ഹിമാചലിലേത് ലഡാക്കിൽ ആവർത്തിക്കരുത്, ത്രീ ഇഡിയറ്റ് 'ഹീറോ' സോനം വാങ്ചുക്കിന്റെ നിരാഹാര സമരം

വാങ്ചുക് സമരം അവസാനിപ്പിക്കുമ്പോൾ, അവിടെ നിന്ന് ലഡാക്കിലെ സ്ത്രീകൾ നിരാഹാര സമരം തുടങ്ങുകയാണ്. ഈ പട്ടിണി സമരവും ലഡാക്കിന് വേണ്ടിയാണ്, ലഡാക്കിലെ ജനങ്ങളെ 'വഞ്ചിച്ച' കേന്ദ്ര നയങ്ങൾക്കെതിരെയാണ്.

ജിതി രാജ്
4 min read|26 Mar 2024, 11:59 pm
dot image

ത്രീ ഇഡിയറ്റ് എന്ന ഹോളിവുഡ് ചിത്രത്തിലെ ഫുൻസുക് വാഗ്ഡുവിനെ ആരും മറന്നുകാണില്ല. ആമിർ ഖാൻ ജീവൻ നൽകിയ ഈ കഥാപാത്രം യഥാർത്ഥത്തിൽ ജീവിക്കുന്ന ഇതിഹാസമാണ്, സോനം വാങ്ചുക്ക്. ലഡാക്ക് മേഖലയിലെ വിദ്യാഭ്യാസ രംഗത്തെ വളർച്ചയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന എഞ്ചിനിയർ സോനം വാങ്ചുക്ക് നിരാഹാര സമരത്തിലായിരുന്നു. മാർച്ച് ആറിന് ആരംഭിച്ച നിരാഹാര സമരം ഇന്ന് വൈകിട്ടോടെ അവസാനിപ്പിച്ചു. ലഡാക്കിലെ എല്ല് തുളഞ്ഞുകയറുന്ന തണുപ്പിൽ 21 ദിവസമാണ് വാങ്ചുക് സമരമിരുന്നത്. വാങ്ചുക് സമരം അവസാനിപ്പിക്കുമ്പോൾ, അവിടെ നിന്ന് ലഡാക്കിലെ സ്ത്രീകൾ നിരാഹാര സമരം തുടങ്ങുകയാണ്. ഈ പട്ടിണി സമരവും ലഡാക്കിന് വേണ്ടിയാണ്, ലഡാക്കിലെ ജനങ്ങളെ 'വഞ്ചിച്ച' കേന്ദ്ര നയങ്ങൾക്കെതിരെയാണ്.

ഹിമാചലിലെ ജോഷിമഠിലുണ്ടായത് പോലുള്ള ദുരന്തം ലഡാക്കിലുമുണ്ടാകുമെന്ന് അവർ ഭയപ്പെടുന്നു. കഴിഞ്ഞ വർഷം ഹിമാചലിലുണ്ടായ പ്രകൃതി ദുരന്തങ്ങളിൽ നിരവധി ആളുകൾ മരിക്കുകയും കോടികളുടെ സ്വത്തുക്കൾ നശിക്കുകയും ചെയ്തിരുന്നു. ടൂറിസം, ജലവൈദ്യുതി, നാലുവരി പാതകൾ എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളാണ് എല്ലാത്തിനും കാരണമെന്നാണ് വാങ്ചുക്കും സംഘവും പറയുന്നത്. ഇവിടെ പ്രാദേശിക ജനതയുടെ സമ്മതമില്ലാതെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യാമെന്ന് വിശ്വസിക്കുന്ന കോർപ്പറേറ്റ്-രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ട് പ്രകടമാണെന്നും പല ഘട്ടങ്ങളിലായി വാങ്ചുക് ആരോപിക്കുന്നുണ്ട്. ജോഷിമഠിലെ ഭൂമി വാസയോഗ്യമല്ലാതായത് ലഡാക്കിലെ ജനങ്ങളെ ഭീതിപ്പെടുത്തുന്നുവെങ്കിൽ അതിൽ അതിശയിക്കാനില്ലല്ലോ.

ലഡാക്കിലെ സമരം എന്തിന്?

കാർഗിൽ, ലെ ജില്ലകൾ അടങ്ങിയതാണ് ലഡാക്ക്. 2019 ഓഗസ്റ്റ് അഞ്ചിന്, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതോടെ ലഡാക് കേന്ദ്രഭരണ പ്രദേശമായി മാറി. എല്ലാ തരത്തിലും ലഡാക്ക് സംരക്ഷിക്കപ്പെടണമെന്നതാണ് വാങ്ചുകും സംഘവും ആവശ്യപ്പെടുന്നത്. ലഡാക്ക് നേരിടുന്ന പാരിസ്ഥിതികവും സാമൂഹികവുമായ പ്രശ്നങ്ങളെ ഈ സമരത്തിലൂടെ വാങ്ചുക് ഉയർത്തിക്കാണിക്കുന്നു.

ജോഷിമഠിലെ ഭൂമി വാസയോഗ്യമല്ലാതായത് ലഡാക്കിലെ ജനങ്ങളെ ഭീതിപ്പെടുത്തുന്നുവെങ്കിൽ അതിൽ അതിശയിക്കാനില്ലല്ലോ

ബുദ്ധമതസ്ഥർക്ക് ആധിപത്യമുള്ള സ്ഥലമാണ് ലെ, കാർഗിലാകട്ടെ മുസ്ലിം ആധിപത്യ മേഖലയും. ഇരുകൂട്ടരും ഒരുമിച്ചാണ് ലഡാക്കിൽ സമരമിരിക്കുന്നത്. ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി ഭൂരിപക്ഷം വരുന്ന ഗോത്രവർഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെണമെന്നും ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും ആവശ്യപ്പെട്ട് ഇരു കൂട്ടരും അപെക്സ് ബോഡി ഓഫ് ലേയുടെയും ( Leh Apex Body -LAB), കാർഗിൽ ഡെമോക്രാറ്റിക് അലയൻസി (Kargil Democratic Alliance -KDA) ൻ്റെയും കീഴിൽ ഒറ്റക്കെട്ടായാണ് സമരം ആരംഭിച്ചത്.

ഭരണഘടനയുടെ ആറാം ഷെഡ്യൂൾ നടപ്പിലാക്കുന്നതോടെ ഗോത്രമേഖലകളിലെ ഭൂമിയുടെ സംരക്ഷണവും സ്വയംഭരണവും ഉറപ്പ് വരുത്താനാകും. ഇതുതന്നെയാണ് പരിസ്ഥിതി ലോല പ്രദേശമായ ലഡാക്കിന് വേണ്ടത് എന്നതിനാലാണ് ഈ ജനത ഭരണഘടനയുടെ ആറാം ഷെഡ്യൂൾ നടപ്പാക്കണമെന്ന ആവശ്യം നിരന്തരം ഉന്നയിക്കുന്നത്.

ലഡാക്കിലെ ജനതയുടെ ആവശ്യങ്ങൾ പഠിക്കാൻ കേന്ദ്രം ഉന്നതാധികാര സമിതിയെ നിയോഗിച്ചെങ്കിലും പ്രതിഷേധക്കാരുമായി നിരവധി യോഗങ്ങൾ നടന്നതല്ലാതെ മറ്റൊരു പുരോഗതിയും ഉണ്ടായില്ല. മാർച്ച് നാലിന് ലഡാക്കിലെ നേതാക്കൾ ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. എന്നാൽ ജനങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. ഇതോടെ മാർച്ച് ആറിന് വാങ്ചുക് ലെയിൽ നിരാഹാര സമരം ആരംഭിച്ചു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം തുടങ്ങിയ ഹിമാലയൻ പ്രദേശങ്ങളിൽ സംഭവിച്ച ദുരന്തങ്ങൾ ലഡാക്കിൽ ഉണ്ടാകുന്നത് തടയുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളണമെന്നാണ് വാങ്ചുക് ആവശ്യപ്പെടുന്നത്. ലഡാക്കുപോലെ പരിസ്ഥിതി ലോലമായ പ്രദേശത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് കേന്ദ്രത്തെ മനസ്സിലാക്കിക്കാൻ അദ്ദേഹം ശ്രമിക്കുന്നത്.

ജമ്മു കശ്മീരിൽ നിന്ന് വ്യത്യസ്തമായി, 370 എടുത്ത് കളഞ്ഞ് കേന്ദ്രഭരണപ്രദേശമാക്കിയതോടെ ലഡാക്കിൽ നിയമസഭാ സംവിധാനമില്ല. കേന്ദ്രഭരണത്തിനായി കാലങ്ങളായി പ്രതിഷേധിക്കുകയായിരുന്നു ലെ, ഒടുവിൽ അത് സംഭവിച്ചപ്പോൾ ലഡാക്കുകാർ സന്തോഷിച്ചു. കശ്മീർ കേന്ദ്രീകരിച്ചുള്ള പാർട്ടികളുടെ വിവേചനത്തിൽ നിന്ന് മുക്തമാകുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ ലെ യിൽ നിന്ന് വ്യത്യസ്തമായി കാർഗിലിലെ ജനത ആവശ്യപ്പെട്ടിരുന്നത് ലഡാക്കിന്റെ സംസ്ഥാന പദവിയായിരുന്നു.

2019 ഓഗസ്റ്റ് 5ന് മുമ്പ്, ജമ്മു കശ്മീർ അസംബ്ലിയിൽ നാല് അംഗങ്ങളും ലെജിസ്ലേറ്റീവ് കൗൺസിലിൽ രണ്ട് അംഗങ്ങളും ലഡാക്കിനെ പ്രതിനിധീകരിച്ചിരുന്നു. ഈ പ്രദേശത്തിൻ്റെ ഭരണത്തിനായി ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്മെൻ്റ് കൗൺസിൽ ഓഫ് ലേ ആന്റ് കാർഗിൽ രൂപീകരിച്ചെങ്കിലും അധികാരം പരിമിതമായിരുന്നു. വൈകാതെ ജനങ്ങൾ അസ്വസ്ഥരായി. തദ്ദേശീയരല്ലാത്തവരും വ്യവസായികളും ഈ മേഖലയിലേക്ക് ഒഴുകിയെത്തിയാൽ അത് ജനസംഖ്യയെ ബാധിക്കുമെന്നും ഒടുവിൽ അന്യവൽക്കരണത്തിലേക്ക് നീങ്ങുമെന്നും അവർ ആശങ്കപ്പെട്ട് തുടങ്ങി. ഇന്ന് ലഡാക്കിലെ ഭൂമിയുടെയും തൊഴിലിന്റെയും സംരക്ഷണത്തിൽ ഈ ജനത ആശങ്കയിലാണ്.

വിവിധ രാജ്യങ്ങളിലെ കോടിക്കണക്കിന് ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഹിമാലയത്തിന്റെ ഭാഗമാണ് ലഡാക്ക്. അതുകൊണ്ടുതന്നെ ലഡാക്കിന്റെ ഭൂപ്രകൃതിയെ സംരക്ഷിക്കേണ്ടത് ആഗോള ആവശ്യമാണെന്ന് ഓർമ്മിപ്പിക്കുന്നു വാങ്ചുക്.

2019 ലെ തിരഞ്ഞെടുപ്പിൽ ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ കൊണ്ടുവരുമെന്ന് ബിജെപി ഉറപ്പ് നൽകി. ലഡാക്കിലെ 97 ശതമാനം വരുന്ന ജനങ്ങളും ഗോത്രവിഭാഗത്തിൽപ്പെട്ടവരാണ്. എന്നാൽ ഇന്ന് മാർച്ച് 26 വരെയും ഇതിൽ ഒരു അടിപോലും മുന്നോട്ട് പോയിട്ടില്ല. ആദ്യഘട്ടം ഒറ്റയ്ക്ക് അവകാശങ്ങൾക്ക് വേണ്ടി പോരാടിയ ലാബും കെഡിഎയും പിന്നീട് തങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി ഒരുമിച്ച് പോരാട്ടം ആരംഭിക്കുകയായിരുന്നു.

സമരത്തിന്റെ കേന്ദ്രമായി വാങ്ചുക്

ലഡാക്കിലെ പ്രതിഷേധത്തിന്റെ കേന്ദ്രമായി വാങ്ചുക് മാറി. നേരത്തേ ജനുവരിയിലും അദ്ദേഹം നിരാഹാര സമരം ആരംഭിച്ചിരുന്നു. അദ്ദേഹത്തിനൊപ്പം കെഡിഎ കൂടി ചേർന്നു. ലഡാക്കിന്റെ കാലാവസ്ഥാ പ്രശ്നങ്ങൾ ഉയർത്തിയാണ് വാങ്ചുക് സമരമാരംഭിച്ചത്. വ്യാവസായിക വത്കരണം വഴി ലഡാക്കിലെ ദുർബലമായ ആവാസവ്യവസ്ഥയും ഹിമപ്രദേശവും തകരുമെന്ന് അദ്ദേഹം ഭയപ്പെടുന്നു.

ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാൽ ലഡാക്കിന് സ്വയംഭരണ ജില്ലാ കൗൺസിലുകളും പ്രാദേശിക കൗൺസിലുകളും രൂപീകരിക്കാം. വനം സംരക്ഷണം, കൃഷി, ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും ഭരണം, സ്വത്തവകാശം, വിവാഹം, സാമൂഹിക ആചാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിന് അധികാരം ലഭിക്കും.

ലഡാക്കുകാർ ഇതിനോടകം കാലാവസ്ഥാ ദുരന്തം അനുഭവിച്ച് തുടങ്ങിക്കഴിഞ്ഞു. മേഖലയിലെ അനിയന്ത്രിതമായ വ്യാവസായിക വികസനവും സൈനിക നീക്കങ്ങളും തടഞ്ഞില്ലെങ്കിൽ ഹിമാനിയും പർവതങ്ങളും നശിപ്പിക്കപ്പെടും എന്നാണ് വാങ്ചുക് പറയുന്നത്. വിവിധ രാജ്യങ്ങളിലെ കോടിക്കണക്കിന് ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഹിമാലയത്തിന്റെ ഭാഗമാണ് ലഡാക്ക്. അതുകൊണ്ടുതന്നെ ലഡാക്കിന്റെ ഭൂപ്രകൃതിയെ സംരക്ഷിക്കേണ്ടത് ആഗോള ആവശ്യമാണെന്നുമാണ് അദ്ദേഹം ഈ സമരത്തിലൂടെ ഓർമ്മിപ്പിക്കുന്നത്.

നേരത്തെ വാങ്ചുകും സംസ്ഥാന പദവി വേണമെന്ന ആവശ്യം ആവർത്തിച്ചിരുന്നു. 'ജമ്മു കശ്മീരിലെ സംസ്ഥാന നിയമസഭയിൽ ഞങ്ങൾക്ക് നാല് എംഎൽഎമാരുണ്ടായിരുന്നു. ഇപ്പോൾ ഞങ്ങൾക്ക് പ്രാതിനിധ്യം പൂജ്യമാണ്. പുറത്തുനിന്നുള്ള ലെഫ്റ്റ്നൻ ഗവർണറെ, നമ്മെ ഭരിക്കാൻ അയച്ചിരിക്കുന്നു. ഒരു മനുഷ്യൻ എല്ലാം തീരുമാനിക്കുന്നു' ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ വാങ്ചുക് തന്റെ ആശങ്ക പങ്കുവച്ചത് ഇങ്ങനെയാണ്. എന്നാൽ ഒന്നും ഇവിടെ അവസാനിക്കുന്നില്ലെന്ന് പറഞ്ഞ വാങ്ചുക് കേന്ദ്രം പറഞ്ഞ വാക്കിൽ ഉറച്ച് നിൽക്കണമെന്ന് വെല്ലുവിളിക്കുകയും ചെയ്താണ് തന്റെ 21 ദിവസത്തെ സമരം അവസാനിപ്പിച്ചത്.

സോനം വാങ്ചുക് എന്ന റിയൽ 'ഹീറോ'

സ്റ്റുഡന്റ്സ് എജ്യുക്കേഷണല് ആന്റ് കള്ച്ചറല് മൂവ്മെന്റ് ഓഫ് ലഡാകിന്റെ (SECMOL) സ്ഥാപക ഡയറക്ടര്മാരിലൊരാളാണ് വാങ്ചുക്. ലഡാക്കിലെ വിദ്യാഭ്യാസ രീതിയെ ചോദ്യം ചെയ്താണ് 1988 ൽ SECMOL ആരംഭിക്കുന്നത്. ശൈത്യകാലത്ത് ജലസംഭരണത്തിനായി ഐസ് സ്തുപ ടെക്നിക് കണ്ടുപിടിച്ചതും എഞ്ചിനിയർ കൂടിയായ വാങ്ചുക്കാണ്. ലഡാഗ്സ് മെലോങ്ങ് മാഗസിന്റെ എഡിറ്ററായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്തിന്റെ വളർച്ചയ്ക്ക് ധാരാളം സംഭാവനകൾ നൽകി. രാജ്യത്തെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ സമിതികളിൽ അംഗമായും പ്രവർത്തിച്ചു. 2018 ൽ രമൺ മഗ്സസെ അവാർഡ് ലഭിച്ചു. 2017 ൽ സുസ്ഥിര വാസ്തുവിദ്യയ്ക്കുള്ള ഗ്ലോബൽ അവാർഡ്, 2016 ൽ മികച്ച എർത്ത് ബിൽഡിംഗിനുള്ള ഇൻ്റർനാഷണൽ ടെറ അവാർഡ്, 2004 ൽ സാങ്ച്വറി ഏഷ്യയുടെ ഗ്രീൻ ടീച്ചർ അവാർഡ് എന്നിങ്ങനെ നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us