മൻമോഹൻ സിങ്: മികച്ച വ്യക്തി, ഏറ്റവും മികച്ച പ്രധാനമന്ത്രി, പരാജിതനായ രാഷ്ട്രീയക്കാരൻ

ഇന്ത്യൻ രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കാൻ അത്യാവശ്യം പ്രയോഗിക്കേണ്ട ഗിമ്മിക്കുകളെ കുറിച്ചുപോലും മൻമോഹൻ സിങിന് ധാരണയില്ലായിരുന്നു. അധികാരത്തിൽ തുടരണമെന്നത് ഒരിക്കലും അദ്ദേഹത്തിന്റെ ആവശ്യവുമായിരുന്നില്ല. മൻമോഹൻ സിങിന്റെ ഈ ദൗർബല്യമാണ് തിരിച്ചു വരവിനുള്ള കോൺഗ്രസിന്റെ സാധ്യതകളെ ഇത്രമേൽ ദുർബലമാക്കിയത്.

റിന്‍റുജ ജോണ്‍
5 min read|05 Apr 2024, 01:13 pm
dot image

കാലം 1991. ഒരടി മുന്നോട്ട് വയ്ക്കാൻ കഴിയാത്തവിധം ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ തകർന്നു കഴിഞ്ഞിരുന്നു. ഇരട്ടക്കമ്മിയും സോവിയറ്റ് ബ്ലോക്കിന്റെ തകർച്ചയും ഗൾഫ് യുദ്ധവും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഇളക്കി. ബജറ്റ് പാസാക്കാൻ പോലും കഴിയാത്ത വിധം തകർന്നടിഞ്ഞ സാമ്പത്തിക വ്യവസ്ഥ. അത്ര എളുപ്പം മറികടക്കാവുന്ന ഒരു കടമ്പ ആയിരുന്നില്ല 1991 ൽ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുമ്പോൾ പി വി നരസിംഹ റാവുവിൻറെ മുമ്പിൽ ഉണ്ടായിരുന്നത്. പക്ഷേ അദ്ദേഹം ബുദ്ധിപരമായ ഒരു തീരുമാനം എടുത്തു. ആ തീരുമാനമായിരുന്നു മൻമോഹൻ സിങ്. അന്നു മുതൽ ഇന്നുവരെയുള്ള ഇന്ത്യൻ ചരിത്രത്തെ നിർണയിച്ച തീരുമാനം. ഒരു രാഷ്ട്രീയ പ്രവർത്തകനെയല്ല, ഏറ്റവും വിദഗ്ദനായ ഒരു സാമ്പത്തിക ശാസ്ത്രജ്ഞനെയാണ് ധനമന്ത്രി കസേരയിൽ രാജ്യത്തിന് ആവശ്യം എന്ന് നരസിംഹ റാവു തിരിച്ചറിഞ്ഞിരുന്നു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ ലോക്സഭയിലേക്കെത്താൻ മൻമോഹൻ സിങിനോട് റാവു ആവശ്യപ്പെട്ടു. ആദ്യം താൻ അത് ഗൗരവമായിട്ടെടുത്തില്ലെങ്കിലും, പിന്നീട് ശാസനാപൂർവ്വമുള്ള പ്രധാനമന്ത്രിയുടെ ഉത്തരവിനെ അംഗീകരിക്കുകയായിരുന്നുവെന്ന് മൻമോഹൻ സിങ് തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. 1991 ജൂണിൽ മൻമോഹൻ സിങ് ഇന്ത്യയുടെ ധനകാര്യമന്ത്രിയായി ചുമതലയേറ്റു. 33 വർഷത്തെ സേവനത്തിനു ശേഷം 2024 ഏപ്രിൽ മൂന്നിന് രാജ്യസഭയിൽ നിന്ന് പടിയിറങ്ങും വരെ രാജ്യത്തിനു വേണ്ടി മൻമോഹൻ സിങ് എന്തു ചെയ്തു എന്നതിന് ഉത്തരമാണ് ഇന്നത്തെ ഇന്ത്യ.

1991 സാമ്പത്തിക സാമ്പത്തിക പ്രതിസന്ധി

1985 മുതൽ തന്നെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഇളകി തുടങ്ങിയിരുന്നു. ഇറക്കുമതി പെരുകുകയും രാജ്യം ഇരട്ട കമ്മിയിലാവുകയും ചെയ്തു. ഇതേ സമയത്തായിരുന്നു ഇന്ത്യയുമായി വ്യാപാരബന്ധം പുലർത്തുകയും രൂപ വിനിമയം അനുവദിക്കുകയും ചെയ്തിരുന്ന സോവിയറ്റ് ബ്ലോക്കിൻ്റെ പതനം. 1990ന്റെ അവസാനം ഗൾഫ് യുദ്ധം കൂടി ആരംഭിച്ചതോടെ സ്ഥിതി വളരെ മോശമായി. ഇറക്കുമതിയെ ആശ്രയിച്ച് നിലനിന്നിരുന്ന ഒരു രാജ്യമായിട്ടു പോലും മൂന്നാഴ്ചത്തേക്കുള്ള ഇറക്കുമതിക്ക് ആവശ്യമായ വിദേശനാണ്യ കരുതൽ ശേഖരം പോലും ഇന്ത്യയുടെ കയ്യിൽ ഉണ്ടായിരുന്നില്ല. കൂടാതെ, ഇറാഖ്-കുവൈത്ത് സംഘർഷം വ്യാപാര കമ്മിയിൽ കാര്യമായ മാറ്റം വരുത്തി. ക്രൂഡ് ഓയിലിനായി ഇന്ത്യ ആശ്രയിച്ചിരുന്നത് ഈ രാജ്യങ്ങളെ ആയിരുന്നു. അസംസ്കൃത എണ്ണവിലയിലെ കുതിച്ചുചാട്ടം കാര്യങ്ങൾ പിന്നെയും വഷളാക്കി. കുറഞ്ഞ കരുതൽധനം മൂലം രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു.

1991 ഫെബ്രുവരിയിൽ മൂഡീസ് ഇന്ത്യയുടെ ബോണ്ട് റേറ്റിംഗുകൾ താഴ്ത്തി. ഇതേത്തുടർന്ന് ചന്ദ്രശേഖർ സർക്കാരിന് ബജറ്റ് പാസാക്കാൻ പോലും കഴിഞ്ഞില്ല. ഇതോടെ അന്താരാഷ്ട്ര മൂലധന വിപണിയിൽ നിന്ന് പണം കടം വാങ്ങുന്നതിനുള്ള വഴികളും അടഞ്ഞു. ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട് (IMF) ഇന്ത്യയ്ക്കുള്ള വായ്പ നൽകുന്നത് താൽക്കാലികമായി നിർത്തി. ലോകബാങ്കും അതിൻ്റെ സഹായവും നിർത്തലാക്കി.

മൻമോഹൻ സിങ് എന്ന ധനമന്ത്രി, ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് അടിത്തറ ഉറപ്പിച്ച സാമ്പത്തിക വിദഗ്ദൻ

''നമ്മൾ ആരംഭിച്ച ദുഷ്കരമായ ഈ യാത്രയിൽ, മുമ്പിലുള്ള തടസ്സങ്ങളെ ചെറുതായി കാണുന്നില്ല. എന്നാൽ സമയമായൊരു ആശയത്തെ തടയാൻ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല എന്ന് വിക്ടർ ഹ്യൂഗോ പറഞ്ഞിട്ടുണ്ടല്ലോ. ലോകത്തിലെ തന്നെ പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയർന്നുവരുമെന്നതും അത്തരത്തിലുള്ള ഒരു ആശയമാണ്. ലോകം മുഴുവൻ അത് ഉച്ചത്തിലും വ്യക്തമായും കേൾക്കട്ടെ. ഇന്ത്യ ഇപ്പോൾ ഉണർന്നിരിക്കുന്നു. നമ്മൾ ജയിക്കും. നമ്മൾ മറികടക്കും.''

അടിത്തറവരെ ഇളകിക്കഴിഞ്ഞൊരു സമ്പദ് വ്യവസ്ഥയാണ് വീണ്ടും പണിത് ഉയർത്തേണ്ടത് എന്ന് അറിയാമായിരുന്നിട്ടും തന്റെ ആദ്യത്തെ ബജറ്റ് പ്രസംഗം ഇത്രമേല് ആത്മവിശ്വാസത്തോടെ പറഞ്ഞ് അവസാനിപ്പിച്ചത് മൻമോഹൻ സിങ് എന്ന ധനമന്ത്രി ആയിരുന്നില്ല. പഞ്ചാബ് സർവ്വകലാശാല, കേംബ്രിഡ്ജ് സർവകലാശാല, ഓക്സ്ഫോഡ് സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ അവഗാഹം നേടിയ, റിസർവ് ബാങ്ക് ഗവർണർ എന്ന നിലയിൽ ദേശീയതലത്തിലും ഐഎംഎഫ് അംഗമെന്ന നിലയിൽ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധനേടിയ മൻമോഹൻ സിങ് എന്ന സാമ്പത്തിക വിദഗ്ദനായിരുന്നു.

അന്നുവരെ ഇറക്കുമതിയെ ആശ്രയിച്ചായിരുന്നു രാജ്യം നിലനിന്നിരുന്നത്. രാജ്യത്ത് ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് സാധ്യമായതെല്ലാം മൻമോഹൻ സിങ് ചെയ്തു. അന്ന് വ്യവസായങ്ങൾ തുടങ്ങുന്നതിന് നിരവധി കടമ്പകൾ കടക്കണമായിരുന്നു. ഇത് ഒഴിവാക്കാൻ ലൈസൻസ് രാജ് സമ്പ്രദായം ഇല്ലാതാക്കി. കമ്പനികളോട് ലൈസൻസ് ഇല്ലാതെ തന്നെ ഉത്പാദനം നടത്താൻ ആവശ്യപ്പെട്ടു. കയറ്റുമതി സബ്സിഡി നിർത്തലാക്കി. വിദേശനിക്ഷേപത്തിനായി വിപണികൾ തുറന്നിട്ടു. വേണ്ടിവന്നാൽ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാനുള്ള നടപടികൾ നടപ്പിലാക്കി.

1992-1993 കാലത്ത് ഇന്ത്യയുടെ സാമ്പത്തിക വളർച്ച 5.1 ശതമാനമായിരുന്നു.1993-ൽ ഇൻഷുറൻസ് മേഖലയിലെ പരിഷ്കാരങ്ങൾക്കായി ശുപാർശകൾ നൽകാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ഗവർണറായിരുന്ന ആർ എൻ മൽഹോത്രയുടെ അധ്യക്ഷതയിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. വിദേശ മൂലധനത്തിന് വഴിയൊരുക്കാൻ ഇൻഷുറൻസ് മേഖലയിൽ "പ്രൊഫഷണലൈസേഷൻ" എന്ന ആശയം അവതരിപ്പിക്കാൻ കമ്മിറ്റി ശുപാർശ ചെയ്തു. 1993-1994 സാമ്പത്തികവർഷത്തില് മന്മോഹന് സിങ് ഈ റിപ്പോർട്ട് ഇൻഷുറൻസ് മേഖലയിൽ നടപ്പിലാക്കി. കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ കൊണ്ട് ഈ സാമ്പത്തിക വർഷത്തിൽ ജിഡിപി 7.3 ശതമാനത്തിലേക്ക് ഉയർന്നു.

ഇതോടെ ആഗോള സമ്പദ് വ്യവസ്ഥയിലെ പ്രമുഖ പങ്കാളിയായി ഇന്ത്യയും ഉയർന്നു. ഇന്ത്യൻ ഗവൺമെൻ്റിൻ്റെ ഉദാരവൽക്കരണ നയങ്ങൾ വിദേശ നിക്ഷേപകരെ ആകർഷിച്ചു. മറ്റ് രാജ്യങ്ങളുമായി വ്യാപാര ബന്ധങ്ങൾ വർദ്ധിപ്പിച്ചു. അതിനൊപ്പം തന്നെ ആഭ്യന്തര ഉത്പാദനവും വർദ്ധിച്ചു. ആഗോളവത്ക്കരണത്തിലേയ്ക്കും ഉദാരവത്കരണത്തിലേയ്ക്കും മൻമോഹൻ സിങ് തുറന്നിട്ട വഴികളിലൂടെയാണ് അന്നു തൊട്ട് ഇന്നുവരെ ഇന്ത്യ നടന്നതും അത്രമേല് എളുപ്പത്തില് തകര്ക്കാന് കഴിയാത്തൊരു സമ്പദ് വ്യവസ്ഥയായി വളർന്നതും.

നെഹ്റുവിനെക്കാൾ മികച്ച പ്രധാനമന്ത്രി

ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രി മൻമോഹൻ സിങാണെന്നാണ് എഴുത്തുകാരൻ ഖുശ്വന്ത് സിംഗിൻറെ അഭിപ്രായം. പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിനെക്കാള് മികച്ച പ്രധാനമന്ത്രിയാണ് മൻമോഹൻസിങെന്നു പറയാനുള്ള കാരണവും 'അബ്സല്യൂട്ട് ഖുശ്വന്ത്: ദി ലോ ഡൗൺ ഓൺ ലൈഫ്, ഡെത്ത് ആൻഡ് മോസ്റ്റ് തിംഗ്സ് ഇൻ ബിറ്റ്വീൻ' (Absolute Khushwant: The Low-Down On Life, Death And Most Things In-Between) എന്ന പുസ്തകത്തിൽ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

''നെഹ്റുവിന് ദീർഘവീക്ഷണവും സ്വാധീനശക്തിയുമുണ്ടായിരുന്നു. എന്നാൽ തികഞ്ഞ അമേരിക്കൻ വിരോധിയും അന്ധമായ സോവിയറ്റ് യൂണിയൻ സ്നേഹിയുമായിരുന്നു എന്നതായിരുന്നു അദ്ദേഹത്തിൻറെ പ്രശ്നം. എന്നാൽ, മൻമോഹനാകട്ടെ തുറന്ന മനസുള്ള വ്യക്തിയാണ്. നിഷ്കളങ്കനുമാണ്. സ്വജനപക്ഷപാതത്തിന്റെ കണികപോലും ഇദ്ദേഹത്തിലില്ല. ഇന്ദിരയ്ക്കും നെഹ്റുവിനും സ്വജനപക്ഷപാതമുണ്ടായിരുന്നു'' - ഖുശ്വന്ത് സിംഗ് പറയുന്നു. ആഗോള തലത്തിൽ മൻമോഹൻ സിങ് പുലർത്തിയ ഈ തുറവി ഇന്ത്യയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

ധനകാര്യമന്ത്രി സ്ഥാനം പോലെ തന്നെ പ്രധാനമന്ത്രി സ്ഥാനവും മൻമോഹൻ സിങിനെ തേടിയെത്തുകയായിരുന്നു. മൻമോഹൻ സിങിന് ഇന്ത്യൻ രാഷ്ട്രീയത്തെ ആയിരുന്നില്ല, ഇന്ത്യൻ രാഷ്ട്രീയത്തിന് മൻമോഹൻ സിങിനെ ആയിരുന്നു ആവശ്യം. 2004ലെ പൊതു തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ്സ് മറ്റു കക്ഷികളുമായിച്ചേർന്ന് യു പി എ സഖ്യം രൂപീകരിച്ചു. സോണിയ ഗാന്ധിയായിരുന്നു യുപിഎ ചെയർമാൻ. എന്നാല് സോണിയ ഗാന്ധിയുടെ പൗരത്വത്തെക്കുറിച്ചും ഇന്ത്യൻ പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയെക്കുറിച്ചും ചർച്ചകളുയർന്നു. 1991ലെ പ്രശ്നങ്ങൾക്ക് നരസിംഹ റാവു കണ്ടെത്തിയ അതേ ഉത്തരം തന്നെയായിരുന്നു പ്രതിസന്ധി ഘട്ടത്തിൽ സോണിയയുടെ മുമ്പിലും തെളിഞ്ഞത്. അങ്ങനെ 2004 മെയ് 22ന് മൻമോഹൻ സിങ് ഇന്ത്യയുടെ പതിമൂന്നാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ധനമന്ത്രിയായിരുന്നപ്പോൾ തുടങ്ങി വെച്ച സാമ്പത്തിക നയങ്ങൾക്ക് പ്രധാനമന്ത്രി വെള്ളവും വളവും നല്കി. സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ പതുക്കെ ഇന്ത്യൻ വിപണിയുടെ ശക്തി കൂട്ടി. മൻമോഹൻ സിങിനൊപ്പം ധനകാര്യമന്ത്രി പി ചിദംബരം കൂടി ചേർന്നതോടെ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 8–9% ആയി ഉയർന്നു. 2007 ആയപ്പോഴേയ്ക്കും ലോകത്തിൽ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി.

തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും കുറയ്ക്കാൻ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജനാധിപത്യം എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന വിവരാവകാശ നിയമം, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 27% പിന്നാക്ക സംവരണം, കർഷകരുടെ തിരിച്ചടയ്ക്കാൻ പറ്റാത്ത കടങ്ങൾ എഴുതിത്തള്ളാനുള്ള നടപടികൾ, ആരോഗ്യരംഗത്തെ മികച്ച സേവനങ്ങൾ സാധാരണക്കാരിലേയ്ക്ക് എത്തിക്കാൻ നാഷണൽ റൂറൽ ഹെൽത്ത് മിഷൻ തുടങ്ങി രാജ്യത്തിന്റെ ആവശ്യം അറിഞ്ഞുള്ള തീരുമാനങ്ങളായിരുന്നു മൻമോഹൻ സർക്കാരിന്റേത്.

2008 നവംബറിലെ മുംബൈ തീവ്രവാദി ആക്രമണത്തിനുശേഷം ഇത്തരം കേസുകൾ കൈകാര്യം ചെയ്യാനായി നാഷണൽ ഇൻവെസ്റ്റിഗേഷന് ഏജൻസിക്ക് രൂപം നൽകി. പൗരന്മാർക്ക് കേന്ദ്രീകൃത തിരിച്ചറിയൽ കാർഡുകൾ നൽകുന്നതിനായി യുണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിന് തുടക്കമിടുന്നതും മൻമോഹൻ സിങിന്റെ കാലത്താണ്.

മറ്റ് രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തുന്നതിലും മൻമോഹൻ സിങ് ശ്രദ്ധവെച്ചിരുന്നു.  പാകിസ്താനുമായി പലവട്ടം ചർച്ച നടത്തി. ചൈനയുമായുള്ള അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനും പലവട്ടം ശ്രമങ്ങൾ നടന്നു. അമേരിക്കയുമായുള്ള നയതന്ത്രബന്ധം ഊഷ്മളമായി കൊണ്ടുപോകാൻ മൻമോഹൻ സിങ് സർക്കാർ ശ്രമിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു ആണവകരാറിൽ ഒപ്പു വെയ്ക്കുന്നതും മന്മോഹന് സിങിന്റെ കാലത്താണ്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും രണ്ടാമൂഴത്തിലെ പ്രധാനമന്ത്രി സ്ഥാനം മന്മോഹന് സിങിന് അത്ര സുഖകരമല്ലായിരുന്നു. 2ജി സ്പെക്ട്രം ഉൾപ്പെടെ സർക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നു വരുകയും വൻ ചർച്ചയാവുകയും ചെയ്തു. മൻമോഹൻ സിങ് സർക്കാരിന്റെ പ്രതിച്ഛായ തകർന്നു. എന്നാൽ 'History will be kinder to me than the media' എന്നായിരുന്നു മൻമോഹൻ സിങിന്റെ പ്രതികരണം. അഴിമതി ആരോപണങ്ങളെ പ്രതിപക്ഷം മുതലാക്കുകയും 2014ൽ യുപിഎയില് നിന്ന് ബിജെപി അധികാരം പിടിച്ചെടുക്കുകയും ചെയ്തു. പക്ഷേ ചരിത്രം മൻമോഹൻ സിങിനോട് ദയ കാണിച്ചു. 12 ലക്ഷം കോടിയുടെ അഴിമതി നടന്നുവെന്നത് തെറ്റായ നിഗമനമായിരുന്നുവെന്ന് അന്നത്തെ കൺട്രോളർ ഓഡിറ്റർ ജനറൽ വിനോദ് റായ് തന്നെ തുറന്നു പറയുകയും കോടതിയിൽ മാപ്പ് ചോദിക്കുകയും ചെയ്തു.

മികച്ച വ്യക്തി, പരാജിതനായ രാഷ്ട്രീയ നേതാവ്

മൻമോഹൻ സിങ് ഒരു നല്ല വ്യക്തിയാണ്. പക്ഷേ ഒരിക്കലും അദ്ദേഹം ഒരു മികച്ച രാഷ്ട്രീയ നേതാവ് ആയില്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കാൻ അത്യാവശ്യം പ്രയോഗിക്കേണ്ട ഗിമ്മിക്കുകളെ കുറിച്ചുപോലും മൻമോഹൻ സിങിന് ധാരണയില്ലായിരുന്നു. അധികാരത്തിൽ തുടരണമെന്നത് ഒരിക്കലും മൻമോഹൻ സിങിന്റെ ആവശ്യവുമായിരുന്നില്ല. മൻമോഹൻ സിങിന്റെ ഈ ദൗർബല്യമാണ് തിരിച്ചു വരവിനുള്ള കോൺഗ്രസിന്റെ സാധ്യതകളെ ഇത്രമേൽ ദുർബലമാക്കിയത്.

ഒരിക്കൽ പോലും തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിക്കാതെയാണ് മൻമോഹൻ സിങ് രാജ്യസഭയിൽ തന്റെ 33 വർഷങ്ങൾ പൂർത്തിയാക്കിയത്. 1999ലെ പൊതു തിരഞ്ഞെടുപ്പിൽ ഡൽഹി സൗത്ത് നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ഈ തെരഞ്ഞെടുപ്പ് കാലത്തെ ഒരോർമ ഖുശ്വന്ത് സിംഗ് പങ്കുവയ്ക്കുന്നുണ്ട്. ''പ്രചാരണ സമയത്ത് കയ്യിൽ അധികം പണമൊന്നും ഇല്ലാതിരുന്ന മൻമോഹൻ സിങ് എന്നോടു രണ്ടുലക്ഷം രൂപ കടം ചോദിച്ചു. പ്രചാരണത്തിന് കാർ വാടകയിനത്തിൽ നൽകാനായിരുന്നു ഈ തുക. തെല്ലൊന്ന് പകച്ചെങ്കിലും ഞാൻ പണം നൽകി. തിരഞ്ഞെടുപ്പ് കഴിഞ്ഞു, മൻമോഹൻ സിങ് പരാജയപ്പെടുകയും ചെയ്തു. ഒരു ദിവസം അദ്ദേഹം എന്നെ വിളിപ്പിച്ചു. ഞാൻ ചെന്നപ്പോൾ ഒരു പായ്ക്കറ്റ് കയ്യിൽ തന്നു. രണ്ടു ലക്ഷം രൂപയുടെ നോട്ടുകെട്ടായിരുന്നു അത്.'' പ്രചാരണത്തിനായി താനീ പണം ഉപയോഗിച്ചില്ലെന്നു പറഞ്ഞാണ് മൻമോഹൻ അന്ന് പണം മടക്കി നൽകിയതെന്നാണ് ഖുശ്വന്ത് സിംഗ് എഴുതിയത്. ഈ അനുഭവ കുറിപ്പിൽ നിന്ന് തന്നെ മൻമോഹൻ എന്ന വ്യക്തിയുടെ വിജയവും രാഷ്ട്രീയക്കാരന്റെ പരാജയവും വ്യക്തം.

മത്സരങ്ങളുടെ രാഷ്ട്രീയക്കളത്തിലിറങ്ങി പൊരുതിയിട്ടില്ലെങ്കിലും അടിയുറച്ച രാഷ്ട്രീയ ബോധ്യമുള്ള വ്യക്തിയാണ് മൻമോഹൻ സിങ്. മണിപ്പൂര് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് 2023ൽ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചപ്പോൾ, പ്രായത്തിന്റെ അവശതകളെ മറന്ന് വീല്ചെയറിൽ എത്തി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട് മൻമോഹൻ സിങ്. 1991ലെ ബജറ്റ് പ്രസംഗം മുതല് 2023ലെ അവിശ്വാസ പ്രമേയം വരെ രാജ്യസഭയില് മന്മോഹന് സിങ് ഉണ്ടായിരുന്നു... ഒരു അധികാര വടംവലികളിലും ഭാഗമാകാതെ, തന്റെ ഉത്തരവാദിത്തങ്ങളില് മാത്രം ശ്രദ്ധിച്ച്..!

കടയിൽ പോയി സാധനം വാങ്ങുന്നപോലെ അക്കാദമിയില് പോയി അവാർഡ് വാങ്ങുന്ന അവസ്ഥ ഉണ്ടാകരുത്: സി രാധാകൃഷ്ണന്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us