"ഞാൻ രാമായണം കാണുന്നുണ്ട്, നിങ്ങളോ?'' കൊവിഡ് ലോക്ഡൗൺ കാലത്ത് കേന്ദ്രമന്ത്രിയായിരുന്ന പ്രകാശ് ജാവദേക്കർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച ഈ ചോദ്യം ചില്ലറയൊന്നുമല്ല വിമർശനമേറ്റുവാങ്ങിയത്. ലക്ഷക്കണക്കിനാളുകൾ തൊഴിലില്ലാതെ പട്ടിണി കിടക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു പോസ്റ്റിന്റെ പ്രസക്തിയാണ് അന്ന് ചർച്ചചെയ്യപ്പെട്ടത്. വൈറസിനെക്കാൾ മാരകമായ ഹിന്ദുത്വ അജണ്ട ആസൂത്രിതമായി അടിച്ചേൽപിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാരെന്നും അന്ന് വിമർശനം ഉയർന്നിരുന്നു. പരമ്പര 'പൊതുജന ആവശ്യാർഥം വീണ്ടും പ്രദർശിപ്പിക്കുന്നു'വെന്നാണ് വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്ന ജാവദേക്കർ അന്ന് പറഞ്ഞത്.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ രാമാനന്ദ് സാഗറിന്റെ ‘രാമായണം’ ദൂരദർശനിൽ വീണ്ടും എത്തുകയാണ്. ദൂരദർശൻ നാഷണൽ ചാനലിൽ എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് സീരിയലിന്റെ സംപ്രേഷണവും ഉച്ചയ്ക്ക് 12 മണിക്ക് പുനഃസംപ്രേഷണവും നടക്കും. 1987-ൽ മുതൽ 18 മാസക്കാലം ദൂരദർശനിലൂടെ പ്രദർശിപ്പിച്ച പരമ്പരയാണ് രാമായണം. ശ്രീരാമനായി അരുൺ ഗോവിലും സീതയായി ദീപിക ചിഖ്ലിയയും ലക്ഷ്മണനായി സുനിൽ ലാഹിരിയുമാണ് സീരിയലിൽ അഭിനയിച്ചിരിക്കുന്നത്. അരുൺ ഗോവിൽ ഉത്തർപ്രദേശിലെ മീററ്റിൽ ബിജെപി സ്ഥാനാർത്ഥിയാണ് എന്നതാണ് പുതിയ സാഹചര്യത്തിൽ ചർച്ചയാകുന്നത്.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് രാമായണ പരമ്പര ദൂരദർശനിൽ പ്രദർശിപ്പിച്ചത്. ഹിന്ദു വോട്ടുകൾ ലക്ഷ്യമിട്ടാണ് കോൺഗ്രസ് രാമായണം പ്രക്ഷേപണം ചെയ്യുന്നതെന്ന വിമര്ശനം ഉയർന്നിരുന്നു. എന്നാലത് വളമായത് ബിജെപിക്കാണെന്ന് പിന്നീട് വിലയിരുത്തപ്പെട്ടു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ രാഷ്ട്രീയ അടിത്തറ കെട്ടിപ്പടുക്കാൻ ബിജെപിയെ രാമായണം സഹായിച്ചുവെന്ന നിരീക്ഷണം എന്തായാലും തള്ളിക്കളയാനാവില്ല. കുളിച്ചുകുറിതൊട്ട് രാമായണം കാണാൻ ഇരുന്നവർ തൊട്ട് അരുണിനെ രാമനായി സങ്കൽപിച്ച് ആളുകൾ കാൽതൊട്ടു വന്ദിച്ചിതുമെല്ലാം കെട്ടുകഥകളല്ല, യാഥാർഥ്യമാണ്.
ന്യൂയോര്ക്ക് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ അരവിന്ദ് രാജഗോപാല് പൊളിറ്റിക്ക്സ് ആഫ്റ്റര് ടെലിവിഷന് എന്ന പുസ്തകത്തില് രാമായണം എന്ന പരമ്പര ഇന്ത്യന് ജനതയില് ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് വളരെ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. ഒരു സാദാ ടെലിവിഷൻ സീരിയൽ കാണുന്ന രീതിയിലായിരുന്നില്ല, ക്ഷേത്രത്തിൽ പോകുന്നതുപോലെ, കുളിച്ചു കുറിതൊട്ട് ഭക്ത്യാദരപൂർവം ടെലിവിഷന് മാല ചാർത്തി തൊഴുകൈയോടെ രാമായണ സീരിയൽ കണ്ട അമ്മൂമ്മമാരെപ്പറ്റി അരവിന്ദ് രാജഗോപാൽ പറയുന്നുണ്ട്.
ഹിന്ദുത്വ അജണ്ടയെ രാഷ്ട്രീയ മുഖ്യധാരയിൽ പ്രതിഷ്ഠിക്കാൻ ഈ പരമ്പര ബിജെപിയേയും ആര്എസ്എസിനേയും കുറച്ചൊന്നുമല്ല സഹായിച്ചത്. ഈ സീരിയലിനു ശേഷമാണ് ബാബറി മസ്ജിദ് പള്ളിയുമായി ബന്ധപ്പെട്ട തര്ക്കം രൂക്ഷമാകുന്നത്. രാമരാജ്യം എന്ന ആശയം മുന്നോട്ടുവെച്ച് ഹിന്ദുത്വ ഏകീകരണമെന്ന കാഴ്ചപ്പാട് പ്രചരിക്കാൻ ഈ പരമ്പരയുടെ അടിത്തറ സംഘപരിവാറിന് വളമായി. അതിനെ സമർഥമായി ഉപയോഗപ്പെടുത്താൻ എൽ കെ അദ്വാനിയുടെ 'രഥയാത്ര'യ്ക്കും കഴിഞ്ഞു. രഥയാത്രയ്ക്ക് സ്വീകാര്യത കിട്ടാൻ സീരിയലിലെ ദൃശ്യങ്ങള് പ്ലോട്ടുകളായി ഉള്പ്പെടുത്തിയത് ചരിത്രമാണ്.
സീരിയലിന്റെ ഒരു ഭാഗത്ത് രാമന് തന്റെ ജന്മഭൂമിയില് നിന്ന് മണ്ണെടുത്ത് യാത്ര തിരിക്കുന്ന രംഗമുണ്ട്. എന്നാല് ഇത്തരത്തില് ഒരു ഭാഗം വാത്മീകി രാമായണത്തിലില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ മനഃപൂർവം ഇതെല്ലാം കൂട്ടിച്ചേർക്കുകയായിരുന്നുവെന്ന് പിന്നീട് വിശദീകരണങ്ങളുണ്ടായി. പിന്നീട് കർസേവയുമായി ബന്ധപ്പെട്ട് 'ഒരു ഇഷ്ടികയും ഒരു കല്ലും അയോധ്യയിലേക്ക് അയക്കൂ' തുടങ്ങിയ സംഘപരിവാർ ക്യാംപയിനുകളെ ഇതുമായി ബന്ധപ്പെടുത്തി വിലയിരുത്തപ്പെട്ടിരുന്നു. ഇന്ത്യയിലെ ഹിന്ദു സമൂഹത്തെ ഏകീകരിക്കുന്ന നടപടികളിലേക്ക് അദ്വാനിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് ഈ സീരിയൽ സൃഷ്ടിച്ച അന്തരീക്ഷം തുണയായിരുന്നു എന്ന ആരോപണം ഇന്നും അന്തരീക്ഷത്തിലുണ്ട്. ബാബരി മസ്ജിദ് തകർക്കുന്നതിൽപോലും ഈ സീരിയലിന്റെ സ്വാധീനിനമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
സംഘപരിവാറിന്റെ വർഗീയ അജണ്ടക്കനുസരിച്ച് പ്രവർത്തിക്കുന്ന കളിപ്പാവയായി ദൂരദർശൻ മാറുന്നുവെന്ന വിമർശനം ആദ്യമായല്ല ഉയരുന്നത്. ഏറ്റവും ഒടുവിൽ ദി കേരള സ്റ്റോറി സംപ്രേഷണം ചെയ്തതിനെതിരെയും സമാനമായ വിമർശനം പലരും ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ദൂരദർശനിൽ വീണ്ടും രാമായണം സംപ്രേക്ഷണം ചെയ്യുന്നതിലൂടെ ഈ വിമർശനങ്ങളിൽ കഴമ്പുണ്ടെന്നാണ് വ്യക്തമാകുന്നത്. പ്രധാനമന്ത്രി രാമക്ഷേത്രം തിരഞ്ഞെടുപ്പ് വിഷയമായി മുന്നോട്ടു വെച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം നീക്കങ്ങൾ കൂടുതൽ ഗൗരവമാകുന്നത്. തിരഞ്ഞെടുപ്പ് വേളയിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഈ നീക്കം വർഗീയ ധ്രുവീകരണത്തെ ലക്ഷ്യമിടുന്നു എന്ന പരാതി ഉയർന്നു കഴിഞ്ഞു. അരുൺ ഗോവിലിൻ്റെ സ്ഥാനാർത്ഥിത്വം കൂടി കൂട്ടി വായിക്കുമ്പോൾ ദൂരദർശൻ്റെ തീരുമാനം യാദൃശ്ചികമല്ലെന്ന് തന്നെ കാണേണ്ടി വരും.