ഒരിക്കൽ ഉണ്ടായിരുന്നു ആ ഒൻപത് മണ്ഡലങ്ങൾ; പോരാട്ട ചരിത്രം ബാക്കിയാക്കി അവ മാഞ്ഞുപോയി

കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ ഇതുവരെ ഒൻപത് മണ്ഡലങ്ങൾ ഓർമ്മയിലേയ്ക്ക് നടന്ന് മറഞ്ഞിട്ടുണ്ട്. പുതിയതായി പത്ത് മണ്ഡലങ്ങൾ രൂപം കൊള്ളുകയും ചെയ്തു

dot image

കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ ഓർമ്മയിലേയ്ക്ക് മാഞ്ഞുപോയ ലോക്സഭാ മണ്ഡലങ്ങളുണ്ട്. ഐതിഹാസികമായ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചവയായിരുന്നു ഇവയിൽ പല മണ്ഡലങ്ങളും. നിലവിൽ കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം 20 ആണ്. എന്നാൽ കേരളത്തിൽ നടന്ന ആദ്യ അഞ്ച് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും കേരളത്തിൽ 20 മണ്ഡലങ്ങൾ ഉണ്ടായിരുന്നില്ല. അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന 1977ലെ തെരഞ്ഞെടുപ്പിലാണ് കേരളത്തിൽ 20 മണ്ഡലങ്ങൾ രൂപംകൊണ്ടത്. കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ ഇതുവരെ ഒൻപത് മണ്ഡലങ്ങൾ ഓർമ്മയിലേയ്ക്ക് നടന്ന് മറഞ്ഞിട്ടുണ്ട്. പുതിയതായി പത്ത് മണ്ഡലങ്ങൾ രൂപം കൊള്ളുകയും ചെയ്തു.

1951-52ൽ ആദ്യത്തെ പാർലമെൻ്റ് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഐക്യകേരളം രൂപപ്പെട്ടിരുന്നില്ല. മദ്രാസ് സംസ്ഥാനത്തിൻ്റെ ഭാഗമായിരുന്ന മലബാറും, തിരു-കൊച്ചിയുമായിരുന്നു അന്നുണ്ടായിരുന്നത്. അഞ്ച് സീറ്റുകളാണ് മലബാറില് അന്നുണ്ടായിരുന്നത്. കണ്ണൂര്, തലശ്ശേരി, കോഴിക്കോട്, മലപ്പുറം, പൊന്നാനി എന്നീ ലോക്സഭാ മണ്ഡലങ്ങളായിരുന്നു മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറില് ഉണ്ടായിരുന്നത്. തിരു-കൊച്ചി സംസ്ഥാനത്തില് 11 ലോക്സഭാ സീറ്റുകളാണുണ്ടായിരുന്നത്. ആലപ്പുഴ, ചിറയന്കീഴ്, കരങ്ങന്നൂര്, എറണാകുളം, കോട്ടയം, മീനച്ചില്, നാഗര്കോവില്, കൊല്ലം കം മാവേലിക്കര, തിരുവല്ല, തൃശ്ശൂര്, തിരുവനന്തപുരം എന്നിവയായിരുന്നു തിരുകൊച്ചി സംസ്ഥാനത്ത് നിന്നുള്ള ലോക്സഭാ മണ്ഡലങ്ങള്. 1956ൽ ഐക്യകേരള രൂപീകരണത്തിന് ശേഷം 1957ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പാണ് കേരളത്തിൻ്റെ കണക്കിൽ പെടുത്താവുന്ന ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പ്.

1957ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 16 മണ്ഡലങ്ങളായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്. അമ്പലപ്പുഴ, വടകര, ചിറയന്കീഴ്, എറണാകുളം, കാസര്കോട്, കോട്ടയം, കോഴിക്കോട്, മഞ്ചേരി, മുകുന്ദപുരം, മുവാറ്റുപുഴ, പാലക്കാട്, കൊല്ലം, തലശ്ശേരി, തിരുവല്ല, തൃശ്ശൂര്, തിരുവനന്തപുരം എന്നിവയായിരുന്നു അത്. 1962ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലങ്ങളുടെ എണ്ണം 18 ആയി മാറി. പൊന്നാനി, മാവേലിക്കര മണ്ഡലങ്ങളായിരുന്നു പുതിയതായി രൂപം കൊണ്ടത്. 1967ലെയും 1971ലെയും തിരഞ്ഞെടുപ്പുകളിൽ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം 19 ആയിരുന്നു. 1967ൽ നിലവിലുണ്ടായിരുന്ന മണ്ഡലങ്ങൾക്കൊപ്പം പീരുമേട്, അടൂർ മണ്ഡലങ്ങൾ പുതിയതായി രൂപം കൊണ്ടപ്പോൾ തിരുവല്ല മണ്ഡലം ഇല്ലാതായി. 1971 മണ്ഡലങ്ങൾ മാറ്റമില്ലാതെ തുടർന്നു.

അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന 1977ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിലവിലുണ്ടായിരുന്ന മൂന്ന് മണ്ഡലങ്ങൾ ഇല്ലാതാവുകയും പകരം നാലു മണ്ഡലങ്ങൾ പുതിയതായി രൂപം കൊള്ളുകയും ചെയ്തു. അതോടെ ആകെ മണ്ഡലങ്ങളുടെ എണ്ണം 20 ആയി മാറി. നിലവിലുണ്ടായിരുന്ന തലശ്ശേരി, പീരുമേട്, അമ്പലപ്പുഴ മണ്ഡലങ്ങൾ 1977ലെ തിരഞ്ഞെടുപ്പിൽ ഇല്ലാതായി. പകരം കണ്ണൂർ, ഒറ്റപ്പാലം, ഇടുക്കി, ആലപ്പുഴ മണ്ഡലങ്ങൾ പുതിയതായി രൂപംകൊണ്ടു. ഇതോടെയാണ് മണ്ഡലങ്ങളുടെ എണ്ണം 20ലേയ്ക്ക് എത്തിയത്.

2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറോളം മണ്ഡലങ്ങൾ തിരഞ്ഞെടുപ്പ് ചിത്രത്തിൽ നിന്നും ഒറ്റയടിക്ക് ഇല്ലാതായി. മഞ്ചേരി, ഒറ്റപ്പാലം, മുകുന്ദപുരം, മുവാറ്റുപുഴ, മാവേലിക്കര, ചിറയന്കീഴ് മണ്ഡലങ്ങൾ ഇല്ലാതായപ്പോൾ പകരം ആറ് മണ്ഡലങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടു. വയനാട്, മലപ്പുറം, ആലത്തൂർ, ചാലക്കുടി, പത്തനംതിട്ട, ആറ്റിങ്ങൽ മണ്ഡലങ്ങളാണ് പുതിയതായി രൂപം കൊണ്ടത്.

കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ നിന്ന് വിവിധ കാലങ്ങളിൽ അപ്രത്യക്ഷമായ ഒമ്പത് മണ്ഡലങ്ങളെക്കുറിച്ച് അറിയാം.

തലശ്ശേരി

1952ലെ ആദ്യ തിരഞ്ഞെടുപ്പിൽ മദ്രാസ് സംസ്ഥാനത്തിൻ്റെ ഭാഗമായിരുന്നു തലശ്ശേരി. 1952ലെ തിരഞ്ഞെടുപ്പിൽ കിസാൻ മസ്ദൂർ പ്രജാ പാർട്ടിയുടെ എൻ ദാമോദരനാണ് ഇവിടെ വിജയിച്ചത്. കോൺഗ്രസിൻ്റെ പി കുഞ്ഞിരാമനെയാണ് എൻ ദാമോദരൻ പരാജയപ്പെടുത്തിയത്. ഐക്യ കേരളം രൂപീകരിച്ചതിന് ശേഷം 1957ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ എം കെ ജിനചന്ദ്രനാണ് തലശ്ശേരിയിൽ വിജയിച്ചത്. തോൽപ്പിച്ചതാകട്ടെ സ്വതന്ത്രനായി മത്സരിച്ച എസ് കെ പൊറ്റക്കാടിനെ. 1962ൽ രണ്ട് സാഹിത്യ രംഗത്തെ രണ്ട് അതികായന്മാരുടെ നേർക്കുനേർ പോരാട്ടത്തിന് തലശ്ശേരി സാക്ഷ്യം വഹിച്ചു. സുകുമാർ അഴീക്കോടിനെ തോൽപ്പിച്ച് എസ് കെ പൊറ്റക്കാട് ലോക്സഭയിലെത്തി. ലോക്സഭാ മണ്ഡലമെന്ന നിലയിൽ തലശ്ശേരിയിൽ അവസാന തിരഞ്ഞെടുപ്പ് നടന്നത് 1971ലാണ്. അന്ന് കോൺഗ്രസ് സഖ്യത്തിൽ മത്സരിച്ച സിപിഐയിലെ സി കെ ചന്ദ്രപ്പൻ സിപിഐഎമ്മിലെ പാട്യം ഗോപാലനെ വീഴ്ത്തുന്നതിനും തലശ്ശേരി സാക്ഷിയായി.

പീരുമേട്

പീരുമേട് മണ്ഡലം രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലാണ് പങ്കാളികളായത്. 1967ലെ ആദ്യ തിരഞ്ഞെടുപ്പിൽ സിപിഐയിലെ പി കെ വാസുദേവൻ നായരെയാണ് പീരുമേട് വിജയിപ്പിച്ചത്. അന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന കെ ടി തോമസ് മൂന്നാം സ്ഥാനത്തേയ്ക്ക് പോയി. സ്വതന്ത്ര സ്ഥാനാർത്ഥി പി ഡി തൊമ്മനാണ് രണ്ടാമതെത്തിയത്. 1971ൽ കേരള കോൺഗ്രസിലെ എം എം ജോസഫാണ് പീരുമേട്ടിൽ നിന്ന് വിജയിച്ചത്.

അമ്പലപ്പുഴ

1957ല് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ പി ടി പുന്നൂസാണ് ലോക്സഭാ തിരഞ്ഞെടുപ്പില് അമ്പലപ്പുഴയെ പ്രതിനിധീകരിച്ചത്. കോണ്ഗ്രസിന്റെ മുഹമ്മദ് ഷെരീഫ് കെ പിയായിരുന്നു രണ്ടാമത്. 1962ല് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ പി കെ വാസുദേവന് നായര് പ്രജാ സോഷ്യലിസ്റ്റ് പാര്ട്ടിയിലെ ബേബി ജോണിനെ തോല്പ്പിച്ച് അമ്പലപ്പുഴയെ വീണ്ടും ചുവപ്പിച്ചു. 1967ല് സിപിഐഎമ്മിന്റെ സുശീല ഗോപാലന് അമ്പലപ്പുഴയില് നിന്നും ലോക്സഭയിലെത്തി. 1971ല് സുശീല ഗോപാലന് അമ്പലപ്പുഴയില് അടിതെറ്റി. ആര്എസ്പിയിലെ കെ ബാലകൃഷ്ണനാണ് സുശീലയെ പരാജയപ്പെടുത്തിയത്. 1971ലെ തിരഞ്ഞെടുപ്പോടെ അമ്പലപ്പുഴ ലോക്സഭാ മണ്ഡലം കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചിത്രത്തില് നിന്നും മാഞ്ഞു.

മഞ്ചേരി

1977 മുതൽ 2004 വരെ 9 തെരഞ്ഞെടുപ്പുകളാണ് മഞ്ചേരിയിൽ നടന്നത്. 77 മുതൽ 89 വരെയുള്ള നാല് തെരഞ്ഞെടുപ്പുകളിൽ മുസ്ലിം ലീഗിലെ ഇബ്രാഹിം സുലൈമാൻ സേട്ടാണ് ഇവിടെ വിജയിച്ചു കയറിയത്. 91 മുതൽ നാല് തവണ ഇ അഹമ്മദും മഞ്ചേരിയിൽ നിന്ന് ലോക്സഭയിലെത്തി. മഞ്ചേരി ലോക്സഭാ മണ്ഡലമെന്ന പേരിൽ ലോക്സഭയിൽ അവസാനം എത്തിയ ജനപ്രതിനിധി ടി കെ ഹംസയാണ്. മഞ്ചേരി ലോക്സഭാ മണ്ഡലത്തിൽ 2004ൽ നടന്ന അവസാന തെരഞ്ഞെടുപ്പിൽ ലീഗിൻ്റെ ഉറച്ച കോട്ടയായ മഞ്ചേരിയിൽ സിപിഐഎമ്മിൻ്റെ ടി കെ ഹംസ ചെങ്കോടി പാറിക്കുകയായിരുന്നു.

ഒറ്റപ്പാലം

മണ്ഡലം രൂപീകരിക്കപ്പെട്ടതിന് ശേഷം ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തില് നടന്ന ആദ്യ തിരഞ്ഞെടുപ്പില് കോണ്ഗ്രസിന്റെ കെ കുഞ്ഞമ്പുവായിരുന്നു വിജയി. പിന്നീട് 1980ല് എ കെ ബാലന് സിപിഐഎമ്മിന് വേണ്ടി ആദ്യമായി മണ്ഡലത്തില് വിജയക്കൊടി പാറിച്ചു. 1984 മുതല് 1991വരെ കെ ആര് നാരായണന് തുടര്ച്ചയായി ഇവിടെ നിന്നും വിജയിച്ചു. 1993ല് നടന്ന ഉപതിരഞ്ഞെടുപ്പില് ഒറ്റപ്പാലം സിപിഐഎം പിടിച്ചെടുത്തു. ശിവരാമനായിരുന്നു ഉപതിരഞ്ഞെടുപ്പിലൂടെ ഒറ്റപ്പാലത്തെ ചുവപ്പിച്ചത്. 1996ല് എസ് അജയകുമാര് ഒറ്റപ്പാലത്ത് ഇടതുപക്ഷത്തിന്റെ വിജയം തുടര്ന്നു. 1996 മുതല് 2004 വരെ നടന്ന തുടര്ച്ചയായ നാല് തിരഞ്ഞെടുപ്പുകളിലും അജയ കുമാര് ഒറ്റപ്പാലത്ത് അജയ്യനായി തുടര്ന്നു. ഒറ്റപ്പാലമെന്ന പേരില് അവസാനമായി നടന്ന തിരഞ്ഞെടുപ്പ് കൂടിയായിരുന്നു 2004ലേത്.

മുകുന്ദപുരം

1951ലെ ആദ്യ പൊതു തിരഞ്ഞെടുപ്പില് തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാരങ്ങന്നൂര് ലോക്സഭാ മണ്ഡലം മുകുന്ദപുരത്തിന്റെ ആദ്യരൂപമായിരുന്നു. കോണ്ഗ്രസിലെ കെ ടി അച്യുതനായിരുന്നു 1952ല് ഇവിടെ വിജയിച്ചത്. ഐക്യ കേരള രൂപീകരണത്തിന് ശേഷം 1957ല് നടന്ന ആദ്യ തിരഞ്ഞെടുപ്പില് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ നാരായണന് കുട്ടി മേനോനായിരുന്നു മുകുന്ദപുരമായി മാറിയ ഇവിടെ വിജയിച്ചത്. പിന്നാട് 1962ലും 1967ലും കോണ്ഗ്രസിലെ പനമ്പിള്ളി ഗോവിന്ദ മേനോന് വിജയിച്ചു. 1971ലും 77ലും കോണ്ഗ്രസിലെ എ സി ജോര്ജ്ജാ യിരുന്നു വിജയി. 1980 സിപിഐഎമ്മിലെ ഇ ബാലാനന്ദനായിരുന്നു വിജയി. 1984ല് കേരള കോണ്ഗ്രസ് ജോസഫ് ഗ്രൂപ്പിലെ കെ മോഹന്ദാസ് വിജയിച്ചപ്പോള് 1989ല് കോണ്ഗ്രസിലെ സാവിത്രി ലക്ഷ്മണനൊപ്പമായിരുന്നു വിജയം. 1991ല് സാവിത്രി ലക്ഷമണന് വീണ്ടും വിജയം ആവര്ത്തിച്ചു. 1996ല് പി സി ചാക്കോയും, 1998ല് എസി ജോസും 1999ല് സാക്ഷാല് കെ കരുണാകരനും മുകുന്ദപുരത്ത് നിന്നും കോണ്ഗ്രസിനായി വിജയങ്ങള് നേടി. എന്നാല് 2004ല് കരുണാകരന്റെ മകള് പത്മജ വേണുഗോപാലിനെ പരാജയപ്പെടുത്തി ലോനപ്പന് നമ്പാടന് മുകുന്ദപുരം ചുവപ്പിച്ചു. മുകുന്ദപുരം മണ്ഡലം രാഷ്ട്രീയ ചിത്രത്തില് നിന്നും മാഞ്ഞ അവസാന തിരഞ്ഞെടുപ്പ് കൂടിയായിരുന്നിത്. പത്മജ വേണുഗോപാൽ, പി ഗോവിന്ദപിള്ള, എം എം ലോറൻസ് തുടങ്ങിയ പ്രമുഖർ തോൽവിയറിഞ്ഞ മണ്ഡലം കൂടിയാണ് മുകുന്ദപുരം.

മൂവാറ്റുപുഴ

1951ലെ ആദ്യ പൊതു തിരഞ്ഞെടുപ്പില് തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മുവാറ്റുപുഴയില് ആദ്യ വിജയം കോണ്ഗ്രസിലെ പി ടി ചാക്കോയ്ക്കായിരുന്നു. 1953ല് നടന്ന ഉപതിരഞ്ഞെടുപ്പിലും വിജയം കോണ്ഗ്രസിനൊപ്പം നിന്നും. ജോര്ജ്ജ് തോമസ് കൊട്ടുകപള്ളിയാണ് വിജയിച്ചത്. ഐക്യകേരള രൂപീകരണത്തിന് ശേഷം 1957ല് നടന്ന തിരഞ്ഞെടുപ്പില് ജോര്ജ്ജ് തോമസ് കൊട്ടുകപള്ളി വിജയം ആവര്ത്തിച്ചു. 1962ല് കോണ്ഗ്രസിലെ ചെറിയാന് ജെ കാപ്പനാണ് വിജയിച്ചത്. 1967ല് മണ്ഡലം ആദ്യമായി സിപിഐഎമ്മിനൊപ്പം നിന്നു. പി പി എസ്തോസ് ആയിരുന്നു വിജയം. 1971ല് കോണ്ഗ്രസിലെ സി എം സ്റ്റീഫന് വിജയിച്ചു. 1977ല് കേരള കോണ്ഗ്രസിലെ ജോര്ജ്ജ് ജെ മാത്യുവാണ് വിജയിച്ചത്. 1980ലും 1984ലും കേരള കോണ്ഗ്രസ് ജോസഫ് ഗ്രൂപ്പിലെ ജോര്ജ്ജ് ജോസഫിനൊപ്പമായിരുന്നു വിജയം. 1989 മുതല് 2004ല് മണ്ഡലം ഇല്ലാതാവുന്ന അവസാന തിരഞ്ഞെടുപ്പ് വരെ പി സി തോമസിന്റെ കുത്തക മണ്ഡലമായിരുന്നു മുവാറ്റുപുഴ. തുടര്ച്ചയായ ആറ് തവണ കേരള കോണ്ഗ്രസ് മാണി ഗ്രൂപ്പിന്റെ സ്ഥാനാര്ത്ഥിയായിട്ടായിരുന്നു പി സി തോമസിന്റെ വിജയം. എന്നാല് 2004ല് ഇന്ത്യന് ഫെഡറല് ഡെമോക്രാറ്റിക് പാര്ട്ടി സ്ഥാനാര്ത്ഥിയായി മത്സരിച്ചായിരുന്നു പി സി തോമസിന്റെ വിജയം. തിരഞ്ഞെടുപ്പ് ചട്ടങ്ങള് ലംഘിച്ചെന്ന് സുപ്രീം കോടതി പിന്നീട് പി സി തോമസിന്റെ വിജയം അസാധുവാക്കിയിരുന്നു.

ചിറയിൻകീഴ്

1952ലെ ആദ്യ തിരഞ്ഞെടുപ്പില് തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ചിറയന്കീഴില് സംയുക്ത ഇടതുപക്ഷത്തിന്റെ സ്ഥാനാര്ത്ഥിയായിരുന്ന വി പരമേശ്വരന് നായരായിരുന്നു വിജയിച്ചത്. ഐക്യകേരള രൂപീകരണത്തിന് ശേഷം 1957ല് നടന്ന തിരഞ്ഞെടുപ്പില് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ എം കെ കുമാരനായിരുന്നു വിജയി. 1962ലും എം കെ കുമാരന് വിജയം ആവര്ത്തിച്ചു. 1967ല് സിപിഐഎമ്മിലെ കെ അനിരുദ്ധനായിരുന്നു ഇവിടെ നിന്നും വിജയിച്ചത്. 1971ലും 1977ലും വിജയം കോണ്ഗ്രസിലെ വയലാര് രവിക്കൊപ്പം നിന്നു. 1980ല് കോണ്ഗ്രസിലെ എ എ റഹീമായിരുന്നു വിജയിച്ചത്. 1984ലും 1989ലും കോണ്ഗ്രസ് സ്ഥാനാര്ത്ഥിയായിരുന്ന തലേക്കുന്നില് ബഷീര് ചിറയന്കീഴില് വിജയക്കൊടി പാറിച്ചു. 1991ല് സിപിഐഎമ്മിന്റെ സുശീലാ ഗോപാലന് ചിറയന്കീഴ് തിരിച്ചുപിടിച്ചു. 1996ല് സിപിഐഎമ്മിന്റെ എ സമ്പത്ത് ചിറയന്കീഴ് നിലനിര്ത്തി. 1998ന് ശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും സിപിഐഎമ്മിലെ വര്ക്കല രാധാകൃഷ്ണന് ചിറയന്കീഴിലെ ഇടതുപക്ഷ ആഭിമുഖ്യം അരക്കിട്ട് ഉറപ്പിച്ചു. 2004ലായിരുന്നു ചിറയന്കീഴ് മണ്ഡലത്തിന്റെ സ്വഭാവത്തില് അവസാന തിരഞ്ഞെടുപ്പ് നടന്നത്. 1999ലും 2004ലും വിജയിച്ച വര്ക്കല രാധാകൃഷ്ണനായിരുന്നു ചിറയന്കീഴിന്റെ അവസാന ജനപ്രതിനിധി.

അടൂർ

1967ല് രൂപം കൊണ്ട അടൂര് തുടക്കം മുതല് പട്ടികജാതി സംവരണ മണ്ഡലമായിരുന്നു. 1967ലെ ആദ്യ തിരഞ്ഞെടുപ്പില് സിപിഐയിലെ പി സി ആദിച്ചനായിരുന്നു അടൂരിനെ ആദ്യമായി പാര്ലമെന്റില് പ്രതിനിധീകരിച്ചത്. 1971ല് സിപിഐയുടെ വനിതാ നേതാവ് ഭാര്ഗ്ഗവി തങ്കപ്പനായിരുന്നു അടൂരിലെ വിജയി. 1977ലും 1980ലും സിപിഐയിലെ പി കെ കൊടിയന് വിജയിച്ചു. 1984ല് കെ കെ കുഞ്ഞമ്പുവിലൂടെ കോണ്ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. 1989ല് കോണ്ഗ്രസിലെ കൊടിക്കുന്നില് സുരേഷ് ഇവിടെ വിജയിച്ചു. തുടര്ന്ന് 1991, 1996 വര്ഷങ്ങളിലും കൊടിക്കുന്നില് തന്നെ ഇവിടെ വിജയിച്ചു. 1998ല് സിപിഐയുടെ ചെങ്ങറ സുരേന്ദ്രന് ഇവിടെ വിജയിച്ചു. 1999ല് കൊടിക്കുന്നില് സുരേഷ് മണ്ഡലം തിരിച്ചു പിടിച്ചു. 2004ലെ അവസാന തിരഞ്ഞെടുപ്പില് അടൂര് ചെങ്ങറ സുരേന്ദ്രനൊപ്പം നിലയുറപ്പിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us