കഴിഞ്ഞ ദിവസം തൃശ്ശൂരില് ട്രെയിനില് നിന്ന് ടിടിയെ തള്ളിയിട്ട് കൊന്ന സംഭവത്തിന് ഞെട്ടലോടെയാണ് മലയാളികള് സാക്ഷ്യം വഹിച്ചത്. സൗമ്യ വധം, എലത്തൂര് തീവെപ്പ് കേസ്, ടിടിയെ തള്ളിയിട്ട് കൊല ഇങ്ങനെ അനന്തമായി തുടരുകയാണ് ട്രെയിനിലെ ദുരന്ത സംഭവങ്ങള്. അപകടങ്ങള് ആവര്ത്തിക്കുമ്പോള് ട്രെയിനിലെ സുരക്ഷിത യാത്ര ജനങ്ങള്ക്ക് ആശങ്കകയായി തുടരുകയാണ്. ട്രെയിന് യാത്രയില് യാതൊരു സുരക്ഷയുമില്ലെന്നാണ് മിക്ക യാത്രക്കാരുടെയും അഭിപ്രായം. രാത്രികാലങ്ങളില് വനിത കംപാര്ട്ട്മെന്റില് ഭീതിയോടെയാണ് സ്ത്രീ യാത്രക്കാരുടെ യാത്ര. യാത്രക്കാര് ആക്രമിക്കപ്പെടുന്നതും കൊള്ളചെയ്യപ്പെടുന്നതും നിരന്തരം വാര്ത്തകളില് ഇടം തേടുന്നു. റെയില്വേ വകുപ്പ് സുരക്ഷാ വാഗ്ദാനം നിറവേറ്റാതെ വനിതാ യാത്രക്കാരെയടക്കം അക്രമികള്ക്ക് വലിച്ചെറിഞ്ഞ് കൊടുക്കുകയാണ്.
തൃശ്ശൂരില് മദ്യലഹരിയിലാായ യാത്രക്കാരനാണ് ടിടിയെ ട്രെയിനില് നിന്ന് തള്ളിയിട്ട് കൊന്നത്. ടിടിഇ കെ വിനോദാണ് കൊല്ലപ്പെട്ടത്. സംഭവത്തില് അതിഥി തൊഴിലാളിയായ ഒഡീഷ ഖഞ്ജം സ്വദേശി രജനീകാന്ത എന്ന രണജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ടിക്കറ്റ് ഇല്ലാത്ത യാത്രയെ ചോദ്യം ചെയ്തതിനായിരുന്നു കൊല. ട്രെയിനില് നിന്ന് വീണ വിനോദ് തലയിടിച്ചാണ് മരണപ്പെട്ടത്. ഒരു കാലും അറ്റുപോയി. കൊല്ലണം എന്ന ഉദ്ദേശത്തോടെയായിരുന്നു തള്ളിയിട്ടതെന്നാണ് പൊലീസിന്റെ എഫ്ഐആര്.
കേരളം ഞെട്ടിയ സൗമ്യ വധം
2011 ഫെബ്രുവരി ഒന്നിന്നാണ് കേരള മനസ്സാക്ഷിയെ നടുക്കിയ ആ സംഭവം. എറണാകുളത്തു നിന്നും ഷൊര്ണൂര്ക്ക് പോകുകയായിരുന്ന തീവണ്ടിയിലെ വനിതാ കമ്പാര്ട്ട്മെന്റില് വെച്ചാണ് സൗമ്യ എന്ന പെണ്കുട്ടി ആക്രമിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ ഗോവിന്ദച്ചാമി എന്നയാള് സൗമ്യയെ ട്രെയിനില് നിന്നും പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായ ബലാത്സംഗത്തിനു വിധേയയാക്കിയെന്നും വീഴ്ചയുടെയും അതിക്രമത്തിന്റെയും ഭാഗമായി സൗമ്യ കൊല്ലപ്പെട്ടുവെന്നുമായിരുന്നു പൊലീസിന്റെ കണ്ടെത്തല്. ആക്രമണത്തില് ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂര് മെഡിക്കല് കോളേജില് വെച്ചാണ് മരണപ്പെട്ടത്. പ്രതിയായ ഇതര സംസ്ഥാന തൊഴിലാളി ഗോവിന്ദച്ചാമി ഇപ്പോഴും ജയിലിലാണ്. അപൂര്വങ്ങളില് അപൂര്വമായ സംഭവമാണിതെന്നായിരുന്നു കേസില് വിചാരണ കോടതിയുടെ കണ്ടെത്തല്. സംഭവത്തെ തുടര്ന്ന് ട്രെയിന് യാത്രക്കിടെ സ്ത്രീകളുടെ സുരക്ഷ ഭീഷണി സംബന്ധിച്ച് നിരവധി ചര്ച്ചകര് ഉയര്ന്നെങ്കിലും എല്ലാം പിന്നീട് ജലരേഖകളായി. തുടര്ന്നും സ്ത്രീകള്ക്കുനേരെ ട്രെയിനില് നിരവധി അതിക്രമങ്ങള് നടന്നു. ആലുവയില് യാത്രക്കാരിയായ വിദ്യാര്ഥിനിയെ കമ്പാര്ട്ടുമെന്റില് നിന്ന് പുറത്തേക്കു വലിച്ചിടാനുള്ള ശ്രമം വരെ നടന്നു. അക്രമിയെ മറ്റു വനിതകള് തടഞ്ഞതിനാലാണ് പെണ്കുട്ടി തലനാരിഴക്ക് രക്ഷപ്പെട്ടത്.
തീഗോളം വിഴുങ്ങിയ ആ രാത്രി......
കൃത്യം ഒരു വര്ഷം മുമ്പാണ് മൂന്നുപേരുടെ മരണത്തിനിടയാക്കിയ എലത്തൂര് ട്രെയിന് തീവെപ്പ്. 2023 ഏപ്രില് രണ്ടിനാണ് രണ്ടര വയസ്സുള്ള പെണ്കുട്ടി ഉള്പ്പെടെ മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം. കേസിലെ ഏക പ്രതി ഷാറൂഖ് സെയ്ഫി വിചാരണ കാത്ത് ജയിലിലാണ്. ട്രെയിനില് തീവ്രവാദ ലക്ഷ്യത്തോടെയാണെന്ന് എന്ഐഎ കുറ്റപത്രമെങ്കിലും സംഭവത്തില് ഇപ്പോഴും ദുരൂഹത ബാക്കിയാണ്. ഓടികൊണ്ടിരുന്ന കണ്ണൂര് ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസില് രാത്രിയിലായിരുന്നു സംഭവം. ഡി 2 ബോഗിയില് നിന്ന് വന്നയാള് യാത്രക്കാര്ക്ക് മേല് പെട്രോള് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പരിഭ്രാന്തരായ യാത്രക്കാര് ചിതറിയോടി ചങ്ങല വലിച്ച് ട്രെയിന് നിര്ത്തുകയായിരുന്നു. സംഭവത്തില് എട്ടുപേര്ക്ക് പൊള്ളലേറ്റു. തീപടരുന്നത് കണ്ട് ട്രെയിനില് നിന്ന് രക്ഷപ്പെടാന് ചാടിയ മൂന്നുപേരാണ് മരണപ്പെട്ടത്. സംഭവം നടന്ന് ദിവസങ്ങളോളം ട്രെയിനുകളില് പരിേേശാധനയടക്കം നടന്നെങ്കിലും എല്ലാം ദിവസങ്ങള് മാത്രമാണ് നീണ്ടത്.
തുടര്ന്നും അക്രമങ്ങള് ട്രെയിനുകളില് പതിവു സംഭവമായി. കൃത്യമായ പരിശോധനയോ സുക്ഷരയോ ഇല്ലാതെ കേരളത്തിലെ ട്രെയിനുകള് ഇപ്പോഴും ഓടുകയാണ്. റെയില്വേ സുരക്ഷ സേനയിലെ അംഗബലക്കുറവ് എന്ന സാങ്കേതിക വിശദീകരണമാണ് റെയില്വേയുടെ ഇക്കാരണത്തിലെ വിശദീകരണമെങ്കിലും ട്രെയിനുകളില് യാത്രക്കാര്ക്ക് പ്രത്യേകിച്ച് സ്ത്രീകള്ക്ക് സുരക്ഷ എന്നത് അപ്രാപ്യമായ ഒരു സ്വപ്നമായി തുടരുകയാണ്.