അന്ന് പുരുഷനായതിന്റെ പേരിൽ, ഇന്ന് നിറം;ആർഎൽവി രാമകൃഷ്ണൻ കലയ്ക്ക് വേണ്ടി താണ്ടിയ മുൾവഴികൾ

കലാരംഗത്ത് ജാതിയുടെയും നിറത്തിന്റെയും പേരിൽ വലിയ വിവേചനം നേരിടുകയും അതിനെ ശക്തമായി എതിർക്കുകയും ചെയ്തയാളായിരുന്നു ആർഎൽവി രാമകൃഷ്ണൻ.

dot image

കുറച്ച് ദിവസങ്ങൾക്ക് മുന്പാണ് കേരളത്തിൽ ഒരു കലാകാരൻ വേദിയില് അപമാനിക്കപ്പെട്ടത്. പാട്ട് പാടാൻ വേണ്ടി കോളേജിലേക്ക് ക്ഷണിച്ചു വരുത്തിയ ജാസി ഗിഫ്റ്റിന്റെ കയ്യിൽ നിന്നും കോളേജ് പ്രിൻസിപ്പല് ബലമായി മൈക്ക് പിടിച്ചു വാങ്ങുകയും തിരിച്ച് പോവാൻ ആവശ്യപ്പെടുകയും ചെയ്തത് വലിയ വിവാദമായിരുന്നു. ജാസിക്ക് പകരം ചിത്രയിൽ നിന്നോ എംജി ശ്രീകുമാറിൽ നിന്നോ ഇത്തരത്തിൽ മൈക്ക് തട്ടിപറിക്കുമോ എന്നായിരുന്നു സോഷ്യൽ മീഡിയ അന്ന് ചോദിച്ചത്. കലാകാരന്മാരോട് സമൂഹം പുലർത്തുന്ന വ്യത്യസ്ത മനോഭാവങ്ങള് ഈ സംഭവം തുറന്ന് കാണിച്ചു.

ജാസി ഗിഫ്റ്റ് അപമാനിക്കപ്പെട്ട് ആഴ്ച്ചപോലും തികയും മുന്പേ മറ്റൊരു കലാകാരൻ കൂടി തന്റെ നിറത്തിന്റെ പേരിൽ അപമാനിക്കപ്പെട്ടിരിക്കുകയാണ്. നൃത്ത കലയിൽ ഒറ്റയ്ക്കു പോരാട്ടം നടത്തി മുന്നോട്ട് വന്ന ആർഎൽവി രാമകൃഷ്ണനാണ് ഇത്തവണ കടുത്ത ജാതി വർണ്ണ അധിക്ഷേപത്തിനിരയായത്. നൃത്ത കലാകാരിയായ കലാമണ്ഡലം സത്യഭാമയാണ് മോശമായ രീതിയിൽ കലാകാരന് നേരെ അധിക്ഷേപമുയർത്തിയത്. കറുത്തവർക്ക് കളിക്കാനുള്ളതല്ല മോഹിനിയാട്ടമെന്നും വെളുത്ത സുന്ദരികളാണ് മോഹിനിയായി ആടേണ്ടതെന്നും കറുത്തവർ ആടുന്നത് അരോജകമാണെന്നുമായിരുന്നു സത്യഭാമയുടെ ആക്ഷേപം. ശേഷം മാധ്യമങ്ങൾക്ക് കൊടുത്ത വിശദീകരണത്തിലും തന്റെ വംശീയ പരാമർശത്തിൽ ഉറച്ചു നിന്നു.

സത്യഭാമയുടെ ആരോപണം തനിക്കെതിരെയാണെന്ന് പറഞ്ഞു ആർഎൽവി രാമകൃഷ്ണന് തന്നെയാണ് രംഗത്തെത്തിയത്. കലാമണ്ഡലം എന്ന അതുല്യനാമം പേരോടു ചേർത്ത ഒരു കലാകാരി വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. തനിക്ക് കാക്കയുടെ നിറമാണ് എന്നും തന്നെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല എന്നും ഇവർ പറഞ്ഞു. ഇതാദ്യമായല്ല കലാമണ്ഡലം സത്യഭാമ തന്നെ അധിക്ഷേപിക്കുന്നത്. താൻ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തിൽ പിഎച്ച്ഡി എടുക്കുന്നതും ഇവർക്ക് താല്പര്യമില്ലായിരുന്നു. ഇങ്ങനെയുള്ള വ്യക്തികൾ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത് എന്ന് അദ്ദേഹം പ്രതികരിച്ചു. ഈ സംഭവത്തിൽ നിയമനടപടിക്ക് ഒരുങ്ങുന്നതായും ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചിട്ടുണ്ട്. സത്യഭാമയുടെ വിവാദ പരാമർശത്തെ എതിർത്ത് കലാരംഗത്ത് നിന്നും പൊതുരംഗത്ത് നിന്നും രാഷ്ട്രീയ രംഗത്ത് നിന്നും നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.

ആരാണ് ഡോ ആർഎൽവി രാമകൃഷ്ണൻ

കേരളത്തിലെ കലാരംഗത്ത് ജാതിയുടെയും നിറത്തിന്റെയും പേരിൽ വലിയ വിവേചനം നേരിടുകയും അതിനെ ശക്തമായി എതിർക്കുകയും ചെയ്തയാളായിരുന്നു ആർഎൽവി രാമകൃഷ്ണൻ. കലയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് മോഹിനിയാട്ട നർത്തകനായി ആർഎൽവിയെ മാറ്റുന്നത്. 2001 ൽ എംജി സർവകലാശാലയിൽ നിന്ന് കലാപ്രതിഭയായി പുറത്തിറങ്ങിയ രാമകൃഷ്ണൻ പിന്നീട് പൂർണ്ണ സമയ കലാപ്രവർത്തകനായി. എംജി സർവകലാശാലയിൽ നിന്ന് മോഹിനിയാട്ടം എംഎയിൽ ഒന്നാം റാങ്കും കരസ്ഥമാക്കി. പിന്നീട് സഹോദരൻ കൂടിയായ നടൻ കലാഭവൻ മണി ചാലക്കുടിയിൽ ആരംഭിച്ച കലാഗ്രഹത്തിൽ പ്രധാനാധ്യാപകനായി. കാലടി സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ച്ചറായും ഇതിനിടയിൽ സേവനമനുഷ്ഠിച്ചു. 2002 ല് മോഹിനിയാട്ടത്തിൽ കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് നേടി. ദൂരദർശൻ കേന്ദ്രം A graded ആർട്ടിസ്റ്റായി തിരഞ്ഞെടുത്തു. അഞ്ചുസിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ബാംബൂ ബോയ്സായിരുന്നു പ്രധാന സിനിമ.

അന്ന് അധിക്ഷേപം പുരുഷനായതിന്റെ പേരിൽ

2020 ഒക്ടോബറിൽ, കേരള സംഗീത നാടക അക്കാദമിയുടെ ഓൺലൈൻ നൃത്തോത്സവ പരിപാടിയിൽ മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള അവസരം രാമകൃഷ്ണനു നിഷേധിച്ചത് വിവാദത്തിന് കാരണമായിരുന്നു. നൃത്തോത്സവത്തിന് പ്രോട്ടോക്കോൾ പ്രകാരം അപേക്ഷയും ബയോഡാറ്റയും നേരിട്ട് ഹാജരാക്കിയിട്ടും അവസരം നൽകിയില്ല. താൻ കടുത്ത ജാതി-ലിംഗ വിവേചനത്തിരയായതായി ആർഎൽവിഅന്ന് ഫേസ്ബുക്കിൽ കുറിപ്പിട്ടു. ശേഷം ആത്മഹത്യക്ക് ശ്രമിച്ചു ഗുരുതരാവസ്ഥയിലായി. ഹോസ്പിറ്റൽ വാസത്തിന് ശേഷം കലാമണ്ഡലത്തിലടക്കം കേരളത്തിൻെറ കലാസാംസ്കാരിക രംഗത്ത് നിലനിൽക്കുന്ന ജാതി വിവേചനങ്ങൾക്കെതിരെ പരസ്യമായി രംഗത്ത് വന്നു. കലാപ്രവർത്തനത്തിന്റെ യോഗ്യത ഉന്നത ജാതിക്കാർക്ക് വേണ്ടി മാത്രമാണെങ്കിൽ മോഹിനിയാട്ടത്തിൽ താൻ നേടിയ ഡിപ്ലോമ, പിജി ഡിപ്ലോമ, പിഎച്ച്ഡി, എംഫിൽ, തുടങ്ങിയവ എന്തിനായിരുന്നുവെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.

സാഹിത്യ അക്കാദമി അന്ന് നടത്തിയ സർഗഭൂമി പരിപാടിയിൽ തന്നെ മാറ്റിനിർത്തിയതിൽ സാഹിത്യ അക്കാദമി ചെയർപേഴ്സണായിരുന്ന കെപിഎസി ലളിതയ്ക്ക് നേരിട്ട് പരാതി നൽകി. അവിടെയും അവഗണന നേരിടേണ്ടി വന്നു. താൻ അമ്മയെ പോലെ കണ്ട ലളിത ചേച്ചിയിൽ നിന്നുമുണ്ടായ സമീപനം കടുത്ത വേദനയുണ്ടാക്കിയതായി അദ്ദേഹം പ്രതികരിച്ചു. സ്ത്രീകളല്ലാത്തവർക്ക് മോഹിനിയാട്ടം കളിക്കാൻ പറ്റില്ല എന്നായിരുന്നു അന്ന് അക്കാദമിയുടെ വാദം. മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.

പണ്ട് ഒരു ദേശീയ സെമിനാർ നടന്നുകൊണ്ടിരിക്കെ അന്ന് സാഹിത്യ അക്കാദമിയുടെ ഭരണ സമിതി അംഗമായ ഡോ ഗ്രാമപ്രകാശ് എന്ന ഒരാൾ സ്ത്രീകളുടെ കലയാണ് മോഹിനിയാട്ടമെന്നും അത് ചർച്ച ചെയ്യുന്ന വേദിയിൽ എന്താണ് കാര്യമെന്നും ചോദിച്ച് ഇറക്കിവിട്ടിരുന്നു. അതിനെതിരെയും ആർഎൽവി രംഗത്തെത്തിയിരുന്നു.

ശേഷം സ്വന്തം രീതിയിൽ കലാപ്രവർത്തനം തുടർന്ന് കൊണ്ടിരിക്കെയാണ് നിറത്തിന്റെ പേരിൽ വീണ്ടും രാമകൃഷ്ണൻ അധിക്ഷേപം നേരിടുന്നത്. സത്യഭാമയുടെ പരാമർശത്തെ നിയമപരമായി നേരിടുന്നുമെന്നും നർത്തകനായി കലാരംഗത്ത് അവസാനം വരെ തുടരുമെന്നും കലാരംഗത്തെ ജാതി ലിംഗ ബോധത്തെ എതിർത്തുനിൽക്കുമെന്നുമാണ് ആർഎൽവി രാമകൃഷ്ണൻ സംഭവ ശേഷം റിപ്പോർട്ടറോട് പ്രതികരിച്ചത്.

സത്യഭാമയുടേത് അങ്ങേയറ്റം സവർണ്ണ ജാതി വർണ്ണ ബോധത്തിൽ നിന്നും വന്ന അപകടകരമായ പ്രസ്താവനയാണ്. ജാഫി ഗിഫ്റ്റ് വിഷയത്തിൽ കലാകാരനൊപ്പം നിന്ന കേരളം ഈ വിഷയത്തിലും കലയ്ക്കൊപ്പം നിൽക്കും. കലയിൽ കലക്കാൻ നോക്കുന്ന സവർണ്ണ ബോധത്തെയും ജാതി വർണ്ണ അഴുക്കിനെയും സാസംകാരിക ബോധമുള്ള കേരള ജനത കല കൊണ്ട് തന്നെ പ്രതിരോധിക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us