മണ്ഡലം നിലനിർത്താൻ യുഡിഎഫും കോട്ട തിരിച്ചുപിടിക്കാൻ എൽഡിഎഫും ശോഭാ സുരേന്ദ്രൻ ബാക്കി വെച്ച പോരാട്ടം തുടരാൻ ബിജെപിയും ആറ്റിങ്ങലിൽ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. സിറ്റിംഗ് എംപി അടൂർ പ്രകാശാണ് യുഡിഎഫിനായി മത്സരരംഗത്തുള്ളത്. വർക്കല എംഎല്എയായ വി ജോയിയെയാണ് എൽഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കാൻ നിയോഗിച്ചിരിക്കുന്നത്. ബിജെപിക്കായി കേന്ദ്രമന്ത്രി വി മുരളീധരനാണ് കളത്തിലിറങ്ങിയിരിക്കുന്നത്.
ചിറയിന്കീഴിൽ നിന്ന് ആറ്റിങ്ങലിലേക്ക്
ചിറയിന്കീഴ് എന്ന പേരിൽ നിലനിന്നിരുന്ന ലോക്സഭാ മണ്ഡലം 2008-ലെ മണ്ഡല പുനര്നിര്ണയത്തിനു ശേഷമാണ് ആറ്റിങ്ങലായി മാറിയത്. തിരുവനന്തപുരം ജില്ലയിലെ വർക്കല, ആറ്റിങ്ങൽ, ചിറയിന്കീഴ്, കിളിമാനൂർ, വാമനപുരം, ആര്യനാട്, നെടുമങ്ങാട്, കഴക്കൂട്ടം നിയമസഭാ മണ്ഡലങ്ങള് ചേർന്നതായിരുന്നു ചിറയിൻകീഴ്. മണ്ഡല പുനര്നിര്ണയത്തിനു ശേഷം വര്ക്കല, ആറ്റിങ്ങല്, ചിറയിന്കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട തുടങ്ങിയ നിയമസഭാ മണ്ഡലങ്ങൾ ആറ്റിങ്ങല് ലോക്സഭാ മണ്ഡലത്തിന് കീഴിലെത്തി. ഈ മണ്ഡലങ്ങളിലെല്ലാം നിലവിൽ ഇടത് എംഎല്എമാരാണുള്ളത്.
2019ൽ ശക്തമായ ത്രികോണ മത്സരത്തിൻ്റെ അലയൊലി സൃഷ്ടിച്ച മണ്ഡലമായിരുന്നു ആറ്റിങ്ങൽ. 2019ലെ തിരഞ്ഞെടുപ്പില് 38 247 വോട്ടിനായിരുന്നു അടൂര് പ്രകാശിന്റെ വിജയം. അടൂര് പ്രകാശ് 3,80,995 വോട്ട് നേടിയപ്പോള് എല്ഡിഎഫിന്റെ എ സമ്പത്തിന് ലഭിച്ചത് 3,42,748 വോട്ടുകളാണ്. ബിജെപിയുടെ ശോഭാ സുരേന്ദ്രന് 2,48,081 വോട്ടുകളും നേടിയിരുന്നു. ഒന്നാമതെത്തിയ അടൂര് പ്രകാശിനെക്കാള് 1,32,914 വോട്ടിന് പിന്നിലായിരുന്നു. 2014ല് 69,378 വോട്ടിന് വിജയിച്ച സമ്പത്തിനെയായിരുന്നു 2019ല് അടൂര് പ്രകാശ് വീഴ്ത്തിയത്. 2014ല് ബിജെപിക്കായി മത്സരിച്ച ഗിരിജ കുമാരി നേടിയ 90,528 വോട്ടുകളായിരുന്നു 2019ല് ശോഭാ സുരേന്ദ്രന് 2,48,081 വോട്ടായി വര്ദ്ധിപ്പിച്ചത്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൻ്റെ ഭാഗമായി വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വിജയിച്ചത് എൽഡിഎഫ് ആയിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി 1,25,302 വോട്ടിൻ്റെ ലീഡ് എൽഡിഎഫ് സ്വന്തമാക്കിയിരുന്നു. വി ജോയിയെ സ്ഥാനാർത്ഥിയായി ഇടതുപക്ഷം രംഗത്തിറക്കുമ്പോൾ ഇതും പരിഗണിച്ചുവെന്ന് വ്യക്തം.
കേന്ദ്രമന്ത്രിയും എംപിയും എംഎൽഎയും
ആറ്റിങ്ങലിന്റെ തിരഞ്ഞെടുപ്പ് ഗോദയിൽ ഇക്കുറി കേന്ദ്രമന്ത്രിയും എംപിയും എംഎൽഎയും നേർക്കുനേർ എത്തുന്നുവെന്ന സവിശേഷത കൂടിയുണ്ട്. 2019ൽ എംഎൽഎ ആയിരിക്കുമ്പോൾ സിറ്റിങ്ങ് എംപിയെ പരാജയപ്പെടുത്തി ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് അടൂർ പ്രകാശ്. ഇത്തവണ വി ജോയിക്ക് ചരിത്രം ആവർത്തിക്കാനും മധുരപ്രതികാരത്തിനും അവസരമുണ്ട്. കഴിഞ്ഞ അഞ്ചുവർഷക്കാലം കൊണ്ട് ആറ്റിങ്ങൽ മണ്ഡലത്തിന് സുപരിചിതനായി മാറിയിട്ടുണ്ട് അടൂർ പ്രകാശ്.
ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നതിൽ നൂറു ശതമാനം ആത്മവിശ്വാസത്തിൽ തന്നെയാണ്. നല്ല പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. എല്ലാവർക്കുമെന്നെ അറിയാം. പൊതുപ്രവർത്തകനെന്ന നിലയിൽ അതാണ് ഏറ്റവും വലിയ കാര്യം. ആരും എന്നെ കണ്ടില്ല, കേട്ടില്ല എന്ന നിലയില് ഇതുവരെ പ്രതികരിച്ചിട്ടുമില്ല. എനിക്ക് ചെയ്യാന് പറ്റുന്ന കാര്യങ്ങള് ചെയ്യുകയും ചെയ്തു വെച്ചത് പൂര്ത്തീകരിക്കാന് വേണ്ട പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കുകയും ചെയ്യും.പൂര്ത്തീകരിക്കേണ്ടത് ചെയ്തു തീർക്കും, ജനങ്ങൾക്കറിയാം: അടൂർ പ്രകാശ്
സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് അഭിമാനപ്പോരാട്ടമാണെന്നതിൽ തർക്കമില്ല. മണ്ഡല പുനഃനിർണയത്തിന് ശേഷമുള്ള രണ്ട് തിരഞ്ഞെടുപ്പുകളിലും ഇടത് സ്ഥാനാര്ഥിയായ എ സമ്പത്താണ് ഇവിടെ വിജയിച്ചത്. 2009-ലും 2014ലും തുടർജയങ്ങൾ നേടിയ എൽഡിഎഫിന് അപ്രതീക്ഷിത തിരിച്ചടിയാണ് അടൂർ പ്രകാശ് നൽകിയത്. വീണ്ടും ജയം പ്രതീക്ഷിച്ചിറങ്ങിയ എ സമ്പത്തിന് കഴിഞ്ഞ തവണ അടിപതറി. അതിൽ നിന്നും കരകയറാൻ വി ജോയിക്ക് കഴിയുമെന്ന വിശ്വാസത്തിലാണ് സിപിഐഎം. വർക്കല എംഎൽഎ കൂടിയായ വി ജോയി ജനകീയനാണ്. സിപിഐഎം ജില്ലാ സെക്രട്ടറി കൂടിയാണ് വി ജോയി എന്നതും സിപിഐഎമ്മിനെ സംബന്ധിച്ച് ജയം ഉറപ്പിക്കേണ്ടത് അനിവാര്യതയായി മാറുന്നുണ്ട്.
സ്ഥാനാർത്ഥികളെന്ന നിലയിൽ മെച്ചപ്പെട്ട ആളുകളാണ് അടൂർ പ്രകാശും വി മുരളീധരനും. എന്നാൽ കഴിഞ്ഞ അഞ്ചുവർഷവും മണ്ഡലത്തെ ശ്രദ്ധിക്കാതിരുന്ന ഒരു എംപിയാണ് ആറ്റിങ്ങലിനുള്ളത്. മണ്ഡലത്തിലെ ജനങ്ങൾക്കൊപ്പമൊന്നും ഉണ്ടായിരുന്നില്ല. എത്രയോ സംഭവങ്ങളിവിടെ നടന്നു. അന്നൊന്നുമിവിടെ ഉണ്ടായിരുന്നില്ല. ഒരു ജനപ്രതിനിധിയെന്ന നിലയിൽ ജനങ്ങളുമായി ബന്ധമില്ലാത്ത നിലയിലാണ് അദ്ദേഹം പോയിരുന്നത്. അത് അദ്ദേഹത്തിന് നെഗറ്റീവാണ്. കഴിഞ്ഞ തവണ ഞങ്ങളുടെ വോട്ട് പോയിരുന്നു. ന്യൂനപക്ഷ വോട്ട് കോൺഗ്രസിനും ഹിന്ദു വോട്ട് ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപിക്കും പോയിരുന്നു. ശബരിമല പ്രശ്നം വളരെ രൂക്ഷമായിരുന്നു. അന്ന് അടിയൊഴുക്കുണ്ടായി. മണ്ഡലത്തിൽ ജയിപ്പിച്ചാൽ ജനങ്ങൾക്കൊപ്പം നിൽക്കും. കിട്ടുന്ന ഫണ്ട് വെറും ലൈറ്റ് മാത്രം വെച്ച് പൂർത്തീകരിക്കില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ ലൈറ്റ് വെച്ച എംപിയാണ് അടൂർ പ്രകാശ്. ഹൈമാസ്റ്റ് ലൈറ്റ് വെച്ചുമാത്രം എംപിയായി ഞാൻ നിൽക്കില്ല. ജനങ്ങൾക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യും എന്ന് ഉറപ്പു നൽകുന്നു.കേരളത്തിൽ ഏറ്റവും കൂടുതൽ ലൈറ്റ് വയ്ക്കുന്ന എംപിയാകില്ല: വി ജോയി
ശബരിമല വിഷയം കത്തിനിന്ന കാലത്തായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ്. പ്രതീക്ഷിച്ചതുപോലെ വലിയ നേട്ടമുണ്ടാക്കാൻ അന്നത്തെ ബിജെപി സ്ഥാനാർഥിയായ ശോഭാ സുരേന്ദ്രന് കഴിഞ്ഞു. 248081 വോട്ടുകള് ബിജെപി നേടി. അതുകൊണ്ടുതന്നെ വോട്ട് വിഹിതം കുറഞ്ഞാൽ വി മുരളീധരനെ സംബന്ധിച്ചിടത്തോളം അതൊരു അഭിമാന പ്രശ്നവുമാകും.
കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കുന്ന ഒരു എംപി ഉണ്ടായാല് ജനങ്ങൾക്ക് പ്രയോജനമുണ്ടാകും. ജനങ്ങൾക്കുവേണ്ടി ഞാനെപ്പോഴും ഇവിടെത്തന്നെ ഉണ്ടാകും. വല്ലപ്പോഴും സന്ദർശിക്കുന്ന എംപി ആയിരിക്കില്ല. എപ്പോഴും ഇവിടെ ഉണ്ടാകുന്ന എംപി ആയിരിക്കും. അനുകൂലമായ സാഹചര്യമാണിവിടെ ഉള്ളത്. നരേന്ദ്രമോദി സര്ക്കാരിന്റെ ഗുണഫലങ്ങള് അനുഭവിച്ചിട്ടുള്ളവരാണ് ഈ മണ്ഡലത്തിലെ ബഹുഭൂരിപക്ഷം ആളുകളും. അതെന്തായാലും വോട്ടിങ്ങില് പ്രതിഫലിക്കും.വല്ലപ്പോഴും സന്ദർശിക്കുന്ന എംപി ആയിരിക്കില്ല; ഇവിടെ ഉണ്ടാകും: വി മുരളീധരന്
ആറ്റിങ്ങലിനെ സംബന്ധിച്ച് ഇത്തവണ മത്സരരംഗത്തുള്ള മൂന്നുപേരും അതിശക്തർ തന്നെയാണ്. നടക്കാനിരിക്കുന്നത് തീപാറും ത്രികോണ മത്സരമാകുമെന്നും ഉറപ്പ്. പോരാട്ടത്തിൽ ആറ്റിങ്ങൽ ആർക്കൊപ്പം നിൽക്കും? രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്..