ഉത്തരാഖണ്ഡിലെ സിൽക്ക്യാര തുരങ്ക ദുരന്തത്തിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന നിർമ്മാണ കമ്പനിയായ നവയുഗ എൻജിനീയറിങ് കമ്പനി ഇലക്ടറൽ ബോണ്ടിലൂടെ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയത് 55 കോടി രൂപയാണ്. കോടതി നിർദേശത്തെ തുടർന്ന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട ഇലക്ട്രൽ ബോണ്ടിന്റെ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. 2019- ൽ 45 കോടിയുടെയും 2022- ൽ 10 കോടിയുടെയും ബോണ്ടുകളാണ് നവയുഗ എൻജിനീയറിങ് കമ്പനി വാങ്ങിയത്. 2019 ഏപ്രിലിൽ ആദ്യം ഒരു കോടിയുടെ മുപ്പത് ബോണ്ടുകൾ കമ്പനി വാങ്ങി. ശേഷം 2019-ൻ്റെ അവസാനത്തിൽ 15 കോടിയുടെ കൂടി ബോണ്ടുകൾ വാങ്ങി. 2018- ൽ രജിസ്ട്രാർ ഓഫ് കമ്പനിയുടെ കള്ളപ്പണ ആരോപണവും 2018-ൽ ഇൻകം ടാക്സ് ഡിപ്പാർട്മെന്റിന്റെ ടാക്സ് വെട്ടിപ്പ് ആരോപണവും നേരിട്ടതിന് ശേഷമായിരുന്നു ഒരൊറ്റ വർഷത്തിലെ 45 കോടിയുടെ ഇലക്ടറൽ ബോണ്ടുകൾ . അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് നവയുഗ എൻജിനീയറിങ് കമ്പനി ചെയർമാൻ സി വി റാവുവിനെ സിബിഐ അന്ന് ചോദ്യം ചെയ്തെങ്കിലും പിന്നീട് തെളിവില്ലെന്ന് പറഞ് വിട്ടയച്ചു.
തുരങ്ക ദുരന്തം നടന്ന ശേഷമുള്ള 2023-ലെയും 2024-ലെയും കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പക്ഷെ റിപ്പോർട്ടിൽ ലഭ്യമല്ല. എന്നാൽ ഈ കാലയളവിൽ വിറ്റ 2500 കോടിയുടെ ബോണ്ടിന്റെ കൃത്യമായ വിവരങ്ങൾ എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടില്ല. ഇതിൽ നവയുഗ എൻജിനീയറിങ് കമ്പനിയുടെ സംഭാവനകളും പെടുമെന്നാണ് കരുതപ്പെടുന്നത്.
നവയുഗ പ്രതിക്കൂട്ടിലായ ഉത്തരാഖണ്ഡ് തുരങ്ക ദുരന്തം
കഴിഞ്ഞ വർഷം നവംബറിലാണ് രാജ്യത്തെ നടുക്കിയ ഉത്തരാഖണ്ഡ് തുരങ്ക ദുരന്തമുണ്ടാകുന്നത്. 16 ദിവസം നീണ്ടുനിന്ന കഠിനമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് 41 തൊഴിലാളികളെ പുറത്തെത്തിച്ചത്. അപകടകരമായ സാഹചര്യത്തിൽ 12 മണിക്കൂർ തൊഴിലെടുക്കാൻ തങ്ങളെ നിർബന്ധിച്ചിരുന്നതായി തുരങ്ക ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട തൊഴിലാളികൾ അന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. നിലവിലുള്ള പ്രകൃതിയുടെ ഘടനയിലേക്ക് ചെറിയ മാറ്റങ്ങൾ ഉണ്ടായാൽ പോലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ഹിമാലയൻ പ്രദേശത്ത് തുരങ്കം നിർമിക്കരുതെന്ന ഭൗമ ശാസ്ത്രജ്ഞന്മാരുടെയും പരിസ്ഥിതി പ്രവർത്തരുടേയും മുന്നറിയിപ്പ് വക വെക്കാതെയായിരുന്നു കമ്പനി തുരങ്ക നിർമാണം തുടങ്ങിയത്.
2018 - ലെ കേന്ദ്ര റോഡ് ഹൈവേ സർക്കുലറിനെ റദ്ദ് ചെയ്തായിരുന്നു സുപ്രീം കോടതിയുടെ അനുകൂല നിലപാട്. ഇതിൽ പ്രതിഷേധിച്ച് സുപ്രീം കോടതി വിദഗ്ധ പഠനത്തിന് നിയോഗിച്ചിരുന്ന സമിതി അധ്യക്ഷൻ രവി ചോപ്ര സ്ഥാനം രാജിവെച്ചു
2018- ൽ 12500 കോടിയുടെ ഈ പദ്ധതി നിർത്തി വെക്കണമെന്നുള്ള സുപ്രീം കോടതിയിൽ പരിസ്ത്ഥി സംഘടനകൾ നൽകിയ ഹർജിയിൽ 2019- ൽ ഹിമാലയൻ പ്രദേശങ്ങളിലെ വലിയ രീതിയിലുള്ള അടിസ്ഥാന വികസനങ്ങളുടെയും അതിലെ പരിസ്ഥിതി ആഘാതത്തെ കുറിച്ചും പഠിക്കാൻ സുപ്രീം കോടതി ഒരു ഉന്നതാധികാര സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ വിദഗ്ധ പഠന പ്രകാരം 2020 സെപ്തംബറിൽ പ്രദേശത്ത് അനുവദീനമായ റോഡുകളുടെ പരമാവധി വീതി 5.5 മീറ്റർ ആക്കി കോടതി നിജപ്പെടുത്തി.
എന്നാൽ കേന്ദ്രസർക്കാരും കരാർ ഏറ്റടുത്ത കമ്പനിയും സുപ്രീം കോടതി ഉത്തരവിനെയും വെല്ലുവിളിച്ച് പത്ത് മീറ്റർ വീതിയിൽ ഡൈനാമൈറ്റും ഇറക്കുമതി ചെയ്ത അമേരിക്കൻ ഡ്രില്ലറുകളും ഉപയോഗിച്ച് തുരങ്ക നിർമ്മാണം തുടങ്ങി. 2021 ഡിസംബറിൽ ഇരട്ട പാതയിൽ പ്രസ്തുത നിർമ്മാണതിന് സമ്മർദ്ധ തന്ത്രങ്ങൾക്കൊടുവിൽ സുപ്രീം കോടതിയിൽ നിന്ന് കേന്ദ്ര സർക്കാറിൻ്റെ അനുമതിയും ലഭിച്ചു. 2018 - ലെ കേന്ദ്ര റോഡ് ഹൈവേ സർക്കുലറിനെ റദ്ദ് ചെയ്തായിരുന്നു സുപ്രീം കോടതിയുടെ അനുകൂല നിലപാട്. ഇതിൽ പ്രതിഷേധിച്ച് സുപ്രീം കോടതി വിദഗ്ധ പഠനത്തിന് നിയോഗിച്ചിരുന്ന സമിതി അധ്യക്ഷൻ രവി ചോപ്ര സ്ഥാനം രാജിവെച്ചു.
കഴിഞ്ഞ ദശകങ്ങളിൽ ഈ പ്രദേശത്ത് നടന്ന ഭൂചലനങ്ങളേയും പരിസ്ഥിതി ആഘാതങ്ങളുടെയും പൂർണ്ണ വിവരങ്ങളും പ്രായം കുറഞ്ഞ ഇവിടുത്തെ മടക്ക് പർവതത്തെ കുറിച്ചുള്ള ശാസ്ത്രീയ പഠനവും ഉൾക്കൊള്ളിച്ച റിപ്പോർട്ടിനെ സുപ്രീം കോടതിയും അവഗണിച്ചു. പദ്ധതി പ്രദേശത്തെ വന സസ്യ സമ്പത്ത്, ഹിമാലയം താഴ്വരയിൽ നിന്നും നിന്നും താഴോട്ട് ഒഴുകുന്ന നദികൾ, മണ്ണ് , വന്യജീവി സമ്പത്ത് തുടങ്ങിയവ തകർക്കുന്ന പദ്ധതിക്ക് അനുവാദം കൊടുത്തു.
നൂറ് കിലോമീറ്റർ മുകളിലുള്ള റോഡുകൾക്ക് പാരിസ്ഥിതിക അനുമതിയില്ലാത്ത സ്ഥലത്ത് 900 കിലോമീറ്ററിന്റെ ചാർധാം പദ്ധതി കൊണ്ട് വരാൻ പദ്ധതിയെ 53 ചെറിയ ഭാഗങ്ങളാക്കി. ഇക്കാര്യവും ഉന്നതാധികാര സമിതി റിപ്പോർട്ടിൽ കോടതിക്ക് മുന്നേ എടുത്ത് കാണിച്ചെങ്കിലും കേന്ദ്ര സർക്കാർ സ്വകാര്യ താല്പര്യങ്ങൾക്ക് വേണ്ടി അതും അവഗണിച്ചു. ചൈനയുമായുള്ള അതിർത്തി ബന്ധങ്ങൾക്കും നയതന്ത്ര മുന്നേറ്റങ്ങൾക്കും ഈ പാത അനിവാര്യമെന്നാണ് കേന്ദ്ര സർക്കാർ അന്ന് സുപ്രീം കോടതിയെ രേഖാമൂലം അറിയിച്ചിരുന്നത്. ആ രേഖയിൽ ഇന്ത്യയുടെ ഏറ്റവും വലിയ ഭൂപ്രകൃതിയും അതിന്റെ പ്രത്യേകതയും അട്ടിമറിക്കപ്പെട്ടു.1960-കളിലെ ചൈന യുദ്ധത്തിന് ശേഷമാണ് ഈ പ്രദേശത്ത് വ്യാപകമായി പഠനങ്ങളൊന്നുമില്ലാതെ റോഡുകളും ഉൾപാതകളും നിർമിക്കപ്പെട്ടത്.
വിദഗ്ധ സമിതിയുടെ പഠനത്തിനും റിപ്പോർറ്റിനുമപ്പുറം സർക്കാറിൻറെയും നിർമ്മാണം ഏറ്റെടുത്ത സ്വകാര്യ കമ്പനിയായ നവയുഗ എൻജിനീയറിങ് കമ്പനിയുടെയും താല്പര്യങ്ങളാണ് നടപ്പിലാക്കപ്പെട്ടത്. തുരങ്കത്തിന്റെ നിർമ്മാണം തുടങ്ങിയ മുതൽ കിലോമീറ്ററുകൾക്കപ്പുറത്തുള്ള വീടുകൾക്കും കെട്ടിടങ്ങൾക്കും മലകൾക്കും വരെ വിള്ളലുണ്ടായി. തുരങ്ക ദുരന്തം നടന്നതിന്റെ തൊട്ട് മുമ്പത്തെ മാസത്തിലും റിക്ടർ സ്കെയ്ലിൽ അടയാളപ്പെടുത്തപ്പെട്ട വലിയ ഭൂചലനം ഈ പ്രദേശത്തുണ്ടായിരുന്നു.
2013 -ലെ കേഥർനാഥ് ദുരന്തവും 2021-ൽ ജോഷിമഠിൽ നിർമാണത്തിലുണ്ടായിരുന്ന ഡാം മഞ്ഞു പാളികൾ അടർന്ന് വീണത് മൂലം പൂർണ്ണമായി തകർന്നതും 2022 ൽ ജോഷിമഠിലും ചാവോമിയിലുമുണ്ടായ തുടർച്ചയായ ചലനങ്ങളും സിക്കിമിലെ പ്രളയങ്ങളും അപായമണികളായി മുന്നിലുണ്ടായിരുന്നു. ആ സമയത്തെല്ലാം തുരങ്ക നിർമ്മാണം നിർത്തി വെക്കാനുള്ള ആവശ്യങ്ങളും പ്രതിഷേധങ്ങളുമുയർന്നിരുന്നു.
ഉത്തരാഖണ്ഡിൽ നവയുഗയുടെ വീഴ്ചകൾക്ക് ഭരണകൂടം കുടപിടിച്ചതിൻ്റെ പ്രത്യക്ഷ തെളിവുകൾ ധാരാളമാണ്. അതിനാൽ തന്നെ ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് നവയുഗ ഇറക്കിയ കോടികൾ സംശയത്തിൻ്റെ നിഴലിൽ തന്നെയാണ്
ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ മുൻ ആസൂത്രണ കമ്മീഷൻ ഉപദേഷ്ടാവായിരുന്ന ഹർഷപാഠി ഉനിയാൽ 2020-ൽ തന്നെ കമ്പനിയുടെ തുരങ്ക നിർമ്മാണത്തിലെ അശാസ്ത്രീയമായ രീതികളെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. തുരങ്ക ദുരന്ത രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷം ദുരന്ത കാരണം കണ്ടെത്താൻ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് അന്ന് സബ് കോൺട്രാക്റ്റർക്ക് മേലെയാണ് ദുരന്തത്തിന്റെ ഉത്തരവാദിത്തം കെട്ടിവെച്ചത്. തുരങ്കം നിർമിക്കുമ്പോൾ നിർബന്ധമായും സമാന്തരമായി നിർമിക്കേണ്ട എസ്കേപ്പിങ് എമർജൻസി ടണൽ നിർമിക്കാതെയാണ് 12500 കോടിയുടെ വമ്പൻ പ്രൊജക്റ്റ് നവയുഗ നടപ്പിലാക്കിയിരുന്നത്. എന്നാൽ ഒരു വിശദീകരണം പോലും ഇതിനെ പറ്റി നാഷണൽ ഹൈവേ അതോറിറ്റി നവയുഗ കമ്പനിയിൽ നിന്നും തേടിയിരുന്നില്ല. ഈ നിലയിൽ ഉത്തരാഖണ്ഡിൽ നവയുഗയുടെ വീഴ്ചകൾക്ക് ഭരണകൂടം കുടപിടിച്ചതിൻ്റെ പ്രത്യക്ഷ തെളിവുകൾ ധാരാളമാണ്. അതിനാൽ തന്നെ ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് നവയുഗ ഇറക്കിയ കോടികൾ സംശയത്തിൻ്റെ നിഴലിൽ തന്നെയാണ്.