പോര്ട്ട് എന്ട്രി നിയമം, 1946ലെ വിദേശി നിയമം എന്നിവയനുസരിച്ച് അനധികൃത കുടിയേറ്റം നിയമപരമായ കുറ്റമായിരുന്നു. എന്നാൽ ഇത്തരത്തിൽ 2014 ഡിസംബര് 31നോ അതിനുമുമ്പോ മതിയായ രേഖകളില്ലാതെ ബംഗ്ലാദേശ്, പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില് നിന്നും ഇന്ത്യയിലെത്തി താമസമാക്കിയിരിക്കുന്ന അനധികൃത കുടിയേറ്റക്കാരിൽ മുസ്ലിം ഇതരവിഭാഗത്തിൽ പെട്ടവർക്ക് പൗരത്വം ഉറപ്പിക്കുന്നതാണ് പുതിയ പൗരത്വ ഭേദഗതി നിയമം.

അസമിൽ എൻആർസി നടപ്പിലാക്കിയ നീക്കവുമായി പുതിയ പൗരത്വ ഭേദഗതി നിയമത്തിന് ബന്ധമുണ്ട്. 2013ല് ബിജെപി അധികാരത്തില് എത്തുന്നതിന് മുമ്പായിരുന്നു അസമില് എന്ആര്സി നടപ്പിലാക്കാന് സര്ക്കാര് പ്രതിജ്ഞാ ബദ്ധരാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാണിച്ചത്. 1985ല് ഇന്ത്യാ ഗവണ്മെന്റും, അസം സ്റ്റേറ്റ് ഗവണ്മെൻ്റും അസം പ്രസ്ഥാനത്തിന്റെ പ്രതിനിധികളും തമ്മിൽ ഒപ്പിട്ട അസം കരാറിൻ്റെ ഭാഗമായിരുന്നു അസമിൽ എൻആർസി രജിസ്റ്റർ തയ്യാറാക്കുമെന്ന തീരുമാനം. ഈ വിഷയത്തിലായിരുന്നു 2013ൽ സുപ്രീം കോടതി സർക്കാരിന് നിർദ്ദേശം നൽകിയതും ഇതിനെ പിന്പറ്റി 2015ല് അസമിലെ പൗരത്വ രജിസ്റ്റര് പുതുക്കുന്ന പ്രക്രിയയ്ക്ക് തുടക്കം കുറിച്ചതും.

അസമിൽ എൻആർസിയുടെ അന്തിമ കരട് ലിസ്റ്റ് പുറത്തിറക്കിയപ്പോൾ അപേക്ഷിച്ചവരിൽ ഏതാണ്ട് 41 ലക്ഷം പേർ പുറത്തായിരുന്നു. ഇതിൽ 28 ലക്ഷം പേർ ഹിന്ദുവിഭാഗത്തിൽ പെട്ടവരും ഏതാണ്ട് 10 ലക്ഷത്തോളം പേർ മുസ്ലിങ്ങളുമായിരുന്നു

നേരത്തെ എൻആർസിയുമായി ബന്ധപ്പെട്ട് ഉയര്ന്ന ആശങ്കകള് ശക്തമായ പ്രതിഷേധമായി മാറിയിരുന്നു. ബംഗ്ലാദേശ് ഒരു സ്വതന്ത്ര രാജ്യമാകുന്നതിന് ഒരു ദിവസം മുമ്പ് അതായത്1971 മാര്ച്ച് 24-ന് ഇന്ത്യയില് എത്തിയതായി തെളിയിക്കാന് കഴിയുന്ന ആളുകളുടെ പട്ടികയാണ് നാഷണല് രജിസ്റ്റര് ഓഫ് സിറ്റിസണ്സ് (എന്ആര്സി). പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അതിനെ പിന്തുണച്ച ബിജെപി അന്തിമ പട്ടിക വരുന്നതിന് മുമ്പായി അതില് തെറ്റുണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. അസമിൽ ബിജെപിയുടെ വോട്ട് ബാങ്കായ ബംഗാളി ഹിന്ദുക്കളില് വലിയൊരു വിഭാഗം എന്ആര്സിയില് നിന്നും പുറത്താകുമെന്നതായിരുന്നു ബിജെപിയുടെ എതിര്പ്പിന് കാരണം. എന്ആര്സി പ്രകാരം ഇവരില് വലിയൊരു വിഭാഗം അനധികൃത കുടിയേറ്റക്കാരായി മാറുമായിരുന്നു. അസമിൽ എൻആർസിയുടെ അന്തിമ കരട് ലിസ്റ്റ് പുറത്തിറക്കിയപ്പോൾ അപേക്ഷിച്ചവരിൽ ഏതാണ്ട് 41 ലക്ഷം പേർ പുറത്തായിരുന്നു. ഇതിൽ 28 ലക്ഷം പേർ ഹിന്ദുവിഭാഗത്തിൽ പെട്ടവരും ഏതാണ്ട് 10 ലക്ഷത്തോളം പേർ മുസ്ലിങ്ങളുമായിരുന്നു.

ഇവിടെയാണ് പുതിയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാണിക്കപ്പെടുന്ന വിവേചനം പ്രസക്തമാകുന്നത്. നിലവില് എന്ആര്സി രജിസ്റ്ററില് നിന്ന് ഒഴിവാക്കപ്പെട്ട അമുസ്ലിങ്ങളെ സംരക്ഷിക്കാനും നാടുകടത്തല് അല്ലെങ്കില് തടങ്കല് ഭീഷണി മറികടക്കാനും സഹായിക്കുന്ന വിധത്തിലാണ് പൗരത്വ നിയമത്തിൻ്റെ മാനദണ്ഡങ്ങള് തയ്യാറാക്കിയിരിക്കുന്നത്. ഇതിലൂടെ എന്ആര്സിയില് ഉള്പ്പെടാതെ പോയ പതിനായിരക്കണക്കിന് ബംഗാളി ഹിന്ദു കുടിയേറ്റക്കാര്ക്ക് അസം സംസ്ഥാനത്ത് തുടരാന് ഇപ്പോഴും പൗരത്വം ലഭിക്കും. എന്നാൽ നിലവിലെ നിയമപ്രകാരം സമാനമായ നിലയിൽ ബംഗ്ലാദേശിൽ നിന്നും കുടിയേറിയ മുസ്ലിം കുടിയേറ്റക്കാർ ഈയൊരു ആനുകൂല്യത്തിന് അർഹരുമല്ല.

രാജ്യവ്യാപകമായി എൻആർസി നടപ്പിലാക്കുമെന്നാണ് നേരത്തെ കേന്ദ്ര അഭ്യന്തരമന്ത്രി അമിത്ഷാ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ പൗരത്വ ഭേദഗതി നിയമം പ്രബല്യത്തിൽ വന്നിരിക്കുന്ന രാജ്യത്ത് എൻആർസി നടപ്പിലാക്കുമ്പോൾ അത് ബാധിക്കുക മുസ്ലിം വിഭാഗത്തെയാണ് എന്നതാണ് നിലവിൽ ഉയരുന്ന വിമർശനങ്ങളുടെ സത്ത. പൗരത്വ ഭേദഗതി നിയമം പ്രബല്യത്തിൽ വന്നതോടെ ഇതിൻ്റെ പരിധിയിൽ വരുന്നവർക്ക് പൗരത്വ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഇതിനായി പോർട്ടൽ സജ്ജമെന്ന് കേന്ദ്ര അഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ പ്രതിഷേധ സാഹചര്യം കൂടികണക്കിലെടുത്താണ് പൗരത്വ നടപടികൾ ഓൺലൈനാക്കിയിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിൻ്റെ പരിധിയിൽ വരുന്ന അപേക്ഷകൾ പരിഗണിക്കാൻ എംപവർഡ് സമിതികൾ രൂപീകരിക്കും. ജില്ലാതലത്തിലുള്ള സമിതികൾ മുഖേന ആണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകൻ നൽകുന്ന രേഖകൾ പരിശോധിക്കാൻ ജില്ലാ തലത്തിൽ ഉദ്യോഗസ്ഥൻ ഉണ്ടാകും. പൗരത്വം നൽകുന്നവർക്ക് ഡിജിറ്റൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും. ഇന്ത്യൻ വംശജർ, ഇന്ത്യൻ പൗരനെ വിവാഹം ചെയ്തവർ, ഇന്ത്യൻ പൗരന്റെ പ്രായപൂർത്തിയാകാത്ത മക്കൾ, അച്ഛനമ്മമാരിൽ ആരെങ്കിലും ഒരാൾ ഇന്ത്യൻ പൗരൻ ആണെങ്കിൽ തുടങ്ങിയവർക്ക് ഇന്ത്യൻ പൗരത്വത്തിനു അപേക്ഷിക്കാം. 39 പേജുള്ള ചട്ടങ്ങൾ ആണ് വിജ്ഞാപനം ചെയ്തത്. അപേക്ഷയുടെ മാതൃക, സത്യവാചകത്തിന്റെ മാതൃക എന്നിവയും ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

dot image
To advertise here,contact us
dot image